ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

ഭീകരവാദത്തോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമെന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നയത്തിന് അനുസൃതമായി, ന്യൂഡൽഹിയിൽ സംഘടിപ്പിക്കുന്ന ദ്വിദിന 'ഭീകരവിരുദ്ധ സമ്മേളനം' 2026 നവംബർ 19-ന് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ഉദ്ഘാടനം ചെയ്യും

പോസ്റ്റഡ് ഓണ്‍: 18 NOV 2026 4:31PM by PIB Thiruvananthpuram
ഭീകരവാദത്തോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമെന്ന (സീറോ ടോളറൻസ്) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നയത്തിന് അനുസൃതമായി, ന്യൂഡൽഹിയിൽ സംഘടിപ്പിക്കുന്ന ദ്വിദിന 'ഭീകരവിരുദ്ധ സമ്മേളനം' 2026 നവംബർ 19 വ്യാഴാഴ്ച കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ഉദ്ഘാടനം ചെയ്യും. ഭീകരവാദത്തിനെതിരായ രാജ്യത്തിൻ്റെ കൂട്ടായ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ അന്വേഷണ ഏജൻസിയാണ് (NIA) സമ്മേളനം സംഘടിപ്പിക്കുന്നത്. 'അതിർത്തി കടന്നുള്ള ഭീകരവാദം' എന്നതാണ് ഈ വർഷത്തെ സമ്മേളനത്തിൻ്റെ മുഖ്യ പ്രമേയം.

എല്ലാ വർഷവും സംഘടിപ്പിക്കുന്ന ഈ സമ്മേളനം, സുരക്ഷാ സേനകൾ, ഭീകരവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വിവിധ ഏജൻസികൾ, സാങ്കേതികവിദ്യ, നിയമം, ഫോറൻസിക് എന്നീ മേഖലകളിലെ വിദഗ്ധർ എന്നിവരുടെ സുപ്രധാന സംഗമമായി വളർന്നിട്ടുണ്ട്. ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയങ്ങളും ഭീകരവാദത്തിൽനിന്നുള്ള ഭീഷണികളും കൂട്ടായി പരിശോധിക്കാൻ വിവിധ ഏജൻസികൾക്കും സേനകൾക്കും ഈ സമ്മേളനം അവസരമൊരുക്കുന്നു.

'ഗവണ്മെൻ്റിൻ്റെ സമഗ്ര സമീപനം' എന്ന ആശയത്തിന് അനുസൃതമായി, എല്ലാ പങ്കാളികൾക്കുമിടയിൽ ഏകോപനവും സഹകരണവും വളർത്തിയെടുക്കുന്നതിന് സമ്മേളനം പ്രത്യേക ഊന്നൽ നൽകുന്നു. ഭീകരവാദത്തിനെതിരെ ഏകോപിതവും കൂട്ടായതുമായ നടപടികൾ സാധ്യമാക്കുന്നതിനുള്ള  ഔപചാരികവും അനൗപചാരികവുമായ ആശയവിനിമയ മാർഗ്ഗങ്ങൾ സ്ഥാപിക്കാനും ഇത് ലക്ഷ്യമിടുന്നു. ഭാവിയിലെ നയരൂപീകരണത്തിന് നിർണായകമായ നിർദ്ദേശങ്ങൾ നൽകാനും സമ്മേളനം ലക്ഷ്യമിടുന്നുണ്ട്.

വിദേശ രാജ്യങ്ങളിൽ നിന്ന് തെളിവുകൾ ശേഖരിക്കൽ, ഭീകരവിരുദ്ധ അന്വേഷണങ്ങളിൽ ഡിജിറ്റൽ ഫോറൻസിക്‌സും വിവരവിശകലനവും പ്രയോജനപ്പെടുത്തൽ, വിചാരണകൾ ഫലപ്രദമായി നടത്തൽ  എന്നിവയുൾപ്പെടെ വിവിധ വിഷയങ്ങൾ സമ്മേളനത്തിലെ സെഷനുകളിൽ ചർച്ച ചെയ്യും. തീവ്രവാദ ആശയങ്ങളുടെ പ്രചാരണം തടയൽ, ദേശീയ സുരക്ഷയെ ബാധിക്കുന്ന പുതിയതരം സംയോജിത ഭീഷണികൾ എന്നിവയും ചർച്ചാവിഷയങ്ങളാകും. ഭീകരവാദത്തിന് സാമ്പത്തിക സഹായം നൽകുന്ന ശൃംഖലകൾ തകർക്കുന്നതിനുള്ള മാർഗ്ഗങ്ങൾ, സാങ്കേതികവിദ്യകൾ, മുൻകാല കേസുകളിൽനിന്നുള്ള  അനുഭവങ്ങൾ എന്നിവയും തുടർന്നുള്ള സെഷനുകളിൽ പരിശോധിക്കും. ഭാവിയിലെ സുരക്ഷാ  വെല്ലുവിളികൾ നേരിടാൻ സജ്ജമായ ഭീകരവിരുദ്ധ തന്ത്രങ്ങൾ വികസിപ്പിക്കുന്നതും സ്ഥാപനങ്ങളുടെ പ്രവർത്തനശേഷി ശക്തിപ്പെടുത്തുന്നതും സമ്മേളനത്തിൽ ചർച്ച ചെയ്യും.

സംസ്ഥാന പോലീസ് ഉദ്യോഗസ്ഥർക്കും ഈ മേഖലയിൽ പ്രവർത്തിക്കുന്ന പ്രൊഫഷണലുകൾക്കുമായി ശേഷി വികസന പരിശീലന പരിപാടിയും ഈ വർഷത്തെ സമ്മേളനത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.  വിവിധ മേഖലകളിലുള്ള പങ്കാളികളുടെ അറിവും പ്രാവീണ്യവും വർദ്ധിപ്പിക്കുന്നതിനാണ് പരിപാടി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഭീകരവാദ കേസുകളുടെ അന്വേഷണത്തിൽ പുതിയ ക്രിമിനൽ നിയമങ്ങൾ പ്രയോഗിക്കൽ, പ്രോസിക്യൂഷൻ നടപടികളിൽ ഡിജിറ്റൽ തെളിവുകൾ ഉപയോഗിക്കൽ, വിചാരണ തന്ത്രങ്ങളും നടപടിക്രമങ്ങളും എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഭീകരവാദ കേസുകളുടെ അന്വേഷണവുമായി ബന്ധപ്പെട്ട പ്രത്യേക നിയമവ്യവസ്ഥകൾ, പ്രതിഭാഗം ഉന്നയിക്കുന്ന പൊതുവായ വെല്ലുവിളികൾ, സാക്ഷികളുടെ സംരക്ഷണം, പ്രോസിക്യൂഷൻ നടപടികൾ മെച്ചപ്പെടുത്തുന്നതിനായി സർക്കാർ സ്വീകരിച്ച സംരംഭങ്ങൾ  എന്നിവയും പരിശീലന പരിപാടിയിൽ ഉൾപ്പെടുത്തും.

ഭീകരവിരുദ്ധ പ്രവർത്തനങ്ങളിലെ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കാനും ഈ രംഗത്തെ മികച്ച പ്രവർത്തനരീതികൾ പരിചയപ്പെടുത്താനും ഭീകരവാദ അന്വേഷണങ്ങളിൽനിന്ന് ലഭിച്ച പാഠങ്ങൾ ഉൾക്കൊള്ളാനും നിയമനിർവഹണ ഏജൻസികൾക്ക് ഈ ദ്വിദിന ചർച്ചകൾ അവസരമൊരുക്കും.

സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ, ഭീകരവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കേന്ദ്ര ഏജൻസികളിലെയും വകുപ്പുകളിലെയും ഉദ്യോഗസ്ഥർ, നിയമം, ഫോറൻസിക്‌, സാങ്കേതികവിദ്യ തുടങ്ങിയ അനുബന്ധ മേഖലകളിലെ വിദഗ്ധർ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും.
 
 
****
 

( റിലീസ് ഐ.ഡി: 2338101) സന്ദര്‍ശക കൗണ്ടര്‍ : 13
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Nepali , Bengali , Gujarati , Odia , Tamil , Kannada