57th International Film Festival of India 2026
20 – 28 Nov 2026

ചരിത്രത്തിലാദ്യമായി ‘സിനിമയെക്കുറിച്ചുള്ള സിനിമകള്‍’ വിഭാഗത്തിന് തുടക്കം കുറിച്ച് 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേള

പോസ്റ്റഡ് ഓണ്‍: 18 NOV 2026 2:26PMby PIB Thiruvananthpuram റിലീസ് ഐ.ഡി: 2338045Views: 12

അതിരുകളും തലമുറകളും സംസ്കാരങ്ങളും കടന്ന് സഞ്ചരിക്കുന്ന കഥകളാണ് എക്കാലത്തും സിനിമയുടേത്. എന്നാൽ ഓരോ സിനിമയ്ക്ക് പിന്നിലും പറയപ്പെടാത്ത മറ്റൊരു കഥയുണ്ട് — ചലച്ചിത്രകാരൻ്റെയും, സർഗാത്മക പ്രക്രിയയുടെയും പ്രതിസന്ധികളുടെയും ഒപ്പം സിനിമയ്ക്ക് ജീവനേകുന്ന മനുഷ്യരുടെയും കഥ.

ഈ കഥകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്  57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേള “അതിരുകളില്ലാത്ത കഥകൾ” എന്ന ഈ വർഷത്തെ പ്രമേയത്തിന്  കീഴിൽ സിനിമയെത്തന്നെ കേന്ദ്രബിന്ദുവാക്കുന്ന പുതിയൊരു വിഭാഗം അവതരിപ്പിക്കുകയാണ്.  ഇതിഹാസ ചലച്ചിത്രകാരന്മാർ, അഭിനേതാക്കൾ, യാഥാർത്ഥ്യമാകാതെ പോയ സിനിമകൾ എന്നിവയുടെ കഥകളിലൂടെ, സിനിമയെ ഇന്നത്തെ നിലയിലേക്കെത്തിച്ച ഒട്ടേറെ യാത്രകൾ അടുത്തറിയാൻ മേളയുടെ ഈ വിഭാഗം പ്രേക്ഷകർക്ക് അവസരമൊരുക്കുന്നു.

ഒരു ചലച്ചിത്രത്തിന് ജീവൻ നൽകുന്ന കഥകളെയും കഥാകാരന്മാരെയും സർഗാത്മക യാത്രകളെയും ക്യാമറയ്ക്ക് പിന്നിലേക്ക് കടന്നുചെന്ന് പരിശോധിച്ച്, സിനിമ ഒരേസമയം കഥയും കഥാകാരനുമായി മാറുന്ന ഒരു പ്രത്യേക വിഭാഗമാണ് 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേള അവതരിപ്പിക്കുന്നത്. ചലച്ചിത്രമേളയുടെ ചരിത്രത്തിലാദ്യമായി അവതരിപ്പിക്കുന്ന ‘സിനിമയെക്കുറിച്ചുള്ള സിനിമകള്‍’ എന്ന പുതിയ വിഭാഗം 2026 നവംബർ 20 മുതൽ 28 വരെ ഗോവയിൽ നടക്കുന്ന 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ചലച്ചിത്ര നിർമ്മാണത്തിൻ്റെ  കലയെയും കരവിരുതിനെയും സൂക്ഷ്മമായി നോക്കിക്കാണാൻ പ്രേക്ഷകരെ ക്ഷണിക്കുകയാണ്.  

ചലച്ചിത്ര നിർമ്മാണത്തിൻ്റെ  കലയെയും സാങ്കേതിക വൈദഗ്ധ്യത്തെയും മുൻനിരയിലേക്ക് കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ പ്രശസ്ത ചലച്ചിത്രകാരന്മാരുടെ നിർദേശപ്രകാരം ഉൾപ്പെടുത്തിയ  ഈ പുതിയ വിഭാഗത്തില്‍  അഞ്ച് അന്താരാഷ്ട്ര ചിത്രങ്ങളുണ്ട്. യുകെ, യുഎസ്എ, റഷ്യ, ജോർജിയ, എസ്റ്റോണിയ, തുർക്കിയ, സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, ജർമ്മനി, ഇറ്റലി എന്നീ പത്ത് രാജ്യങ്ങളിൽ നിന്നുള്ള ചലച്ചിത്ര നിർമ്മാണങ്ങളും സഹനിർമ്മാണങ്ങളും ഉൾപ്പെടുന്ന ഈ നിര ലോകസിനിമയെ രൂപപ്പെടുത്തിയ ജീവിതങ്ങളിലേക്കും പാരമ്പര്യങ്ങളിലേക്കും അപൂർവമായ ഒരെത്തിനോട്ടം സിനിമാപ്രേമികൾക്ക് സമ്മാനിക്കുന്നു.  

ചലച്ചിത്രഭാഷയിൽ മായാമുദ്ര പതിപ്പിച്ച ഒരു ചലച്ചിത്രകാരനിലൂടെയാണ് ഈ യാത്രയ്ക്ക് തുടക്കം കുറിക്കുന്നത്.  

ബാർണബി തോംസൺ  സംവിധാനം ചെയ്ത ‘മാവെറിക്: ദി എപ്പിക് അഡ്വഞ്ചേഴ്സ് ഓഫ് ഡേവിഡ് ലീൻ’ (യുകെ, യുഎസ്എ | 2026 | ഇംഗ്ലീഷ് | 105 മിനിറ്റ്) എന്ന ഡോക്യുമെൻ്ററി ഇതിഹാസ ചലച്ചിത്രകാരൻ ഡേവിഡ് ലീനിൻ്റെ  ജീവിതവും ചലച്ചിത്ര സപര്യയും അനാവരണം ചെയ്യുന്നു. അദ്ദേഹത്തിൻ്റെ  സർഗാത്മക വീക്ഷണം, ബൃഹത്തായ പദ്ധതികൾ, സിനിമയുടെ അതിരുകൾ ഭേദിക്കാനുള്ള നിശ്ചയദാർഢ്യം എന്നിവ പരിശോധിക്കുന്ന ഈ ഡോക്യുമെൻ്ററി  ഔദ്യോഗിക നേട്ടങ്ങൾക്ക് പിന്നിലെ വ്യക്തിപരമായ പോരാട്ടങ്ങളെയും ആധുനിക സിനിമയിൽ അദ്ദേഹം ചെലുത്തിയ ശാശ്വത സ്വാധീനത്തെയും വിലയിരുത്തുന്നു. 

 

ഒരു പ്രശസ്ത ചലച്ചിത്രകാരൻ്റെ  ജീവിതയാത്രയിൽ നിന്ന്, കഥകൾക്ക് ജന്മം നൽകുന്ന മനുഷ്യബന്ധങ്ങളിലേക്കും ജീവിതാനുഭവങ്ങളിലേക്കുമാണ് തുടർന്നുള്ള ചിത്രങ്ങൾ വെളിച്ചം വീശുന്നത്. 

റഷ്യയിൽ നിന്നുള്ള റൗൾ ഗെയ്ദറോവിൻ്റെ  ‘സിഡ്‌നി ലൂമെറ്റ്സ് ബർത്ത്ഡേ’ (റഷ്യ | 2025 | റഷ്യൻ | 92 മിനിറ്റ്) എന്ന ചിത്രം ഒരുകാലത്തെ വലിയ കുടുംബത്തിൻ്റെ   ശേഷിപ്പുകൾക്കിടയിൽ മുത്തശ്ശിക്കൊപ്പം താമസിക്കുന്ന ഡാറ്റോ എന്ന 17 വയസ്സുകാരനായ ജോർജിയൻ ബാലൻ്റെ  കഥ പറയുന്നു.  നീണ്ട ഇടവേളയ്ക്ക് ശേഷം അവൻ്റെ  അമ്മ അപ്രതീക്ഷിതമായി മടങ്ങിയെത്തുന്നതോടെ അവരുടെ ശാന്തമായ ദിനചര്യകൾ തകിടം മറിയുന്നു. കുടുംബബന്ധങ്ങൾ, കൗമാരത്തിൽ നിന്നുള്ള വളർച്ച, ദുഷ്കരമായ സാഹചര്യങ്ങളിലും മനുഷ്യത്വം കാത്തുസൂക്ഷിക്കാനുള്ള പോരാട്ടം എന്നിവയാണ് ഈ ചിത്രം ആവിഷ്കരിക്കുന്നത്.  

 

ജീവിതവും അഭിനയവും തമ്മിലെ ബന്ധമാണ് അടുത്ത ചിത്രത്തിൽ മുഖ്യപ്രമേയമാകുന്നത്; ഇവിടെ ഒരു നടനും അയാൾ അവതരിപ്പിക്കുന്ന കഥാപാത്രവും തമ്മിലെ അതിർവരമ്പുകൾ നേർത്തുപോകുന്നു.

അന ഉറുഷാദ്‌സെയുടെ  ‘സപ്പോട്ടിങ് റോൾ’ (ജോർജിയ, എസ്റ്റോണിയ, തുർക്കിയ, സ്വിറ്റ്സർലൻഡ്, യുഎസ്എ | 2026 | ജോർജിയൻ, അർമേനിയൻ | 139 മിനിറ്റ്) എന്ന ചിത്രം നീണ്ട ഇടവേളയ്ക്ക് ശേഷം അഭിനയരംഗത്തേക്ക് മടങ്ങിയെത്തുന്ന പ്രശസ്തനായ ഒരു ജോർജിയൻ നടനെ കേന്ദ്രീകരിച്ചാണ്.  ഒരു യുവസംവിധായകൻ്റെ  ആദ്യ ചിത്രത്തിനായി ഓഡിഷനിൽ പങ്കെടുക്കുന്ന അദ്ദേഹത്തിന്  സ്ഥിരമായി ചെയ്തിരുന്ന നായകവേഷങ്ങൾക്ക് പകരം അസാധാരണമായ ഒരു സഹനടൻ്റെ  വേഷമാണ് ലഭിക്കുന്നത്. തുടക്കത്തിൽ അപരിചിതമായി തോന്നുന്ന ആ കഥാപാത്രവുമായി അദ്ദേഹം ക്രമേണ ഇഴുകിച്ചേരുകയും ആ അനുഭവം അദ്ദേഹത്തെ മാറ്റിമറിക്കുകയും ചെയ്യുന്നു.

 

ഒരു നടൻ്റെ  വ്യക്തിപരമായ യാത്രയിൽ നിന്ന് വെള്ളിത്തിരയിലെത്താതെ പോയ ഒരു സിനിമയുടെ കഥയിലേക്കാണ് അടുത്തതായി ഈ വിഭാഗം കടക്കുന്നത്; ഒരു സിനിമയുടെ സൃഷ്ടിക്ക് പിന്നിലെ രാഷ്ട്രീയവും ചരിത്രപരവുമായ സാഹചര്യങ്ങൾ അതിനെ എങ്ങനെ രൂപപ്പെടുത്തുന്നുവെന്ന് ഈ ചിത്രം വ്യക്തമാക്കുന്നു.  

‘ദി മാഡ് ഡോഗ് ഓഫ് യൂറോപ്പ്’ (ഫ്രാൻസ്, ജർമ്മനി | 2026 | ഇംഗ്ലീഷ് | 83 മിനിറ്റ്) എന്ന ഡോക്യുമെൻ്ററിയില്‍ ഹിറ്റ്ലറുടെയും നാസിസത്തിൻ്റെയും ഉദയത്തെ നേരിടുന്ന ഒരു ജർമ്മൻ-ജൂത കുടുംബത്തെക്കുറിച്ച് 1932-ൽ ഹെർമൻ ജെ. മാൻകീവിറ്റ്സ്  എഴുതിയതും എന്നാൽ സിനിമയാകാതെ പോയതുമായ തിരക്കഥയിലേക്ക് സംവിധായിക റുബിക ഷാ  തിരിഞ്ഞുനോക്കുന്നു. രാഷ്ട്രീയ സമ്മർദങ്ങളും വാണിജ്യ താല്പര്യങ്ങളും കാരണം ഹോളിവുഡ് സ്റ്റുഡിയോകൾ ഒരിക്കലും നിർമ്മിക്കാതിരുന്ന ഈ ചിത്രം അടിച്ചമർത്തപ്പെട്ടതിന് പിന്നിലെ കാരണങ്ങളും വർത്തമാനകാല സാഹചര്യത്തിലെ അതിൻ്റെ  പ്രസക്തിയുമാണ്   ഡോക്യുമെൻ്ററി പരിശോധിക്കുന്നത്.  

സിനിമയെ രൂപപ്പെടുത്തുന്ന ജീവിതങ്ങൾ, സർഗാത്മക പോരാട്ടങ്ങൾ, പാരമ്പര്യങ്ങൾ എന്നിവയിലൂടെയുള്ള ഈ യാത്ര പൂർണമാകുന്നത് ലോകസിനിമയിലെ ഏറ്റവും സ്വാധീനമേറിയ പ്രതിഭകളിൽ ഒരാൾക്കുള്ള ആദരവോടെയാണ്.

 

ഈ ചലച്ചിത്രനിരയ്ക്ക് പൂർണതയേകി ഫ്രാൻസെസ്കോ സിപ്പെലിൻ്റെ ‘വിറ്റോറിയോ ഡി സിക്ക - സ്റ്റേജിങ്  ലൈഫ്’ (ഇറ്റലി | 2026 | ഇറ്റാലിയൻ, ഫ്രഞ്ച്, ഇംഗ്ലീഷ്, റഷ്യൻ, പേർഷ്യൻ | 100 മിനിറ്റ്) ലോകസിനിമയിലെ മഹാരഥന്മാരിൽ ഒരാളായ വിറ്റോറിയോ ഡി സിക്കയുടെ ഹൃദയസ്പർശിയായ ജീവിതചിത്രം അവതരിപ്പിക്കുന്നു. അപൂർവ ആർക്കൈവ് ദൃശ്യങ്ങൾ, കുടുംബാംഗങ്ങളുടെ ഓർമ്മകൾ, പ്രശസ്ത ചലച്ചിത്രകാരന്മാരുടെയും സമകാലിക കലാകാരന്മാരുടെയും സാക്ഷ്യപ്പെടുത്തലുകൾ എന്നിവയിലൂടെ അദ്ദേഹത്തിൻ്റെ  ജീവിതവും കലാസൃഷ്ടികളും സിനിമാ പാരമ്പര്യവും ഈ ഡോക്യുമെൻ്ററി അടയാളപ്പെടുത്തുന്നു.

 

ഈ അഞ്ച് ചിത്രങ്ങള്‍ ഒരുമിച്ച്  ചലച്ചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ട കേവലം എത്തിനോട്ടത്തിനപ്പുറം വലിയൊരു ലോകം തുറന്നിടുകയാണ്. ക്യാമറയ്ക്ക് പിന്നിലെ മനുഷ്യർ, അഭിനയത്തിന് പ്രചോദനമേകുന്ന ജീവിതങ്ങൾ, പറയപ്പെടാതെ പോയ കഥകൾ, തലമുറകളോളം ചലച്ചിത്രകാരന്മാരെ സ്വാധീനിക്കുന്ന പാരമ്പര്യങ്ങൾ എന്നിവ ഈ ചിത്രങ്ങള്‍ പരിശോധിക്കുന്നു.  വൈവിധ്യമാർന്ന ഈ യാത്രകളെ ഒരുമിച്ച് കൊണ്ടുവരുന്നതിലൂടെ ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ “അതിരുകളില്ലാത്ത കഥകൾ” എന്ന പ്രമേയത്തിന് മറ്റൊരു മാനം നല്‍കുകയാണ്  ഈ പുതിയ വിഭാഗം. സിനിമയുടെ വ്യാപ്തി വെള്ളിത്തിരയിലെ കഥകൾക്കപ്പുറം അവയ്ക്ക് ജീവനേകുന്ന സർഗാത്മക യാത്രകളിലേക്കും ചരിത്രപരമായ പശ്ചാത്തലങ്ങളിലേക്കും മനുഷ്യാനുഭവങ്ങളിലേക്കും നീളുന്നുവെന്ന് ഇത് പ്രേക്ഷകരെ ഓർമ്മിപ്പിക്കുന്നു. ചലച്ചിത്ര നിർമ്മാണത്തിൻ്റെ കലയെയും സാങ്കേതിക വൈദഗ്ധ്യത്തെയും പുതിയൊരു കാഴ്ചപ്പാടിലൂടെ സമീപിക്കാൻ ‘സിനിമയെക്കുറിച്ചുള്ള സിനിമകള്‍’ പ്രേക്ഷകർക്ക് അവസരമൊരുക്കുന്നു.

2026 നവംബർ 20 മുതൽ 28 വരെ ഗോവയിൽ നടക്കുന്ന 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേള  “അതിരുകളില്ലാത്ത കഥകൾ” എന്ന പ്രമേയത്തിന് കീഴിൽ ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നും ചലച്ചിത്രകാരന്മാരെയും ചലച്ചിത്ര വ്യവസായ പ്രമുഖരെയും സിനിമാപ്രേമികളെയും ഒരുമിച്ചുചേര്‍ക്കും.  

വിവിധ രാജ്യങ്ങളിലെയും  സംസ്കാരങ്ങളിലെയും ചലച്ചിത്രകാരന്മാരുടെയും അഭിനേതാക്കളുടെയും സിനിമാ പാരമ്പര്യങ്ങളുടെയും കഥകൾ ഒരുമിച്ച് കൊണ്ടുവരുന്ന  ‘സിനിമയെക്കുറിച്ചുള്ള സിനിമകള്‍’ വിഭാഗം ഈ പ്രമേയത്തെ അന്വർത്ഥമാക്കുകയാണ്; ചലച്ചിത്ര നിർമ്മാണ കല ഭൂമിശാസ്ത്രപരമായ അതിർവരമ്പുകൾക്കതീതമാണെന്ന് ഇത് തെളിയിക്കുന്നു.

സിനിമയ്ക്ക് പിന്നിലെ മനുഷ്യരെയും ആശയങ്ങളെയും അനുഭവങ്ങളെയും തേടുന്നതിലൂടെ ലോകമെങ്ങുമുള്ള ചലച്ചിത്രകാരന്മാരെയും പ്രേക്ഷകരെയും തമ്മിൽ ബന്ധിപ്പിക്കുന്ന സാർവത്രിക സർഗാത്മക യാത്രകളെ ഈ വിഭാഗം ഉയർത്തിക്കാട്ടുന്നു. ഇന്ത്യൻ ചിത്രങ്ങളുടെയും അന്തർദേശീയ സിനിമകളുടെയും വൈവിധ്യമാർന്ന നിര, പ്രത്യേക രാജ്യങ്ങളുടെ സിനിമാ പ്രദർശനങ്ങൾ, പ്രഥമ പ്രദര്‍ശനങ്ങള്‍, മത്സരങ്ങൾ, ചലച്ചിത്ര വ്യവസായ സംവാദങ്ങൾ എന്നിവയിലൂടെ ചലച്ചിത്ര മികവിനെ ആഘോഷിക്കുകയും സിനിമയിലൂടെ സാംസ്കാരിക വിനിമയം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പാരമ്പര്യം ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേള ഇത്തവണയും തുടരുന്നു.

***

 

Great films resonate through passionate voices. Share your love for cinema with #IFFI2026 and #StoriesWithoutBorders. Tag us @pibindia on Instagram and @PIB_India on X, and we will help amplify your festival moments!

For accredited journalists, critics, bloggers, and vloggers seeking 1-on-1 interviews with filmmakers and festival juries, write to us at:
iffi.mediadesk@pib.gov.in with the subject line: Take One with PIB.


Official Release ID: 2338045
•
Media Centre: Goa
•
Festival Dates: Nov 20 – 28, 2026