57th International Film Festival of India 2026
20 – 28 Nov 2026

ഹിമാലയൻ കാഴ്ചകൾക്ക് നിറംപകർന്ന് IFFI 2026: ലഡാക്കി, കശ്മീരി കഥകൾ മേളയിലെത്തുന്നു

പോസ്റ്റഡ് ഓണ്‍: 17 NOV 2026 9:06PMby PIB Thiruvananthpuram റിലീസ് ഐ.ഡി: 2337781Views: 8

 

ലഡാക്കിലെ തണുത്തുറഞ്ഞ മഞ്ഞുപരപ്പിൽ സ്കേറ്റിംഗ് സ്വപ്നം കാണുന്ന പെൺകുട്ടിയുടെ കഥ മുതൽ ഗുൽമാർഗിലെ കുട്ടികളുടെയും ശ്രീനഗറിൽ അവശേഷിക്കുന്ന അവസാനത്തെ വിദഗ്ധ മരക്കൊത്തുപണിക്കാരൻ്റെയും ജീവിതകഥകൾ വരെ, ഹിമാലയത്തിൻ്റെ ചൈതന്യം ഗോവയിലെത്തിക്കുന്ന നാല് ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും


ഗോവയിൽ നടക്കുന്ന 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ (IFFI) ഹിമാലയൻ മേഖലയിലെ മലനിരകളും മൊണാസ്റ്ററികളും മഞ്ഞുമൂടിയ ഗ്രാമങ്ങളും സജീവമായ കരകൗശല പാരമ്പര്യങ്ങളും തനതായ ദൃശ്യാനുഭവങ്ങളായി മാറും. രണ്ട് ഫീച്ചർ ചിത്രങ്ങളും രണ്ട് നോൺ-ഫീച്ചർ ചിത്രങ്ങളും ഉൾപ്പെടെ ലഡാക്കി, കശ്മീരി ഭാഷകളിലുള്ള നാല് ചിത്രങ്ങൾ ഈ മേഖലയിലെ പ്രകൃതിഭംഗിയും പാരമ്പര്യങ്ങളും ദൈനംദിന  ജീവിതത്തിലെ മാനുഷിക കഥകളും മേളയിലെ പ്രേക്ഷകരിലേക്ക് എത്തിക്കും. ഇന്ത്യൻ പനോരമ നോൺ-ഫീച്ചർ വിഭാഗത്തിൻ്റെ ഉദ്ഘാടന ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട 'ബിക്കമിംഗ്' എന്ന ലഡാക്കി ഹ്രസ്വചിത്രത്തോടെയാണ് ഈ ചിത്രങ്ങളുടെ പ്രദർശനത്തിന് തുടക്കമാകുന്നത്.

ലഡാക്കി ചിത്രങ്ങൾ:

ലീന യാദവ് രചനയും സംവിധാനവും നിർവഹിച്ച 'ബിക്കമിംഗ്' 11 മിനിറ്റ് ദൈർഘ്യമുള്ള ലഡാക്കി ചിത്രമാണ്. ഇന്ത്യൻ പനോരമ നോൺ-ഫീച്ചർ വിഭാഗത്തിൻ്റെ ഉദ്ഘാടന ചിത്രമാണിത്. ലഡാക്കിൻ്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രം, റിഞ്ചൻ എന്ന യുവതിയായ അമ്മയുടെയും മകൻ അഗ്യാലിൻ്റെയും കഥയാണ് പറയുന്നത്. ശൈശവം മുതൽ പ്രകൃതിയുമായി അസാധാരണമായ ബന്ധം പ്രകടിപ്പിക്കുന്ന കുട്ടിയാണ് അഗ്യാൽ. ഏഴാം വയസ്സിൽ അവന് വിചിത്രമായ ദർശനങ്ങൾ അനുഭവപ്പെടുകയും പുരാതനമായ ലിക്കിർ മൊണാസ്റ്ററിയോട് പ്രത്യേക ആകർഷണം തോന്നുകയും ചെയ്യുന്നു. മറ്റൊരു ജന്മത്തിലേതെന്ന് തോന്നിക്കുന്ന ഓർമ്മകളും അവൻ തിരിച്ചെടുക്കുന്നു. മൊണാസ്റ്ററിയിലെത്തുന്ന അഗ്യാൽ, പൂട്ടിയിട്ട മുറിയിൽ സൂക്ഷിച്ചിരിക്കുന്ന ഒരു പെട്ടി തിരിച്ചറിയുന്നു. അതിനുള്ളിലെ വസ്തുക്കളാണ് ആദരണീയനായ ഒരു റിംപോച്ചെയുടെ പുനർജന്മമാണ് അഗ്യാൽ എന്ന് വിശ്വസിക്കാൻ സന്യാസിമാരെ പ്രേരിപ്പിക്കുന്നത്. അഗ്യാൽ തൻ്റെ ആത്മീയ യാത്ര ആരംഭിക്കുന്നതോടെ പുനർജന്മം, വിധി, ഭൂതകാലം, വർത്തമാനകാലം, ഭാവി എന്നിവ തമ്മിലുള്ള ബന്ധം തുടങ്ങിയ വിഷയങ്ങൾ ചിത്രം പര്യവേക്ഷണം ചെയ്യുന്നു. റിഞ്ചൻ ആങ്മോ, സെറിങ് വാങ്ഗെയിൽ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. പർച്ച്ഡ്, രാജ്മാ ചാവൽ, ഹൗസ് ഓഫ് സീക്രട്ട്സ് എന്നീ ചിത്രങ്ങളുടെയും ഓസ്കർ നാമനിർദേശം ലഭിച്ച ടെൽ ഇറ്റ് ലൈക്ക് എ വുമൺ എന്ന ചിത്രത്തിൻ്റെയും പുരസ്കാരജേതാവായ രചയിതാവും സംവിധായികയും നിർമ്മാതാവുമാണ് ലീന യാദവ്.


ബിക്കമിംഗ് എന്ന ചിത്രത്തിൽ നിന്നുള്ള ദൃശ്യം

 

സാഹിൽ ഷാ സംവിധാനം ചെയ്ത 'ബേർഡ്‌സ് ഓൺ ഐസ്' ഇന്ത്യൻ പനോരമ ഫീച്ചർ ഫിലിംസ് വിഭാഗത്തിലേക്കും മികച്ച നവാഗത സംവിധായകനുള്ള ഫീച്ചർ ഫിലിം വിഭാഗത്തിലേക്കും തെരഞ്ഞെടുക്കപ്പെട്ട 85 മിനിറ്റ് ദൈർഘ്യമുള്ള ലഡാക്കി ഫീച്ചർ ചിത്രമാണ്. ആടുകളെ മേയ്ക്കാൻ പോയ  മാതാപിതാക്കളുടെ തിരിച്ചുവരവും കാത്ത് മുത്തച്ഛനോടൊപ്പം താമസിക്കുന്ന ലഡാക്കിൽ നിന്നുള്ള താഷി എന്ന പെൺകുട്ടിയുടെ കഥയാണ് ചിത്രം വരച്ചുകാട്ടുന്നത്. കടം വാങ്ങിയ ഒരു ജോഡി ഐസ്-ഹോക്കി സ്കേറ്റുകൾ ലഭിക്കുന്നതോടെ അവളുടെ ഉള്ളിൽ പുതിയൊരു സ്വപ്നം രൂപം കൊള്ളുന്നു. ഹിമാലയത്തിലെ കഠിനമായ ശൈത്യകാലത്ത് വളർന്നുവരുന്നതിനിടയിലെ വെല്ലുവിളികൾ നേരിടുമ്പോൾ, കുടുംബം, ദുഃഖം, അതിജീവനം എന്നിവയെക്കുറിച്ചുള്ള കഠിനമായ യാഥാർത്ഥ്യങ്ങൾ അവൾ തിരിച്ചറിയുന്നു. പിന്മാറാൻ തയ്യാറാകാതെ, താഷിയും അവളുടെ ഉറ്റസുഹൃത്തും അവളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ സ്വന്തമായൊരു വഴി കണ്ടെത്തുന്നു. സെംസാങ് സ്കിറ്റ്‌ഡോൺ താഷിയായി വേഷമിടുന്ന ചിത്രത്തിൽ എൻ. ചോപാൽ, കുങ്ഗ ചോസ്ക്യാബ്, പത്മ ചോറോൾ, സോനം സ്റ്റോബ്ഗൈസ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഷാൻ പസ്രിച്ച രചന നിർവഹിച്ച് കാമിയോ ഫിലിംസ് നിർമിച്ച ഈ ചിത്രം, ഐസ് ഹോക്കി സമൂഹത്തിൻ്റെ അനുഭവങ്ങളിൽനിന്ന് രൂപംകൊണ്ട സാഹിൽ ഷായുടെ ആദ്യ ഫീച്ചർ ചിത്രമാണ്.

 


ബേർഡ്‌സ് ഓൺ ഐസ് എന്ന ചിത്രത്തിൽ നിന്നുള്ള ദൃശ്യം

 

കശ്മീരി ചിത്രങ്ങൾ:

രാജാ ഷബീർ മുഹമ്മദ് ഖാൻ സംവിധാനം ചെയ്ത 'സ്ലെഡ്ജ്' IFFI 2026-ൽ ഏഷ്യൻ പ്രീമിയർ നടത്തുന്ന 75 മിനിറ്റ് ദൈർഘ്യമുള്ള കശ്മീരി ഫീച്ചർ ചിത്രമാണ്. ഇന്ത്യൻ പനോരമ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ഈ ചിത്രം മികച്ച നവാഗത സംവിധായകനുള്ള ഇന്ത്യൻ ഫീച്ചർ ഫിലിം വിഭാഗത്തിലും മത്സരിക്കുന്നു. ഗുൽമാർഗിന് സമീപമുള്ള മഞ്ഞുമൂടിയ ഒരു ഗ്രാമത്തിൽ, അലിയുടെ കുടുംബത്തിൻ്റെ ഏക വരുമാനമാർഗ്ഗമാണ് അദ്ദേഹത്തിൻ്റെ തടി കൊണ്ടുള്ള സ്ലെഡ്ജ് (മഞ്ഞുവണ്ടി). ഏതാനും ദിവസത്തേക്ക് അലി വീട്ടിൽ നിന്ന് മാറിനിൽക്കുമ്പോൾ, അദ്ദേഹത്തിൻ്റെ മൂന്ന് മക്കളായ ഹാസിഖ്, ഈഷൽ, റൈമ എന്നിവർക്ക്  തങ്ങൾക്കുതന്നെ പൂർണമായി മനസ്സിലാക്കാൻ കഴിയാത്തത്ര സ്വാതന്ത്ര്യം ലഭിക്കുന്നു. കളിക്കുന്നതിനിടെ അവർ അബദ്ധത്തിൽ സ്ലെഡ്ജ് തകർക്കുന്നു. പിതാവ് തിരിച്ചെത്തുന്നതിന് മുൻപ് അത് നന്നാക്കിയെടുക്കാനുള്ള പണം കണ്ടെത്താൻ കുട്ടികൾ ഗുൽമാർഗിലെ വിനോദസഞ്ചാര മേഖലയിലേക്ക് ഇറങ്ങുന്നു. ഇതിനിടെ അവഗണനകളും നിശബ്ദമായ അപമാനങ്ങളും അവർക്ക് നേരിടേണ്ടിവരുന്നു. പണവും ചോക്ലേറ്റുകളും അടങ്ങിയ ഒരു നഷ്ടപ്പെട്ട ബാഗ് അവർക്ക് ലഭിക്കുന്നതോടെ പ്രശ്നത്തിന് പരിഹാരമായെന്ന് തോന്നുമെങ്കിലും, അത് ഉപയോഗിക്കാനുള്ള പ്രലോഭനവും വർദ്ധിച്ചുവരുന്ന അവരുടെ മനസ്സാക്ഷിയുടെ സമ്മർദ്ദവും തമ്മിൽ സംഘർഷമുണ്ടാകുന്നു. സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ പൂർവവിദ്യാർത്ഥിയായ രാജാ ഖാൻ്റെ ഷെപ്പേർഡ്സ് ഓഫ് പാരഡൈസ് എന്ന ഡോക്യുമെൻ്ററിക്ക് ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്. റിഹാന പ്രൊഡക്ഷൻസ് നിർമ്മിച്ച ചിത്രത്തിൽ ഹാസിഖ് മുഹമ്മദ് ഖാൻ, ഈഷൽ ഖാൻ, റൈമ ഖാൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.

 

സ്ലെഡ്ജ് എന്ന ചിത്രത്തിൽ നിന്നുള്ള ദൃശ്യം

 

ഇന്ത്യൻ പനോരമ നോൺ-ഫീച്ചർ ഫിലിംസ് വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള 12 മിനിറ്റ് ദൈർഘ്യമുള്ള കശ്മീരി ഡോക്യുമെൻ്ററിയായ 'നഖ്ഷ്-ഇ-ദൗർ' സംവിധാനം ചെയ്തിരിക്കുന്നത് ഛായാഗ്രാഹകൻ കൂടിയായ ബാബ തസാദുഖ് ഹുസൈനാണ്. ശ്രീനഗറിലെ പഴയ തെരുവുകളിൽ, ആറ് പതിറ്റാണ്ടിലേറെയായി പരമ്പരാഗത കശ്മീരി കരകൗശല വിദ്യയായ വാൽനട്ട് മരക്കൊത്തുപണി ചെയ്തുവരികയാണ് ഗുലാം നബി ദാർ. പത്മശ്രീ നൽകി രാജ്യം ആദരിച്ച അദ്ദേഹം, മേഖലയുടെ ചരിത്രത്തെയും സംസ്കാരത്തെയും പ്രതിഫലിപ്പിക്കുന്ന സൂക്ഷ്മമായ രൂപകൽപ്പനകളാണ് തടിയിൽ തീർക്കുന്നത്. മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് ഈ കലാരൂപം സജീവമായി നിലനിർത്താനുള്ള അദ്ദേഹത്തിൻ്റെ അർപ്പണബോധം വരച്ചുകാട്ടിക്കൊണ്ട്, അദ്ദേഹത്തിൻ്റെ  ജീവിതവും പ്രവർത്തനങ്ങളുമാണ് ചിത്രം പിന്തുടരുന്നത്. ഈ കരകൗശലവിദ്യ  അഭ്യസിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുമ്പോഴും, അത് തുടർന്നുപരിശീലിക്കാനും   തൻ്റെ അറിവ് അടുത്ത തലമുറയ്ക്ക് പകർന്നുനൽകാനും അദ്ദേഹം പ്രതിജ്ഞാബദ്ധനായി തുടരുന്നു. കശ്മീരിൻ്റെ മരക്കൊത്തുപണി പാരമ്പര്യം നിലനിർത്താനും ഇതിലൂടെ അദ്ദേഹം ശ്രമിക്കുന്നു. ബി.ബി.പി. സ്റ്റുഡിയോ വെർച്വൽ ഭാരത് പ്രൈവറ്റ് ലിമിറ്റഡ് നിർമ്മിച്ച ഈ ചിത്രത്തിൻ്റെ കഥ ഭരത്ബാലയുടേതാണ്.

 



നഖ്ഷ്-ഇ-ദൗർ എന്ന ചിത്രത്തിൽ നിന്നുള്ള ദൃശ്യം

****


Great films resonate through passionate voices. Share your love for cinema with #IFFI2026 and #StoriesWithoutBorders. Tag us @pibindia on Instagram and @PIB_India on X, and we will help amplify your festival moments!

For accredited journalists, critics, bloggers, and vloggers seeking 1-on-1 interviews with filmmakers and festival juries, write to us at:
iffi.mediadesk@pib.gov.in with the subject line: Take One with PIB.


Official Release ID: 2337781
•
Media Centre: Goa
•
Festival Dates: Nov 20 – 28, 2026