പോസ്റ്റഡ് ഓണ്:
17 NOV 2026 2:46PM by PIB Thiruvananthpuram
ഭരണത്തലവനെന്ന നിലയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പൂർത്തിയാക്കിയ 25 വർഷത്തെ പ്രവർത്തനങ്ങളിൽനിന്നുള്ള അനുഭവപാഠങ്ങൾ ഉൾക്കൊള്ളുന്നതിനായി നീതി ആയോഗ് ഇന്ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ‘ദൗത്യ രൂപേണ നേതൃത്വം’ എന്ന വിഷയത്തിൽ ദേശീയ ശിൽപ്പശാല സംഘടിപ്പിച്ചു. 2001 ഒക്ടോബറിൽ ഗുജറാത്ത് മുഖ്യമന്ത്രിയായും 2014 മെയ് മാസത്തിൽ ഇന്ത്യയുടെ പ്രധാനമന്ത്രിയായും അദ്ദേഹം ചുമതലയേറ്റു. അതിനുശേഷം സംസ്ഥാനത്തും കേന്ദ്രത്തിലും ഇടവേളകളില്ലാതെ അദ്ദേഹം ഗവൺമെന്റിന് നേതൃത്വം നൽകിവരുന്നു. ഈ കാലയളവിലുടനീളം പൊതുപദവിയെ സേവനത്തിനുള്ള ദൗത്യമായാണ് അദ്ദേഹം കണ്ടിട്ടുള്ളത്. ‘പ്രധാന സേവകൻ’ എന്ന് സ്വയം വിശേഷിപ്പിക്കുന്നതിലൂടെ, ഗവൺമെന്റിന്റെ എല്ലാ തലങ്ങളിലുമുള്ള ഭരണനിർവഹണത്തിൻ്റെ കേന്ദ്രസ്ഥാനത്ത് പൗരന്മാരെ പ്രതിഷ്ഠിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. കൂടാതെ, അന്ത്യോദയ, ജൻ ഭാഗീദാരി (ജനപങ്കാളിത്തം), സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ് (എല്ലാവർക്കുമൊപ്പം, എല്ലാവരുടെയും വികസനം, എല്ലാവരുടെയും വിശ്വാസം, എല്ലാവരുടെയും പരിശ്രമം) എന്നീ തത്വങ്ങളാണ് കേന്ദ്ര-സംസ്ഥാന തലങ്ങളിലെ ഭരണത്തിൻ്റെ ദിശ നിർണയിച്ചിട്ടുള്ളത്.
അഞ്ച് ദേശീയ ശിൽപ്പശാലകളുടെ പരമ്പരയിലെ ആദ്യത്തേതാണ് ഈ ശിൽപ്പശാല. ഈ പരമ്പരയിൽ നടക്കുന്ന ചർച്ചകളും പങ്കുവെക്കുന്ന അനുഭവങ്ങളും ക്രോഡീകരിച്ച് സിവിൽ സർവീസ് പരിശീലന സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർവകലാശാലകൾക്കുമായി കേസ് സ്റ്റഡികളും പഠനസാമഗ്രികളും തയ്യാറാക്കും. ഈ പരമ്പരയിലൂടെ, കഴിഞ്ഞ 25 വർഷത്തെ അനുഭവപാഠങ്ങൾ ഗവേഷണത്തിലൂടെയും പഠന-അധ്യാപന സാമഗ്രികളിലൂടെയും കൂടുതൽ മുന്നോട്ടുകൊണ്ടുപോകും. 2047-ഓടെ വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ വരുംവർഷങ്ങളിലെ നയരൂപീകരണത്തിനും ഭരണനിർവഹണത്തിനും ദിശാബോധം നൽകുന്നതായിരിക്കും ഇവ.
900-ലധികം പേർ ശിൽപ്പശാലയിൽ പങ്കെടുത്തു. ഇതിൽ 250 പേർ ചർച്ചകളിൽ നേരിട്ട് പങ്കാളികളായി. കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളിലെ സെക്രട്ടറിമാരും മുതിർന്ന ഉദ്യോഗസ്ഥരും, അഭിലാഷ ജില്ലകളിലെ ജില്ലാ കളക്ടർമാരും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും സർവകലാശാലകളിലെയും വിദ്യാർത്ഥികളും, ദേശീയതലത്തിലെ പ്രധാന പദ്ധതികളുടെ സാമൂഹിക പങ്കാളികളും ഗുണഭോക്താക്കളും പങ്കെടുത്തവരിൽ ഉൾപ്പെടുന്നു. രാജ്യത്തുടനീളമുള്ള ഉദ്യോഗസ്ഥർക്ക് പരിപാടിയിൽ പങ്കെടുക്കാൻ അവസരമൊരുക്കുന്നതിനായി ശിൽപ്പശാലയുടെ നടപടികൾ iGOT കർമ്മയോഗി പ്ലാറ്റ്ഫോമിലും കേന്ദ്ര-സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളിലും സംപ്രേഷണം ചെയ്യുന്നുമുണ്ട്.
ദേശീയ ഗീതവും ദേശീയ ഗാനവും ആലപിച്ചുകൊണ്ടാണ് ശിൽപ്പശാലയ്ക്ക് തുടക്കമായത്. തുടർന്ന് നീതി ആയോഗ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ അനുരാഗ് ജെയിൻ സ്വാഗതപ്രസംഗം നടത്തി. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ 25 വർഷത്തെ ഭരണനേതൃത്വത്തിൽനിന്നുള്ള അനുഭവപാഠങ്ങൾ രേഖപ്പെടുത്തുകയും അവയെ ഭാവിയിലേക്കുള്ള സ്ഥാപനപരമായ അറിവായി വികസിപ്പിക്കുകയുമാണ് ഈ ശിൽപ്പശാലയുടെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഈ നേതൃത്വയാത്രയിൽനിന്ന് ഉൾക്കൊള്ളേണ്ട നാല് പ്രധാന പാഠങ്ങൾ അദ്ദേഹം വിശദീകരിച്ചു. ഒന്നാമതായി, പദവിയേക്കാൾ ലക്ഷ്യത്തിനാണ് പ്രാധാന്യം നൽകേണ്ടത്. അതായത്, വ്യക്തിഗത നേതൃത്വത്തിനുപകരം കൂട്ടായ ദൗത്യത്തിന് പ്രാധാന്യം നൽകണം. രണ്ടാമതായി, ആജ്ഞാപിക്കുന്നതിന് പകരം സേവനമനോഭാവം പുലർത്തണം. ഭരണനിർവഹണം സമൂഹത്തിലെ ഏറ്റവും അവസാനത്തെ വ്യക്തിയിലേക്കും സേവനങ്ങൾ എത്തിക്കുന്നതിൽ കേന്ദ്രീകരിക്കണം. മൂന്നാമതായി, ആന്തരികമായ ആത്മവിശ്വാസവും ഉറച്ച ബോധ്യവും പ്രതിസന്ധികളെ അതിജീവിക്കാനുള്ള കരുത്ത് നൽകുകയും അവയെ സാമൂഹിക പരിവർത്തനത്തിനുള്ള അവസരങ്ങളാക്കി മാറ്റാൻ സഹായിക്കുകയും ചെയ്യുന്നു. നാലാമതായി, ശക്തമായ സ്ഥാപനങ്ങൾ, പ്രാപ്തരായ ടീമുകൾ, സുസ്ഥിരമായ സംവിധാനങ്ങൾ എന്നിവയിലൂടെ യഥാർഥ ശാക്തീകരണം വ്യക്തിഗത നേതൃത്വത്തിനപ്പുറവും നിലനിൽക്കണം.
നീതി ആയോഗ് വൈസ് ചെയർമാൻ ശ്രീ അശോക് കുമാർ ലാഹിരി ആമുഖ പ്രഭാഷണം നടത്തി. “ഇന്ത്യയുടെ വികസനയാത്ര മുന്നോട്ടുകൊണ്ടുപോകുന്നതിൽ ശക്തമായ രാഷ്ട്രീയ-ഭരണ നേതൃത്വത്തിന് നിർണായക പങ്കുണ്ട്. 2047-ഓടെ വികസിത ഭാരതം എന്ന ഇന്ത്യയുടെ ദേശീയ അഭിലാഷം സാക്ഷാത്കരിക്കുന്നതിൽ പ്രധാനമന്ത്രിയുടെ പരിവർത്തനാത്മകമായ ദർശനം സുപ്രധാനമായ മാറ്റത്തിന് വഴിയൊരുക്കുന്നു. വികസിതവും സമൃദ്ധവും ആഗോളതലത്തിൽ മത്സരക്ഷമവുമായ ഒരു രാഷ്ട്രമായി ഇന്ത്യ മാറുന്നതിനെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്,” അദ്ദേഹം പറഞ്ഞു.
വാർഷിക യഥാർഥ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ (ജി.ഡി.പി.) 7–10 ശതമാനം സുസ്ഥിര വളർച്ച കൈവരിക്കുന്നതിലൂടെ, 2047-ഓടെ പ്രതിശീർഷ വരുമാനം 15,000–18,000 യു.എസ്. ഡോളറായും സമ്പദ്വ്യവസ്ഥയുടെ ആകെ മൂല്യം 30–40 ട്രില്യൺ യു.എസ്. ഡോളറായും ഉയർത്തുക എന്ന ലക്ഷ്യം യാഥാർഥ്യമാക്കുന്നതിനുള്ള നീതി ആയോഗിൻ്റെ സംയോജിത രൂപരേഖയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തിയ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. പി. കെ. മിശ്ര പറഞ്ഞു, “നിർണായക നേതൃത്വത്തിൻ്റെ ശക്തിയും ദർശനങ്ങൾ പ്രാവർത്തികമാക്കാനുള്ള കഴിവും വ്യക്തമാക്കുന്ന സുപ്രധാന നാഴികക്കല്ലുകളാൽ അടയാളപ്പെടുത്തപ്പെട്ടതാണ് ഇന്ത്യയുടെ ഭരണനിർവഹണ യാത്ര. 2001-ലെ കച്ച് ഭൂകമ്പത്തോടുള്ള ദ്രുതഗതിയിലുള്ള പ്രതികരണം മുതൽ കോവിഡ്-19 മഹാമാരിയെ നേരിടുന്നതിൽ രാജ്യം നടത്തിയ ഏകോപിത പ്രവർത്തനങ്ങൾ വരെയും, ആഗോള ബഹിരാകാശ സമ്പദ്വ്യവസ്ഥയിൽ ഇന്ത്യയുടെ സാന്നിധ്യം വിപുലീകരിച്ചത് മുതൽ ലഖ്പതി ദീദി സംരംഭത്തിൻ്റെ പരിവർത്തനാത്മകമായ സ്വാധീനം വരെയും, ശക്തമായ രാഷ്ട്രീയ ഇച്ഛാശക്തിക്കും പ്രതികരണശേഷിയുള്ള ഭരണസംവിധാനത്തിനും ദൗത്യാധിഷ്ഠിത ഭരണനിർവഹണത്തിനും ജനങ്ങളുടെ ജീവിതത്തിൽ അർത്ഥവത്തായ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുമെന്ന് ഈ നടപടികൾ വ്യക്തമാക്കുന്നു.”
കൊട്ടക് മഹീന്ദ്ര ബാങ്ക് സ്ഥാപകൻ ശ്രീ ഉദയ് കൊട്ടക് പറഞ്ഞു: “ഗുജറാത്ത് മുഖ്യമന്ത്രിയായും തുടർന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിയായും പ്രവർത്തിച്ച ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വം, സംരംഭകത്വത്തെ സാമ്പത്തിക വളർച്ചയുടെയും രാഷ്ട്രനിർമ്മാണത്തിൻ്റെയും പ്രധാന ചാലകശക്തിയായി എപ്പോഴും അംഗീകരിച്ചിട്ടുണ്ട്. പിന്തുണാ സംവിധാനങ്ങൾ സ്ഥാപനവൽക്കരിച്ചതും സാമ്പത്തിക-സംരംഭകത്വ ആവാസവ്യവസ്ഥകൾ ശക്തിപ്പെടുത്തിയതും ഊർജസ്വലമായ സ്റ്റാർട്ടപ്പ് മേഖലയുടെ വളർച്ചയും ഈ പ്രതിബദ്ധതയുടെ പ്രതിഫലനമാണ്.”
നീതി ആയോഗ് അംഗം ഡോ. ആർ. ബാലസുബ്രഹ്മണ്യം ശിൽപ്പശാലയുടെ രൂപകൽപ്പനയും ഘടനയും വിശദീകരിച്ചു. നേതൃത്വത്തെ അത് പ്രകടമാകുന്ന തീരുമാനങ്ങളിലൂടെയും പ്രവർത്തനങ്ങളിലൂടെയുമാണ് ശിൽപ്പശാല സമീപിക്കുന്നതെന്നും, അനുഭവങ്ങളിൽനിന്ന് വിശകലനത്തിലേക്കും തുടർന്ന് പ്രയോഗത്തിലേക്കും നീങ്ങുന്ന രീതിയിലാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പഠിക്കുക, വിശകലനം ചെയ്യുക, ചിന്തിക്കുക, പ്രയോഗിക്കുക, പ്രതിജ്ഞാബദ്ധരാകുക എന്നീ അഞ്ച് ഘട്ടങ്ങളായാണ് പരിപാടികൾ നടന്നത്. സുപ്രധാന തീരുമാനങ്ങളെക്കുറിച്ചുള്ള നേരിട്ടുള്ള അനുഭവവിവരണങ്ങളിൽനിന്ന് പങ്കാളികൾ പഠിക്കുകയും, ഗവൺമെന്റ്, അക്കാദമിക് മേഖല, പൗരസമൂഹം എന്നിവയുടെ പങ്കാളിത്തത്തോടെയുള്ള ചർച്ചകളിലൂടെ അവ വിശകലനം ചെയ്യുകയും, പൊതുനേതൃത്വത്തിലെ കാലാതീതമായ പ്രവർത്തനരീതികളെക്കുറിച്ച് ചിന്തിക്കുകയും ചെയ്തു. സ്വന്തം പ്രവർത്തനമേഖലയിലെ വെല്ലുവിളികളിൽ ഈ പഠനങ്ങൾ പ്രയോഗിക്കുകയും നേതൃത്വരീതികളിൽ വരുത്തേണ്ട നിർദിഷ്ട മാറ്റങ്ങൾക്കായി പ്രതിജ്ഞാബദ്ധരാകുകയും ചെയ്തു. ഇന്ത്യൻ തീരുമാനങ്ങളെയും സ്ഥാപനങ്ങളെയും അടിസ്ഥാനമാക്കി പൊതുനേതൃത്വത്തെക്കുറിച്ചുള്ള തനതായ വിജ്ഞാനശേഖരം രൂപപ്പെടുത്തുകയാണ് ശിൽപ്പശാലയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വികസിത ഭാരതം @2047-ലേക്കുള്ള യാത്രയിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് നൽകുന്ന പരിശീലനത്തെയും അവരുടെ നേതൃത്വരീതികളെയും ഈ വിജ്ഞാനശേഖരം രൂപപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
'ലീഡർഷിപ്പ് മൊമെൻ്റ്സ്' എന്ന സെഷനിൽ നാല് പ്രഭാഷകർ സുപ്രധാന സന്ദർഭങ്ങളെക്കുറിച്ചുള്ള നേരിട്ടുള്ള അനുഭവങ്ങളും അവയിൽനിന്ന് ഉൾക്കൊള്ളാനാകുന്ന നേതൃത്വപാഠങ്ങളും പങ്കുവെച്ചു.
ഗുജറാത്ത് ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും പ്രിൻസിപ്പൽ സെക്രട്ടറിയുമായ ശ്രീ രാജീവ് ടോപ്നോ, 2001-ലെ ഭൂകമ്പത്തിനുശേഷം കച്ചിൽ നടത്തിയ പുനർനിർമ്മാണ പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിച്ചു. കച്ചിൻ്റെ പുനർനിർമ്മാണം കേവലം സാധാരണ നില പുനഃസ്ഥാപിക്കുന്നതിൻ്റെ മാത്രം കഥയായിരുന്നില്ലെന്നും, മറിച്ച് ജനപങ്കാളിത്തം (ജൻ ഭാഗീദാരി), സ്ഥാപനങ്ങളുടെ കരുത്ത്, കൂട്ടായ നിശ്ചയദാർഢ്യം എന്നിവയിലൂടെ പുതിയൊരു സാധാരണാവസ്ഥ സൃഷ്ടിച്ചതിൻ്റെ കഥയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദർശനത്തിലെ വ്യക്തതയും ദൃഢമായ തീരുമാനങ്ങളെടുക്കാനുള്ള കഴിവും, ഐക്യദാർഢ്യവും പ്രതിബദ്ധതയും, സംസ്ഥാനത്തിൻ്റെ പിന്തുണയോടെയുള്ള ജനപങ്കാളിത്തം, ശക്തമായ സ്ഥാപനനിർമ്മാണം എന്നിവയുൾപ്പെടെ ഫലപ്രദമായ ഭരണനിർവഹണത്തിൻ്റെ നാല് പ്രധാന സ്തംഭങ്ങളാണ് ഈ അനുഭവം ഉയർത്തിക്കാട്ടിയത്.
മുൻ കേന്ദ്ര ആരോഗ്യ സെക്രട്ടറിയും യു.പി.എസ്.സി. മുൻ ചെയർപേഴ്സണും പാൻഡെമിക് തയ്യാറെടുപ്പിനും പ്രതികരണത്തിനുമുള്ള സ്വതന്ത്ര സമിതിയിലെ മുൻ അംഗവുമായ ശ്രീമതി പ്രീതി സുദൻ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾ മുഴുവൻ ഗവൺമെന്റ് സംവിധാനത്തെയും ഉൾക്കൊള്ളുന്ന സമീപനത്തിൽനിന്ന് സമൂഹമൊന്നാകെയുള്ള മുന്നേറ്റമായി മാറിയെന്ന് എടുത്തുപറഞ്ഞു. ഡോക്ടർമാർ, നഴ്സുമാർ, മുൻനിര പ്രവർത്തകർ എന്നിവരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകിയും സാങ്കേതികവിദ്യയെ പ്രവർത്തനങ്ങളുടെ അടിത്തറയാക്കിയും ജനകീയ പ്രസ്ഥാനത്തിലൂടെ പൊതുജനപങ്കാളിത്തം ഉറപ്പാക്കിയും ഇന്ത്യ ഏകോപിതമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി. വാക്സിൻ മൈത്രിയിലൂടെ നൂറിലധികം രാജ്യങ്ങൾക്ക് ഏകദേശം 30 കോടി വാക്സിൻ ഡോസുകൾ വിതരണം ചെയ്തുകൊണ്ട് ആഗോള ഐക്യദാർഢ്യത്തോടുള്ള പ്രതിബദ്ധത രാജ്യം കൂടുതൽ വിപുലീകരിച്ചു.
കേന്ദ്ര ഗ്രാമവികസന മന്ത്രാലയം മുൻ സെക്രട്ടറി ശ്രീ ശൈലേഷ് കുമാർ സിംഗ് പറഞ്ഞു: “അഭൂതപൂർവമായ തോതിൽ ഒരു ദർശനം എങ്ങനെ പ്രാവർത്തികമാക്കാം എന്നതിന് ഉദാഹരണമാണ് ലഖ്പതി ദീദി സംരംഭം. ഗ്രാമീണ വനിതകളെ സംരംഭകരായും ഉൽപ്പാദകരായും സേവനദാതാക്കളായും പ്രധാനമന്ത്രി അംഗീകരിക്കുകയും ഈ സംരംഭത്തിന് വ്യക്തവും അഭിലാഷപൂർണവുമായ ലക്ഷ്യം നൽകുകയും ചെയ്തു. വരുമാനവർദ്ധനവിനപ്പുറം, കുടുംബത്തിലും സമൂഹത്തിലും വനിതകളുടെ സാമ്പത്തിക സ്വാതന്ത്ര്യവും അന്തസ്സും അംഗീകാരവും ഉറപ്പാക്കുന്നതാണ് ലഖ്പതി ദീദി സംരംഭം. അതാണ് ഈ സംരംഭത്തിൻ്റെ വിശാലമായ ലക്ഷ്യമെന്ന് ഞാൻ കരുതുന്നു.”
ഉദാരവൽക്കരിച്ച നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്.ഡി.ഐ.) മാനദണ്ഡങ്ങൾ സ്വകാര്യ മേഖലയ്ക്ക് പങ്കാളിത്തത്തിനുള്ള പുതിയ അവസരങ്ങൾ തുറന്നുനൽകിയതായും അതുവഴി സമ്പദ്വ്യവസ്ഥയ്ക്ക് ഗണ്യമായ സംഭാവന നൽകുന്ന മേഖലയായി ബഹിരാകാശ രംഗം വളരാൻ സഹായിച്ചതായും ഐ.എസ്.ആർ.ഒ.യുടെ മുൻ ചെയർമാനും കേന്ദ്ര ബഹിരാകാശ വകുപ്പിൻ്റെ മുൻ സെക്രട്ടറിയുമായ ഡോ. എസ്. സോമനാഥ് ചൂണ്ടിക്കാട്ടി. സ്വകാര്യ മേഖലയിലെ പങ്കാളികൾക്ക് വൈദഗ്ധ്യവും അടിസ്ഥാനസൗകര്യങ്ങളും ലഭ്യമാക്കുന്നതിലൂടെ ഈ മാറ്റത്തിന് വഴിയൊരുക്കുന്നതിൽ ഐ.എസ്.ആർ.ഒ. നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഭാവിയിൽ ഇന്ത്യയുടെ 'സ്പേസ് വിഷൻ 2047' ശാസ്ത്രീയ ശേഷി കൂടുതൽ വികസിപ്പിക്കുകയും ആഗോള ബഹിരാകാശ ശക്തിയെന്ന നിലയിലുള്ള ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
തുടർന്ന് നടന്ന കേസ് ക്ലിനിക്കിൽ ഓരോ ഗ്രൂപ്പും തങ്ങൾക്ക് അനുവദിച്ച അനുഭവവിവരണത്തിലെ ഒരു പ്രത്യേക തീരുമാനം വിശദമായി പരിശോധിച്ചു. ഗവൺമെന്റ് ഉദ്യോഗസ്ഥർ, സാമൂഹിക പങ്കാളികൾ, വിദ്യാർഥികൾ എന്നിവരടങ്ങിയതായിരുന്നു ഓരോ ഗ്രൂപ്പും. ശേഷി വികസന കമ്മീഷൻ്റെ അമൃത് ജ്ഞാൻ കോശ് സംരംഭത്തിനു കീഴിൽ പരിശീലനം നേടിയ ഒരു കേസ് റൈറ്ററാണ് ഓരോ ഗ്രൂപ്പിനും മാർഗനിർദ്ദേശം നൽകിയത്. സംഘങ്ങളുടെ ചർച്ചകളും പ്രഭാഷകർ പങ്കുവച്ച നേരിട്ടുള്ള അനുഭവവിവരണങ്ങളും ശേഷി വികസന കമ്മീഷൻ കേസ് സ്റ്റഡികളായി വികസിപ്പിക്കും. സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കും പരിശീലന സ്ഥാപനങ്ങൾക്കും സർവകലാശാലകൾക്കും പ്രയോജനപ്പെടുത്തുന്നതിനായി ഇവ iGOT കർമ്മയോഗി പ്ലാറ്റ്ഫോമിൽ ലഭ്യമാക്കും.
വൈകുന്നേരം, “വികസിത ഭാരതത്തിനായുള്ള നേതൃത്വം” എന്ന വിഷയത്തിൽ പാനൽ ചർച്ച നടക്കും. കൂടാതെ, ഗവൺമെന്റ് ഉദ്യോഗസ്ഥർ ആപ്ലിക്കേഷൻ ക്ലിനിക്കിൽ പങ്കെടുക്കുകയും ചെയ്യും. കാബിനറ്റ് സെക്രട്ടറി ഡോ. ടി. വി. സോമനാഥൻ കർമ്മയോഗി സങ്കൽപ്പ് പ്രകാശനം ചെയ്യുകയും സമാപന പ്രസംഗം നടത്തുകയും ചെയ്യും.


****