വടക്ക് കിഴക്കൻ മേഖലയിൽ നിന്നുള്ള നാല് ചലച്ചിത്രങ്ങൾ മേളയിലെ പ്രശസ്തമായ 'ഇന്ത്യൻ പനോരമ' വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ, വടക്കുകിഴക്കൻ ഇന്ത്യയിലെ വൈവിധ്യമാർന്ന സംസ്‌കാരങ്ങൾ, ആകർഷകമായ കഥകൾ, തനതായ ചലച്ചിത്ര ശൈലികൾ എന്നിവയ്ക്ക് 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേള(ഐ.എഫ്.എഫ്.ഐ)യിൽ ശ്രദ്ധേയമായ ഇടം ലഭിക്കും. 2026 നവംബർ 20 മുതൽ 28 വരെ ഗോവയിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന ഐ.എഫ്.എഫ്.ഐയിൽ, വടക്കുകിഴക്കൻ മേഖലയിൽ നിന്നുള്ള രണ്ട് ഫീച്ചർ ചലച്ചിത്രങ്ങളും രണ്ട് ഫീച്ചർ ഇതര (നോൺ-ഫീച്ചർ) ചലച്ചിത്രങ്ങളും പ്രദർശിപ്പിക്കും. മേഖലയിലെ തദ്ദേശീയ പൈതൃകം, സാമൂഹിക പരിവർത്തനങ്ങൾ, ദൈനംദിന ജീവിതം എന്നിവയെക്കുറിച്ചുള്ള ഒരു ക്ഷണദർശനം ഈ ചലച്ചിത്രങ്ങൾ പ്രേക്ഷകർക്ക് നൽകുന്നു.

ഐ.എഫ്.എഫ്.ഐ ഇന്ത്യൻ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഫീച്ചർ ചലച്ചിത്രങ്ങളിൽ മുൻപന്തിയിലുള്ളത് 'ഉറും' (ആത്മാവ്) ആണ്. ഈ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന നിഷി ഭാഷയിലുള്ള ആദ്യ ചിത്രം എന്ന നിലയിൽ ഇതൊരു ചരിത്രപരമായ നാഴികക്കല്ലാണ്.
ദുയു ടാബ്യോ സംവിധാനം ചെയ്തിരിക്കുന്ന, അരുണാചൽ പ്രദേശിൽ നിന്നുള്ള ഈ സൈക്കോളജിക്കൽ ത്രില്ലർ ചിത്രം ഐ.എഫ്.എഫ്.ഐയിൽ വെച്ചാണ് ആദ്യമായി ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കപ്പെടുക. അരുണാചൽ പ്രദേശിലെ ഒരു വിദൂര മലയോര ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ, തന്റെ കൊച്ചു മകളുടെ വിയോഗത്തെത്തുടർന്ന് കുറ്റബോധത്താലും അസ്വസ്ഥപ്പെടുത്തുന്ന ദർശനങ്ങളാലും വേട്ടയാടപ്പെടുന്ന ഒരു പിതാവിന്റെ കഥയിലൂടെ, ഓർമ്മകൾ മാനസിക ആഘാതങ്ങൾ മറച്ചുവെക്കപ്പെട്ട സത്യങ്ങൾ എന്നിവയെക്കുറിച്ച് ഈ ചിത്രം പറയുന്നു.

'ഉറും' എന്ന ചിത്രത്തിനൊപ്പം, ലോക പ്രീമിയർ നടക്കുന്ന ഫീച്ചർ ഫിലിം നിരയിൽ 'സൂര്യമുഖി' എന്ന അസമീസ് നാടകീയ ചലച്ചിത്രവും ഇടം നേടുന്നു. നടിയും സംവിധായികയും നാടക പ്രവർത്തകയുമായ അന്തര ജി.ജി. ചൗധരിയാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നഗരപശ്ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രം പുഷ്പൽ, പ്രാർത്ഥന എന്നീ രണ്ട് യുവ സഹപ്രവർത്തകരുടെ ജീവിതത്തെയാണ് ആഖ്യാനമാക്കുന്നത്. ഇവർക്കിടയിലുണ്ടായിരുന്ന തുടക്കകാലത്തെ വിരോധം ക്രമേണ സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും വഴിമാറുന്നു. എങ്കിലും, നഷ്ടപ്പെട്ട പണസഞ്ചി കണ്ടെത്തിയത് അപ്രതീക്ഷിതമായ ധാർമ്മിക പ്രതിസന്ധികൾക്ക് വഴിയൊരുക്കുകയും, അവരുടെ തീരുമാനങ്ങളെയും ബന്ധങ്ങളെയും പരീക്ഷിക്കുകയും ചെയ്യുന്നു.
ഇന്ത്യൻ പനോരമയുടെ നോൺ-ഫീച്ചർ ചലച്ചിത്ര വിഭാഗത്തിൽ അസമിൽ നിന്നും മിസോറാമിൽ നിന്നുമുള്ള രണ്ട് വ്യത്യസ്ത കഥകൾ അവതരിപ്പിക്കുന്നു. അവാർഡ് ജേതാവായ ചലച്ചിത്ര പ്രവർത്തക ഐമി ബറുവ രചനയും സംവിധാനവും നിർവഹിച്ച 'റെഡ് കാർപെറ്റ്' എന്ന 30 മിനിറ്റ് ദൈർഘ്യമുള്ള അസമീസ് ഡോക്യുമെന്ററി, പരമ്പരാഗത കൈത്തറി കരകൗശല വിദ്യയുടെ ചിരകാല പൈതൃകത്തെ കൊണ്ടാടുന്നു. അസമിലെ കർബി ആങ്ലോങ് കുന്നുകളുടെ പശ്ചാത്തലത്തിൽ നടക്കുന്ന ഈ ചലച്ചിത്രം, ഡോങ്കാമൊകം ഗ്രാമത്തിൽ നിന്നുള്ള ഒരു കർബി നെയ്ത്തുകാരിയുടെ, കാൻസ് ചലച്ചിത്രമേളയിലെ റെഡ് കാർപെറ്റ് വരെയുള്ള അസാധാരണമായ പ്രയാണത്തെക്കുറിച്ച് പറയുന്നു. അവളുടെ കഥയിലൂടെ തദ്ദേശീയരായ കരകൗശല വിദഗ്ധരുടെ അതിജീവനശേഷി, കർബി നെയ്ത്ത് പാരമ്പര്യങ്ങളുടെ സമൃദ്ധി, പൂർവ്വികരിൽ നിന്ന് പകർന്നു കിട്ടിയ കരകൗശല വിദ്യകൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം എന്നിവ ഈ ഡോക്യുമെന്ററി എടുത്തുകാണിക്കുന്നു.
മറ്റൊരു ഫീച്ചർ ഇതര വിഭാഗത്തിൽപ്പെട്ട ചലച്ചിത്രമായ 'ചലോ ഇന്ത്യ വിത്ത് എറിക് ജി - മിസോറാം' , രാജ്ദീപ് ചൗധരി സംവിധാനം ചെയ്ത 48 മിനിറ്റ് ദൈർഘ്യമുള്ള ഒരു ഇംഗ്ലീഷ് ഡോക്യുമെന്ററിയാണ്. മിസോറാമിലെ സാമൂഹികവും സാംസ്‌കാരികവുമായ പശ്ചാത്തലങ്ങൾ പര്യവേക്ഷണം ചെയ്യുന്ന, മുൻ ബ്രിട്ടീഷ് പാർലമെന്റ് അംഗവും ചരിത്രാധ്യാപകനുമായ എറിക് ഒല്ലെറെൻഷോയെ കുറിച്ചുള്ളതാണ് ഈ ചിത്രം.


സംസ്ഥാനത്തെ ഉയർന്ന സാക്ഷരതാനിരക്ക്, പൗരബോധം, ആവേശകരമായ ഫുട്‌ബോൾ സംസ്‌കാരം എന്നിവയിലേക്കുള്ള ഒരു ഉൾക്കാഴ്ച ഇത് നൽകുന്നു; അതോടൊപ്പം ബിസിനസ്, വിദ്യാഭ്യാസം, സാമൂഹിക നേതൃത്വം എന്നീ മേഖലകളിൽ മിസോറാമിലെ വനിതകൾ നൽകുന്ന ശ്രദ്ധേയമായ സംഭാവനകളെയും ഇത് എടുത്തുകാണിക്കുന്നു.
***