റെയില്‍വേ മന്ത്രാലയം
azadi ka amrit mahotsav

പി.എം. സൂര്യ ഘർ എക്സലൻസ് പുരസ്കാരം റെയിൽവേ മന്ത്രാലയത്തിന്

ഉപരാഷ്ട്രപതി പുരസ്‌കാരദാനം നിർവ്വഹിച്ചു

പോസ്റ്റഡ് ഓണ്‍: 05 NOV 2026 2:30PM by PIB Thiruvananthpuram
ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന പുനരുപയോഗ ഊർജ ഉച്ചകോടി-എക്സ്പോ 2026-ൽ റെയിൽവേ മന്ത്രാലയത്തിന് അഭിമാനകരമായ പി.എം. സൂര്യ ഘർ എക്സലൻസ് പുരസ്കാരം സമ്മാനിച്ചു.
 
പി.എം. സൂര്യ ഘർ: മുഫ്ത് ബിജ്‌ലി യോജനയുടെ ഭാഗമായി കേന്ദ്ര മന്ത്രാലയങ്ങൾ/വകുപ്പുകൾക്കിടയിൽ ഏറ്റവും കൂടുതൽ കെട്ടിടങ്ങളിൽ സൗരോർജ സംവിധാനങ്ങൾ സ്ഥാപിച്ച വിഭാഗത്തിൽ മന്ത്രാലയം ഒന്നാം സ്ഥാനം നേടി. പൊതുസ്ഥാപനങ്ങളിൽ പുനരുപയോഗ ഊർജത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിൽ രാജ്യത്തിന് പ്രചോദനാത്മകമായ മാതൃകയാണ് ഇതിലൂടെ സൃഷ്ടിച്ചത്.
 
രാജ്യത്തുടനീളം മേൽക്കൂരയിൽ സൗരോർജ പാനലുകൾ സ്ഥാപിക്കുന്നതിന് അനുയോജ്യമായ 15,868 റെയിൽവേ കെട്ടിടങ്ങളാണ് മന്ത്രാലയം കണ്ടെത്തിയിട്ടുള്ളത്. ഇതിൽ 12,495 കെട്ടിടങ്ങളിൽ ഇതുവരെ പുരപ്പുറ സൗരോർജ സംവിധാനങ്ങൾ സ്ഥാപിച്ചു. ഇത് കണ്ടെത്തിയ ആകെ കെട്ടിടങ്ങളുടെ 79 ശതമാനമാണ്. 424 മെഗാവാട്ട് സൗരോർജ പദ്ധതികൾ എന്ന ലക്ഷ്യത്തിൽ 351 മെഗാവാട്ട് ശേഷി   മന്ത്രാലയം കമ്മീഷൻ ചെയ്തിട്ടുണ്ട്.
 
ദേശീയതലത്തിൽ, 77 കേന്ദ്ര മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും കീഴിൽ കണ്ടെത്തിയ 39,135 കെട്ടിടങ്ങളിൽ 25,984 ഇടങ്ങളിൽ ഇതുവരെ സൗരോർജ സംവിധാനങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഇത് ആകെ കണ്ടെത്തിയ കെട്ടിടങ്ങളുടെ 66 ശതമാനമാണ്. ഈ ദേശീയ നേട്ടത്തിൽ റെയിൽവേ മന്ത്രാലയം ഗണ്യമായ സംഭാവന നൽകിയിട്ടുണ്ട്.
 
 സൗരോർജ സംവിധാനങ്ങൾ സ്ഥാപിക്കാൻ അനുയോജ്യമായശേഷിക്കുന്ന എല്ലാ കെട്ടിടങ്ങളിലും 2027 മാർച്ചോടെ സൗരോർജ സംവിധാനങ്ങൾ സ്ഥാപിക്കാനാണ് റെയിൽവേ മന്ത്രാലയം ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ ശുദ്ധവും ഊർജക്ഷമതയുള്ളതും സുസ്ഥിരവുമായ ഭാവിയോടുള്ള പ്രതിജ്ഞാബദ്ധതയെ മന്ത്രാലയം ഇതുവഴി കൂടുതൽ ശക്തിപ്പെടുത്തുന്നു.
 
******

( റിലീസ് ഐ.ഡി: 2333078) സന്ദര്‍ശക കൗണ്ടര്‍ : 26
ഈ റിലീസ് വായിക്കുക: English , Urdu , Marathi , Manipuri , Assamese , Gujarati , Tamil , Telugu , Kannada