പോസ്റ്റഡ് ഓണ്‍:
02 NOV 2026 9:37AM by PIB Thiruvananthpuram
ന്യൂഡൽഹിയിലെ ദേശീയ മ്യൂസിയത്തിൽ സൂക്ഷിച്ച ശാക്യമുനി ബുദ്ധൻ്റെ വിശുദ്ധ തിരുശേഷിപ്പുകൾ 2026 ഒക്ടോബർ 31-ന് തവാങിൽ അരുണാചൽ പ്രദേശ് മുഖ്യമന്ത്രി ശ്രീ പേമ ഖണ്ഡു ആചാരപരമായി ഏറ്റുവാങ്ങി. അരുണാചൽ പ്രദേശിലെ ഇന്ത്യയുടെ ബുദ്ധമത പൈതൃക പ്രദർശനത്തിലെ സുപ്രധാന ഘട്ടത്തിനാണ് ഇതോടെ തുടക്കമായത്. കേന്ദ്ര സാംസ്കാരിക-ടൂറിസം മന്ത്രി ശ്രീ ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, ആദരണീയ ബുദ്ധ സന്യാസിമാർ, മതനേതാക്കൾ, ഭക്തജനങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ ചരിത്രപ്രസിദ്ധമായ ഗാദെൻ നംഗ്യാൽ ലാറ്റ്സെയിൽ (തവാങ് ആശ്രമം) തിരുശേഷിപ്പുകൾക്ക് പരമ്പരാഗത ആചാരപരമായ സ്വീകരണം നൽകി.

കേന്ദ്ര സാംസ്കാരിക മന്ത്രാലയം, അരുണാചൽ പ്രദേശ് ഗവണ്മെൻ്റ്, ഇൻ്റർനാഷണൽ ബുദ്ധിസ്റ്റ് കോൺഫെഡറേഷൻ (ഐബിസി), ന്യൂഡൽഹിയിലെ ദേശീയ മ്യൂസിയം എന്നിവ സംയുക്തമായാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. ബുദ്ധമത വിശ്വാസത്തിൻ്റെ മൂന്ന് പ്രധാന കേന്ദ്രങ്ങളായ തവാങ്, ബോംഡില, നംസായ് എന്നിവിടങ്ങളിൽ ഭക്തർക്കും പൊതുജനങ്ങൾക്കും തിരുശേഷിപ്പുകൾ ദർശിച്ച് പ്രണാമമർപ്പിക്കാൻ പ്രദർശനം അവസരമൊരുക്കും.
തവാങിലെ ഉദ്ഘാടന ചടങ്ങിൽ കേന്ദ്ര സാംസ്കാരിക-ടൂറിസം മന്ത്രി ശ്രീ ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, അരുണാചൽ പ്രദേശ് മുഖ്യമന്ത്രി ശ്രീ പേമ ഖണ്ഡു, ആദരണീയ ബുദ്ധ സന്യാസിമാർ, ഇൻ്റർനാഷണൽ ബുദ്ധിസ്റ്റ് കോൺഫെഡറേഷൻ പ്രതിനിധികൾ, മറ്റ് വിശിഷ്ട വ്യക്തികൾ, ഭക്തർ തുടങ്ങിയവര്‍ പങ്കെടുത്തു.
ഭഗവാൻ ബുദ്ധൻ്റെ വിശുദ്ധ തിരുശേഷിപ്പുകൾ അരുണാചൽ പ്രദേശിൽ പ്രദർശിപ്പിക്കുന്നതിൽ പ്രത്യേക സന്ദേശത്തിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു. ആത്മീയവും സാംസ്കാരികവുമായി ഏറെ പ്രാധാന്യമുള്ള സന്ദർഭമാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഒരു നൂറ്റാണ്ടിലധികം നീണ്ട കാലയളവിന് ശേഷം പവിത്രമായ പിപ്രഹ്വ തിരുശേഷിപ്പുകൾ സ്വന്തം മണ്ണിലേക്ക് തിരിച്ചെത്തിയത് അഭിമാനത്തിൻ്റെയും സന്തോഷത്തിൻ്റെയും നിമിഷമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യയുടെ സമ്പന്നമായ ബുദ്ധമത പൈതൃകത്തെക്കുറിച്ചുള്ള അവബോധം സുദൃഢമാക്കാനും ശ്രീബുദ്ധൻ്റെ സാർവലൗകിക സന്ദേശങ്ങൾ പ്രചരിപ്പിക്കാനും പ്രദർശനം സഹായകമാകുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
സ്വർഗലോകത്തുനിന്ന് ബുദ്ധൻ ഭൂമിയിലേക്ക് തിരിച്ചെഴുന്നള്ളിയതിൻ്റെ സ്മരണ പുതുക്കുന്ന ടിബറ്റൻ ബുദ്ധമത പാരമ്പര്യത്തിലെ പ്രധാന വിശേഷ ദിവസമായ 'ലഹാബാബ് ദുച്ചെൻ' വേളയിലാണ് പ്രദർശനമെന്നത് ഇതിൻ്റെ ആത്മീയ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.

ശ്രീബുദ്ധൻ്റെ ശാക്യ പാരമ്പര്യവുമായും പുരാതന കപിലവസ്തുവുമായും ബന്ധപ്പെട്ട ഉത്തർപ്രദേശിലെ പുരാവസ്തു കേന്ദ്രമായ പിപ്രഹ്വയിൽ നിന്നാണ് ഈ തിരുശേഷിപ്പുകൾ കണ്ടെടുത്തത്. ന്യൂഡൽഹിയിലെ ദേശീയ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന ഇവയ്ക്ക് ബുദ്ധമത സമൂഹങ്ങൾക്കിടയിൽ ചരിത്രപരവും പുരാവസ്തുപരവും ആത്മീയവുമായി ഏറെ പ്രാധാന്യമുണ്ട്.

പരിപാടിയുടെ ഭാഗമായി 'വിശുദ്ധ പിപ്രഹ്വയുടെ വീണ്ടെടുപ്പ്: വിശുദ്ധ ബുദ്ധ തിരുശേഷിപ്പുകളുടെയും അവയുടെ കണ്ടെത്തലിൻ്റെയും കഥ' എന്ന പേരിൽ സംഘടിപ്പിക്കുന്ന അനുബന്ധ പ്രദർശനത്തില്‍ പിപ്രഹ്വയിലെ പുരാവസ്തു കണ്ടെത്തലുകളുടെ ചരിത്രം, തിരുശേഷിപ്പ് വന്ദനത്തിൻ്റെ പ്രാധാന്യം, അവ ഇന്ത്യയിലേക്ക് തിരികെ എത്തിച്ചതടക്കം പിപ്രഹ്വ പൈതൃകത്തിൻ്റെ നാൾവഴികൾ എന്നിവ അവതരിപ്പിക്കും.

അരുണാചൽ പ്രദേശ് ഗവണ്മെൻ്റുമായി സഹകരിച്ച് ഇൻ്റർനാഷണൽ ബുദ്ധിസ്റ്റ് കോൺഫെഡറേഷൻ 2026 നവംബർ 2-ന് തവാങിലെ കലവാങ്പോ കൺവെൻഷൻ ഹാളിൽ “ബുദ്ധമതം: ഹിമാലയൻ മേഖലയിലേക്കും അതിനപ്പുറത്തേക്കുമുള്ള പ്രചാരം” എന്ന വിഷയത്തിൽ അന്താരാഷ്ട്ര സമ്മേളനവും സംഘടിപ്പിക്കും.
പ്രദർശനം നവംബർ 1 മുതൽ 7 വരെ തവാങ് ആശ്രമത്തിലും തുടർന്ന് നവംബർ 8 മുതൽ 13 വരെ ബോംഡിലയിലെ ടിജിഎൽ ആശ്രമത്തിലും (ലോവർ ഗോമ്പ) നവംബർ 14 മുതൽ 20 വരെ നംസായിലെ ഗോൾഡൻ പഗോഡയിലും തുടരും. പിന്നീട് നവംബർ 21-ന് തിരുശേഷിപ്പുകൾ ന്യൂഡൽഹിയിലെ ദേശീയ മ്യൂസിയത്തിലേക്ക് തിരികെ കൊണ്ടുപോകും.
ശ്രീബുദ്ധൻ്റെ സാർവലൗകിക മൂല്യങ്ങളായ സമാധാനം, കാരുണ്യം, അഹിംസ, സൗഹാർദം എന്നിവ ഉയർത്തിപ്പിടിക്കുന്നതിനൊപ്പം രാജ്യത്തിൻ്റെ ബുദ്ധമത പൈതൃകം വടക്കുകിഴക്കൻ മേഖലയിലെ ജനങ്ങളിലേക്കെത്തിക്കുന്നതില്‍ സുപ്രധാന ചുവടുവെപ്പാണ് പ്രദർശനം.
ഇത്തരം സംരംഭങ്ങളിലൂടെ രാജ്യത്തിൻ്റെ സമ്പന്ന ബുദ്ധമത പൈതൃകം സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും പ്രചരിപ്പിക്കാനും കേന്ദ്ര ഗവണ്മെൻ്റ് ശ്രമങ്ങൾ തുടരുകയാണ്; ഒപ്പം ലോകമെങ്ങുമുള്ള ബുദ്ധമത സമൂഹങ്ങളുമായി ഇന്ത്യയുടെ ചരിത്രപരവും ആത്മീയവുമായ ബന്ധം കൂടുതൽ ശക്തിപ്പെടുത്താനും ഇത് വഴിയൊരുക്കുന്നു.

****