തൊഴില്‍, ഉദ്യോഗ മന്ത്രാലയം
azadi ka amrit mahotsav

തൊഴിൽ ചട്ടങ്ങൾക്ക് കീഴിൽ അസംഘടിത തൊഴിലാളികൾക്കും ഗിഗ്-പ്ലാറ്റ്‌ഫോം തൊഴിലാളികൾക്കും ദേശീയ സാമൂഹ്യ സുരക്ഷാ ബോർഡുകൾ വിജ്ഞാപനം ചെയ്ത് കേന്ദ്ര ഗവണ്‍മെന്റ്

പോസ്റ്റഡ് ഓണ്‍: 30 OCT 2026 10:29AM by PIB Thiruvananthpuram
രാജ്യത്തെ അനൗപചാരിക തൊഴിൽ മേഖലയ്ക്ക് സമഗ്ര സാമൂഹ്യ സുരക്ഷ ഉറപ്പാക്കുന്ന നിർണായക ചുവടുവെപ്പിന്റെ ഭാഗമായി അസംഘടിത തൊഴിലാളികൾക്കും ഗിഗ്-പ്ലാറ്റ്‌ഫോം തൊഴിലാളികൾക്കുമായി രൂപീകരിച്ച ദേശീയ സാമൂഹ്യ സുരക്ഷാ ബോർഡുകള്‍ കേന്ദ്ര തൊഴിൽ-ഉദ്യോഗ  മന്ത്രാലയം ഔദ്യോഗികമായി  വിജ്ഞാപനം ചെയ്തു. സാമൂഹ്യ സുരക്ഷാ ചട്ടത്തിന്  കീഴിലെ നിയമപരമായ ചട്ടക്കൂടനുസരിച്ച് രൂപീകരിച്ച ഈ ബോർഡുകൾ ഡിജിറ്റൽ ഗിഗ്-പ്ലാറ്റ്‌ഫോം തൊഴിലാളികളെ രാജ്യത്തിന്റെ ഔദ്യോഗിക ക്ഷേമ സംവിധാനത്തിലേക്ക് ഉൾപ്പെടുത്തുന്ന ചരിത്രപരമായ മാറ്റത്തിനാണ് തുടക്കം കുറിക്കുന്നത്.

കേന്ദ്ര തൊഴിൽ മന്ത്രി അധ്യക്ഷനാകുന്ന ബോർഡുകളിൽ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍, പ്രമുഖ അഗ്രിഗേറ്റർ കമ്പനികൾ, തൊഴിലുടമകൾ, സന്നദ്ധ സംഘടനകൾ, തൊഴിലാളി യൂണിയനുകൾ, ഗിഗ്-പ്ലാറ്റ്‌ഫോം അസോസിയേഷനുകൾ എന്നിവയുടെ പ്രതിനിധികൾ അംഗങ്ങളാകും. പരമ്പരാഗത അസംഘടിത തൊഴിലാളികൾക്കൊപ്പം ലക്ഷക്കണക്കിന്  ഗിഗ്-പ്ലാറ്റ്‌ഫോം തൊഴിലാളികൾ നേരിടുന്ന സാമൂഹ്യ സുരക്ഷാ വിടവ് നികത്തുന്നതിന് അനുയോജ്യമായ ക്ഷേമപദ്ധതികൾ ആവിഷ്കരിക്കുകയും നിരീക്ഷിക്കുകയും ശിപാർശ ചെയ്യുകയുമാണ് ബോർഡുകളുടെ ചുമതല.  

ദേശീയ സാമൂഹ്യ സുരക്ഷാ ബോർഡുകൾ വർഷത്തിൽ കുറഞ്ഞത് മൂന്ന് തവണയെങ്കിലും യോഗം ചേരുകയും കേന്ദ്ര ഗവണ്‍മെന്റ് നിഷ്കര്‍ശിച്ച നടപടിക്രമങ്ങൾ യോഗങ്ങളിൽ പാലിക്കുകയും വേണം.  


ദേശീയ സാമൂഹ്യ സുരക്ഷാ ബോർഡുകളുടെ പ്രധാന ചുമതലകൾ താഴെ:

അസംഘടിത തൊഴിലാളികൾ, ഗിഗ് തൊഴിലാളികൾ, പ്ലാറ്റ്‌ഫോം തൊഴിലാളികൾ എന്നിവരിലെ വിവിധ വിഭാഗങ്ങൾക്ക് അനുയോജ്യമായ പദ്ധതികൾ രൂപീകരിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റിന് ശിപാർശ നൽകുക;

സാമൂഹ്യ സുരക്ഷാ ചട്ടത്തിന്റെ ഭരണനിർവഹണവുമായി ബന്ധപ്പെട്ട നിര്‍ദിഷ്ട  വിഷയങ്ങളിൽ കേന്ദ്ര ഗവണ്‍മെന്റിന് ഉപദേശം നൽകുക;

അസംഘടിത തൊഴിലാളികൾ, ഗിഗ് തൊഴിലാളികൾ, പ്ലാറ്റ്‌ഫോം തൊഴിലാളികൾ എന്നിവർക്കായി കേന്ദ്ര ഗവണ്‍മെന്റ് നടപ്പാക്കുന്ന സാമൂഹ്യക്ഷേമ പദ്ധതികൾ നിരീക്ഷിക്കുക;

സംസ്ഥാന തലത്തിൽ വിവരങ്ങൾ ശേഖരിച്ച് സൂക്ഷിക്കുന്ന പ്രവർത്തനങ്ങൾ  അവലോകനം ചെയ്യുക;

ഫണ്ടിൽ നിന്നും അക്കൗണ്ടുകളിൽ നിന്നുമുള്ള ചെലവുകൾ അവലോകനം ചെയ്യുക;

കേന്ദ്ര ഗവണ്‍മെന്റ്  നിര്‍ദേശിക്കുന്ന മറ്റ് ചുമതലകള്‍ നിര്‍വഹിക്കുക.
 
SKY
 
*******

( റിലീസ് ഐ.ഡി: 2330393) സന്ദര്‍ശക കൗണ്ടര്‍ : 13
ഈ റിലീസ് വായിക്കുക: Urdu , English , Marathi , हिन्दी , Bengali , Gujarati , Tamil , Telugu