പോസ്റ്റഡ് ഓണ്:
29 OCT 2026 5:33PM by PIB Thiruvananthpuram
2026 ഒക്ടോബർ 2 മുതൽ 31 വരെ നടപ്പിലാക്കിവരുന്ന 'പ്രത്യേക ക്യാമ്പയിൻ 6'-ൽ ഇന്ത്യൻ റെയിൽവേ സജീവമായി പങ്കെടുക്കുന്നു. ഒക്ടോബർ 31-ന് ക്യാമ്പയിൻ സമാപിക്കാനിരിക്കെ, ശുചിത്വം, പാഴ് വസ്തുക്കളുടെ നീക്കം, ഇ-മാലിന്യ സംസ്കരണം, പരിഹരിക്കാത്ത വിഷയങ്ങളുടെ തീർപ്പാക്കൽ, നടപടിക്രമങ്ങളുടെ ലളിതവൽക്കരണം തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചുകൊണ്ട് ഇന്ത്യൻ റെയിൽവേ നിരവധി പ്രധാന ലക്ഷ്യങ്ങൾ മറികടന്നു. പരിഹരിക്കാത്ത വിഷയങ്ങൾ തീർപ്പാക്കുന്നതിനുള്ള പ്രത്യേക ക്യാമ്പയിൻ (SCDPM-6) വിജയകരമാക്കുന്നതിൽ ഈ നേട്ടങ്ങൾ വലിയ പങ്കുവഹിച്ചു.

ജനകേന്ദ്രീകൃതമായ ഒരു പ്രധാന സംരംഭമെന്ന നിലയിൽ, യാത്രക്കാരുമായി നേരിട്ട് സംവദിക്കുന്നതിനും ശുചിത്വം, യാത്രക്കാർക്കുള്ള സൗകര്യങ്ങൾ, സേവനവിതരണം എന്നിവയെക്കുറിച്ചുള്ള അവരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും സമാഹരിക്കുന്നതിനുമായി 2026 ഒക്ടോബർ 22-ന് രാജ്യത്തുടനീളമുള്ള 5,884 റെയിൽവേ സ്റ്റേഷനുകളിൽ റെയിൽ ജൻ സംവാദ് സംഘടിപ്പിച്ചു. റെയിൽവേ ബോർഡ് ചെയർമാനും സി.ഇ.ഒയുമായ ശ്രീ സതീഷ് കുമാർ ന്യൂഡൽഹിയിൽ വിവിധ പങ്കാളികളുമായി സംവദിച്ചു. അതേസമയം, DARPG സെക്രട്ടറി മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് ടെർമിനസിൽ നടന്ന പരിപാടിയിൽ പങ്കെടുത്തു. പ്രാദേശിക പ്രശ്നങ്ങൾ തിരിച്ചറിയുന്നതിനും യാത്രക്കാർക്കുള്ള സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി അനുയോജ്യമായ തുടർനടപടികൾ സ്വീകരിക്കുന്നതിനും ഈ സംരംഭം അവസരമൊരുക്കി.
'പ്രത്യേക ക്യാമ്പയിൻ 6 ' 2026 ഒക്ടോബർ 31-ന് സമാപിക്കാനിരിക്കെ, ക്യാമ്പയിനിലൂടെ കൈവരിച്ച നേട്ടങ്ങൾ ഏകോപിപ്പിക്കുന്നതിലും അതിന്റെ ഭാഗമായി സ്വീകരിച്ച മികച്ച പ്രവർത്തനരീതികൾ തുടർന്നും നിലനിർത്തുന്നതിലും ഇന്ത്യൻ റെയിൽവേ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ശുചിത്വം, വിഭവങ്ങളുടെ കാര്യക്ഷമമായ വിനിയോഗം, പരിഹരിക്കാത്ത വിഷയങ്ങൾ സമയബന്ധിതമായി തീർപ്പാക്കൽ, യാത്രക്കാർക്കുള്ള സേവനങ്ങൾ മെച്ചപ്പെടുത്തൽ എന്നിവയ്ക്ക് പ്രത്യേക ശ്രദ്ധ നൽകുന്നു.
****