രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

ഫിലിപ്പീൻസിൽ നടന്ന ADMM-Plus സമ്മേളനത്തോടനുബന്ധിച്ച് യുഎസ് യുദ്ധകാര്യ സെക്രട്ടറിയുമായി രക്ഷാമന്ത്രി കൂടിക്കാഴ്ച നടത്തി

പോസ്റ്റഡ് ഓണ്‍: 28 OCT 2026 2:44PM by PIB Thiruvananthpuram
2026 ഒക്ടോബർ 28-ന് ഫിലിപ്പീൻസിലെ സെബുവിൽ നടന്ന ആസിയാൻ പ്രതിരോധ മന്ത്രിമാരുടെ പ്രത്യേക (ASEAN Defence Ministers’ Meeting-Plus – ADMM-Plus) സമ്മേളനത്തോടനുബന്ധിച്ച് രക്ഷാമന്ത്രി ശ്രീ രാജ്‌നാഥ് സിംഗ്,   യു എസ് യുദ്ധകാര്യ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിനുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ-യുഎസ് പ്രധാന പ്രതിരോധ പങ്കാളിത്തത്തിന്റെ പുരോഗതി വിലയിരുത്തുന്നതിനുള്ള നിർണായക അവസരമായി ഈ കൂടിക്കാഴ്ച മാറി. നിലവിലുള്ള സഹകരണത്തെ അവലോകനം ചെയ്ത ഇരുപക്ഷവും അടിസ്ഥാന സുരക്ഷാ കരാറുകളുടെ ശക്തമായ പുരോഗതി ചൂണ്ടിക്കാട്ടുകയും പ്രവർത്തന സജ്ജത, സാങ്കേതികവിദ്യകളുടെ പങ്കിടൽ, പ്രതിരോധ വ്യവസായ സംയോജനം എന്നിവ ത്വരിതപ്പെടുത്തുന്നതിനുള്ള പുതിയ മാർഗങ്ങൾ പരിശോധിക്കുകയും ചെയ്തു.
 
 
ആഗോളതലത്തിൽ ഭീകരവാദം ഉയർത്തുന്ന ഭീഷണി ഇല്ലാതാക്കുന്നതിനുള്ള ദൃഢനിശ്ചയം ഇരുരാജ്യങ്ങളും ശക്തമായി വ്യക്തമാക്കി.പ്രാദേശിക സുരക്ഷയെക്കുറിച്ചുള്ള വിലയിരുത്തലായിരുന്നു ചർച്ചയിലെ പ്രധാന സവിശേഷത. ഭീകരസംഘടനകൾക്ക് പിന്തുണ നൽകുകയോ പരിശീലനം നൽകുകയോ ധനസഹായം നൽകുകയോ ചെയ്യുന്ന രാജ്യങ്ങളോട് ആഗോള സമൂഹം വിട്ടുവീഴ്ചയില്ലാത്തതും സഹിഷ്ണുതാരഹിതവുമായ സമീപനം സ്വീകരിക്കണമെന്ന് രക്ഷാമന്ത്രി ഊന്നിപ്പറഞ്ഞു. അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിൽ അമേരിക്കയുടെ അചഞ്ചലമായ ഐക്യദാർഢ്യവും പൂർണ പിന്തുണയും സെക്രട്ടറി ഹെഗ്‌സെത്ത് വീണ്ടും ഉറപ്പുനൽകി. അമേരിക്ക നിരന്തരം നൽകിവരുന്ന ശക്തമായ പിന്തുണയ്ക്ക് ഇന്ത്യയുടെ അഗാധമായ നന്ദി രക്ഷാമന്ത്രി അറിയിച്ചു .
 
പത്തുവർഷത്തെ ഇന്ത്യ-യുഎസ് പ്രതിരോധ ചട്ടക്കൂടിന്റെ പുരോഗതിയും ഇരു നേതാക്കളും വിലയിരുത്തി. ഇന്ത്യ-യുഎസ് പ്രതിരോധ ബന്ധത്തെ തന്ത്രപരമായ ഏകോപനത്തിന്റെ തലത്തിലേക്ക് കൂടുതൽ ഉയർത്തുന്നതിനുള്ള പൊതുവായ പ്രതിജ്ഞാബദ്ധത വീണ്ടും ഉറപ്പിച്ചുകൊണ്ടാണ് ചർച്ച അവസാനിച്ചത്. സൈനികതലത്തിലുള്ള പരസ്പര വിനിമയം മുന്നോട്ടുകൊണ്ടുപോകുക, സമുദ്രസുരക്ഷാ സഹകരണം വർധിപ്പിക്കുക, പ്രതിരോധ വിതരണ ശൃംഖലകൾ ശക്തിപ്പെടുത്തി സംയോജിപ്പിക്കുക എന്നിവയെക്കുറിച്ചും ചർച്ചകൾ നടന്നു. ഇതിലൂടെ നിലവിലുള്ള പ്രതിരോധ വ്യവസായ സഹകരണം കൂടുതൽ ആഴത്തിലാക്കാനും വിപുലീകരിക്കാനും ലക്ഷ്യമിടുന്നു.
 
കൂടിക്കാഴ്ചയ്ക്കുശേഷം എക്‌സ് (X) പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പിൽ, ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ശക്തമായ പങ്കാളിത്തം സ്വതന്ത്രവും തുറന്നതും സുരക്ഷിതവുമായ ഇന്തോ-പസഫിക് മേഖലയ്ക്കുള്ള ഒരു അടിസ്ഥാനശിലയാണെന്ന് രക്ഷാമന്ത്രി വിശേഷിപ്പിച്ചു.

***

( റിലീസ് ഐ.ഡി: 2329655) സന്ദര്‍ശക കൗണ്ടര്‍ : 13
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Marathi , Assamese , Gujarati , Tamil , Telugu , Kannada