കാബിനറ്റ് സെക്രട്ടേറിയറ്റ്
azadi ka amrit mahotsav

ബംഗാൾ ഉൾക്കടലിൽ രൂപംകൊള്ളുന്ന ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തയ്യാറെടുപ്പുകൾ വിലയിരുത്താൻ കാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ നാഷണല്‍ ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റി (എന്‍സിഎംസി) യോഗം

പോസ്റ്റഡ് ഓണ്‍: 26 OCT 2026 3:10PM by PIB Thiruvananthpuram
ബംഗാൾ ഉൾക്കടലിൽ രൂപംകൊള്ളുന്ന ചുഴലിക്കാറ്റിനെ നേരിടാനുള്ള മുൻകരുതലുകളും തയ്യാറെടുപ്പുകളും വിലയിരുത്തുന്നതിന് കാബിനറ്റ് സെക്രട്ടറി ഡോ. ടി.വി. സോമനാഥന്റെ അധ്യക്ഷതയിൽ നാഷണല്‍ ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റി (എന്‍സിഎംസി) യോഗം ചേർന്നു.

കിഴക്കൻ മധ്യ ബംഗാൾ ഉൾക്കടലിലും സമീപത്തെ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലുമായി നിലനിന്നിരുന്ന തീവ്ര ന്യൂനമർദ്ദം പടിഞ്ഞാറോട്ട് നീങ്ങി 'അർണബ്'  ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ജനറൽ യോഗത്തിൽ വിശദീകരിച്ചു. ഇന്ത്യന്‍ സമയം പുലർച്ചെ 05:30-ന് കിഴക്കൻ മധ്യ ബംഗാൾ ഉൾക്കടലിലും സമീപത്തെ പടിഞ്ഞാറൻ മധ്യ ബംഗാൾ ഉൾക്കടലിലുമായി കേന്ദ്രീകരിച്ചിരിക്കുന്ന ചുഴലിക്കാറ്റ് ശ്രീ വിജയപുരത്തിന് (ആൻഡമാൻ ദ്വീപുകൾ) 590 കിലോമീറ്റർ വടക്കുപടിഞ്ഞാറും, വിശാഖപട്ടണത്തിന് (ആന്ധ്രാപ്രദേശ്) 650 കിലോമീറ്റർ കിഴക്ക്-തെക്കുകിഴക്കും കാക്കിനടയ്ക്ക് (ആന്ധ്രാപ്രദേശ്) 730 കിലോമീറ്റർ കിഴക്ക്-തെക്കുകിഴക്കും മച്ചിലിപട്ടണത്തിന് (ആന്ധ്രാപ്രദേശ്) 830 കിലോമീറ്റർ കിഴക്കും ബാപട്‌ലയ്ക്ക് (ആന്ധ്രാപ്രദേശ്) 910 കിലോമീറ്റർ കിഴക്കുമായാണ് സ്ഥിതി ചെയ്യുന്നത്.

ഒക്ടോബർ 27 വരെ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറൻ ദിശയിലും തുടർന്ന് വടക്കുപടിഞ്ഞാറൻ ദിശയിലും ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങുമെന്നാണ് പ്രവചനം. ഒക്ടോബർ 28-ന് ഉച്ചയ്ക്ക് മുൻപായി ബാപട്‌ലയ്ക്കും വിശാഖപട്ടണത്തിനും ഇടയിൽ അതിതീവ്ര ചുഴലിക്കാറ്റായി  മണിക്കൂറിൽ പരമാവധി 115 മുതൽ 125 കിലോമീറ്റർ വരെയും ചിലപ്പോള്‍ 140 കിലോമീറ്റർ വരെയും വേഗം കൈവരിച്ച്  ആന്ധ്രാപ്രദേശ്, യാനം തീരങ്ങൾ കടക്കാൻ സാധ്യതയുണ്ട്. തുടർന്ന് തെലങ്കാന, തെക്കൻ ഒഡീഷ, തെക്കൻ-മധ്യ ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ ജില്ലകൾക്ക് പുറമെ കിഴക്കൻ ഉത്തർപ്രദേശ്, ബിഹാർ എന്നിവിടങ്ങളെയും ഇത് ബാധിക്കാൻ സാധ്യതയുണ്ട്.

സംസ്ഥാന ഗവണ്‍മെന്റുകളും പ്രാദേശിക ഭരണകൂടങ്ങളും സ്വീകരിച്ചിരിക്കുന്ന മുൻകരുതൽ നടപടികൾ ആന്ധ്രാപ്രദേശ്, ഒഡീഷ, തെലങ്കാന, ഛത്തീസ്ഗഡ്, കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി എന്നിവിടങ്ങളിലെ ചീഫ് സെക്രട്ടറിമാരും മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തെ അറിയിച്ചു. ആവശ്യമായ ദുരിതാശ്വാസ ക്യാമ്പുകളും ജനങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും എൻഡിആർഎഫ്, എസ്ഡിആർഎഫ്  സംഘങ്ങൾ സജ്ജമായി രംഗത്തുണ്ടെന്നും യോഗത്തിൽ വ്യക്തമാക്കി. ജില്ലാതല കൺട്രോൾ റൂമുകൾ പ്രവർത്തനക്ഷമമാക്കി സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

ഒക്ടോബർ 26 മുതൽ 29 വരെ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും സമീപത്തെ മധ്യ ബംഗാൾ ഉൾക്കടലിലും, ആന്ധ്രാപ്രദേശ്, ഒഡീഷ, യാനം (പുതുച്ചേരി) തീരക്കടലുകളിലും മത്സ്യബന്ധനത്തിന് പോകരുതെന്ന് മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടലിൽ പോയവർ ഇതിനകം തിരിച്ചെത്തിയിട്ടുണ്ട്.

എല്ലാ നിര്‍ദിഷ്ട പ്രവർത്തന മാനദണ്ഡങ്ങളും  (എസ്ഒപി) സജ്ജമാണെന്നും ആവശ്യമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും ചുഴലിക്കാറ്റ് മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ പരമാവധി കുറയ്ക്കുന്നതിന് മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും യോഗത്തിൽ പങ്കെടുത്ത കേന്ദ്ര മന്ത്രാലയങ്ങളും വകുപ്പുകളും അറിയിച്ചു.

ദുരന്തസാധ്യതാ മേഖലകളിൽ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നും അധിക സംഘങ്ങൾ സജ്ജമായി തുടരുകയാണെന്നും ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്) അറിയിച്ചു. കരസേന, നാവികസേന, വ്യോമസേന,  തീരരക്ഷാസേന എന്നിവയുടെ രക്ഷാപ്രവർത്തന-ദുരിതാശ്വാസ സംഘങ്ങളും  കപ്പലുകളും വിമാനങ്ങളും പൂർണ സജ്ജമാണ്. തീരക്കടലിൽ ഉണ്ടായിരുന്ന നിരവധി ബോട്ടുകളെയും കപ്പലുകളെയും  തീരരക്ഷാസേന സുരക്ഷിതമായി ജെട്ടികളിലേക്കും തീരങ്ങളിലേക്കും എത്തിച്ചു; ശേഷിക്കുന്ന കപ്പലുകൾക്ക് തീരത്തേക്ക് മടങ്ങാൻ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം, ദേശീയ ദുരന്ത നിവാരണ അതോറിറ്റി, കാലാവസ്ഥാ വകുപ്പ്   എന്നിവ സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും മന്ത്രാലയങ്ങളുമായും സംസ്ഥാന ഗവണ്‍മെന്റുകളുമായും മറ്റ് ഏജൻസികളുമായും ഏകോപനം നടത്തുന്നുണ്ടെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറി അറിയിച്ചു.

ജീവഹാനി പൂർണമായി ഒഴിവാക്കുന്നതിനും സ്വത്തുക്കൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കുമുണ്ടാകുന്ന നാശനഷ്ടങ്ങൾ പരമാവധി കുറയ്ക്കുന്നതിനുമാണ്  പ്രഥമ പരിഗണന നൽകേണ്ടതെന്ന് കേന്ദ്ര ഏജൻസികളുടെയും സംസ്ഥാന ഗവണ്‍മെന്റുകളുടെയും തയ്യാറെടുപ്പുകൾ വിലയിരുത്തിയ കാബിനറ്റ് സെക്രട്ടറി  വ്യക്തമാക്കി. എന്തെങ്കിലും നാശനഷ്ടങ്ങൾ ഉണ്ടായാൽ അവശ്യ സേവനങ്ങൾ ഏറ്റവും ചുരുങ്ങിയ സമയത്തിനകം പുനഃസ്ഥാപിക്കണം. ആന്ധ്രാപ്രദേശ്, ഒഡീഷ, തെലങ്കാന, ഛത്തീസ്ഗഡ്, പുതുച്ചേരി എന്നിവയ്ക്ക് പുറമെ കിഴക്കൻ ഉത്തർപ്രദേശിലും ബിഹാറിലും കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇരുസംസ്ഥാനങ്ങളിലും ആഭ്യന്തര മന്ത്രാലയവും കാലാവസ്ഥാ വകുപ്പും കൃത്യമായ ജാഗ്രതാ നിർദേശം നൽകണമെന്ന് കാബിനറ്റ് സെക്രട്ടറി നിർദേശിച്ചു.

കേന്ദ്ര ആഭ്യന്തര സെക്രട്ടറി; ആന്ധ്രാപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഡ്, ഒഡീഷ, കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി എന്നിവിടങ്ങളിലെ ചീഫ് സെക്രട്ടറിമാരും മുതിർന്ന ഉദ്യോഗസ്ഥരും; പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം, ഫിഷറീസ് വകുപ്പ്, തുറമുഖം, കപ്പൽഗതാഗതം, ജലപാത മന്ത്രാലയം, ഊർജ മന്ത്രാലയം എന്നിവയിലെ സെക്രട്ടറിമാർ; എൻഡിഎംഎ അംഗവും വകുപ്പുമേധാവിയും സെക്രട്ടറിയുമായ ഉദ്യോഗസ്ഥൻ; ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയർമാന്റെ കീഴിലുള്ള ചീഫ് ഓഫ് ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ്; എൻഡിആർഎഫ് ഡയറക്ടർ ജനറൽ; ഐഎംഡി ഡയറക്ടർ ജനറൽ; ഇന്ത്യൻ തീരരക്ഷാസേന ഡയറക്ടർ ജനറൽ; ആഭ്യന്തര മന്ത്രാലയത്തിലെ മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ ജനറൽ; ഐഎംഡിയിലെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെയും മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
 
***********

( റിലീസ് ഐ.ഡി: 2328796) സന്ദര്‍ശക കൗണ്ടര്‍ : 11