പോസ്റ്റഡ് ഓണ്:
23 OCT 2026 1:08PM by PIB Thiruvananthpuram
ഏറ്റവും ആദരണീയനായ പൂജ്യ സ്വാമി തേജോമയാനന്ദ ജി, പൂജ്യ സ്വാമി സ്വരൂപാനന്ദ ജി, പൂജ്യ സ്വാമി മിത്രനാന്ദ ജി, പൂജ്യ സ്വാമി വിവിക്താനന്ദ ജി, ചിന്മയ മിഷന്റെ മറ്റ് എല്ലാ പൂജനീയ സന്യാസിവര്യന്മാരേ, ആചാര്യന്മാരേ, സമർപ്പിതരായ എല്ലാ സേവകരേ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നും എത്തിച്ചേർന്നിട്ടുള്ള ഭക്തജനങ്ങളേ, സാധകരേ, സഹോദരീ സഹോദരന്മാരേ
നിങ്ങളെല്ലാവരുടെയും അനുഗ്രഹത്താൽ,ചിന്മയ മിഷന്റെ അമൃത മഹോത്സവത്തിൽ പങ്കെടുക്കാൻ എനിക്കിന്ന് അവസരം ലഭിച്ചിരിക്കുകയാണ്. ഇതൊരു അതുല്യമായ ആത്മീയ അനുഭവമാണ്. എന്നോടുള്ള നമ്മുടെ സന്യാസിവര്യന്മാരുടെ പ്രത്യേക വാത്സല്യവും അനുഗ്രഹവുമാണിത്. കാരണം ചിന്മയ മിഷൻ എന്നത് വെറുമൊരു പ്രസ്ഥാനമല്ല; അതൊരു 'ചിന്മയ' ആദർശമാണ്, ചിന്മയ ഋഷി തപസ്സിലൂടെ സ്ഥാപിച്ച ആശയമാണ്. പതിറ്റാണ്ടുകളായുള്ള ഇതിന്റെ യാത്രയും പവിത്രവും ജാഗ്രതാപൂർണ്ണമായ സങ്കൽപ്പങ്ങളാൽ സമ്പന്നവുമാണ്. ചിന്മയമായതെന്തും സ്വാഭാവികമായും അമരവും അമൃതതുല്യവുമാണ്. അതിനാൽ തന്നെ, ഇന്ന് ഭാരത് മണ്ഡപത്തിൽ നടക്കുന്ന ഈ പരിപാടിയുടെ 'ചിന്മയ അമൃത മഹോത്സവം' എന്ന പേര് പൂർണ്ണമായും അർത്ഥവത്താണ്. ലോകമെമ്പാടുമുള്ള ചിന്മയ മിഷനുമായി ബന്ധപ്പെട്ട സന്യാസിമാർക്കും ആചാര്യന്മാർക്കും ലക്ഷക്കണക്കിന് സാധകർക്കും അനുയായികൾക്കും ചിന്മയ അമൃത മഹോത്സവത്തിന്റെ പേരിൽ ഹൃദയം നിറഞ്ഞ ആശംസകൾ ഞാൻ നേരുന്നു.
സുഹൃത്തുക്കളെ,
ഇവിടെയെത്തിയപ്പോൾ എന്റെ മനസ്സിൽ ഉയർന്നുവന്ന വികാരം ആധുനിക സാങ്കേതികവിദ്യയിലൂടെ കൂടുതൽ സജീവമായി മാറി. പൂജ്യ ഗുരുദേവ് സ്വാമി ചിന്മയാനന്ദജിയുടെ ഈ രൂപത്തിലുള്ള ദർശനവും, അദ്ദേഹത്തിന്റെ 'ഹോളോബോട്ടു'മായി (holobot) സംസാരിക്കാൻ കഴിഞ്ഞ ഭാഗ്യവും, 33 വർഷം പുറകിലേക്ക് സഞ്ചരിച്ച ഒരു അനുഭവമാണ് എനിക്ക് സമ്മാനിച്ചത്. 1993-ൽ വഡോദരയിൽ വച്ച് ഗുരുദേവനുമായി നടന്ന കൂടിക്കാഴ്ചയും ആ സംഭാഷണവും അദ്ദേഹത്തിന്റെ വാത്സല്യവും അനുഗ്രഹവും - എല്ലാം ഇന്ന് വീണ്ടും എന്റെ കണ്ണുകൾക്ക് മുന്നിൽ തെളിഞ്ഞു വന്നു. ഒരു നിമിഷത്തേക്ക്, ഞാൻ വീണ്ടും ഗുരുദേവന്റെ സാന്നിധ്യം നേരിട്ട് അനുഭവിക്കുന്നതുപോലെ തോന്നി. എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു ആഴത്തിലുള്ള വൈകാരിക അനുഭവമാണ്. ഈ അത്ഭുതകരമായ അനുഭവത്തിന് ചിന്മയ മിഷനിലെ എല്ലാ അംഗങ്ങൾക്കും ഞാൻ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദിയും കൃതജ്ഞതയും രേഖപ്പെടുത്തുന്നു.
സുഹൃത്തുക്കളെ,
1993 ഫെബ്രുവരി-മാർച്ച് മാസങ്ങളിലാണ് ഞാൻ പൂജ്യ ഗുരുദേവനെ കാണുന്നത്; അമേരിക്കയിലെ ചിക്കാഗോയിൽ നടക്കുന്ന ലോക മത പാർലമെന്റിന്റെ ശതാബ്ദി ആഘോഷങ്ങളിലേക്ക് അദ്ദേഹത്തെ ക്ഷണിക്കാനാണ് ഞാൻ പോയത്. സ്വാമി വിവേകാനന്ദന്റെ ചരിത്രപ്രസിദ്ധമായ പ്രസംഗത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന സമയം കൂടിയായിരുന്നു അത്. പൂജ്യ ഗുരുദേവൻ ആ ക്ഷണം സ്വീകരിച്ചു; അദ്ദേഹം അമേരിക്കയിലേക്ക് പോകുകയും അവിടുത്തെ വിവിധ പരിപാടികളിലൂടെ ലോക മത പാർലമെന്റിന്റെ ശതാബ്ദി ആഘോഷങ്ങളെക്കുറിച്ച് ആളുകളെ ബോധവാന്മാരാക്കുകയും അതിൽ പങ്കാളികളാകാൻ പ്രചോദിപ്പിക്കുകയും ചെയ്തു. എന്നാൽ വിധി മറ്റൊന്നായിരുന്നു കാത്തുവെച്ചിരുന്നത്. മത പാർലമെന്റ് തുടങ്ങുന്നതിന് ഏതാനും ആഴ്ചകൾക്ക് മുമ്പ്, ഓഗസ്റ്റ് 3-ന്, അമേരിക്കയിലെ സാൻ ഡിയാഗോയിൽ ഗുരുദേവൻ തന്റെ ഭൗതികശരീരം വെടിഞ്ഞു. സെപ്റ്റംബർ 11-ന് ചിക്കാഗോയിൽ മത പാർലമെന്റ് നടന്നപ്പോൾ, ഭാഗ്യവശാൽ ഞാൻ അവിടെയുണ്ടായിരുന്നു. പൂജ്യ ഗുരുദേവന്റെ അഭാവം നാമെല്ലാവരും ആഴത്തിൽ അനുഭവിച്ചറിഞ്ഞു. ഗുരുദേവൻ പറഞ്ഞ പല വാക്കുകളും എന്റെ മനസ്സിൽ മുഴങ്ങിക്കൊണ്ടേയിരുന്നു. അദ്ദേഹവുമായുള്ള എന്റെ അവസാന കൂടിക്കാഴ്ചയിൽ നടന്ന ഗൗരവമേറിയ ആ സംഭാഷണം ഇന്നും എന്റെ ഓർമ്മയിൽ മായാതെ നിൽക്കുന്നു. അതിന്റെ പ്രധാന ആശയം ഇതായിരുന്നു: യുവശക്തിയുടെ നിർമ്മിതി! യുവശക്തിയിലൂടെ ശാക്തീകരിക്കപ്പെട്ടതും പ്രാപ്തവുമായ ഒരു ഭാരതത്തിന്റെ സൃഷ്ടി.
സുഹൃത്തുക്കളെ,
അദ്ദേഹവുമായുള്ള കൂടിക്കാഴ്ച കഴിഞ്ഞ് ഏതാനും വർഷങ്ങൾക്കുശേഷം,ജനങ്ങൾ ഗുജറാത്തിന്റെ മുഖ്യമന്ത്രിയായി സേവനമനുഷ്ഠിക്കാൻ എന്നെ അനുഗ്രഹിച്ചു. അന്നുമുതൽ ഇന്നുവരെ, കഴിഞ്ഞ 25 വർഷമായി ഭരണത്തലവൻ എന്ന നിലയിൽ എന്റെ പരമാവധി ശേഷിയോടെ ഞാൻ രാജ്യത്തെ സേവിച്ചുകൊണ്ടിരിക്കുകയാണ്; ഗുരുജിയുടെ അനുഗ്രഹങ്ങൾ എനിക്കൊപ്പമുണ്ട്. ഈ യാത്രയിൽ, രാജ്യത്തെ യുവാക്കളാണ് എന്റെ പരിശ്രമങ്ങളുടെയും നയങ്ങളുടെയും കേന്ദ്രബിന്ദു. ചിന്മയ അമൃത മഹോത്സവത്തിലും യുവാക്കൾ വലിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തതിൽ എനിക്ക് വലിയ സന്തോഷമുണ്ട്. നമ്മുടെ പല യുവ സുഹൃത്തുക്കളും ഏതാണ്ട് 300 ദിവസങ്ങൾ കൊണ്ട് 40,000 കിലോമീറ്ററോളം യാത്ര ചെയ്യുകയുണ്ടായി. ഈ കാലയളവിൽ ഒരു ലക്ഷത്തിലധികം യുവാക്കളുമായി അവർ ബന്ധപ്പെട്ടു. ഈ ശ്രദ്ധേയമായ സംരംഭത്തിന് മുഴുവൻ ടീമിനെയും ഞാൻ അഭിനന്ദിക്കുന്നു.
സുഹൃത്തുക്കളെ,
നമ്മുടെ ഉപനിഷത്തുകളുടെ പ്രഖ്യാപനം ഇതാണ്: "വയം അമൃതസ്യ പുത്രാഃ". അതായത്, നാം അമൃതത്വത്തിന്റെ മക്കളാണ്. ഈ ആശയം വെറുമൊരു ആത്മീയ തത്ത്വചിന്ത മാത്രമല്ല; അത് നമ്മുടെ സാംസ്കാരികമായ ഉറച്ച വിശ്വാസം കൂടിയാണ്. ഇതിനർത്ഥം നമ്മുടെ ഭൗതിക ശരീരങ്ങൾ അമരമാണെന്നല്ല; മറിച്ച് നമ്മുടെ ചൈതന്യവും ബോധവുമാണ് അമരം എന്നാണ് . നമ്മുടെ അറിവും ഉണർവുമാണ് അമരമായിട്ടുള്ളത്. ഈ ഉണർവ് ഒന്നുകൊണ്ട് മാത്രമാണ് നമ്മുടെ ഈ ഭാരതം ആയിരക്കണക്കിന് വർഷങ്ങളായി അമരമായി നിലനിൽക്കുന്നത്. കാരണം, 'ഭാരതം' എന്ന വാക്കിന്റെ അർത്ഥം തന്നെ അറിവിന്റെയും പ്രകാശത്തിന്റെയും പാതയിൽ മുഴുകിയിരിക്കുന്നത് എന്നാണ്.
അതുകൊണ്ട് സുഹൃത്തുക്കളെ,
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷം കടന്നുവന്നപ്പോൾ, ഈ അവസരത്തെ ഒരു വികസിത ഭാരതത്തിനായുള്ള പ്രചോദനാത്മക വേദിയാക്കി മാറ്റുക മാത്രമല്ല വേണ്ടത്, മറിച്ച് അമരമായ ആശയങ്ങളോടെ ജീവിക്കാൻ അറിയാവുന്നതും, സഹസ്രാബ്ദങ്ങളുടെ അനുഭവത്തിലൂടെ എല്ലാ യുഗങ്ങളിലും മാനവരാശിയെ കരുതാൻ ശേഷിയുള്ളതുമായ ഭാരതത്തിന്റെ ആ തനിമയെ പുനരുജ്ജീവിപ്പിക്കുകയും വേണമെന്ന് എന്റെ മനസ്സിൽ തോന്നി. അതുകൊണ്ടാണ് ആ സന്ദർഭത്തെ അമൃത മഹോത്സവമായി ആഘോഷിക്കാൻ ഞാൻ ആഹ്വാനം ചെയ്തത്. കണ്ടില്ലേ, കാലക്രമേണ, ആ നിശ്ചയദാർഢ്യത്തോട് ചേർന്നുനിന്നുകൊണ്ട് അത്ഭുതകരമായ ഒന്നിലധികം സംഭവങ്ങൾ തുടർന്നുപോന്നു. നിരവധിയായ ആത്മീയ, സാംസ്കാരിക, സാമൂഹിക സംഘടനകൾ ഈ കാലയളവിൽ തങ്ങളുടെ യാത്രകളിലെ പ്രധാന നാഴികക്കല്ലുകളിൽ അമൃത സങ്കൽപ്പങ്ങൾ ഏറ്റെടുത്തു. ഇപ്പോൾ, ചിന്മയ മിഷനും അതിന്റെ അമൃത മഹോത്സവത്തിന്റെ രൂപത്തിൽ ഭാരതത്തിന്റെ അമൃതകാല ദൗത്യത്തിനൊപ്പം ചേരുകയാണ്. തീർച്ചയായും ഇത് തന്നെയാണ് ഭാരതത്തിന്റെ ദൃഢനിശ്ചയങ്ങളുടെ യഥാർത്ഥ കരുത്ത്; നാം "അമൃതസ്യ പുത്രാഃ" എന്നതിന്റെ യഥാർത്ഥ തെളിവും ഇതുതന്നെയാണ്.
സുഹൃത്തുക്കളെ,
നമ്മുടെ വേദങ്ങളുടെ ആഹ്വാനം ഇതാണ്: "വയം രാഷ്ട്രേ ജാഗ്രിയാമ പുരോഹിതാഃ" - അതായത്, രാഷ്ട്രത്തിന്റെ ക്ഷേമം ആഗ്രഹിക്കുന്ന നമ്മൾ രാഷ്ട്രത്തെ ഉണർവുള്ളതും ഉന്നതിയിലുള്ളതുമായി നിലനിർത്തണം. സ്വാമി ചിന്മയാനന്ദ ജി തന്റെ ജീവിതത്തിലുടനീളം ഈ മന്ത്രത്തെ മുൻനിർത്തിയാണ് ജീവിച്ചത്. ആത്മീയ കാര്യങ്ങളിൽ എത്രത്തോളം ഭക്തിയോടെയാണോ അദ്ദേഹം സംസാരിച്ചത്, അത്രത്തോളം കൃത്യതയോടെയും തീവ്രതയോടെയും തന്നെയാണ് ദേശീയ വിഷയങ്ങളിലും അദ്ദേഹം പ്രഭാഷണങ്ങൾ നടത്തിയത്. കാരണം നമ്മുടെ രാഷ്ട്രമാണ് നമ്മുടെ സംസ്കാരത്തിന്റെ ജന്മഭൂമി. ഈ രാഷ്ട്രമാണ് നമ്മുടെ അസ്തിത്വത്തിന്റെ അടിത്തറ. നമ്മുടെ ആത്മീയ പുരോഗതിയെ വ്യക്തിഗത വളർച്ചയുമായി ബന്ധിപ്പിക്കണമെന്നും, വ്യക്തിഗത വളർച്ചയെ ദേശീയ പുരോഗതിയ്ക്കുള്ള
ആയുധമാക്കണമെന്നും സ്വാമിജി എപ്പോഴും പഠിപ്പിച്ചു. ഭാരതത്തിലെ ജനങ്ങളിൽ ഭാരതത്തോടുള്ള ആത്മാഭിമാനം വളർത്തുക എന്നതായിരുന്നു സ്വാമിജിയുടെ ദൗത്യം. ഈ ലക്ഷ്യത്തോടെയാണ് അദ്ദേഹം ഗീതാ ജ്ഞാന യജ്ഞത്തിന് തുടക്കമിട്ടത്. ഉപനിഷത്തുകളുടെയും വേദാന്തത്തിന്റെയും നമ്മുടെ വിശുദ്ധ ഗ്രന്ഥങ്ങളുടെയും ജ്ഞാനം സാധാരണക്കാരിലേക്ക് എത്തിക്കാനുള്ള പ്രചാരണത്തിന് അദ്ദേഹം തുടക്കം കുറിച്ചു. ഇന്ന് അദ്ദേഹത്തിന്റെ ആ ദൃഢനിശ്ചയത്തിന്റെ ഫലങ്ങൾ പലവിധത്തിൽ നമുക്ക് കാണാൻ സാധിക്കും. ചിന്മയ മിഷന്റെ പരിശ്രമങ്ങൾ മൂലം ഇന്ന് ലക്ഷക്കണക്കിന് യുവാക്കളാണ് ഭാരതത്തിന്റെ സാംസ്കാരിക ബ്രാൻഡ് അംബാസഡർമാരായി പ്രവർത്തിക്കുന്നത്. ഈ യുവാക്കൾ ഭാരതീയ മൂല്യങ്ങളെ പുതിയ തലമുറയിലേക്ക് കൈമാറുകയാണ്. പൂജ്യ ഗുരുദേവന്റെ ഈ സംഭാവന ഭാരതത്തിന്റെ സാംസ്കാരികവും ആത്മീയവുമായ നവോത്ഥാനത്തിലെ പ്രധാനപ്പെട്ട ഒരു അധ്യായമാണ്.
സുഹൃത്തുക്കളെ,
ഇന്ന്, പൂജ്യ ഗുരുദേവന്റെ ജന്മശതാബ്ദിയുടെ സന്ദർഭവും ഞാൻ ഓർക്കുകയാണ്. 2015-ൽ, അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ഒരു പ്രത്യേക സ്മാരക നാണയം പ്രകാശനം ചെയ്യാനുള്ള ഭാഗ്യം എനിക്കുണ്ടായി. അന്നത്തെ ചടങ്ങിലും ഞാൻ സൂചിപ്പിച്ചിരുന്നത്, സ്വാമിജിയുടെ ജീവിതം ജ്ഞാനത്തിന്റെയും കർമ്മത്തിന്റെയും ഭക്തിയുടെയും അത്യപൂർവ്വമായ ഒരു സംഗമമായിരുന്നു എന്നാണ്. അദ്ദേഹത്തിന്റെ ഗുരുവായ സ്വാമി ശിവാനന്ദ ജി, "പോവുക, സിംഹത്തെപ്പോലെ ഗർജ്ജിക്കുക" എന്ന വാക്കുകളാലാണ് അദ്ദേഹത്തെ അനുഗ്രഹിച്ചത്. തന്റെ ജീവിതത്തിലുടനീളം ആ വീര്യത്തോടെ തന്നെയാണ് അദ്ദേഹം ജീവിച്ചതും. അദ്ദേഹത്തിന്റെ സംഭാഷണങ്ങളിലെ ആത്മവിശ്വാസവും ആന്തരിക കരുത്തും എല്ലാവരുടെയും ഹൃദയങ്ങളിൽ അദ്ദേഹത്തിന്റെ ചിന്തകളുടെ മായാത്ത മുദ്ര പതിപ്പിച്ചു. 'ആർട്ട് ഓഫ് മാൻ മേക്കിംഗ്' (Art of Man Making) എന്ന അദ്ദേഹത്തിന്റെ റേഡിയോ പരിപാടി ദശലക്ഷക്കണക്കിന് ആളുകൾക്കാണ് വഴിവിളക്കായത്.
സുഹൃത്തുക്കളെ,
മഹാന്മാരുടെ ദൗത്യം അവരുടെ കാലശേഷവും സജീവമായി നിലനിൽക്കും. അതുകൊണ്ടാണ് ഇന്ന് ചിന്മയ മിഷന്റെ നൂറിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലക്ഷക്കണക്കിന് കുട്ടികളുടെയും യുവാക്കളുടെയും ഭാവി രൂപപ്പെടുത്തുന്നത് നാം കാണുന്നത്. ഈ സ്ഥാപനങ്ങളിൽ, അവർ ആധുനിക വിദ്യാഭ്യാസം നേടുന്നതോടൊപ്പം തന്നെ ഭാരതീയ മൂല്യങ്ങളെ ഉൾക്കൊള്ളുകയും ചെയ്യുന്നു.
സുഹൃത്തുക്കളെ,
സ്വാതന്ത്ര്യത്തിന്റെ സമയത്ത് സ്വാമി ചിന്മയാനന്ദജിയെപ്പോലുള്ള ദീർഘദർശികളായ വ്യക്തികൾ മുന്നോട്ടുവെച്ച ആ കാഴ്ചപ്പാട് - ഇന്ന് രാഷ്ട്രം അതേ ദിശയിൽ തന്നെയാണ് അതിന്റെ ഉത്തരവാദിത്തങ്ങൾ നിറവേറ്റിക്കൊണ്ടിരിക്കുന്നത്. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം പുതിയ ഭാരതത്തിന്റെ ആവശ്യങ്ങൾക്ക് അനുയോജ്യമാണെന്ന് ഉറപ്പാക്കാൻ നാം ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കി. ഈ പുതിയ വിദ്യാഭ്യാസ നയത്തിൽ, ഭാരതീയ അറിവുകളുടെ പാരമ്പര്യത്തിനും മാതൃഭാഷയിലുള്ള വിദ്യാഭ്യാസത്തിനും ആധുനിക ശാസ്ത്രത്തിനും പുതിയ സാങ്കേതികവിദ്യയ്ക്കും മുൻഗണന നൽകിയിട്ടുണ്ട്.
സുഹൃത്തുക്കളെ,
സ്വാമിജിയുടെ ജീവിതത്തിലെ മറ്റൊരു പ്രധാന ലക്ഷ്യം ഇതായിരുന്നു: ഭാരതീയ പാരമ്പര്യത്തെക്കുറിച്ചുള്ള അഭിമാനവും അതിന്റെ സംരക്ഷണവും! കന്യാകുമാരിയിലെ വിവേകാനന്ദ റോക്ക് മെമ്മോറിയലിനെക്കുറിച്ച് നിങ്ങളെല്ലാവരും കേട്ടിട്ടുണ്ടാകും. കടലിന് നടുവിലുള്ള ആ കൂറ്റൻ പാറയിൽ ഒരു സ്മാരകം പണിയാനുള്ള ദൃഢനിശ്ചയം എടുത്തത് ശ്രീ ഏകനാഥ് റാനാഡെ ജിയാണ്. ആ സമയത്ത്, പൂജ്യ ഗുരുദേവൻ അദ്ദേഹത്തിനൊപ്പം ഉറച്ചുനിന്നു. ഈ മഹത്തായ സംരംഭത്തിനായുള്ള ആദ്യത്തെ സാമ്പത്തിക സംഭാവന നൽകിയതും പൂജ്യ സ്വാമിജിയായിരുന്നു. ഇന്ന്, വിവേകാനന്ദ റോക്ക് മെമ്മോറിയൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ലോകമെമ്പാടു നിന്നും എത്തുന്ന ലക്ഷക്കണക്കിന് ആളുകൾക്ക് പ്രചോദനത്തിന്റെ കേന്ദ്രമായി നിലകൊള്ളുന്നു.
സുഹൃത്തുക്കളെ,
ഇന്ന്, വടക്ക് മുതൽ തെക്ക് വരെയും കിഴക്ക് മുതൽ പടിഞ്ഞാറ് വരെയും, ഭാരതത്തിന്റെ സാംസ്കാരിക കേന്ദ്രങ്ങൾ ഒരു നവോത്ഥാനത്തിന് സാക്ഷ്യം വഹിക്കുകയാണ്. കാശി വിശ്വനാഥ് ധാമിന്റെ പുതിയ രൂപമാകട്ടെ, അയോധ്യയിലെ ശ്രീരാമഭഗവാന്റെ ഭവ്യമായ ക്ഷേത്രമാകട്ടെ, ഉജ്ജയിനിയിലെ മഹാകാൽ മഹാ ലോക് ആവട്ടെ , അല്ലെങ്കിൽ നമ്മുടെ കേദാർനാഥും ബദരീനാഥും പോലുള്ള തീർത്ഥാടന കേന്ദ്രങ്ങളാകട്ടെ. നിങ്ങൾ അടുത്ത കാലത്ത് കേദാർനാഥ് സന്ദർശിച്ചിട്ടുണ്ടെങ്കിൽ, ആദിശങ്കരൻ തന്റെ ഭൗതികശരീരം വെടിഞ്ഞ അവിടെ, ആദിശങ്കരാചാര്യരുടെ ദിവ്യവും ഭവ്യവുമായ ഒരു പ്രതിമ സ്ഥാപിച്ചിരിക്കുന്നത് കാണാം. ഇന്ന് നമ്മുടെ തീർത്ഥാടന കേന്ദ്രങ്ങൾ അവയുടെ ഗാംഭീര്യമുള്ള രൂപത്തിലേക്ക് തിരിച്ചെത്തുകയാണ്. ഒരു കാലത്ത് എത്രയോ വിഗ്രഹങ്ങളാണ് ഭാരതത്തിൽ നിന്ന് മോഷ്ടിക്കപ്പെടുകയും വിദേശത്തേക്ക് കടത്തിക്കൊണ്ടുപോയി വില്പന നടത്തുകയും ചെയ്തിരുന്നതെന്ന് നിങ്ങൾക്കെല്ലാം അറിയാമല്ലോ. അത് തടയാനോ അന്വേഷിക്കാനോ പോലും ആരുമുണ്ടായിരുന്നില്ല - വഴിപാട് കഴിക്കുന്നവരുടെ കാര്യം പോട്ടെ, ഒരു ചോദ്യം ചോദിക്കാൻ പോലും ആളില്ലാത്ത അവസ്ഥയായിരുന്നു. എന്നാൽ കഴിഞ്ഞ 12 വർഷത്തിനിടയിൽ, അത്തരത്തിൽ മോഷ്ടിക്കപ്പെട്ട അറുന്നൂറ്റമ്പതിലധികം പുരാതന വിഗ്രഹങ്ങളാണ് നാം തിരിച്ചെത്തിച്ചത്. നമ്മുടെ സാംസ്കാരിക കേന്ദ്രങ്ങൾ ഇന്ന് യുനെസ്കോയുടെ ലോക പൈതൃക പട്ടികയുടെ ഭാഗമായി മാറിക്കൊണ്ടിരിക്കുകയാണ്.
സുഹൃത്തുക്കളെ,
സ്വാമിജി നമ്മുടെ ധർമ്മത്തെയും ദർശനത്തെയും ലോകജനതയ്ക്ക് മുന്നിലേക്ക് എത്തിച്ചതുപോലെ തന്നെ, ഇന്ന് അന്താരാഷ്ട്ര യോഗാദിനവും ലോകമെമ്പാടുമുള്ള ആളുകളെ ഭാരതവുമായും നമ്മുടെ പുരാതനവും മഹത്തരവുമായ പാരമ്പര്യവുമായും ബന്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ പൈതൃകത്തിൽ അഭിമാനം കൊള്ളുന്ന ഈ ആത്മവിശ്വാസവും, അടിമത്ത മനോഭാവത്തിൽ നിന്നുള്ള മോചനമെന്ന ഈ ഉറപ്പും, നമ്മുടെ ഋഷിമാരും ദേശസ്നേഹികളും നൂറ്റാണ്ടുകളായി സ്വപ്നം കണ്ട ആ പാതയിലൂടെ തന്നെയാണ് രാഷ്ട്രം ഇന്ന് മുന്നേറുന്നത് എന്നതിന്റെ തെളിവാണ്. ഈ പാതയിൽ അവരുടെ ചിന്താശക്തി തന്നെയാണ് നമ്മുടെ ഏറ്റവും വലിയ സമ്പത്ത്.
സുഹൃത്തുക്കളെ,
വിവിധ സ്ഥാപനങ്ങൾക്കും സംഘടനകൾക്കും അവരുടേതായ ലക്ഷ്യങ്ങളുണ്ടാകാം, എന്നാൽ എല്ലാവരെയും ഒന്നിച്ചുനിർത്തുന്ന, എല്ലാ പാതകളും വന്നുചേരുന്ന ആ ഒരു പൊതു ലക്ഷ്യം ഇതാണ്: രാഷ്ട്രത്തിന്റെ വികസനം, രാഷ്ട്രത്തിന്റെ അഭിമാനം. സ്വാമി ചിന്മയാനന്ദജിയുടെ കാലത്ത്, രാജ്യത്തിനു മുന്നിലുണ്ടായിരുന്ന വെല്ലുവിളികൾക്ക് അനുസൃതമായാണ് അദ്ദേഹം തന്റെ സങ്കൽപ്പങ്ങൾക്ക് രൂപം നൽകിയത്. കഴിഞ്ഞ പതിറ്റാണ്ടുകളിൽ കാലം മാറി, രാഷ്ട്രത്തിന് മുന്നിൽ പുതിയ വെല്ലുവിളികൾ ഉയർന്നു വന്നു, സമൂഹത്തിൽ പുതിയ വിപത്തുകൾ കടന്നുകൂടി. ഇന്ന് അവയ്ക്കുള്ള പരിഹാരങ്ങൾ കണ്ടെത്താനുള്ള ഉത്തരവാദിത്തം നാം ഏവരിലുമാണ് നിക്ഷിപ്തമായിരിക്കുന്നത്. ഇന്ന് ഭിന്നിപ്പിക്കുന്ന ശക്തികൾക്കെതിരെ സമൂഹത്തെ ഒന്നിച്ചുനിർത്താനും, സ്വയംപര്യാപ്തതയെക്കുറിച്ച് നമ്മുടെ സഹപൗരന്മാരെ ബോധവാന്മാരാക്കാനും നമുക്ക് സാധിക്കണം. 2047-ഓടെ ഒരു വികസിത ഭാരതം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യവുമായി ഓരോ വ്യക്തിയെയും ബന്ധിപ്പിക്കാൻ നാം പരിശ്രമിക്കണം. ഈ ലക്ഷ്യങ്ങൾക്കായി നാം ഇനിയും കൂടുതൽ കർമ്മനിരതരാകേണ്ടതുണ്ട്.
സുഹൃത്തുക്കളെ,
2047-ൽ ഭാരതം സ്വാതന്ത്ര്യത്തിന്റെ 100 വർഷം തികയ്ക്കുമ്പോൾ, അതേ കാലയളവിൽ തന്നെയാണ് ചിന്മയ മിഷനും അതിന്റെ ശതാബ്ദി ആഘോഷിക്കുന്നത്. അതായത്, ചിന്മയ മിഷന്റെ ശതാബ്ദി യാത്രയും വികസിത ഭാരതത്തിലേക്കുള്ള യാത്രയും ഒരുമിച്ചാണ് മുന്നേറുന്നത്. അതിനാൽ നമ്മുടെ ലക്ഷ്യങ്ങൾ ഒന്നാണ്, നമ്മുടെ ഉദ്യമങ്ങൾ ഒന്നാണ്; നാം ഈ യാത്ര ഒന്നിച്ചു മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്. ഗുരുദേവന്റെ മഹത്തായ പാരമ്പര്യവും പതിറ്റാണ്ടുകളുടെ അനുഭവ സമ്പത്തും നിങ്ങളോടൊപ്പമുണ്ട്. ലോകമെമ്പാടുമായി സമർപ്പിതരായ ആചാര്യന്മാരുടെയും സാധകരുടെയും പ്രവർത്തകരുടെയും വലിയൊരു കുടുംബം നിങ്ങൾക്കുണ്ട്. നിങ്ങളെല്ലാവരും ചേർന്ന് വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്കുവഹിക്കുമെന്ന് എനിക്ക് പൂർണ്ണ ഉറപ്പുണ്ട്. ഈ വിശ്വാസത്തോടെ, പൂജ്യ ഗുരുദേവന്റെ പാദങ്ങളിൽ ഞാൻ വീണ്ടും പ്രണാമം അർപ്പിക്കുന്നു. ചിന്മയ മിഷനിലെ എല്ലാ സന്യാസിമാർക്കും, ആചാര്യന്മാർക്കും, സാധകർക്കും, സേവനതൽപ്പരരായ സഹപ്രവർത്തകർക്കും അമൃത മഹോത്സവത്തിന്റെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു.
ഹരി ഓം.
ഹരി ഓം.
ഹരി ഓം.
വളരെയധികം നന്ദി.
നിരാകരണവ്യവസ്ഥ: ഇത് പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ വിവർത്തനമാണ്. യഥാർത്ഥ പ്രസംഗം ഹിന്ദിയിലായിരുന്നു നടത്തിയത്.
***
SK