റെയില്‍വേ മന്ത്രാലയം
azadi ka amrit mahotsav

എട്ടാമത് അഖിലേന്ത്യാ ജിആർപി മേധാവികളുടെ സമ്മേളനം ന്യൂഡൽഹിയിൽ സമാപിച്ചു; ഇൻ്റലിജൻസ് അധിഷ്ഠിത പൊലീസിങിനും ആർപിഎഫ്-ജിആർപി-സംസ്ഥാന പൊലീസ് ഏകോപനത്തിനും ഊന്നൽ

പോസ്റ്റഡ് ഓണ്‍: 24 OCT 2026 10:47AM by PIB Thiruvananthpuram

റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്) സംഘടിപ്പിച്ച എട്ടാമത് അഖിലേന്ത്യാ ഗവണ്മെൻ്റ് റെയിൽവേ പൊലീസ് (ജിആർപി) മേധാവികളുടെ സമ്മേളനം 2026 ഒക്ടോബര്‍ 23ന് ന്യൂഡൽഹിയിൽ വിജയകരമായി സമാപിച്ചു. ഉയർന്നുവരുന്ന സുരക്ഷാ വെല്ലുവിളികൾ ചർച്ച ചെയ്യാനും മികച്ച മാതൃകകൾ പങ്കുവെക്കാനും ആർപിഎഫ്, ജിആർപി, സംസ്ഥാന പൊലീസ് എന്നിവ തമ്മിലെ ഏകോപനം ശക്തിപ്പെടുത്താനും സമ്മേളനം വേദിയൊരുക്കി.

 

ആർപിഎഫ് ഡയറക്ടർ ജനറൽ ശ്രീമതി സൊണാലി മിശ്ര അധ്യക്ഷത വഹിച്ച ഉന്നതതല യോഗത്തിൽ റെയിൽവേ ബോർഡ് ചെയർമാനും സിഇഒയുമായ ശ്രീ സതീഷ് കുമാർ, റെയിൽവേ ബോർഡ് അംഗങ്ങൾ, വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ജിആർപി മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.

യാത്രക്കാരുടെ പരാതി പരിഹാരം കൂടുതൽ കാര്യക്ഷമമാക്കാനും വിവരങ്ങൾ കൃത്യസമയത്ത് പങ്കുവെക്കാനും പരാതികളുടെ പുരോഗതി നിരീക്ഷിക്കാനും ലക്ഷ്യമിട്ട് സെൻ്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് (CRIS) വികസിപ്പിച്ച 'റെയിൽ മദദ്'  പ്ലാറ്റ്‌ഫോമിലേക്ക് ജിആർപി ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയത് സമ്മേളനത്തിൻ്റെ പ്രധാന സവിശേഷതയായി.

 

റെയിൽവേ സുരക്ഷയും യാത്രക്കാരുടെ സുരക്ഷിതത്വവും വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്ന വിവിധ പദ്ധതികളെക്കുറിച്ച് വിശദമായ ചർച്ചകൾ നടന്നു. 

 

സൗത്ത് സെൻട്രൽ റെയിൽവേയുടെ "പിങ്ക് പട്രോൾ: വാനിൽ കാവൽക്കണ്ണും താഴെ 'ശക്തി'യും" എന്ന പദ്ധതി വനിതകള്‍ നേതൃത്വം നല്‍കുന്ന പ്രവർത്തന മാതൃകയായി അവതരിപ്പിക്കപ്പെട്ടു. 'ശക്തി'  ചട്ടക്കൂടിന് കീഴിൽ ഡ്രോൺ നിരീക്ഷണവും ദ്രുതകർമ സേനയുടെ  പ്രവർത്തനങ്ങളും സംയോജിപ്പിച്ചാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്.

 

ട്രെയിനുകൾക്ക് നേരെയുണ്ടാകുന്ന കല്ലേറ് വലിയൊരു വെല്ലുവിളിയായി സമ്മേളനത്തില്‍ ചൂണ്ടിക്കാണിക്കപ്പെട്ടു. പ്രശ്നബാധിത മേഖലകൾ കേന്ദ്രീകരിച്ച് പട്രോളിങ്, ശക്തമായ നിരീക്ഷണം, കുറ്റക്കാർക്കെതിരെ കർശന നടപടി, യുവജനങ്ങള്‍ക്കിടയില്‍ ബോധവൽക്കരണം, ആർപിഎഫ്-ജിആർപി ഏകോപനം എന്നിവയ്ക്ക് യോഗം ഊന്നൽ നൽകി. കല്ലേറ് തടയുന്നതിൽ ജനകീയ ബോധവൽക്കരണവും മുൻകരുതൽ ഇടപെടലുകളും നിർണായക പ്രതിരോധ മാർഗങ്ങളാണെന്ന് സമ്മേളനം വിലയിരുത്തി.

 

ദീപാവലി, ഛഠ് ഉൾപ്പെടെ ഉത്സവ വേളകളിലെ തിരക്ക് നിയന്ത്രണത്തെക്കുറിച്ചും സമ്മേളനം ചർച്ച ചെയ്തു. സിസിടിവി നിരീക്ഷണം, പൊതു അറിയിപ്പുകൾ, ബാരിക്കേഡുകൾ, പ്രത്യേക കാത്തിരിപ്പ് കേന്ദ്രങ്ങൾ, പ്രത്യേക കൺട്രോൾ റൂമുകൾ എന്നിവയോടെ ഡൽഹി പൊലീസ്, ജിആർപി, ഡൽഹി മെട്രോ അധികൃതർ എന്നിവരുമായി ചേർന്ന് ഏകോപിത പ്രവർത്തനങ്ങള്‍ നടത്തുന്നതിനെക്കുറിച്ച് നോർത്തേൺ റെയിൽവേ ഡൽഹി ഡിവിഷൻ വിശദീകരിച്ചു. തിരക്കേറിയ സമയങ്ങളിൽ യാത്രക്കാരുടെ സുരക്ഷിതവും കൃത്യവുമായ സഞ്ചാരം ഉറപ്പാക്കാൻ മുൻകൂര്‍ ആസൂത്രണം, കാര്യക്ഷമമായ യാത്രാ തിരക്ക് നിയന്ത്രണം, സുരക്ഷാ ഉദ്യോഗസ്ഥരുടെ ഏകോപിത വിന്യാസം എന്നിവയുടെ ആവശ്യകത യോഗം ചൂണ്ടിക്കാട്ടി.

 

റെയിൽവേ ട്രാക്കുകൾക്ക് സമീപം താമസിക്കുന്ന കുട്ടികൾക്ക് വിദ്യാഭ്യാസ-വിനോദ പരിപാടികൾ, സുരക്ഷാ ബോധവൽക്കരണ ക്ലാസുകൾ, സാമൂഹ്യ ഇടപെടലുകൾ എന്നിവ നടപ്പാക്കുന്ന സെൻട്രൽ റെയിൽവേ പൂനെ ഡിവിഷൻ്റെ 'പ്രോജക്ട് ദിശ' (ഡെഡിക്കേറ്റഡ് ഇനിഷ്യേറ്റീവ് ഫോര്‍ സേഫ്റ്റി, ഹാര്‍മണി ആന്‍ഡ് അവെയര്‍നസ്)  സമ്മേളനം എടുത്തുപറഞ്ഞു. സന്നദ്ധ സംഘടനകൾ, നാഷണൽ സർവീസ് സ്കീം വളണ്ടിയർമാർ, പ്രാദേശിക സമൂഹങ്ങൾ എന്നിവരുമായി സഹകരിച്ച് റെയിൽവേ സുരക്ഷയെയും ഉത്തരവാദിത്തപൂര്‍ണ പെരുമാറ്റത്തെയും കുറിച്ച് അവബോധം വളർത്തുന്നതിനൊപ്പം കല്ലേറ്, മോഷണം, ട്രാക്കിലെ അനധികൃത സഞ്ചാരം തുടങ്ങിയ അപകടകരമായ പ്രവണതകൾ തടയാനും  പദ്ധതി സഹായിക്കുന്നു.

 

ആർപിഎഫ്-ജിആർപി സംയുക്ത പരിശീലനം, അട്ടിമറി പ്രവർത്തനങ്ങൾ തടയൽ, മയക്കുമരുന്ന് കടത്ത് കണ്ടെത്തുന്നതിലെ സമയബന്ധിത വിവര കൈമാറ്റം എന്നിവയും ചർച്ചയായി. ഡിജിറ്റൽ തെളിവുകൾ കൈകാര്യം ചെയ്യൽ, ഏകീകൃത പ്രവർത്തന മാനദണ്ഡങ്ങൾ, രഹസ്യാന്വേഷണ വിവരങ്ങൾ പങ്കിടല്‍, അന്വേഷണ ശേഷി വർദ്ധിപ്പിക്കൽ, ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കൽ എന്നിവയ്ക്ക് പ്രത്യേക ഊന്നൽ നൽകി.

 

ഇന്ത്യൻ റെയിൽവേ നേരിടുന്ന പുതിയ സുരക്ഷാ വെല്ലുവിളികളെ ഫലപ്രദമായി നേരിടാൻ റെയിൽവേ അധികൃതർ, ആർപിഎഫ്, ജിആർപി, സംസ്ഥാന പൊലീസ് എന്നിവരുടെ ഏകോപിത പ്രവർത്തനങ്ങളും സാങ്കേതിക മുന്നേറ്റങ്ങളും കൂട്ടായ പ്രതിബദ്ധതയും അത്യന്താപേക്ഷിതമാണെന്ന് റെയിൽവേ ബോർഡ് ചെയർമാനും സിഇഒയുമായ ശ്രീ സതീഷ് കുമാര്‍ ചടങ്ങിനെ അഭിസംബോധന ചെയ്യവെ വ്യക്തമാക്കി. യാത്രക്കാരിൽ ആത്മവിശ്വാസം വളർത്തുന്നതിൻ്റെയും സൗഹാർദപരമായ വിദഗ്ധ സേവനം ഉറപ്പാക്കുന്നതിൻ്റെയും കാര്യക്ഷമതയും ഉല്പാദനക്ഷമതയും വർദ്ധിപ്പിക്കാന്‍ അത്യാധുനിക സാങ്കേതികവിദ്യകളും നൂതനാശയങ്ങളും പ്രയോജനപ്പെടുത്തുന്നതിൻ്റെയും പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു.

 

റെയിൽവേ സുരക്ഷ ശക്തമാക്കുന്നതിന് ഇൻ്റലിജൻസ് അധിഷ്ഠിത പൊലീസിങ്  അനിവാര്യമാണെന്ന് വ്യക്തമാക്കിയ ആർപിഎഫ് ഡയറക്ടർ ജനറലിൻ്റെ ഉപസംഹാര പ്രസംഗത്തോടെയാണ് സമ്മേളനം അവസാനിച്ചത്.  

****


( റിലീസ് ഐ.ഡി: 2327903) സന്ദര്‍ശക കൗണ്ടര്‍ : 9
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Gujarati , Tamil , Kannada