|
വാര്ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
തുടർച്ചയായ രണ്ട് പാദങ്ങളിലും 4,000 കോടി രൂപയുടെ വരുമാന നേട്ടം മറികടന്ന് ഇന്ത്യ പോസ്റ്റ് ചരിത്രം കുറിച്ചു
പോസ്റ്റഡ് ഓണ്:
22 OCT 2026 4:22PM by PIB Thiruvananthpuram
തുടർച്ചയായ രണ്ട് പാദങ്ങളിലും 4,000 കോടി രൂപയുടെ ത്രൈമാസ വരുമാനം നേടിക്കൊണ്ട് തപാൽ വകുപ്പ് ചരിത്രനേട്ടം കൈവരിച്ചു. ഇതാദ്യമായാണ് തപാൽ വകുപ്പ് ഈ നേട്ടം കൈവരിക്കുന്നത്. 2026-27 സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പകുതിയിൽ (2026 ഏപ്രിൽ–സെപ്റ്റംബർ) വകുപ്പ് 8,212.7 കോടി രൂപയുടെ വരുമാനം നേടി. മുൻ സാമ്പത്തിക വർഷം ഇതേ കാലയളവിൽ നേടിയ 6,636 കോടി രൂപയെ അപേക്ഷിച്ച് 24 ശതമാനം വാർഷിക വളർച്ചയാണ് രേഖപ്പെടുത്തിയത്.
ന്യൂഡൽഹിയിൽ ഇന്ന് നടന്ന രണ്ടാം പാദ അവലോകന യോഗത്തിൽ കേന്ദ്ര കമ്യൂണിക്കേഷൻസ്, വടക്കുകിഴക്കൻ മേഖല വികസന മന്ത്രി ശ്രീ ജ്യോതിരാദിത്യ എം. സിന്ധ്യ അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്യൂണിക്കേഷൻസ്, ഗ്രാമവികസന സഹമന്ത്രി ഡോ. ചന്ദ്രശേഖർ പെമ്മാസാനി, തപാൽ വകുപ്പ് സെക്രട്ടറി ശ്രീ സുബ്രത് ദാസ്, പോസ്റ്റൽ സർവീസസ് ബോർഡ് അംഗങ്ങൾ, വിവിധ തപാൽ സർക്കിളുകളിലെ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽമാർ, ഡയറക്ടറേറ്റിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
രണ്ടാം പാദത്തിൽ (2026 ജൂലൈ–സെപ്റ്റംബർ) തപാൽ വകുപ്പ് 4,201.5 കോടി രൂപയുടെ വരുമാനം നേടി. മുൻവർഷത്തെ ഇതേ പാദത്തെ അപേക്ഷിച്ച് 25 ശതമാനം വാർഷിക വളർച്ചയും ആദ്യ പാദത്തെ അപേക്ഷിച്ച് 5 ശതമാനം വർദ്ധനയും രേഖപ്പെടുത്തി.
വിവിധ ബിസിനസ് വിഭാഗങ്ങളിലെ വളർച്ച
തപാൽ വകുപ്പിൻ്റെ ആറ് ബിസിനസ് വിഭാഗങ്ങളിലും മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് വളർച്ച രേഖപ്പെടുത്തി. പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്/റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് വിഭാഗത്തിൽ 44 ശതമാനവും, മെയിൽസ് വിഭാഗത്തിൽ 36 ശതമാനവും, പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക് (POSB) വിഭാഗത്തിൽ 18 ശതമാനവും, ഇൻ്റർനാഷണൽ റിലേഷൻസ് ആൻഡ് ഗ്ലോബൽ ബിസിനസ് വിഭാഗത്തിൽ 38 ശതമാനവും, പാഴ്സൽ വിഭാഗത്തിൽ 71 ശതമാനവും വളർച്ച രേഖപ്പെടുത്തി.
രണ്ടാം പാദത്തിൽ പാഴ്സൽ വിഭാഗം 318.9 കോടി രൂപയുടെ വരുമാനമാണ് നേടിയത്. ഈ വിഭാഗത്തിൽ കേരളം, വടക്കുകിഴക്കൻ മേഖല, ഉത്തർപ്രദേശ്, ബിഹാർ എന്നീ തപാൽ സർക്കിളുകൾ ത്രൈമാസ ലക്ഷ്യങ്ങൾ മറികടക്കുന്ന നേട്ടം കൈവരിച്ചു. ആദ്യ പാദത്തെ അപേക്ഷിച്ച് മെയിൽസ് വിഭാഗത്തിൻ്റെ വരുമാനത്തിൽ 26 ശതമാനം വർദ്ധനയുണ്ടായി. കൂടാതെ 12 തപാൽ സർക്കിളുകൾ രണ്ടാം പാദത്തിലെ ലക്ഷ്യങ്ങൾ കൈവരിക്കുകയോ മറികടക്കുകയോ ചെയ്തു. പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക് 1,987 കോടി രൂപയുടെ വരുമാനം സംഭാവന ചെയ്തപ്പോൾ, പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്/റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് വിഭാഗം ത്രൈമാസ ലക്ഷ്യത്തിൻ്റെ 92 ശതമാനം കൈവരിച്ചു.
തപാൽ സർക്കിളുകളുടെ പ്രവർത്തനമികവും കാര്യക്ഷമതയും
ഏഴ് തപാൽ സർക്കിളുകൾ രണ്ടാം പാദത്തിലെ ആനുപാതിക ലക്ഷ്യത്തിൻ്റെ 90 ശതമാനമോ അതിൽ കൂടുതലോ കൈവരിച്ചു. 97.15 ശതമാനം നേട്ടത്തോടെ ബിഹാർ ഒന്നാമതെത്തിയപ്പോൾ, 97.07 ശതമാനവുമായി പശ്ചിമ ബംഗാളും 94.79 ശതമാനവുമായി വടക്കുകിഴക്കൻ മേഖലയും തൊട്ടുപിന്നിലെത്തി. ആദ്യ പകുതിയിലെ മൊത്തം പ്രകടനത്തിൽ 95.72 ശതമാനം നേട്ടവുമായി പശ്ചിമ ബംഗാൾ മുന്നിലെത്തി. 95.12 ശതമാനവുമായി ബിഹാറും 94.63 ശതമാനവുമായി ആന്ധ്രാപ്രദേശും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
ആകെ 23 തപാൽ സർക്കിളുകളിൽ 18 എണ്ണവും ഒന്നാം പാദത്തെ അപേക്ഷിച്ച് ലക്ഷ്യം കൈവരിക്കുന്നതിൽ മികച്ച പുരോഗതി കൈവരിച്ചു. പെൻഷൻ ചെലവ് ഉൾപ്പെടെയുള്ള ചെലവ് അനുപാതം 42 ശതമാനത്തിലും പെൻഷൻ ചെലവ് ഒഴിവാക്കിയുള്ളത് 62 ശതമാനത്തിലുമെത്തി. ഒന്നാം പാദത്തെ അപേക്ഷിച്ച് 22 തപാൽ സർക്കിളുകൾ ചെലവ് അനുപാതത്തിൽ പുരോഗതി രേഖപ്പെടുത്തി.
മികച്ച പ്രകടനം കാഴ്ചവെച്ച തപാൽ സർക്കിളുകൾക്ക് അംഗീകാരം
ആനുപാതിക ബിസിനസ് ലക്ഷ്യങ്ങൾ കൈവരിച്ചതിലെ പ്രകടനം പരിഗണിച്ച്, ആദ്യ പാദത്തിലെ (2026 ഏപ്രിൽ–ജൂൺ) നേട്ടത്തിന് ആന്ധ്രാപ്രദേശ് തപാൽ സർക്കിളിനും, രണ്ടാം പാദത്തിലെ (2026 ജൂലൈ–സെപ്റ്റംബർ) നേട്ടത്തിന് ബിഹാർ തപാൽ സർക്കിളിനും പുരസ്കാരം നൽകി. രണ്ടാം പാദത്തിൽ 97.15 ശതമാനം നേട്ടത്തോടെ ബിഹാർ സർക്കിൾ മുന്നിലെത്തി. 97.07 ശതമാനവുമായി പശ്ചിമ ബംഗാൾ സർക്കിളും 94.79 ശതമാനവുമായി വടക്കുകിഴക്കൻ മേഖലാ സർക്കിളും തൊട്ടുപിന്നിലെത്തി. തപാൽ വകുപ്പിൻ്റെ വരുമാന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി നടത്തിയ സുസംഘടിതമായ ബിസിനസ് പ്രവർത്തനങ്ങളെയും കൈവരിച്ച പുരോഗതിയെയുമാണ് ഈ പ്രകടനം പ്രതിഫലിപ്പിക്കുന്നത്. സ്ഥിരതയാർന്ന പ്രവർത്തനമികവ്, ഫലപ്രദമായ ബിസിനസ് ആസൂത്രണം, വിവിധ തപാൽ സർക്കിളുകളിലുടനീളം വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങൾ എന്നിവയുടെ പ്രാധാന്യവും ഈ അംഗീകാരം അടിവരയിടുന്നു.
സുസ്ഥിര വളർച്ചയ്ക്ക് ഊന്നൽ നൽകി മന്ത്രിമാർ
ഈ ചരിത്രനേട്ടത്തിൽ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും അഭിനന്ദിച്ച കേന്ദ്ര കമ്യൂണിക്കേഷൻസ്, വടക്കുകിഴക്കൻ മേഖലാ വികസന മന്ത്രി ശ്രീ ജ്യോതിരാദിത്യ എം. സിന്ധ്യ, പുതിയ ഉപഭോക്താക്കളെ ആകർഷിക്കുക, മികച്ച സേവനം ഉറപ്പാക്കുക, നിലവിലുള്ള ഉപഭോക്താക്കളെ നിലനിർത്തുക എന്നിവയിലൂടെ വളർച്ച സുസ്ഥിരമായി നിലനിർത്തേണ്ടതിൻ്റെ ആവശ്യകത വ്യക്തമാക്കി. ബിസിനസ് കൂടുതൽ വൈവിധ്യവൽക്കരിക്കുക, നേതൃത്വം ശക്തിപ്പെടുത്തുക, നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കുക, ഉപഭോക്തൃകേന്ദ്രീകൃത സമീപനം സ്വീകരിക്കുക എന്നിവയ്ക്ക് അദ്ദേഹം ആഹ്വാനം ചെയ്തു. ബാധകമായ നയങ്ങൾക്കും അനുമതികൾക്കും വിധേയമായി, വൻതോതിൽ സേവനങ്ങൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് അനുയോജ്യമായ നിരക്കുകൾ നൽകുന്നതും ഇതിൽ ഉൾപ്പെടുന്നു. ഉപഭോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും പ്രവർത്തനകാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും വകുപ്പിൻ്റെ മത്സരശേഷി ശക്തിപ്പെടുത്തുന്നതിനുമായി ഇന്ത്യ പോസ്റ്റ് നൽകുന്ന സേവനങ്ങളുടെ ഡിജിറ്റലൈസേഷൻ വേഗത്തിലാക്കേണ്ടതിൻ്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഇന്ത്യ പോസ്റ്റിൻ്റെ വളർച്ചാ സാധ്യതകൾ ചൂണ്ടിക്കാട്ടിയ കേന്ദ്ര കമ്യൂണിക്കേഷൻസ്, ഗ്രാമവികസന സഹമന്ത്രി ഡോ. ചന്ദ്രശേഖർ പെമ്മാസാനി, ജീവനക്കാരെ ശാക്തീകരിക്കുക, ഉത്തരവാദിത്തം ഉറപ്പാക്കുക, സേവനവിതരണം മെച്ചപ്പെടുത്തുക എന്നിവയുടെ പ്രാധാന്യം വ്യക്തമാക്കി. പാഴ്സൽ വിതരണത്തിലെ കാലതാമസം പരിഹരിക്കുന്നതിനും ഉപഭോക്തൃ സംതൃപ്തി വർദ്ധിപ്പിക്കുന്നതിനും ഏകീകൃത നടപടിക്രമങ്ങളും തത്സമയ നിരീക്ഷണ സംവിധാനവും ഏർപ്പെടുത്തണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.
ഉത്സവ സീസണിലും പാഴ്സലുകൾ കൂടുതലായി എത്തുന്ന സമയത്തും ഈ വളർച്ചാ വേഗത നിലനിർത്താനും, പാഴ്സൽ സേവനങ്ങൾ, ഇൻ്റർനാഷണൽ റിലേഷൻസ് ആൻഡ് ഗ്ലോബൽ ബിസിനസ് എന്നിവ ശക്തിപ്പെടുത്താനും, സംസ്ഥാന ഗവണ്മെൻ്റുകളുമായി സഹകരിച്ച് പൗരകേന്ദ്രീകൃത സേവനങ്ങൾ വ്യാപിപ്പിക്കാനും, ചെലവുകളിൽ അച്ചടക്കം പാലിക്കാനും മന്ത്രിമാർ തപാൽ സർക്കിളുകൾക്ക് നിർദ്ദേശം നൽകി. കാർഷിക-ലോജിസ്റ്റിക്സ്, അന്താരാഷ്ട്ര ബിസിനസ്; സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ, ഒരു ജില്ല ഒരു ഉൽപ്പന്നം, ടൂറിസം; പൗരകേന്ദ്രീകൃത സേവനങ്ങൾ, സാമ്പത്തിക ഉൾച്ചേർക്കൽ, ഇൻഷുറൻസ്, ഗ്രാമീണ ലോജിസ്റ്റിക്സ് എന്നീ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ക്ലസ്റ്റർ അധിഷ്ഠിത സമീപനത്തിനും യോഗം ഊന്നൽ നൽകി. 'ജനസേവ' എന്ന ആശയത്തിൽ ഊന്നിക്കൊണ്ട്, വിപുലമായ ശൃംഖലയും ജീവനക്കാരുടെ സേവനവും പ്രയോജനപ്പെടുത്തി പുതിയ ബിസിനസ് അവസരങ്ങൾ കണ്ടെത്താനും പ്രവർത്തനകാര്യക്ഷമത മെച്ചപ്പെടുത്താനും സാമ്പത്തിക സുസ്ഥിരത കൈവരിക്കുന്നതിലേക്ക് മുന്നേറാനും തപാൽ വകുപ്പ് ലക്ഷ്യമിടുന്നു.
***
( റിലീസ് ഐ.ഡി: 2326801)
|