രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

65-ാമത് ദേശീയ കലാപ്രദർശനം: രാഷ്ട്രപതി ലളിത കലാ അക്കാദമി പുരസ്കാരങ്ങൾ വിതരണം ചെയ്തു

പോസ്റ്റഡ് ഓണ്‍: 21 OCT 2026 3:08PM by PIB Thiruvananthpuram

65-ാമത് ദേശീയ കലാപ്രദർശനത്തിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട മികച്ച കലാകാരന്മാർക്കുള്ള ലളിതകല അക്കാദമി പുരസ്കാരങ്ങൾ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു  ഇന്ന് (2026 ഒക്ടോബർ 21) ന്യൂഡൽഹിയിൽ വിതരണം ചെയ്തു. 2026-ലെ മൂന്നാമത് 'പ്രിന്റ് ബിനാലെ ഇന്ത്യ'യിൽ  ഗ്രാൻഡ് പ്രൈസ് നേടിയവരെയും, പ്രത്യേക പരാമർശത്തിന്  അർഹരായവരെയും ചടങ്ങിൽ  രാഷ്ട്രപതി ആദരിച്ചു.

ഇന്ത്യയുടെ കലാപാരമ്പര്യത്തിന്റെയും സാംസ്കാരിക വൈവിധ്യത്തിന്റെയും സമകാലിക സർഗ്ഗാത്മകതയുടെയും ആഘോഷമാണ് ഈ പുരസ്കാര സമർപ്പണ ചടങ്ങെന്ന് രാഷ്ട്രപതി പറഞ്ഞു. ഈ ചടങ്ങിലൂടെ രാജ്യത്തിന്റെ സമ്പന്നമായ കലാരൂപങ്ങളെയും സർഗ്ഗശക്തിയെയും നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്ന കലാവിഷ്കാരങ്ങളെയുമാണ് നാം ആദരിക്കുന്നതെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു.

കല എന്നത് ക്യാൻവാസിലെ ചിത്രങ്ങളിലോ കല്ലിൽ തീർത്ത ശില്പങ്ങളിലോ വിവിധ മാധ്യമങ്ങളിലൂടെ സൃഷ്ടിക്കപ്പെടുന്ന വസ്തുക്കളിലോ മാത്രമായി പരിമിതപ്പെടുന്നില്ലെന്നും, അത് നമ്മുടെ സംസ്കാരത്തിന്റെ പ്രതിഫലനമാണെന്നും ശ്രീമതി മുർമു വ്യക്തമാക്കി. ഭൂതകാലത്തിന്റെ ഓർമ്മകളെയും വർത്തമാനകാലത്തിന്റെ അനുഭവങ്ങളെയും ഭാവിയിലേക്കുള്ള പ്രതീക്ഷകളെയും കല പ്രതിഫലിപ്പിക്കുന്നുണ്ട്. പുതിയൊരു കാഴ്ചപ്പാടിലൂടെ നമ്മുടെ കാലഘട്ടത്തെയും സമൂഹത്തെയും അറിയാൻ കല നമ്മെ പ്രാപ്തരാക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു. ഉൾപ്രദേശങ്ങളിൽ നിന്നുള്ള പരമ്പരാഗത കലാകാരന്മാർക്ക് പുതിയ സാങ്കേതികവിദ്യകളിലും സമകാലിക കലാസങ്കേതങ്ങളിലും പരിശീലനം നൽകേണ്ടതുണ്ടെന്നും രാഷ്ട്രപതി ഊന്നിപ്പറഞ്ഞു. സ്വന്തം കഴിവുകൾ ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുന്നതിനും വിശാലമായ വേദികളിൽ മത്സരങ്ങളിൽ പങ്കെടുക്കുന്നതിനും ഈ പരിശീലനം അവർക്ക് കരുത്തുപകരുമെന്നും അവർ കൂട്ടിച്ചേർത്തു.

ഇന്നത്തെ ലോകത്ത് കലാകാരന്മാർക്ക് സർഗ്ഗാത്മക അവസരങ്ങൾക്കൊപ്പം സാമ്പത്തിക പിന്തുണയും വിശാലമായ വിപണി കണ്ടെത്താനുള്ള സൗകര്യങ്ങളും കലാസൃഷ്ടികൾ ശേഖരിക്കുന്നവരുമായുള്ള ബന്ധവും ആവശ്യമാണെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി. കലാസൃഷ്ടികളുടെ വിൽപ്പന പ്രോത്സാഹിപ്പിക്കുന്നതിനായി ലളിതകല അക്കാദമിയും കേന്ദ്ര സംസ്കാരിക മന്ത്രാലയവും നടത്തിവരുന്ന മാതൃകാപരമായ പ്രവർത്തനങ്ങളിൽ രാഷ്ട്രപതി സംതൃപ്തി രേഖപ്പെടുത്തി .

കല ആർട്ട് ഗാലറികളിൽ മാത്രം ഒതുങ്ങിനിൽക്കേണ്ടതല്ലെന്നും അത് വിദ്യാലയങ്ങൾ, സർവ്വകലാശാലകൾ, പൊതുസ്ഥലങ്ങൾ എന്നിവടങ്ങളിലേക്കും സമൂഹത്തിന്റെ വിശാലമായ തലങ്ങളിലേക്കും എത്തേണ്ടതുണ്ടെന്നും രാഷ്ട്രപതി ദ്രൗപദി മുർമു വ്യക്തമാക്കി.യുവ കലാകാരന്മാർക്കും വളർന്നുവരുന്ന കലാപ്രതിഭകൾക്കും തങ്ങളുടെ കഴിവുകൾ വികസിപ്പിക്കാനും,പുതിയ മാധ്യമങ്ങൾ പരീക്ഷിക്കാനും,സർഗ്ഗാത്മക സാധ്യതകൾ വിപുലീകരിക്കാനും ആവശ്യമായ അവസരങ്ങൾ കണ്ടെത്തിക്കൊടുക്കണമെന്ന് ബന്ധപ്പെട്ട എല്ലാവരോടും രാഷ്ട്രപതി ആഹ്വാനം ചെയ്തു.


രാഷ്ട്രപതിയുടെ പ്രസംഗത്തിന്റെ പൂർണ്ണരൂപം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
 
*****

( റിലീസ് ഐ.ഡി: 2326041) സന്ദര്‍ശക കൗണ്ടര്‍ : 8
ഈ റിലീസ് വായിക്കുക: Telugu , English , Urdu , हिन्दी , Gujarati