ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

ഡൽഹിയിലെ ജന്തർ മന്തറിലും ഡൽഹിക്ക് പുറത്തുള്ള സ്ഥലങ്ങളിലും 2026 ജൂലൈയിൽ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും അന്വേഷിക്കുന്നതിനായി സുപ്രീംകോടതി ഒരു ഉന്നതാധികാര അന്വേഷണ സമിതിക്ക് (HPEC) രൂപം നൽകി

പോസ്റ്റഡ് ഓണ്‍: 17 OCT 2026 5:22PM by PIB Thiruvananthpuram
ഡൽഹിയിലെ ജന്തർ മന്തറിലും ഡൽഹിക്ക് പുറത്തുള്ള സ്ഥലങ്ങളിലും 2026 ജൂലൈയിൽ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും അന്വേഷിക്കുന്നതിനായി സുപ്രീം കോടതി ഒരു ഉന്നതാധികാര അന്വേഷണ സമിതി (High Powered Enquiry Committee – HPEC) രൂപീകരിച്ചിരുന്നു. പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ ബാധിതരായ ജനങ്ങളുടെ സൗകര്യാർത്ഥം HPEC http://hpec.nic.in എന്ന പോർട്ടൽ ആരംഭിച്ചിട്ടുണ്ട്.
 
സുപ്രീം കോടതിയുടെ 2026 ഓഗസ്റ്റ് 18-ലെ ഉത്തരവിലെ 12, 13 ഖണ്ഡികകളിലും 2026 സെപ്റ്റംബർ 10-ലെ ഉത്തരവിലെ 5(i) ഖണ്ഡികയിലും പരാമർശിച്ചിട്ടുള്ള എല്ലാ വിഷയങ്ങളും HPEC പരിശോധിക്കും. പെല്ലറ്റ് തോക്കുകളുടെ ഉപയോഗം, വനിതാ പ്രതിഷേധക്കാർക്കെതിരായ ആസൂത്രിതമായ അക്രമവും ഉപദ്രവവും , ഇരുവിഭാഗങ്ങളുടെയും ഭാഗത്തുനിന്നുണ്ടായ അക്രമം സ്വത്തുക്കൾ നശിപ്പിക്കൽ എന്നിവ സംബന്ധിച്ച വിഷയങ്ങൾക്ക് മുൻഗണന നൽകും.
 
ദുർബലരായ സാക്ഷികൾക്ക് ആവശ്യമായ സംരക്ഷണം ഉറപ്പാക്കുന്നതിനും, ബാധിതരായ വ്യക്തികൾ ആഗ്രഹിക്കുന്ന പക്ഷം അവരുടെ വിവരങ്ങൾ വെളിപ്പെടുത്താതെ രഹസ്യമായി സൂക്ഷിക്കുന്നതിനും അനുയോജ്യമായ രീതിയിലാണ് പോർട്ടൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ബാധിതരായ വ്യക്തികളും മറ്റ് ബന്ധപ്പെട്ടവരും പോർട്ടൽ സന്ദർശിച്ച്, നൽകിയിട്ടുള്ള മാതൃക വഴി പരാതികൾ/നിവേദനങ്ങൾ അപ്‌ലോഡ് ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നു.
 
മുകളിൽ പറഞ്ഞവയ്ക്ക് പുറമെ, 2026 ഓഗസ്റ്റ് 18, സെപ്റ്റംബർ 10 തീയതികളിലെ ഉത്തരവുകൾ പ്രകാരം HPEC-ക്ക് കൈമാറിയ വിഷയങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളോ നിർദേശങ്ങളോ നൽകാൻ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കും പ്രസ്തുത പോർട്ടൽ മുഖേന അവ സമർപ്പിക്കാവുന്നതാണ്.
പരാതികൾ, നിവേദനങ്ങൾ, മറ്റ് ബന്ധപ്പെട്ട രേഖകൾ എന്നിവ നേരിട്ട് സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് റൗസ് അവന്യൂ ഇൻസ്റ്റിറ്റ്യൂഷണൽ ഏരിയ, 17, ശിക്ഷാ സദൻ, ന്യൂഡൽഹി 110002 എന്ന വിലാസത്തിലുള്ള HPEC ഓഫീസിൽ എല്ലാ പ്രവൃത്തിദിവസങ്ങളിലും അവ ഉച്ചയ്ക്കുശേഷം 2 മണിക്കും നാലു മണിക്കും ഇടയിലുള്ള സമയം സമർപ്പിക്കാവുന്നതാണ്. മുകളിൽ നൽകിയിരിക്കുന്ന വിലാസത്തിലേക്ക് തപാൽ മുഖേനയോ hpec2026.enquiry\[at\]nic\[dot\]in എന്ന ഇമെയിൽ വിലാസത്തിലോ രേഖകൾ അയയ്ക്കാവുന്നതാണ്.
 
 
****

( റിലീസ് ഐ.ഡി: 2324737) സന്ദര്‍ശക കൗണ്ടര്‍ : 28