ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

ആറ് മാസം വരെ പ്രായമുള്ള കുട്ടികൾക്കുള്ള ഉൽപ്പന്നങ്ങളിൽ സുക്രോസ്, ഫ്രക്ടോസ് എന്നിവ ചേർക്കുന്നത് വിലക്കിക്കൊണ്ട് ശിശു പോഷകാഹാര മാനദണ്ഡങ്ങൾ കർശനമാക്കി എഫ്.എസ്.എസ്.എ.ഐ

പോസ്റ്റഡ് ഓണ്‍: 17 OCT 2026 1:59PM by PIB Thiruvananthpuram

രാജ്യത്തെ ശിശുക്കളുടെ പോഷകാഹാര സുരക്ഷ ശക്തമാക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI). ആറ് മാസം വരെയുള്ള കുട്ടികൾക്കായി നിർമ്മിക്കുന്ന ഭക്ഷ്യോത്പന്നങ്ങളിൽ സുക്രോസും ഫ്രക്ടോസും ചേർക്കുന്നത് പൂർണ്ണമായും നിരോധിക്കാൻ അതോറിറ്റി കരട് ഭേദഗതി നിർദ്ദേശിച്ചു. 'ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് റെഗുലേഷൻസ്, 2020'-ലാണ് ഈ പുതിയ പരിഷ്കാരം കൊണ്ടുവരുന്നത്.

 

'ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ്  ഭേദഗതി റെഗുലേഷൻസ്, 2026' എന്ന പേരിലുള്ള ഈ കരട് നിയമം 2026 ഒക്ടോബർ 16-ന് ഇന്ത്യൻ ഗസറ്റിൽ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു. നിലവിലുള്ള നിയന്ത്രണ ചട്ടക്കൂടിനെ കൂടുതൽ ശക്തമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

 

കുഞ്ഞുങ്ങളുടെ ആദ്യകാല വളർച്ചാ ഘട്ടങ്ങളിൽ കൃത്രിമമായി ചേർക്കുന്ന പഞ്ചസാരകളുടെ ഉപയോഗം പരമാവധി കുറയ്ക്കാനാണ് ഈ നിയമം പ്രത്യേക ഊന്നൽ നൽകുന്നത്. വിപണിയിലെ ശിശു പോഷകാഹാര ഉൽപ്പന്നങ്ങൾ അവയുടെ പ്രായത്തിനനുയോജ്യമായ പോഷക ആവശ്യങ്ങൾ മാത്രം മുൻനിർത്തി ശാസ്ത്രീയമായി തയ്യാറാക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ പുതിയ ഭേദഗതി നിർമ്മാതാക്കളെ നിർബന്ധിതരാക്കും.

 

ജനിച്ച് വീഴുന്നത് മുതൽ 24 മാസം വരെയുള്ള കുട്ടികൾക്കായി ഉദ്ദേശിച്ചിട്ടുള്ള വിവിധ തരം ശിശു പോഷകാഹാര ഉൽപ്പന്നങ്ങളുടെ ഘടന, ഗുണനിലവാരം, സുരക്ഷ എന്നിവ ഉറപ്പാക്കുന്നതിനുള്ള സമഗ്രമായ മാനദണ്ഡങ്ങൾ നിലവിലെ നിയമങ്ങൾ അനുശാസിക്കുന്നുണ്ട്. ഈ ചട്ടങ്ങൾ പ്രകാരം, കുഞ്ഞുങ്ങളുടെ ഭക്ഷണത്തിൽ കാർബോഹൈഡ്രേറ്റിന്റെ പ്രധാന സ്രോതസ്സുകളായി ലാക്ടോസ്, ഗ്ലൂക്കോസ് പോളിമറുകൾ  എന്നിവയ്ക്കാണ് മുൻഗണന നൽകുന്നത്. അതേസമയം, അത്യന്താപേക്ഷിതമായ സാഹചര്യങ്ങളിൽ മാത്രമാണ് കാർബോഹൈഡ്രേറ്റ് സ്രോതസ്സെന്ന നിലയിൽ നിശ്ചിത പരിധികൾക്ക് വിധേയമായി സുക്രോസും ഫ്രക്ടോസും ചേർക്കാൻ നിലവിൽ അനുവാദമുള്ളത്.

 

ഈ വ്യവസ്ഥകളെ കൂടുതൽ കർശനമാക്കിക്കൊണ്ടാണ് ആറ് മാസം വരെയുള്ള ശിശുക്കളുടെ ഭക്ഷണത്തിൽ സുക്രോസും ഫ്രക്ടോസും ചേർക്കുന്നതിന് പ്രത്യേക നിയന്ത്രണം ഏർപ്പെടുത്താൻ പുതിയ കരട് ഭേദഗതി നിർദ്ദേശിക്കുന്നത്. "ആറ് മാസം വരെ പ്രായമുള്ള ശിശുക്കൾക്കായി ഉദ്ദേശിച്ചിട്ടുള്ള ഉൽപ്പന്നങ്ങളിൽ സുക്രോസും ഫ്രക്ടോസും ചേർക്കാൻ പാടുള്ളതല്ല" എന്ന് പുതിയ നിർദ്ദിഷ്ട ഭേദഗതിയിൽ കൃത്യമായി വ്യക്തമാക്കുന്നു.

 

കുട്ടികളുടെ ആരോഗ്യകരമായ വളർച്ചയ്ക്കും വികാസത്തിനും ഏറ്റവും നിർണായകമായ കാലഘട്ടമാണ് ജീവിതത്തിലെ ആദ്യത്തെ ആറ് മാസങ്ങൾ. ഈ പ്രായത്തിലുള്ള കുഞ്ഞുങ്ങളുടെ കൃത്യമായ പോഷക ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം, ഉൽപ്പന്നങ്ങളിൽ അനാവശ്യമായി സുക്രോസും ഫ്രക്ടോസും ചേർക്കുന്നത് തടയാൻ കൂടിയാണ് പുതിയ നിയന്ത്രണത്തിലൂടെ ലക്ഷ്യമിടുന്നത്. ചെറുപ്രായത്തിൽ തന്നെ പഞ്ചസാരകൾ അടങ്ങിയ ആഹാരം കഴിക്കുന്നത് വഴി കുട്ടികളിലുണ്ടാകുന്ന അമിതവണ്ണം, മറ്റ് അനുബന്ധ ആരോഗ്യപ്രശ്നങ്ങൾ എന്നിവ പരിഹരിക്കാനുള്ള പൊതുജനാരോഗ്യ ശ്രമങ്ങൾക്ക് ഈ നടപടി വലിയ പിന്തുണയേകും.

 

കുഞ്ഞ് ജനിച്ച് ആദ്യത്തെ ആറ് മാസം വരെ മുലപ്പാൽ മാത്രം നൽകണം എന്ന നിലവിലുള്ള പൊതുജനാരോഗ്യ നിർദ്ദേശങ്ങൾക്ക് കരുത്തുപകരുന്നതാണ് ഈ പുതിയ നീക്കം. ശിശു പോഷകാഹാര ഉൽപ്പന്നങ്ങളുടെ മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കുന്നതിലൂടെ, ശരിയായ രീതിയിലുള്ള ശിശു ഭക്ഷണ ശീലങ്ങൾ പ്രോത്സാഹിപ്പിക്കാനും കുഞ്ഞുങ്ങളുടെ കൃത്യമായ പോഷക ആവശ്യങ്ങൾക്ക് മുൻഗണന നൽകുന്ന രീതിയിലേക്ക് ഉൽപ്പന്നങ്ങളുടെ ഘടന മാറ്റാൻ നിർമ്മാതാക്കളെ പ്രേരിപ്പിക്കാനും ഈ ഭേദഗതി സഹായിക്കും.

 

ശാസ്ത്രീയമായ ഭക്ഷ്യ മാനദണ്ഡങ്ങൾ, ഉത്തരവാദിത്തമുള്ള ഉൽപ്പന്ന നിർമ്മാണം, പ്രതിരോധ പോഷകാഹാരം  എന്നിവയിൽ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ  നൽകുന്ന തുടർച്ചയായ ശ്രദ്ധയുടെ പ്രതിഫലനമാണ് ഈ പുതിയ നിയന്ത്രണ നടപടി. രാജ്യത്തിന്റെ പൊതുജനാരോഗ്യ മുൻഗണനകളുടെ അവിഭാജ്യ ഘടകമായി, ജീവിതത്തിന്റെ ആദ്യ ഘട്ടങ്ങൾ മുതൽ കുട്ടികളുടെ പോഷകസമൃദ്ധമായ ആരോഗ്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും ഇത് അടിവരയിടുന്നു.

 

ഈ കരട് വിജ്ഞാപനം ഇപ്പോൾ പൊതുജന അഭിപ്രായ രൂപീകരണത്തിനായി പ്രസിദ്ധീകരിച്ചിരിക്കുകയാണ്. ഒഫീഷ്യൽ ഗസറ്റിന്റെ കോപ്പികൾ പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന തീയതി മുതൽ 60 ദിവസത്തിനകം ബന്ധപ്പെട്ട പങ്കാളികൾക്കും പൊതുജനങ്ങൾക്കും തങ്ങളുടെ എതിർപ്പുകളും നിർദ്ദേശങ്ങളും അറിയിക്കാവുന്നതാണ്. നിശ്ചിത സമയപരിധിക്കുള്ളിൽ ലഭിക്കുന്ന നിർദ്ദേശങ്ങൾ ഭേദഗതിക്ക് അന്തിമരൂപം നൽകുന്നതിന് മുൻപായി FSSAI വിശദമായി പരിശോധിക്കും.

ഔദ്യോഗിക ഗസറ്റ് വിജ്ഞാപനം താഴെ പറയുന്ന ലിങ്കിൽ ലഭ്യമാണ്:  https://egazette.gov.in/(S(3nckv5a5rxblmebm3laawlkr))/ViewPDF.aspx

****


( റിലീസ് ഐ.ഡി: 2324681) സന്ദര്‍ശക കൗണ്ടര്‍ : 14
ഈ റിലീസ് വായിക്കുക: English , Gujarati , Urdu , हिन्दी , Marathi , Bengali , Assamese , Tamil , Telugu