റെയില്‍വേ മന്ത്രാലയം
azadi ka amrit mahotsav

2026-ലെ ഏഷ്യൻ ഗെയിംസിൽ സ്വർണ്ണമെഡൽ നേടിയ ഇന്ത്യൻ വനിതാ കബഡി ടീം അംഗങ്ങളുമായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് റെയിൽ ഭവനിൽ കൂടിക്കാഴ്ച നടത്തി

പോസ്റ്റഡ് ഓണ്‍: 16 OCT 2026 7:09PM by PIB Thiruvananthpuram

കേന്ദ്ര റെയിൽവേ മന്ത്രി ശ്രീ. അശ്വിനി വൈഷ്ണവ് ഇന്ന് ന്യൂഡൽഹിയിലെ റെയിൽ ഭവനിൽ ഇന്ത്യൻ വനിതാ കബഡി ടീം അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. ജപ്പാനിലെ ഐച്ചി-നഗോയയിൽ നടന്ന 2026-ലെ ഏഷ്യൻ ഗെയിംസിലാണ് ടീം സ്വർണ്ണമെഡൽ നേടിയത്.

2026 സെപ്റ്റംബർ 26-ന് നടന്ന വാശിയേറിയ ഫൈനലിൽ ഇറാനെ 37-34 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ വനിതാ കബഡി ടീം സ്വർണ്ണമെഡൽ നേടിക്കൊണ്ട് കിരീടം നിലനിർത്തിയത്. സ്വർണ്ണമെഡൽ നേട്ടത്തിൽ ഇന്ത്യൻ റെയിൽവേയിലെ വനിതാ കായികതാരങ്ങളെ കേന്ദ്രമന്ത്രി ശ്രീ. വൈഷ്ണവ് അഭിനന്ദിച്ചു. ഇവരുടെ അർപ്പണബോധം, നിശ്ചയദാർഢ്യം, കായിക മികവ് എന്നിവയിലൂടെ ത്രിവർണ്ണ പതാകയുടെ അഭിമാനം വാനോളമുയർത്താനും രാജ്യത്തിന് നേട്ടം സമ്മാനിക്കാനും സാധിച്ചതായി അദ്ദേഹം പറഞ്ഞു. നീത മോരേശ്വർ ദാദ്‌വെ ആയിരുന്നു ടീമിൻ്റെ  പരിശീലക; പുഷ്പ റാണയായിരുന്നു ക്യാപ്റ്റൻ.

 



 

സൗത്ത് സെൻട്രൽ റെയിൽവേയിൽ നിന്നുള്ള  മുഖ്യപരിശീലക നീത മോരേശ്വർ ദാദ്‌വെ, റിതു നേഗി, പിങ്കി റോയ്,  നോർത്തേൺ റെയിൽവേയിൽ നിന്നുള്ള പൂജ, വെസ്റ്റേൺ റെയിൽവേയിൽ നിന്നുള്ള സൊണാലി വിഷ്ണു ഷിംഗാട്ടെ, രാജ് റാണി എന്നിവരുൾപ്പെടെയുള്ള റെയിൽവേ കായികതാരങ്ങളാണ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

റെയിൽവേ സ്‌പോർട്‌സ് പ്രൊമോഷൻ ബോർഡിലൂടെ കായിക പ്രതിഭകളെ വളർത്തിയെടുക്കുന്നതിൽ ഇന്ത്യൻ റെയിൽവേയ്ക്ക് ദീർഘകാലത്തെ പാരമ്പര്യമുണ്ട്. ഒളിമ്പിക്സ്, ലോക ചാമ്പ്യൻഷിപ്പുകൾ, ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ് എന്നിവയുൾപ്പെടെയുള്ള പ്രമുഖ അന്താരാഷ്ട്ര മത്സരങ്ങളിൽ റെയിൽവേയുടെ കായികതാരങ്ങൾ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. സ്ഥാപനപരമായ പിന്തുണയിലൂടെയും തൊഴിൽ ചെയ്യുന്നതിനൊപ്പം കായികരംഗത്ത് തുടരാനുള്ള അവസരങ്ങൾ ഒരുക്കുന്നതിലൂടെയും രാജ്യത്തെ കായിക പ്രതിഭകളെ വളർത്തിയെടുക്കുന്നതിൽ ഇന്ത്യൻ റെയിൽവേ സംഭാവന നൽകുന്നത് തുടരുന്നു.

 

****


( റിലീസ് ഐ.ഡി: 2324553) സന്ദര്‍ശക കൗണ്ടര്‍ : 9
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Marathi , Gujarati , Odia , Telugu , Kannada