ഉപരാഷ്ട്രപതി ശ്രീ. സി. പി. രാധാകൃഷ്ണന്, കര്ണാടകയിലെ കാര്വാറില് ഇന്ത്യന് നാവികസേന തദ്ദേശീയമായി നിര്മ്മിച്ച ആദ്യത്തെ ബഹുമുഖ കപ്പലായ 'ഐഎന്എസ് സമര്ത്ഥക്' (INS Samarthak) ഇന്ന് കമ്മീഷന് ചെയ്തു. പ്രതിരോധ നിര്മ്മാണ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിലേക്കും, അത്യാധുനിക തദ്ദേശീയ നാവിക ശേഷികള് വികസിപ്പിക്കുന്നതിലേക്കുമുള്ള ഇന്ത്യയുടെ യാത്രയിലെ സുപ്രധാന നാഴികക്കല്ലാണിത്.
ചടങ്ങില് സംസാരിക്കവെ, 75 ശതമാനത്തിലധികം തദ്ദേശീയ ഘടകങ്ങള് ഉള്ക്കൊള്ളുന്ന 'ഐഎന്എസ് സമര്ത്ഥക്', ഇന്ത്യയുടെ വ്യാവസായിക, സാങ്കേതിക, കപ്പല് നിര്മ്മാണ ശേഷികളുടെ വളര്ച്ചയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. പ്രതിരോധ രംഗത്തെ സ്വയംപര്യാപ്തത എന്നത് വെറുമൊരു ആഗ്രഹം മാത്രമല്ല, മറിച്ച് യാഥാര്ത്ഥ്യമായി മാറിക്കൊണ്ടിരിക്കുന്ന ഒന്നാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് ഇന്ത്യയുടെ തന്ത്രപരമായ സ്വയംഭരണാധികാരത്തെ ശക്തിപ്പെടുത്തുന്നതിനൊപ്പം, പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വിഭാവനം ചെയ്ത 'വികസിത ഭാരതം', 'സ്വയംപര്യാപ്ത ഭാരതം' എന്നീ ലക്ഷ്യങ്ങളിലേക്കുള്ള സംഭാവന കൂടിയാണ്.
ഇന്ത്യയുടെ മഹത്തായ സമുദ്രപാരമ്പര്യത്തെയും നാവികസേന കാഴ്ചവെക്കുന്ന വിശിഷ്ട സേവനങ്ങളെയും പ്രശംസിച്ച ഉപരാഷ്ട്രപതി, ഛത്രപതി ശിവജി മഹാരാജിന്റെയും ചോള സാമ്രാജ്യത്തിന്റെയും നാവിക പാരമ്പര്യങ്ങള് ഓര്മ്മിപ്പിച്ചു. ഇന്ത്യന് മഹാസമുദ്രത്തിലും തെക്കുകിഴക്കന് ഏഷ്യയിലുടനീളവും ഇന്ത്യയുടെ സമുദ്രസ്വാധീനം വ്യാപിപ്പിക്കുന്നതില് ഈ ചരിത്രപാരമ്പര്യങ്ങള് വഹിച്ച പങ്ക് അദ്ദേഹം എടുത്തുപറഞ്ഞു.
ദേശീയ പരമാധികാരവും സമുദ്ര താല്പ്പര്യങ്ങളും സംരക്ഷിക്കുന്നതില് ഇന്ത്യന് നാവികസേന നല്കുന്ന വിശിഷ്ട സേവനത്തെ ഉപരാഷ്ട്രപതി അഭിനന്ദിച്ചു. കടല്ക്കൊള്ള തടയല് പ്രവര്ത്തനങ്ങള്, ഇന്ത്യന് പൗരന്മാരെ സുരക്ഷിതമായി തിരിച്ചെത്തിക്കല്, മാനുഷിക സഹായം, ദുരന്തനിവാരണ ദൗത്യങ്ങള് എന്നിവയുള്പ്പെടെ, ഇന്ത്യന് മഹാസമുദ്ര മേഖലയില് 'ആദ്യ പ്രതികരണ സേന'യായും വിശ്വസ്ത സുരക്ഷാ പങ്കാളിയായും നാവികസേന വഹിക്കുന്ന പങ്കിനെയും അദ്ദേഹം ആവര്ത്തിച്ച് വ്യക്തമാക്കി .
ഐഎന്എസ് സമര്ത്ഥകിന്റെ പ്രാധാന്യം എടുത്തുപറയവേ, അത്യാധുനിക ആയുധങ്ങള്, സെന്സറുകള്, ഉയര്ന്നുവരുന്ന സാങ്കേതികവിദ്യകള് എന്നിവയുടെ പരീക്ഷണങ്ങള്ക്കും മൂല്യനിര്ണ്ണയത്തിനുമുള്ള ഒരു ബഹുമുഖ വേദിയായി ഈ കപ്പല് പ്രവര്ത്തിക്കുമെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. സമുദ്ര നിരീക്ഷണം, തീരദേശ പട്രോളിംഗ്, ലക്ഷ്യങ്ങള് വിന്യസിക്കലും വീണ്ടെടുക്കലും, ആളില്ലാ സംവിധാനങ്ങള് ഉള്പ്പെടുന്ന പ്രവര്ത്തനങ്ങള്, മാനുഷിക സഹായം, ദുരന്തനിവാരണ പ്രവര്ത്തനങ്ങള് എന്നിവയ്ക്കും ഈ കപ്പലിന്റെ ശേഷി സഹായകമാകും. സാങ്കേതിക രംഗത്തുണ്ടാകുന്ന നവീന മാറ്റങ്ങളുമായി വേഗത്തില് പൊരുത്തപ്പെടാനും, തദ്ദേശീയ കണ്ടുപിടുത്തങ്ങളെ പ്രവര്ത്തനക്ഷമമായ ശേഷികളാക്കി മാറ്റാനും നാവികസേനയെ ഇത്തരം ഒരു പ്ലാറ്റ്ഫോം സഹായിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ സമുദ്രസുരക്ഷാ വ്യൂഹത്തില് കര്ണാടകയിലെ കാര്വാറിന്റെ തന്ത്രപ്രധാന പ്രാധാന്യത്തെ പരാമര്ശിച്ച ശ്രീ. സി. പി. രാധാകൃഷ്ണന്, ആഴമേറിയ പ്രകൃതിദത്ത തുറമുഖവും അറബിക്കടലിനോടുള്ള സാമീപ്യവും കാരണം കാര്വാര് ഇന്ത്യയുടെ സമുദ്ര സുരക്ഷാ സംവിധാനത്തിലെ ഒരു നിര്ണായക ഘടകമാണെന്ന് പറഞ്ഞു. 'പ്രോജക്റ്റ് സീബേര്ഡ്' വഴി നടപ്പിലാക്കുന്ന ആധുനിക നാവിക അടിസ്ഥാന സൗകര്യ വികസനത്തെക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു. ഇത് കപ്പലുകളെയും അന്തര്വാഹിനികളെയും നിലനിര്ത്തുന്നതിനും അവയുടെ പ്രവര്ത്തനങ്ങള് സുഗമമാക്കുന്നതിനും നാവികസേനയുടെ ശേഷി വര്ദ്ധിപ്പിക്കുന്നതിനൊപ്പം, ആ പ്രദേശത്ത് വിപുലമായ സാമ്പത്തിക അവസരങ്ങള് സൃഷ്ടിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു
ഇന്ത്യയുടെ പ്രതിരോധ ഉല്പ്പാദന ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതില് ഇന്ത്യന് നാവികസേന, പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങള്, സ്വകാര്യ കപ്പല്ശാലകള്, ഡി.ആര്.ഡി.ഒ , അക്കാദമിക് മേഖല, എം.എസ്.എം.ഇ-കള് (MSMEs), സ്റ്റാര്ട്ടപ്പുകള് എന്നിവ തമ്മിലുള്ള പങ്കാളിത്തം വര്ധിച്ചുവരുന്നതിനെ ഉപരാഷ്ട്രപതി എടുത്തുപറഞ്ഞു. ഈ പദ്ധതിയിലുള്ള ലാര്സന് ആന്ഡ് ടൂബ്രോയുടെ (L&T) സംഭാവനകളെ അഭിനന്ദിച്ച അദ്ദേഹം, തദ്ദേശീയമായ നാവിക ശേഷി കെട്ടിപ്പടുക്കുന്നതില് നാവിക ഡിസൈനര്മാര്, ഉല്പ്പാദന വിഭാഗം അധികൃതര്, കപ്പല്ശാലാ വിദഗ്ധര്, എന്ജിനീയര്മാര്, സാങ്കേതിക വിദഗ്ധര്, വിതരണക്കാര്, അനുബന്ധ വ്യവസായങ്ങള് എന്നിവര് നടത്തിയ പരിശ്രമങ്ങളെയും പ്രകീര്ത്തിച്ചു.
നാവികസേനാ മേധാവി അഡ്മിറല് കൃഷ്ണ സ്വാമിനാഥന്, ഫ്ലാഗ് ഓഫീസര് കമാന്ഡിംഗ്-ഇന്-ചീഫ് വൈസ് അഡ്മിറല് സഞ്ജയ് വത്സായന്, വാര്ഷിപ്പ് പ്രൊഡക്ഷന് ആന്ഡ് അക്വിസിഷന് കണ്ട്രോളര് വൈസ് അഡ്മിറല് സഞ്ജയ് സാധു, ഫ്ലാഗ് ഓഫീസര് (കര്ണാടക) റിയര് അഡ്മിറല് വിക്രം മേനോന്, എല് ആന്ഡ് ടി ഷിപ്പ് ബില്ഡിംഗ് വിഭാഗം മേധാവി (റിട്ടയേര്ഡ് റിയര് അഡ്മിറല്) ജി. കെ. ഹരീഷ്, ഐ.എന്.എസ് സമര്ത്ഥക് കമാന്ഡിംഗ് ഓഫീസര് കമാന്ഡര് സുശീല് കുമാര് സിംഗ്, ഇന്ത്യന് നാവികസേനയിലെയും പ്രതിരോധ മന്ത്രാലയത്തിലെയും മുതിര്ന്ന ഉദ്യോഗസ്ഥര്, മറ്റ് വിശിഷ്ടാതിഥികള് എന്നിവര് ചടങ്ങില് പങ്കെടുത്തു.