ആയുഷ്‌
azadi ka amrit mahotsav

ആയുഷ് മേഖലയിലെ കണ്ടുപിടുത്തങ്ങൾക്കുള്ള പേറ്റന്റ് അപേക്ഷകളിൽ എട്ടിരട്ടി വർധന

പോസ്റ്റഡ് ഓണ്‍: 16 OCT 2026 2:33PM by PIB Thiruvananthpuram
പതിനൊന്നാമത് ആയുർവേദ ദിനാഘോഷ വേളയിൽ പുറത്തിറക്കിയ 'ഇന്ത്യയിലെ ആയുഷ് സംബന്ധമായ കണ്ടുപിടുത്തങ്ങളെക്കുറിച്ചുള്ള  റിപ്പോർട്ട് (2014–2026)' പ്രകാരം, ഇന്ത്യയിൽ ആയുഷ് മേഖലയുമായി ബന്ധപ്പെട്ട നൂതനാശയങ്ങളിലും ബൗദ്ധിക സ്വത്തവകാശ പ്രവർത്തനങ്ങളിലും കഴിഞ്ഞ ഒരു ദശകത്തിനിടെ വലിയ വളർച്ചയുണ്ടായിട്ടുണ്ട്. 2014–15 സാമ്പത്തിക വർഷം മുതൽ 2025–26 സാമ്പത്തിക വർഷം വരെയുള്ള കാലയളവിൽ, 4,077 പേറ്റന്റ് അപേക്ഷകൾ സമർപ്പിക്കപ്പെടുകയും 711 പേറ്റന്റുകൾ അനുവദിക്കപ്പെടുകയും ചെയ്തു.

ഭാരത സർക്കാരിന്റെ വാണിജ്യ-വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള, വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പിലെ (DPIIT) 'കൺട്രോളർ ജനറൽ ഓഫ് പേറ്റന്റ്, ഡിസൈൻ, ട്രേഡ്മാർക്ക്' (CGPDTM) പ്രസിദ്ധീകരിച്ച ഈ റിപ്പോർട്ട്, നിശ്ചിത കാലയളവിൽ ഇന്ത്യയിൽ 'ആയുഷ്' (Ayush) മേഖലയുമായി ബന്ധപ്പെട്ട കണ്ടുപിടുത്തങ്ങളുടെയും ബൗദ്ധിക സ്വത്തവകാശ പ്രവർത്തനങ്ങളുടെയും പരിണാമത്തെക്കുറിച്ചുള്ള അവലോകനം ലഭ്യമാക്കുന്നു.

ആയുഷ് മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര സഹമന്ത്രിയും ആരോഗ്യ-കുടുംബക്ഷേമ സഹമന്ത്രിയുമായ ശ്രീ പ്രതാപ്‌റാവു ജാദവ് ഇപ്രകാരം വ്യക്തമാക്കി: "ആയുഷ് മേഖലയുമായി ബന്ധപ്പെട്ട പേറ്റന്റ് അപേക്ഷകളിലും അനുവദിക്കപ്പെട്ട പേറ്റന്റുകളിലും ഉണ്ടായിട്ടുള്ള ഗണ്യമായ വളർച്ച, ഈ മേഖലയിൽ ഗവേഷണം, നൂതനാശയങ്ങൾ, ബൗദ്ധിക സ്വത്തവകാശം എന്നിവയ്ക്ക് ലഭിക്കുന്ന വർധിച്ചുവരുന്ന പ്രാധാന്യത്തെയാണ് സൂചിപ്പിക്കുന്നത്. പരമ്പരാഗത അറിവുകൾ, ശാസ്ത്രീയ ഗവേഷണം, നൂതനാശയങ്ങൾ എന്നിവയിലൂടെ പുതിയ ഉത്പന്നങ്ങളും സാങ്കേതികവിദ്യകളും പരിഹാരമാർഗങ്ങളും വികസിപ്പിച്ചെടുക്കാൻ അനുകൂലമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാനും,  ഇന്ത്യയുടെ സമ്പന്നമായ വിജ്ഞാന വ്യവസ്ഥയ്ക്ക് അർഹമായ സംരക്ഷണം ഉറപ്പാക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണ്."

ആയുഷ് മന്ത്രാലയം സെക്രട്ടറി വൈദ്യ രാജേഷ് കൊടേച്ച വ്യക്തമാക്കി: "പേറ്റന്റ് പ്രവർത്തനങ്ങളിലുണ്ടാകുന്ന നിരന്തരമായ വർദ്ധനവ്, ആയുഷ് മേഖലയിലെ ഗവേഷണത്തിന്റെയും നൂതനാശയങ്ങളുടെയും അടിത്തറ വികസിച്ചുവരുന്നതിനെ സൂചിപ്പിക്കുന്നു. വ്യക്തികൾ, സർവ്വകലാശാലകൾ, ഗവേഷണ സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ, വ്യവസായ മേഖല എന്നിവയുടെ വർദ്ധിച്ചുവരുന്ന പങ്കാളിത്തം പ്രോത്സാഹനജനകമാണ്. ഗവേഷണ ഫലങ്ങളെ നൂതനമായ പരിഹാരമാർഗ്ഗങ്ങളാക്കി മാറ്റുന്ന പ്രക്രിയയെ ശക്തിപ്പെടുത്താൻ ഇത് സഹായിക്കും. ആയുഷ് മേഖലയിലുടനീളം തെളിവുകൾ ശേഖരിക്കുന്നതിനും, ഗവേഷണ സഹകരണങ്ങൾക്കും, നൂതനാശയങ്ങൾക്കും ആവശ്യമായ പിന്തുണ മന്ത്രാലയം തുടർന്നും നൽകുന്നതാണ്."


പേറ്റന്റ് നേടുന്നതിനുള്ള പ്രവർത്തനങ്ങളിൽ വലിയ വർധനയുണ്ടായതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2014–15 സാമ്പത്തിക വർഷത്തിൽ 63 അപേക്ഷകൾ സമർപ്പിച്ചിരുന്ന സ്ഥാനത്ത്, 2025–26 സാമ്പത്തിക വർഷത്തിൽ അത് 590 അപേക്ഷകളായി ഉയർന്നു; ഏകദേശം 836.5 ശതമാനത്തിന്റെ വളർച്ചയാണിത് സൂചിപ്പിക്കുന്നത്. 2022–23 സാമ്പത്തിക വർഷത്തിൽ പേറ്റന്റ് അപേക്ഷകളുടെ എണ്ണം 606 എന്ന ഉയർന്ന നിലയിലെത്തിയിരുന്നു. തുടർന്ന് 2023–24 സാമ്പത്തിക വർഷത്തിൽ ഇത് 299-ലേക്ക് കുറഞ്ഞെങ്കിലും, 2025–26 സാമ്പത്തിക വർഷമായപ്പോഴേക്കും വീണ്ടും ഉയർന്ന് 590-ൽ എത്തി. അനുവദിക്കപ്പെട്ട പേറ്റന്റുകളുടെ എണ്ണത്തിലും ഗണ്യമായ വർധനയുണ്ടായി; 2015–16 സാമ്പത്തിക വർഷത്തിൽ 3 പേറ്റന്റുകൾ അനുവദിക്കപ്പെട്ട സ്ഥാനത്ത്, 2023–24 സാമ്പത്തിക വർഷത്തിൽ അത് 204 ആയി വർധിച്ചു.
 


 
കോവിഡനന്തര കാലഘട്ടത്തിൽ പേറ്റന്റ് പ്രവർത്തനങ്ങളിൽ ശക്തമായ വർദ്ധനവ് പ്രകടമായി . 2014–15 മുതൽ 2019–20 വരെയുള്ള സാമ്പത്തിക വർഷങ്ങളിൽ 1,223 അപേക്ഷകൾ ലഭിച്ച സ്ഥാനത്ത്, 2020–21 മുതൽ 2025–26 വരെയുള്ള സാമ്പത്തിക വർഷങ്ങളിൽ 2,854 അപേക്ഷകൾ (ആകെ അപേക്ഷകളുടെ 70 ശതമാനം) രേഖപ്പെടുത്തി. സമാനമായി, കോവിഡിന് ശേഷമുള്ള കാലയളവിൽ 657 പേറ്റന്റുകൾ അനുവദിക്കപ്പെട്ടു; ഇത് ആകെ അനുവദിക്കപ്പെട്ട പേറ്റന്റുകളുടെ 92.4 ശതമാനമാണ്.

ആയുഷ് (AYUSH) മേഖലയിൽ നടന്നുവരുന്ന നൂതന പ്രവർത്തനങ്ങൾ, പേറ്റന്റുകൾക്കായി അപേക്ഷ സമർപ്പിക്കുന്ന വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വൈവിധ്യത്തിൽ നിന്ന് വ്യക്തമാണ്. വ്യക്തിഗത അപേക്ഷകർ ആകെ അപേക്ഷകളുടെ 51.9 ശതമാനത്തോളം വരുന്ന 2,113 അപേക്ഷകൾ സമർപ്പിക്കുകയും, അവയിൽ നിന്ന് 398 പേറ്റന്റുകൾ നേടുകയും ചെയ്തു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ 995 അപേക്ഷകൾ സമർപ്പിക്കുകയും 88 പേറ്റന്റുകൾ നേടുകയും ചെയ്തു. വ്യക്തികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ചേർന്ന് ആകെ പേറ്റന്റ് അപേക്ഷകളിൽ 76.3 ശതമാനവും കൈകാര്യം ചെയ്തു എന്നത്, ആയുഷ് മേഖലയുമായി ബന്ധപ്പെട്ട നൂതന ആശയങ്ങളിൽ ഇവർ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നു. കമ്പനികളും മറ്റ് സംഘടനകളും 700 അപേക്ഷകൾ സമർപ്പിച്ച് 176 പേറ്റന്റുകൾ നേടിയപ്പോൾ, ചെറുകിട സംരംഭങ്ങളും സ്റ്റാർട്ടപ്പുകളും യഥാക്രമം 144-ഉം 125-ഉം അപേക്ഷകൾ സമർപ്പിച്ചു.  

ആയുഷ് (AYUSH) മേഖല ഗവേഷണം, പുതിയ ആശയങ്ങളുടെ വികസനം, സംരംഭകത്വ പ്രോത്സാഹനം, പേറ്റന്റുകളിലൂടെയും മറ്റ് ബൗദ്ധിക സ്വത്തവകാശങ്ങളിലൂടെയും കണ്ടുപിടുത്തങ്ങളെ സംരക്ഷിക്കൽ എന്നിവയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.  വ്യക്തിഗത നവസംരംഭകർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗവേഷണ സംഘടനകൾ, സ്റ്റാർട്ടപ്പുകൾ, വ്യവസായ മേഖല എന്നിവയുടേതുൾപ്പെടെ വർധിച്ചുവരുന്ന പങ്കാളിത്തം ഇതിൽ പ്രകടമാണ്.
 
SKY
 
****
 

( റിലീസ് ഐ.ഡി: 2324379) സന്ദര്‍ശക കൗണ്ടര്‍ : 7
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Bengali , Gujarati , Tamil