ആഭ്യന്തരകാര്യ മന്ത്രാലയം
പൊതുജന പങ്കാളിത്തവും ശാസ്ത്രീയ വിവരശേഖരണവും മെച്ചപ്പെടുത്തുന്നതിനായുള്ള ഔദ്യോഗിക പോര്ട്ടല്, ജനസംഖ്യാ മാറ്റങ്ങളെക്കുറിച്ചുള്ള ഉന്നതതല സമിതി (HLCDC) ചെയര്മാന് ജസ്റ്റിസ് പ്രകാശ് പ്രഭാകര് നവ്ലേക്കര് (റിട്ട.) ഉദ്ഘാടനം ചെയ്തു
പോസ്റ്റഡ് ഓണ്:
14 OCT 2026 5:54PM by PIB Thiruvananthpuram
ജനസംഖ്യാ മാറ്റങ്ങളെക്കുറിച്ചുള്ള ഉന്നതതല സമിതിയുടെ (HLCDC) ചെയര്മാനായ ജസ്റ്റിസ് പ്രകാശ് പ്രഭാകര് നവ്ലേക്കര് (റിട്ട.), സമിതിയുടെ പ്രത്യേക ഡിജിറ്റല് വെബ് പോര്ട്ടല് ന്യൂഡല്ഹിയില് ഉദ്ഘാടനം ചെയ്തു.
[https://demography.mha.gov.in](https://demography.mha.gov.in) എന്ന വിലാസത്തില് വെബ് പോര്ട്ടല് ലഭ്യമാണ്. പൊതുജനങ്ങള്ക്ക് വീക്ഷിക്കാനും ബന്ധപ്പെട്ട കക്ഷികള്ക്ക് നിര്ദേശങ്ങളും വിവരങ്ങളും സമര്പ്പിക്കാനും ഡാറ്റയുമായി ബന്ധപ്പെട്ട ഇടപെടലുകള് നടത്താനും കഴിയുന്ന വിധത്തില് പോര്ട്ടല് പൂര്ണമായും പ്രവര്ത്തനസജ്ജമാണ്.
കേന്ദ്ര ഗവണ്മെന്റ് മന്ത്രാലയങ്ങള്, വകുപ്പുകള്, സംസ്ഥാന/കേന്ദ്രഭരണ പ്രദേശ ഗവണ്മെന്റുകള് , ഗവണ്മെന്റിതര സംഘടനകള് (NGO), സ്ഥാപനങ്ങള്, വ്യക്തികള് എന്നിവര്ക്ക് അസ്വാഭാവികമായ ജനസംഖ്യാ മാറ്റങ്ങള്, അവയുടെ കാരണങ്ങള്, ഈ മാറ്റങ്ങള്ക്ക് പിന്നിലെ അടിസ്ഥാന ഘടകങ്ങള്, അസാധാരണമായ ജനവാസ രീതികള് തുടങ്ങിയവയെക്കുറിച്ചുള്ള അഭിപ്രായങ്ങള്, ഡാറ്റ, വിവരങ്ങള് എന്നിവ നല്കുന്നതിനുള്ള സൗകര്യം ഈ പോര്ട്ടല് ഒരുക്കുന്നു.
ജനസംഖ്യാ മാറ്റങ്ങളുടെ കാരണങ്ങള് വിശകലനം ചെയ്യുന്നതിനും തിരിച്ചറിയുന്നതിനും സമിതിയെ ഈ വിവരങ്ങള് സഹായിക്കും. കൂടാതെ, രാജ്യത്ത് താമസിക്കുന്ന അനധികൃത കുടിയേറ്റക്കാരെ നിയമപരമായും നീതിപൂര്വമായും സമയബന്ധിതമായും തിരിച്ചറിയുന്നതിനും തടങ്കലില് വയ്ക്കുന്നതിനും നാടുകടത്തുന്നതിനുമായി സുസംഘടിതവും സ്ഥിരവുമായ ഒരു പ്രവര്ത്തന സംവിധാനം ശുപാര്ശ ചെയ്യുന്നതിനും ഈ വിവരങ്ങള് സഹായിക്കും
2026 മെയ് 26ന് ആഭ്യന്തര മന്ത്രാലയമാണ് (MHA) സമിതി ഔദ്യോഗികമായി രൂപീകരിച്ചത്.
സമിതിയുടെ പരിഗണനാ വിഷയങ്ങള് (Terms of Reference) താഴെ ചേര്ക്കുന്നു :
1. അനധികൃത കുടിയേറ്റം മൂലമുണ്ടാകുന്നവ ഉള്പ്പെടെ, ജനസംഖ്യാ മാറ്റങ്ങളില്നിന്ന് ഉയര്ന്നുവരുന്ന വെല്ലുവിളികളെക്കുറിച്ച് വിശദമായ പഠനം നടത്തുക.
2. ജനസംഖ്യാ മാറ്റങ്ങള്ക്ക് സാധ്യതയുള്ള കാരണങ്ങള് പഠിക്കുക. ഇതില് ജനനനിരക്കിലെ വ്യത്യാസങ്ങള്, അതിര്ത്തി കടന്നുള്ള നീക്കങ്ങള് (അനധികൃത കുടിയേറ്റം ഉള്പ്പെടെ), സാമ്പത്തിക അവസരങ്ങള്, മറ്റ് സാമൂഹിക-പാരിസ്ഥിതിക ഘടകങ്ങള് എന്നിവ ഉള്പ്പെടുന്നു.
3. അനധികൃത കുടിയേറ്റം, അസാധാരണമായ ജനവാസ രീതികള്, ആസൂത്രിതമായ കുടിയേറ്റം എന്നിവ ഉള്പ്പെടെ, ഈ മാറ്റങ്ങള്ക്ക് പിന്നിലുള്ള അടിസ്ഥാന ഘടകങ്ങള് തിരിച്ചറിയുക.
4. മതപരമോ സാമൂഹികമോ ആയ തലത്തില് സംഭവിക്കുന്ന പ്രത്യേകിച്ച്, പൊതുവായ പ്രവണതകളില്നിന്ന് വ്യത്യസ്തമായി ജനസംഖ്യാ ഘടനയിലുണ്ടാകുന്ന മാറ്റങ്ങള് വിശകലനം ചെയ്യുക.
5. രാജ്യത്ത് ഇതിനകം താമസിക്കുന്ന അനധികൃത കുടിയേറ്റക്കാരെ നിയമപരമായും നീതിപൂര്വമായും സമയബന്ധിതമായും തിരിച്ചറിയുന്നതിനും തടങ്കലില് വയ്ക്കുന്നതിനും നാടുകടത്തുന്നതിനുമായി സുസംഘടിതവും സ്ഥിരവുമായ ഒരു പ്രവര്ത്തന സംവിധാനം ശുപാര്ശ ചെയ്യുക.
6. ഇത്തരം പ്രവണതകള് തുടര്ച്ചയായി നിരീക്ഷിക്കുന്നതിനായി അതിര്ത്തികളിലെ നിയന്ത്രണം, ജനസംഖ്യാ സ്ഥിരത, തിരിച്ചറിയല് സംവിധാനങ്ങള് എന്നിവ ശക്തിപ്പെടുത്തുന്നതിനുള്ള ഉചിതമായ സ്ഥാപനപരമായ സംവിധാനം ശുപാര്ശ ചെയ്യുക.
7. അനധികൃത കുടിയേറ്റവും അതിന്റെ ഫലമായുണ്ടാകുന്ന ജനസംഖ്യാ അസന്തുലിതാവസ്ഥയും സംബന്ധിച്ച വിഷയങ്ങളില് കേന്ദ്രസംസ്ഥാന ഗവണ്മെന്റുകള് തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തുന്നതിനായി ഒരു സമഗ്ര നയ ചട്ടക്കൂട് നിര്ദേശിക്കുക.
8. അനധികൃത കുടിയേറ്റം മൂലമുണ്ടാകുന്നവ ഉള്പ്പെടെ, ജനസംഖ്യാ മാറ്റങ്ങളില്നിന്ന് ഉയര്ന്നുവരുന്ന വെല്ലുവിളികള് പരിഹരിക്കുന്നതിന് ഉചിതമെന്ന് സമിതി കരുതുന്ന മറ്റേതെങ്കിലും നടപടികളും ശുപാര്ശ ചെയ്യാവുന്നതാണ്.
***
( റിലീസ് ഐ.ഡി: 2323612)
സന്ദര്ശക കൗണ്ടര് : 8