പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ന്യൂഡൽഹിയിൽ നടന്ന ബ്ലൂംബെർഗ് ന്യൂ ഇക്കോണമി ഫോറത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ .

പോസ്റ്റഡ് ഓണ്‍: 13 OCT 2026 11:08AM by PIB Thiruvananthpuram

നമസ്കാരം!
ആദരണീയരായ  വിശിഷ്ടാതിഥികളേ, ലോകമെമ്പാടുമുള്ള പ്രതിനിധികളേ, വാണിജ്യ-വ്യവസായ രംഗത്തെ പ്രമുഖരേ, നയരൂപീകരണ വിദഗ്ദ്ധരേ, എന്റെ പ്രിയ സുഹൃത്തുക്കളേ.

നിങ്ങൾക്കെല്ലാവർക്കും ഭാരതത്തിലേക്ക് ഹൃദയം നിറഞ്ഞ സ്വാഗതം. കുറച്ചു മുമ്പ് മിസ്റ്റർ ബ്ലൂംബെർഗ് തന്റെ ചിന്തകൾ ഇവിടെ പങ്കുവെക്കുകയുണ്ടായി. തന്റെ 30 വർഷത്തെ യാത്രയെക്കുറിച്ച് ഓർത്തെടുത്ത അദ്ദേഹം, ഞാൻ അദ്ദേഹത്തിന്റെ ഒരു സുഹൃത്താണെന്ന് പറയുകയുണ്ടായി. പ്രായത്തിൽ എന്നെക്കാൾ മുതിർന്ന അദ്ദേഹം  തന്റെ തൊഴിൽമേഖലയിൽ ഏറെ വിജയം വരിച്ച വ്യക്തിയുമാണ്. വിജയശ്രീലാളിതൻ മാത്രമല്ല, കർത്തവ്യബോധമുള്ള വ്യക്തി കൂടിയാണ് അദ്ദേഹം. ഭാരതത്തോടുള്ള അദ്ദേഹത്തിന്റെ സ്നേഹം വളരെ അടുത്തറിഞ്ഞ വ്യക്തിയാണ് ഞാൻ; അതിനാൽത്തന്നെ വ്യക്തിപരമായ തലത്തിൽ എപ്പോഴും ഞാൻ അദ്ദേഹത്തെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്തിട്ടുണ്ട്. ഇന്നും ഭാരതത്തോടുള്ള അദ്ദേഹത്തിന്റെ സ്നേഹവും അന്താരാഷ്ട്ര വേദികളിൽ ഭാരതത്തോടുള്ള അദ്ദേഹത്തിന്റെ മനോഭാവവും എപ്പോഴും വലിയൊരു അനുകൂലമായ  ഊർജ്ജത്തിന്റെ സ്രോതസ്സാണ്. അതിന്, അങ്ങേയ്ക്ക് , ഞാൻ എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.എല്ലാ വർഷവും ഈ ഫോറം ലോകത്തിലെ എറ്റവും മികച്ച പ്രതിഭകളെ ഒരുമിച്ച് കൊണ്ടു വരുന്നു. സാമ്പത്തികരംഗം, സാങ്കേതികവിദ്യ, ഊർജ്ജം, ആഗോള കാര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ ഇവിടെ നടക്കാറുണ്ട്. ഇത്തവണ, ചരിത്രത്തിലാദ്യമായി, ഈ പരിപാടി ഭാരതത്തിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഈ തീരുമാനത്തിന് മിസ്റ്റർ ബ്ലൂംബെർഗിനെയും അദ്ദേഹത്തിന്റെ മുഴുവൻ ടീമിനെയും ഞാൻ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു. ശരിയായ സമയത്ത് ശരിയായ സ്ഥലമാണ് നിങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത്.

സുഹൃത്തുക്കളെ,

ഈ വർഷത്തെ ബ്ലൂംബെർഗ് ഇക്കണോമിക് ഫോറം ലോകമെമ്പാടും ഉയർന്നുവരുന്ന പുതിയ ശക്തികേന്ദ്രങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഓരോ കാലഘട്ടത്തിനും അതിന്റേതായ ശക്തിസ്രോതസ്സുകളും ശക്തിയുടെ നിർവചനങ്ങളും ഉണ്ടായിരുന്നു. എന്നാൽ 21-ാം നൂറ്റാണ്ടിൽ, പ്രത്യേകിച്ച് ഈ മൂന്നാം പതിറ്റാണ്ടിൽ, ഒരു വലിയ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ന് സാങ്കേതികവിദ്യയാണ് ശക്തി, ഡാറ്റയാണ് ശക്തി, അറിവാണ് ശക്തി, നവീകരണമാണ്  ശക്തി.

എന്നാൽ സുഹൃത്തുക്കളെ,

യഥാർത്ഥ ചോദ്യം ആരുടെ പക്കലാണ് ശക്തിയുള്ളത് എന്നതല്ല. മറിച്ച്, ആ ശക്തി എങ്ങനെ ഉപയോഗിക്കപ്പെടുന്നു എന്നതാണ്. സാങ്കേതികവിദ്യ ഏതാനും ആളുകളെ മാത്രം മുന്നോട്ട് നയിക്കുമോ? അതോ ദശലക്ഷക്കണക്കിന് ആളുകൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കുമോ? അറിവ് ചുരുക്കം ചിലരുടെ മാത്രം ശക്തിയായി നിലനിൽക്കുമോ? അതോ അത് ഏവരുടെയും കഴിവുകളെ വർദ്ധിപ്പിക്കുമോ? ഇവിടെ നിന്നാണ് ഒരു പുതിയ ആശയം ഉയർന്നുവരുന്നത്. ആ ആശയം ഇതാണ്: 'ശാക്തീകരണത്തിനായുള്ള ശക്തി' . 'നിയന്ത്രണത്തിനായുള്ള ശക്തിക്ക്' അപ്പുറം 'പ്രാപ്തമാക്കലിനായുള്ള ശക്തി'  കുടികൊള്ളുന്നു. 'മത്സരത്തിനായുള്ള ശക്തിക്ക്' അപ്പുറം 'സഹകരണത്തിനായുള്ള ശക്തി'  കുടികൊള്ളുന്നു. 'സ്വന്തം വിജയത്തിനായുള്ള ശക്തിക്ക്' അപ്പുറം 'മറ്റുള്ളവരെ വിജയിപ്പിക്കാനുള്ള ശക്തി'  കുടികൊള്ളുന്നു. അതുകൊണ്ടുതന്നെ, ഇന്ന് ഞാൻ ഇവിടെ എത്തിയിരിക്കുന്നത് ഈ കാഴ്ചപ്പാടുമായാണ്: അതായത് ശാക്തീകരണത്തിനായുള്ള ശക്തി (Power to Empower).

സുഹൃത്തുക്കളെ,

ഈ ആശയം ഭാരതത്തിന് പുതിയ ഒന്നല്ല. നമ്മുടെ പാരമ്പര്യത്തിൽ ഇങ്ങനെ പറയപ്പെടുന്നു:

"വിദ്യാ വിവാദായ ധനം മദായ,
ശക്തിഃ പരേഷാം പരിപീഡനായ;
ഖലസ്യ സാധോഃ വിപരീതമേതത്,
ജ്ഞാനായ ദാനായ ച രക്ഷണായ."

അറിവോ ധനമോ ശക്തിയോ ആരുടെ പക്കലുണ്ടായാലും, അവരത് എങ്ങനെ ഉപയോഗിക്കുന്നു എന്നതിലാണ് കാര്യം എന്നതാണ് ഇതിന്റെ സാരം. അതായത്, ശക്തിയുടെ യഥാർത്ഥ മൂല്യം അതിന്റെ ലക്ഷ്യത്തിലാണ് കുടികൊള്ളുന്നത്. ഇന്നത്തെ ലോകത്ത് ഈ തത്ത്വചിന്ത മനസ്സിലാക്കുക എന്നത് വളരെ പ്രധാനമാണ്.

സുഹൃത്തുക്കളെ,

'ശാക്തീകരണത്തിനായുള്ള ശക്തി' എന്ന ഈ മാനവീയാശയം മറ്റുള്ളവർക്ക് ഉപദേശിച്ചു കൊടുക്കാനുള്ള ഒരു പാഠം മാത്രമല്ല. ആയിരക്കണക്കിന് വർഷങ്ങളായി നമ്മുടെ പാരമ്പര്യങ്ങൾ നമ്മെ പഠിപ്പിച്ച ഒന്നാണിത്. ഭാരതത്തിൽ, നമ്മുടെ ഭരണരീതിയിലും തൊഴിൽ സംസ്കാരത്തിലും ഇത് ഉൾച്ചേർത്തുകൊണ്ട് നമ്മളിത് തെളിയിച്ചിട്ടുമുണ്ട്. അതിനാൽ, ഭാരതത്തിൽ നിന്നുള്ള ഉദാഹരണങ്ങൾ ചൂണ്ടി കാണിച്ചുകൊണ്ടുതന്നെ ഞാൻ എന്റെ പ്രസംഗം തുടരാം.

സുഹൃത്തുക്കളെ,

നിങ്ങൾക്കെല്ലാവർക്കും അറിയാവുന്നത് പോലെ, ഭാരതം ജനാധിപത്യത്തിന്റെ മാതാവാണ്. നൂറിലധികം ഭാഷകളും, എൺപതിനായിരത്തോളം രജിസ്റ്റർ ചെയ്ത പത്രദൃശ്യ മാധ്യമങ്ങളും പ്രസിദ്ധീകരണങ്ങളും, ആയിരത്തിലധികം സാറ്റലൈറ്റ് ടെലിവിഷൻ ചാനലുകളും ഭാരതത്തിലുണ്ട്. അതുമാത്രമല്ല, ഈ സോഷ്യൽ മീഡിയ യുഗത്തിൽ അഞ്ഞൂറ് ദശലക്ഷത്തിലധികം യൂട്യൂബ് ഉപയോക്താക്കളും അഞ്ഞൂറ് ദശലക്ഷത്തിലധികം ഇൻസ്റ്റാഗ്രാം ഉപയോക്താക്കളും ഭാരതത്തിലുണ്ട്. നമ്മുടെ രാജ്യത്ത് ആളുകൾ വിവിധ വിഷയങ്ങളിൽ പരസ്യമായി സംവാദങ്ങളിൽ ഏർപ്പെടുകയും പൗരന്മാർ വൈവിധ്യമാർന്ന കാഴ്ചപ്പാടുകൾ ചർച്ച ചെയ്യുകയും ചെയ്യുന്നു. നിലവിലെ കാലഘട്ടത്തിൽ, ഇതിന് വഴിയൊരുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ഒരു ഘടകം ഡിജിറ്റൽ ശക്തിയാണ്.

സുഹൃത്തുക്കളെ,

ഏകദേശം പന്ത്രണ്ടോ പതിമൂന്നോ വർഷം മുൻപ് വരെ, മൊബൈൽ ഫോണുകളും ഇന്റർനെറ്റും ലഭ്യമാകുക എന്നത് തന്നെ ഭാരതത്തിൽ ഒരു തരം ശക്തിയായി കരുതപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. അത് ലഭ്യമായിരുന്നവരുടെ പക്കൽ വിവരങ്ങളും അറിവും അവസരങ്ങളും ഉണ്ടായിരുന്നു. 2014-ന് ശേഷം, ഭാരതത്തിൽ ഒരു പുതിയ സർക്കാർ അധികാരത്തിൽ വരികയും ഞങ്ങൾക്ക് സേവനം ചെയ്യാനുള്ള അവസരം ലഭിക്കുകയും ചെയ്തപ്പോൾ, മൊബൈൽ ഡാറ്റ കുറഞ്ഞ ചെലവിൽ ലഭ്യമാക്കുന്നതിന് ഭാരതം വലിയ പ്രാധാന്യം നൽകി. ഇതിന്റെ ഫലമായി, ഇന്ന് ഒരു ചെറിയ പട്ടണത്തിലെ വിദ്യാർത്ഥിക്ക് പോലും ഡിജിറ്റൽ പഠനം സാധ്യമാകുന്നു. ഗ്രാമത്തിലെ ഒരു ചെറുകിട വ്യാപാരിക്ക് പുതിയ ഉപഭോക്താക്കളിലേക്ക് എത്താൻ സാധിക്കുന്നു. ഒരു യുവാവിന് ഓൺലൈൻ കോഴ്‌സുകളിൽ ചേരാൻ കഴിയുന്നു. അതായത്, ഭാരതത്തിലെ കണക്റ്റിവിറ്റി ആളുകളെ തമ്മിൽ ബന്ധിപ്പിക്കുക മാത്രമല്ല ചെയ്തത്; മറിച്ച് അത് അവസരങ്ങളെക്കൂടിയാണ് ബന്ധിപ്പിച്ചത്. ഇത് തന്നെയാണ് യഥാർത്ഥത്തിൽ ശാക്തീകരണത്തിനായുള്ള ശക്തി.

സുഹൃത്തുക്കളെ,

വിദേശത്തുനിന്ന് എത്തിയിട്ടുള്ള അതിഥികളോട് ഭാരതത്തിലെ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം നേരിട്ടറിഞ്ഞു അനുഭവിക്കാൻ ഞാൻ അഭ്യർത്ഥിക്കുകയാണ്. നമ്മുടെ രാജ്യത്ത് വഴിയോരക്കച്ചവടക്കാരനും വലിയൊരു കാർ ഷോറൂമും തികച്ചും വ്യത്യസ്തമായ അളവുകോലുകളിലായിരിക്കാം പ്രവർത്തിക്കുന്നത്; എന്നാൽ രണ്ടുപേരും ഉപയോഗിക്കുന്നത് ഒരേ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനമാണ്. ഇതാണ് എല്ലാവരെയും ഉൾക്കൊള്ളുന്ന സാങ്കേതികവിദ്യയുടെ കരുത്ത്.

സുഹൃത്തുക്കളെ,

ഭാരതത്തിന് എന്തെല്ലാം കഴിവുകളുണ്ടോ, അവയൊന്നും നമ്മുടെ മാത്രം  അതിർത്തികൾക്കുള്ളിൽ  ഒതുക്കിനിർത്തുന്നതിൽ ഞങ്ങൾ വിശ്വസിക്കുന്നില്ല. ഗ്ലോബൽ സൗത്തുമായും (Global South) നമ്മുടെ പങ്കാളിത്ത രാജ്യങ്ങളുമായും ഞങ്ങൾ അവ നിരന്തരം പങ്കുവെക്കുന്നുണ്ട്. ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിലെ നമ്മുടെ അനുഭവങ്ങൾ മറ്റ് രാജ്യങ്ങളുമായി പങ്കുവെക്കുന്നതിലൂടെ, അവർക്ക് തങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് ഡിജിറ്റൽ സംവിധാനങ്ങൾ വികസിപ്പിച്ചെടുക്കാൻ സാധിക്കുന്നു. കോവിഡ് കാലഘട്ടത്തിൽ, ഞങ്ങൾ കോവിൻ (CoWIN) പ്ലാറ്റ്‌ഫോം വികസിപ്പിച്ചെടുത്തു; അതൊരു ഓപ്പൺ സോഴ്‌സ് സംവിധാനമായിരുന്നു. അതായത്, ഭാരതത്തിന്റെ കഴിവുകൾ മറ്റ് രാജ്യങ്ങൾക്കും പുതിയ സാധ്യതകളുടെ വാതിലുകൾ തുറന്നുകൊടുക്കുന്നുവെന്ന് ഉറപ്പാക്കാനാണ് ഞങ്ങൾ നിരന്തരം ശ്രമിക്കുന്നത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നമ്മുടെ കരുത്ത് മാനവികതയെ ശാക്തീകരിക്കുന്നതായിരിക്കണം.

സുഹൃത്തുക്കളെ,

നവീകരണത്തിന്റെ ശക്തിയും ഇതുപോലെ തന്നെയാണ് പ്രവർത്തിക്കുന്നത്. ഒരു ആശയത്തെ ഉൽപ്പന്നമാക്കുന്നതും, ഒരു പ്രശ്നത്തെ പരിഹാരമാക്കി മാറ്റുന്നതും  സ്വയം ഒരു വൻ ശേഷിയാണ്. എന്നാൽ ഇത്തരം അവസരങ്ങൾ സമൂഹത്തിലെ കൂടുതൽ ആളുകളിലേക്ക് എത്തുമ്പോൾ, ശക്തിയുടെ സന്തുലനം കൂടുതൽ നീതിയുക്തമാകുകയും അതിന്റെ സ്വാധീനം പലമടങ്ങ് വർദ്ധിക്കുകയും ചെയ്യുന്നു. ഭാരതത്തിന്റെ സ്റ്റാർട്ടപ്പ് യാത്ര ഈ പരിവർത്തനത്തിന് ഒരു ഉദാഹരണമാണ്. 2014-ന് മുൻപ്, ഭാരതത്തിൽ ഏതാനും നൂറ് സ്റ്റാർട്ടപ്പുകൾ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് രാജ്യത്ത് 2,50,000-ത്തിലധികം (രണ്ടര ലക്ഷത്തിലധികം) സ്റ്റാർട്ടപ്പുകളുണ്ട്. ഈ സ്റ്റാർട്ടപ്പുകളിൽ പകുതിയോളവും ചെറിയ നഗരങ്ങളിൽ നിന്നും ഗ്രാമങ്ങളിൽ നിന്നുമുള്ളവയാണ്. നാല്പത്തഞ്ച് ശതമാനത്തിലധികം സ്റ്റാർട്ടപ്പുകളിൽ കുറഞ്ഞത് ഒരു വനിതാ ഡയറക്ടറോ പങ്കാളിയോ ഉണ്ട്. അതായത്, നവീകരണത്തിനുള്ള അവസരങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തുന്നു, പുതിയ പ്രതിഭകൾ ഉയർന്നുവരുന്നു, പുതിയ പരിഹാരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു.

സുഹൃത്തുക്കളെ,

ഭരണനിർവ്വഹണത്തിൽ  അധികാരത്തിന്റെ ലക്ഷ്യത്തിനുള്ള ഈ പ്രാധാന്യം ഒരുപോലെ അത്യന്താപേക്ഷിതമാണ്. സർക്കാരിന് അധികാരമുണ്ട്, എന്നാൽ പൗരന്മാരെ ഈ സംവിധാനത്തെ മാത്രം ആശ്രയിക്കുന്നവരാക്കി മാറ്റുക എന്നതായിരിക്കരുത് അതിന്റെ ലക്ഷ്യം. മറിച്ച്, പൗരന്മാർ പ്രാപ്തരും ശാക്തീകരിക്കപ്പെട്ടവരുമാണെന്ന് ഉറപ്പാക്കുക എന്നതായിരിക്കണം അതിന്റെ ലക്ഷ്യം. ഭാരതം ഇതേ പാതയിലൂടെയാണ് മുന്നേറുന്നത്. ഈ പാത പിന്തുടർന്ന്, കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ 250 ദശലക്ഷം (25 കോടി) ആളുകളെയാണ് ഭാരതം ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റിയത്; ഇത് ലോകത്തിലെ പല രാജ്യങ്ങളുടെയും മൊത്തം ജനസംഖ്യയേക്കാൾ വലിയൊരു സംഖ്യയാണ്.

സുഹൃത്തുക്കളെ,

ജാം ത്രിത്വത്തെക്കുറിച്ചും (JAM Trinity) നേരിട്ടുള്ള  ആനുകൂല്യ കൈമാറ്റത്തെക്കുറിച്ചും (Direct Benefit Transfer) നിങ്ങൾ കേട്ടിട്ടുണ്ടാകും. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിക്കൊണ്ട്, സർക്കാരിന്റെ സാമ്പത്തിക സഹായങ്ങൾ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടെത്തുന്ന ഒരു സംവിധാനം ഞങ്ങൾ ഉണ്ടാക്കിയെടുത്തു. ഇത് അഴിമതി കുറയ്ക്കുകയും പൗരന്മാർക്ക് സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയും ഗവൺമെന്റും  ജനങ്ങളും തമ്മിൽ നേരിട്ടുള്ള ഒരു ബന്ധം സ്ഥാപിക്കുകയും ചെയ്തു.

സുഹൃത്തുക്കളെ,

'ശാക്തീകരണത്തിനായുള്ള ശക്തി' എന്ന ഇതേ തത്ത്വചിന്ത ഭാരതത്തിന്റെ ആഗോള ഇടപെടലുകളിലും വ്യക്തമായി ദൃശ്യമാണ്. കോവിഡ് മഹാമാരിയുടെ സമയത്ത്, വാക്‌സിൻ നിർമ്മാണ ശേഷിക്ക് അതിയായ പ്രാധാന്യമുണ്ടായി വന്നു. ആ സമയത്ത് ഉയർന്ന ചോദ്യം, ഈ ശേഷിയുടെ ആനുകൂല്യങ്ങൾ ഏതാനും ചില രാജ്യങ്ങളിൽ മാത്രമായി ഒതുങ്ങിനിൽക്കുമോ, അതോ ഇത്തരം സൗകര്യങ്ങളും കഴിവുകളും ഇല്ലാത്ത രാജ്യങ്ങളിലേക്കും ജനങ്ങളിലേക്കും വാക്‌സിനുകൾ എത്തുമോ എന്നതായിരുന്നു. ഭാരതം മാനവികതയെ ശാക്തീകരിക്കുന്ന പാതയാണ് തിരഞ്ഞെടുത്തത്. നൂറിലധികം രാജ്യങ്ങളിലേക്ക് ഞങ്ങൾ വാക്‌സിനുകൾ എത്തിച്ചു നൽകി. നമ്മുടെ നിർമ്മാണ ശേഷി മറ്റ് രാജ്യങ്ങൾക്കും ഒരു സഹായസ്രോതസ്സായി മാറി.
മറ്റൊരു രസകരമായ ഉദാഹരണം കൂടി ഞാൻ നിങ്ങൾക്കു മുന്നിൽ പങ്കുവെക്കാം. ഏതാനും മാസങ്ങൾക്ക് മുൻപ്, ഭാരതം AI ഇംപാക്ട് സമ്മിറ്റിന് (AI Impact Summit) ആതിഥേയത്വം വഹിക്കുകയുണ്ടായി; ഇപ്പോൾ മിസ്റ്റർ ബ്ലൂംബെർഗ് ആ ഉച്ചകോടിയെ വളരെ പ്രശംസിച്ചു സംസാരിക്കുകയും ചെയ്തു. അവിടെ, മാനവികതയ്ക്കായി കൃത്രിമബുദ്ധി (AI) ഉപയോഗിക്കുന്നതിനെക്കുറിച്ച് മാത്രമല്ല, മൃഗങ്ങൾക്ക് AI കൊണ്ട് എങ്ങനെ പ്രയോജനം ലഭിക്കും എന്നതിനെക്കുറിച്ചും ഞങ്ങൾ ചർച്ച ചെയ്യുകയുണ്ടായി. ഇവിടെ ഇരിക്കുന്ന നന്ദന്, ഇത് എങ്ങനെയാണ് ചെയ്തതെന്നതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പിന്നീട് പങ്കുവെക്കാൻ സാധിക്കും. അതായത്, ഭാരതം എത്രത്തോളം പ്രാപ്തവും ശക്തവുമാകുന്നുവോ, അത്രത്തോളം അത് മാനവികതയ്ക്കും ലോകത്തിനും കൂടുതൽ പ്രയോജനകരമായിരിക്കും.

സുഹൃത്തുക്കളെ,

മുന്നോട്ട് കുതിക്കാനുള്ള കഴിവ് മാത്രമല്ല ശക്തി. മറിച്ച്, മറ്റുള്ളവരെ കൂടി മുന്നോട്ട് നയിക്കാനും ശാക്തീകരിക്കാനുമുള്ള കഴിവ് കൂടിയാണത്. മത്സരം പ്രധാനമാണെന്ന് ഭാരതം വിശ്വസിക്കുന്നു, എന്നാൽ അനുഭാവവും അത്രതന്നെ പ്രധാനമാണ്. നവീകരണം അത്യന്താപേക്ഷിതമാണ്, എന്നാൽ അതിന്റെ ആനുകൂല്യങ്ങൾ എല്ലാവർക്കുമായി പങ്കുവെക്കപ്പെടുകയും വേണം. ദേശീയ ശക്തി ആവശ്യമാണ്, പക്ഷേ ആഗോള വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിലും നമ്മൾ പങ്കാളികളാകണം. കാലാവസ്ഥാ വ്യതിയാനം, ജലഭരണം, പൊതുജനാരോഗ്യം, അല്ലെങ്കിൽ പുതിയ സാങ്കേതികവിദ്യകളുടെ ഉത്തരവാദിത്തമുള്ള ഉപയോഗം എന്നിവയൊക്കെ ഏതുമാകട്ടെ, പരിഹാരങ്ങൾ നൽകുന്നതും പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നതുമായ ശേഷികളാണ് ഇന്ന് ലോകത്തിന് ആവശ്യം.

സുഹൃത്തുക്കളെ,

ഞാൻ നിങ്ങൾക്ക് മറ്റൊരു ഉദാഹരണം കൂടി നൽകാം. പാരീസ് ഉടമ്പടിയുടെ ഭാഗമായി കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനായി ഭാരതം വലിയൊരു വാഗ്ദാനം നൽകിയിരുന്നു. 2030-ഓടെ നമ്മുടെ മൊത്തം വൈദ്യുതി ഉൽപ്പാദന ശേഷിയുടെ 40 ശതമാനവും പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകളിൽ നിന്നാക്കി മാറ്റുക എന്നതായിരുന്നു 2015-ൽ ഞങ്ങൾ നിശ്ചയിച്ച ലക്ഷ്യം. എന്നാൽ നിശ്ചിത സമയത്തിനും ഒമ്പത് വർഷം മുൻപ്, 2021 നവംബറിൽ തന്നെ ഭാരതം ഈ നേട്ടം കൈവരിച്ചു. ജി-20 (G20) രാജ്യങ്ങളിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ രാജ്യമായി ഭാരതം മാറി. ഇത് വെറുമൊരു വാഗ്ദാനം പാലിക്കൽ മാത്രമായിരുന്നില്ല; ഭാരതത്തിന്റെ വികസിച്ചുകൊണ്ടിരിക്കുന്ന ഊർജ്ജ പ്രയാണത്തിന്റെ പ്രതിഫലനം കൂടിയായിരുന്നു അത്.

സുഹൃത്തുക്കളെ,

2014-ൽ ഭാരതത്തിന്റെ പുനരുപയോഗ ഊർജ്ജ ശേഷി  ഏകദേശം 75 ഗിഗാവാട്ട് മാത്രമായിരുന്നു. എന്നാൽ ഇന്ന് അത് ഏകദേശം 300 ഗിഗാവാട്ടിൽ എത്തിനിൽക്കുന്നു. അതായത്, നമ്മൾ നമ്മുടെ ശേഷി ഏകദേശം നാലിരട്ടിയായി വർദ്ധിപ്പിച്ചു.

സുഹൃത്തുക്കളെ,

ഭാരതത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഈ ഊർജ്ജ പരിവർത്തനം പുതിയ അവസരങ്ങൾ കൂടിയാണ് സൃഷ്ടിക്കുന്നത്. ഇന്ന് ഞങ്ങൾക്ക് 'പി.എം സൂര്യ ഘർ' (PM Surya Ghar), 'പി.എം-കുസും' (PM-KUSUM) തുടങ്ങിയ പദ്ധതികളുണ്ട്. ഒരു പദ്ധതി വീടുകളെ സൗരോർജ്ജവുമായി ബന്ധിപ്പിക്കുമ്പോൾ, മറ്റൊന്ന് കർഷകരെ സൗരോർജ്ജം ഉൽപ്പാദിപ്പിക്കാനും അത് ഉപയോഗിച്ച് അവരുടെ കൃഷി ചെലവ് കുറയ്ക്കാനും പ്രാപ്തരാക്കുന്നു. ഈ രണ്ട് പദ്ധതികളിലൂടെയായി ഭാരതം 30 ഗിഗാവാട്ടിലധികം സൗരോർജ്ജ ശേഷി കൈവരിച്ചു കഴിഞ്ഞു. ഇവയിലൂടെ പ്രതിവർഷം 30 ദശലക്ഷം ടണ്ണിലധികം കാർബൺ പുറന്തള്ളൽ കുറയ്ക്കാൻ സാധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. അതായത്, സൗരോർജ്ജം പ്രകൃതിയെ സംരക്ഷിക്കാനുള്ള ഒരു മാർഗ്ഗം മാത്രമല്ല, ജനങ്ങളെ ശാക്തീകരിക്കാനുള്ള ഒരു മാർഗ്ഗം കൂടിയായി മാറുകയാണ്.

സുഹൃത്തുക്കളെ,

അധികാരത്തിനായുള്ള ഈ ആഗോള മത്സരത്തിൽ ,വ്യത്യസ്തമായ ഒരു ചിന്താഗതിയോടെയാണ് ഭാരതം മുന്നോട്ട് പോകുന്നത്. ഈ പതിറ്റാണ്ട് തന്നെ അതിന് സാക്ഷ്യം വഹിക്കുന്നു.

സുഹൃത്തുക്കളെ,

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഈ പതിറ്റാണ്ട് അഭൂതപൂർവ്വമായ ആഗോള വെല്ലുവിളികളാണ് കൊണ്ടുവന്നിരിക്കുന്നത്. കഴിഞ്ഞ ആറു വർഷങ്ങളിലേക്ക് തിരിഞ്ഞുനോക്കിയാൽ, നമ്മൾ ഒരു ആഗോള മഹാമാരിക്ക് സാക്ഷ്യം വഹിച്ചു. തുടർന്ന് വിവിധ മേഖലകളിൽ യുദ്ധങ്ങൾ പൊട്ടിപ്പുറപ്പെട്ടു. അതുപോരാഞ്ഞ്, വ്യാപാരം, സുപ്രധാന ധാതുക്കൾ , ഊർജ്ജ വിതരണം എന്നിവയിൽ തടസ്സങ്ങൾ ഉയർന്നുവന്നു. ലോകം ഒരു പ്രതിസന്ധിയിൽ നിന്ന് കരകയറാൻ വഴി കണ്ടെത്തുമ്പോഴേക്കും അടുത്ത പ്രതിസന്ധി പ്രത്യക്ഷപ്പെടുന്നു. ഒരിക്കൽ ലോകത്തെ ഒന്നിച്ചു നിർത്തിയിരുന്ന കാര്യങ്ങൾ ഇന്ന് ആയുധങ്ങളാക്കി മാറ്റപ്പെടുകയാണ്. സപ്ലൈ ചെയിനുകൾ, ഊർജ്ജം, ധാതുക്കൾ, പണമടയ്ക്കൽ സംവിധാനങ്ങൾ, സാങ്കേതികവിദ്യ എന്നിവയൊക്കെ സമ്മർദ്ദത്തിന്റെയും മേധാവിത്വത്തിന്റെയും ഉപകരണങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ പതിറ്റാണ്ടുകളിൽ ആഗോളവൽക്കരണം സൃഷ്ടിച്ച വഴികൾ, പല സന്ദർഭങ്ങളിലും തടസ്സങ്ങളായി  മാറിയിരിക്കുന്നു. ഇവയ്ക്കിടയിൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഓരോ മേഖലയുടെയും പ്രവർത്തന രീതിയെ മാറ്റിമറിക്കുകയാണ്. അതേസമയം, പ്രായമേറുന്ന ജനസംഖ്യയുമായി ബന്ധപ്പെട്ട് അതിവേഗം വളരുന്ന വെല്ലുവിളികൾ പല രാജ്യങ്ങളും നേരിടുന്നുണ്ട്. ഇങ്ങനെയൊരു സാഹചര്യത്തിൽ, ലോകം ഒരു മൗലികമായ ചോദ്യത്തിന് മുന്നിലാണ് നിൽക്കുന്നത്: 'വിശ്വാസ്യത' . ആവശ്യമുള്ള സമയത്ത് വിതരണങ്ങൾ തടസ്സമില്ലാതെ തുടരുമെന്ന വിശ്വാസം. നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെടുമെന്ന വിശ്വാസം. പ്രതിസന്ധിയുടെ നിമിഷങ്ങളിൽ ഒരു പങ്കാളിത്ത രാജ്യം നിങ്ങൾക്കൊപ്പം ഉറച്ചുനിൽക്കുമെന്ന വിശ്വാസം. ഇവിടെയാണ് ഭാരതം വ്യത്യസ്തമായ കാഴ്ചപ്പാടോടും ചിന്താരീതിയോടും കൂടി നിങ്ങൾക്ക് മുന്നിൽ നിലകൊള്ളുന്നത്.

സുഹൃത്തുക്കളെ,

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഭാരതത്തിന്റെ മുന്നേറ്റം ഏവരെയും ഒപ്പം കൂട്ടിക്കൊണ്ടും ഏവർക്കുമൊപ്പം മുന്നേറിക്കൊണ്ടുമുള്ള ഒന്നാണ്. ലോകത്തിന് കുറഞ്ഞ ചെലവിൽ മരുന്നുകൾ ആവശ്യമുള്ളപ്പോൾ, അഞ്ചിൽ ഒരു ജനറിക് മരുന്ന് വീതം എത്തുന്നത് ഭാരതത്തിൽ നിന്നാണ്. ഡിജിറ്റൽ ഐഡന്റിറ്റി, പേയ്‌മെന്റുകൾ എന്നിവയ്ക്കുള്ള പരിഹാരങ്ങൾ ആവശ്യമായി വരുമ്പോൾ, ഭാരതം വികസിപ്പിച്ചെടുത്ത മാതൃകകളിലേക്കാണ് ലോകം നോക്കുന്നത്. ലോകത്തിന് പ്രതിഭകളെ ആവശ്യമുള്ളപ്പോൾ, അത് ഭാരതത്തിലെ നൈപുണ്യമുള്ള യുവത്വത്തിലാണ് വിശ്വാസമർപ്പിക്കുന്നത്. ഇന്ന്, ലോകമെമ്പാടുമുള്ള കമ്പനികൾക്ക് സേവനങ്ങൾ നൽകുന്ന 2,000-ത്തിലധികം ഗ്ലോബൽ കാപ്പബിലിറ്റി സെന്ററുകളുടെ (Global Capability Centres) കേന്ദ്രമാണ് ഭാരതം.

സുഹൃത്തുക്കളെ,

ലോകത്തിന് ഒരു ഉറച്ച താങ്ങും തണലും ആവശ്യമായി വരുമ്പോഴെല്ലാം, ഭാരതം അതിന്റെ ഉത്തരവാദിത്തം തിരിച്ചറിഞ്ഞുകൊണ്ട് പിന്തുണയുടെ കൈനീട്ടുന്നു എന്നത് വ്യക്തമാണ്. നമ്മൾ ആരുടെയും ചെലവിലല്ല വളരുന്നത്. മറിച്ച്, നമ്മൾ ലോകത്തോടൊപ്പം, ലോകത്തിനു വേണ്ടിയാണ് വളരുന്നത്.

സുഹൃത്തുക്കളെ,

ഭാരതം, ചെയ്യുന്ന കാര്യങ്ങൾക്ക് ഒരിക്കലും ക്രെഡിറ്റ് (ശ്രേയസ്സ്) ആഗ്രഹിക്കുന്നില്ല. ലോകത്തിന് 'പൂജ്യം' (Zero) സംഭാവന നൽകിയത് ഭാരതമാണെന്ന് ലോകം അഭിമാനത്തോടെ പറയാറുണ്ട്. ഈ പൂജ്യം മനുഷ്യരാശിക്കാകെ പ്രയോജനപ്പെട്ടു. എന്നിട്ടും ഭാരതം അതിന് പകരമായി ഒരിക്കലും റോയൽറ്റി ചോദിച്ചിട്ടില്ല. ഇന്നും അതേ ചിന്താഗതിയോടെ തന്നെയാണ് ഭാരതം പ്രവർത്തിക്കുന്നത്. സമകാലിക വെല്ലുവിളികളെ നേരിടാൻ നമ്മൾ മുന്നോട്ടുവെക്കുന്ന ആശയങ്ങളും ഈ കാഴ്ചപ്പാടിനെയാണ് പ്രതിഫലിപ്പിക്കുന്നത്. ചരിത്രത്തിലുടനീളം, സ്വന്തം താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന നിരവധി ആഗോള സംഘടനകൾ രൂപീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഭാരതം ഏതുതരം ആഗോള വേദികളാണ് സൃഷ്ടിച്ചതെന്ന് ചിന്തിച്ചുനോക്കൂ. നമ്മൾ സ്ഥാപിച്ച പ്രസ്ഥാനങ്ങളെ ലോകത്ത് മറ്റിടങ്ങളിൽ ഉയർന്നുവന്നവയുമായി ഒന്നു താരതമ്യം ചെയ്തുനോക്കൂ. നമ്മൾ എന്താണ് സംഭാവന ചെയ്തത്? ഇന്റർനാഷണൽ സോളാർ അലയൻസ് (International Solar Alliance). നമ്മൾ എന്താണ് സംഭാവന ചെയ്തത്? കൊയലിഷൻ ഫോർ ഡിസാസ്റ്റർ റെസിലിയന്റ് ഇൻഫ്രാസ്ട്രക്ചർ (Coalition for Disaster Resilient Infrastructure). നമ്മൾ എന്താണ് സംഭാവന ചെയ്തത്? ബിഗ് ക്യാറ്റ് അലയൻസ് (Big Cat Alliance), ഗ്ലോബൽ ബയോഫ്യുവൽ അലയൻസ് (Global Biofuel Alliance), ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് ഇക്കണോമിക് കോറിഡോർ (IMEC), മിഷൻ ലൈഫ് - പരിസ്ഥിതിക്കനുയോജ്യമായ ജീവിതശൈലി (Mission LiFE). ഇവയെല്ലാം എല്ലാവർക്കും പ്രയോജനപ്പെടുന്നതും സർവ്വ ജീവജാലങ്ങളുടെയും ക്ഷേമത്തിന് സംഭാവന നൽകുന്നതുമായ സംരംഭങ്ങളാണ്.

സുഹൃത്തുക്കളെ,

ഭാരതം മുന്നോട്ടുവെച്ച ആശയങ്ങൾ നിങ്ങൾക്കു മുന്നിലുണ്ട്. 'ഒരു സൂര്യൻ, ഒരു ലോകം, ഒരു ഗ്രിഡ്' (One Sun, One World, One Grid) എന്ന കാഴ്ചപ്പാട്. 'ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി' (One Earth, One Family, One Future) എന്ന വിശ്വാസം. 'ഒരു ഭൂമി, ഒരു ആരോഗ്യം' (One Earth, One Health) എന്ന ദർശനം. അതായത്, ആളുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിനും ഒന്നിപ്പിക്കുന്നതിനുമാണ് ഭാരതം പ്രാധാന്യം നൽകുന്നത്. ഇതിൽ പോലും, ശക്തി ഉപയോഗിക്കുന്നത് മറ്റുള്ളവരെ ശാക്തീകരിക്കാനാണ്.

സുഹൃത്തുക്കളെ,

അനിശ്ചിതത്വങ്ങൾ നിറഞ്ഞ ഒരു ലോകത്ത്, ഭാരതം നൽകുന്നത് വിശ്വാസ്യതയുടെയും സ്ഥിരതയുടെയും ഉറപ്പാണ്. ഈ വർഷത്തെ ഏപ്രിൽ-ജൂൺ പാദത്തിൽ  ഭാരതത്തിന്റെ വളർച്ചാ നിരക്ക് 7.8 ശതമാനമായിരുന്നു. ഈ വളർച്ച ശക്തമായ ഒരു അടിത്തറയിലാണ് നിലകൊള്ളുന്നത്. പന്ത്രണ്ടോ പതിമൂന്നോ വർഷം മുൻപ്, ഭാരതത്തിന്റെ കറന്റ് അക്കൗണ്ട് കമ്മി മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ (GDP) നാല് ശതമാനത്തിലധികമായിരുന്നു. എന്നാൽ കഴിഞ്ഞ വർഷം അത് ഏകദേശം അര ശതമാനമായി കുറഞ്ഞ് 0.61 ശതമാനത്തിലെത്തി. ഇന്ന് നമ്മുടെ വിദേശനാണ്യ ശേഖരം 700 ബില്യൺ (70,000 കോടി) ഡോളറിലധികമാണ്. നമ്മുടെ ബാങ്കിംഗ് സംവിധാനം കഴിഞ്ഞ പല പതിറ്റാണ്ടുകളിലെയും ഏറ്റവും ശക്തമായ അവസ്ഥയിലാണ്.

സുഹൃത്തുക്കളെ,

ഈ കരുത്ത് കൊണ്ടാണ് ഭാരതത്തിന്റെ സോവറിൻ റേറ്റിംഗുകൾ(പരമാധികാര റേറ്റിംഗുകൾ) ഉയർത്തപ്പെടുന്നത്. ഇന്ന് ഭാരതത്തിന്റെ ആത്മവിശ്വാസം അഭൂതപൂർവ്വമായ ഉയരത്തിലാണ്. വ്യക്തമായ നയപരമായ ദിശാബോധത്തോടെയാണ് ഞങ്ങൾ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നത്. ജി.എസ്.ടി (GST) വഴി, സങ്കീർണ്ണമായ നികുതി ശൃംഖലയെ ഞങ്ങൾ ഒരു ഏകീകൃത ദേശീയ വിപണിയാക്കി മാറ്റി. ഞങ്ങൾ ഇൻസോൾവൻസി നിയമം പ്രാബല്യത്തിൽ വരുത്തി. ഇരുപത്തൊമ്പത് തൊഴിൽ നിയമങ്ങളെ ഇപ്പോൾ ലളിതമായ നാല് ലേബർ കോഡുകളാക്കി സംയോജിപ്പിച്ചു. ബിസിനസ്സുമായി ബന്ധപ്പെട്ട നൂറുകണക്കിന് നിസ്സാര കുറ്റകൃത്യങ്ങൾ കുറ്റവിമുക്തമാക്കി. ഞങ്ങൾ അവിടെക്കൊണ്ടും നിർത്തിയിട്ടില്ല. ഭാരതത്തിന്റെ പരിഷ്കരണ എക്സ്പ്രസ് അതിവേഗം മുന്നോട്ട് കുതിക്കുകയാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം പരിഷ്കാരങ്ങൾ ഒരു നിർബന്ധിതാവസ്ഥയല്ല; മറിച്ച്, പരിഷ്കാരങ്ങൾ നമ്മുടെ ദൃഢവിശ്വാസമാണ്.

സുഹൃത്തുക്കളെ,

ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് നമ്മുടെ വേദങ്ങൾ നമുക്ക്  ഒരു മന്ത്രം നൽകിയിട്ടുണ്ട്: "സംഗച്ഛധ്വം സംവദധ്വം സം വോ മനാംസി ജാനതാം". ഇന്ന് നമുക്ക്  ആ മന്ത്രം വീണ്ടും ഓർക്കാം: നമുക്ക് ഒന്നിച്ച് സഞ്ചരിക്കാം. നമുക്ക് ഒന്നിച്ച് സംഭാഷണം നടത്താം. പരസ്പരം മനസ്സിലാക്കാൻ നമുക്ക് ശ്രമിക്കാം. കാരണം, നമ്മൾ ഒന്നിച്ചു മുന്നേറുമ്പോൾ നമ്മുടെ ശക്തി വർദ്ധിക്കുന്നു. സംവാദത്തിലൂടെ നമ്മുടെ പരസ്പര ധാരണ ആഴത്തിലുള്ളതാകുന്നു. പരസ്പരം മനസ്സിലാക്കുന്നതിലൂടെ വലിയ വെല്ലുവിളികളെ സംയുക്തമായി നേരിടാൻ നമുക്ക് സാധിക്കുന്നു. ഇതാണ് 'ശാക്തീകരണത്തിനായുള്ള ശക്തി' (Power to Empower) എന്നതിന്റെ സാരം. നമ്മുടെ ശക്തിയെ സ്വന്തം പുരോഗതിയിൽ മാത്രം ഒതുക്കിനിർത്താതെ, മറ്റുള്ളവർക്ക് കൂടിയുള്ള പുതിയ അവസരങ്ങൾ സൃഷ്ടിക്കാൻ അതിനെ പ്രയോജനപ്പെടുത്തുക എന്നാണ് ഇതിനർത്ഥം. ബ്ലൂംബെർഗ് ഇക്കണോമിക്  ഫോറത്തിന്റെ ഈ വേദി ഈ ആശയത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഒരു പ്രധാന വേദിയായി മാറും എന്ന് എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്. ഈ പരിപാടിയിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഒരിക്കൽ കൂടി എന്റെ എല്ലാവിധ ആശംസകളും നേരുന്നു. വളരെയധികം നന്ദി. നന്ദി.


നിരാകരണവ്യവസ്ഥ: ഇത് പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ വിവർത്തനമാണ്. യഥാർത്ഥ പ്രസംഗം ഹിന്ദിയിലായിരുന്നു നടത്തിയത്.

*** 

NK


( റിലീസ് ഐ.ഡി: 2322985) സന്ദര്‍ശക കൗണ്ടര്‍ : 5