നൈപുണ്യ വികസന, സംരംഭക മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യാസ്‌കിൽസ് 2026–27: ഉദ്യോഗാർഥികളിൽ നിന്നുള്ള നിരന്തര ആവശ്യത്തെത്തുടർന്ന് രജിസ്ട്രേഷൻ സംവിധാനം വീണ്ടും സജീവമാക്കി ; ഒക്ടോബർ 19 വരെ സമയം നീട്ടി

പോസ്റ്റഡ് ഓണ്‍: 13 OCT 2026 5:27PM by PIB Thiruvananthpuram

നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയം (MSDE) സംഘടിപ്പിക്കുന്ന ഇന്ത്യാസ്‌കിൽസ് മത്സരം 2026–27-ൻ്റെ   രജിസ്ട്രേഷൻ ജാലകം 2026 ഒക്ടോബർ 19 വരെ വീണ്ടും സജീവമാക്കി .വിവിധ സ്ഥാപനങ്ങളിൽ നിന്നും പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികളിൽ നിന്നും ലഭിച്ച നിരവധി അഭ്യർഥനകളെത്തുടർന്നാണ് നടപടി. ഷാങ്ഹായിൽ നടന്ന വേൾഡ്‌സ്‌കിൽസ് മത്സരത്തിൽ ടീം ഇന്ത്യ നടത്തിയ മികച്ച പ്രകടനത്തെത്തുടർന്ന് നൈപുണ്യ മത്സരങ്ങളോടുള്ള താൽപര്യം വീണ്ടും വർധിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം. ആഗോളതലത്തിൽ പത്താം സ്ഥാനം നേടിയ ഇന്ത്യൻ സംഘം ആറ് വെള്ളി മെഡലുകളും മികവിനുള്ള 20 മെഡലുകളും കരസ്ഥമാക്കിയിരുന്നു.

 

2026 ഒക്ടോബർ 9-ന് ന്യൂഡൽഹിയിലെ 7, ലോക് കല്യാൺ മാർഗിലുള്ള വസതിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വേൾഡ്‌സ്‌കിൽസ് ഷാങ്ഹായ് 2026 ൽ പങ്കെടുത്ത ടീം ഇന്ത്യയിലെ മത്സരാർഥികൾക്ക് നൽകിയ സ്വീകരണവും ഈ പരിപാടിയോടുള്ള താല്പര്യo വർദ്ധിപ്പിച്ചു. രാജ്യത്തെ നൈപുണ്യമുള്ള യുവാക്കളുടെ നേട്ടങ്ങളെ ആഘോഷിക്കുന്നതോടൊപ്പം, രാജ്യ വികസനത്തിൽ തൊഴിൽപരമായ മികവിനുള്ള പ്രാധാന്യവും അദ്ദേഹവുമായുള്ള ആശയവിനിമയം എടുത്തുകാട്ടി. ഈ കൂടിക്കാഴ്ചയ്ക്കുശേഷം, ഇന്ത്യാസ്‌കിൽസ് 2026–27ൻ്റെ   രജിസ്ട്രേഷൻ വീണ്ടും തുറക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി സ്ഥാപനങ്ങളിൽ നിന്നും മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവരിൽ നിന്നും മന്ത്രാലയത്തിന് അഭ്യർഥനകൾ ലഭിച്ചു. ഇതിനെത്തുടർന്ന് , രജിസ്ട്രേഷൻ ജാലകം 2026 ഒക്ടോബർ 19 വരെ വീണ്ടും സജീവമാക്കി . ഇതിലൂടെ കൂടുതൽ യുവാക്കൾക്ക് കഴിവുകൾ പ്രകടിപ്പിക്കാനും ദേശീയതലത്തിൽ മത്സരിക്കാനും ആഗോള വേദിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നതിനായി പരിശ്രമിക്കാനും അവസരം ലഭിക്കുന്നു.

 

ഇന്ത്യാസ്‌കിൽസ് 2026–27-ൽ ഇതിനകം ഏകദേശം 4.0 ലക്ഷം രജിസ്ട്രേഷനുകൾ ലഭിച്ചിട്ടുണ്ട്. കഴിവുകൾ പ്രകടിപ്പിക്കാനും ദേശീയ, അന്തർദേശീയ നിലവാരത്തിലുള്ള മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി മത്സരങ്ങളിൽ പങ്കെടുക്കാനും യുവാക്കൾക്കിടയിൽ താൽപര്യമുണ്ടെന്നതിൻ്റെ   തെളിവാണിത്. നേരത്തെ രജിസ്റ്റർ ചെയ്യാൻ കഴിയാതിരുന്ന യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2026 ഒക്ടോബർ 19-നകം സ്‌കിൽ ഇന്ത്യ ഡിജിറ്റൽ ഹബ് (SIDH) വഴി അപേക്ഷകൾ പൂർത്തിയാക്കാനുള്ള അവസരം പ്രയോജനപ്പെടുത്താം.

 

നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയത്തിൻ്റെ  (MSDE) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ മത്സരത്തിൻ്റെ   നിർവഹണ പങ്കാളി ദേശീയ നൈപുണ്യ വികസന കോർപ്പറേഷൻ (NSDC) ആണ്. ഉൽപ്പാദനം, എൻജിനീയറിങ്, നിർമാണം, ഡിജിറ്റൽ സാങ്കേതികവിദ്യകൾ, സർഗാത്മക വ്യവസായങ്ങൾ, സേവനങ്ങൾ എന്നിവയുൾപ്പെടെ വ്യവസായ മേഖലയുമായി ബന്ധപ്പെട്ട 63 നൈപുണ്യ വിഭാഗങ്ങൾ ഇന്ത്യാസ്‌കിൽസ് 2026–27 മത്സര പരിപാടിയിൽ ഉൾക്കൊള്ളുന്നു.

 

ജില്ലാ/മേഖല , സംസ്ഥാന, പ്രാദേശിക, ദേശീയ തലങ്ങളിലൂടെ ക്രമാനുഗത മുന്നേറ്റത്തിനുള്ള പാതയാണ് ഈ മത്സരം ഒരുക്കുന്നത്. ഇതിലൂടെ കഴിവുള്ള യുവാക്കൾക്ക് നൈപുണ്യ ശേഷി പ്രകടിപ്പിക്കാനും വിദഗ്ധരുടെ മാർഗനിർദേശം കരസ്ഥമാക്കാനും അന്തർദേശീയ നൈപുണ്യ മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള അവസരങ്ങളിലേക്കെത്താനും സാധിക്കുന്നു.

 

രജിസ്ട്രേഷൻ വീണ്ടും സജീവമാക്കിയതിനെക്കുറിച്ചുള്ള വിവരങ്ങൾ പ്രചരിപ്പിക്കാനും രജിസ്ട്രേഷൻ നടപടികൾ സുഗമമാക്കാനും സംസ്ഥാന ഗവണ്മെൻ്റുകൾ , കേന്ദ്രഭരണ പ്രദേശ ഭരണകൂടങ്ങൾ, വ്യാവസായിക പരിശീലന സ്ഥാപനങ്ങൾ (ITIകൾ), പോളിടെക്‌നിക്കുകൾ, കോളേജുകൾ, നൈപുണ്യ പരിശീലന സ്ഥാപനങ്ങൾ, വ്യവസായ പങ്കാളികൾ എന്നിവരോട് മന്ത്രാലയം അഭ്യർഥിച്ചിട്ടുണ്ട്. കൂടുതൽ പേരുടെ പങ്കാളിത്തം ഉറപ്പാക്കുകയും നൈപുണ്യ രംഗത്ത് മികവ് പുലർത്താൻ ആഗ്രഹിക്കുന്ന കൂടുതൽ യുവാക്കളെ മത്സരത്തിലേക്ക് കൊണ്ടുവരികയും ചെയ്യുകയാണ് ഈ അധിക അവസരത്തിൻ്റെ   ലക്ഷ്യം.

 

2026-ലെ വേൾഡ്‌സ്‌കിൽസ് ഷാങ്ഹായ് മത്സരത്തിൽ ടീം ഇന്ത്യ ആറു വെള്ളി മെഡലുകളും മികവിനുള്ള 20 മെഡലുകളും നേടി പത്താം സ്ഥാനം കരസ്ഥമാക്കി. 2024-ൽ ലിയോണിൽ നടന്ന വേൾഡ്‌സ്‌കിൽസിൽ നേടിയ പതിമൂന്നാം സ്ഥാനത്തേക്കാൾ മികച്ച നേട്ടമാണിത്. ഇതുവരെ പങ്കെടുത്തതിൽ ഏറ്റവും വലിയ ഇന്ത്യൻ സംഘത്തിൽ 70 മത്സരാർഥികൾ 63 നൈപുണ്യ വിഭാഗങ്ങളിലായി പങ്കെടുത്തു.നൈപുണ്യശേഷി വികസനവും പ്രത്യേക പരിശീലനവും ദീർഘകാലമായുള്ള തയ്യാറെടുപ്പുകളും ഇന്ത്യൻ യുവതയ്ക്ക് നൽകുന്ന വലിയ അവസരങ്ങളെക്കുറിച്ച് ദേശീയതലത്തിൽ ശ്രദ്ധ ലഭിക്കുന്നതിന് ഇവരുടെ പ്രകടനം വഴിയൊരുക്കി.

രജിസ്ട്രേഷൻ അവസാനിക്കുന്ന തീയതി: 2026 ഒക്ടോബർ 19.

 

രജിസ്റ്റർ ചെയ്യുന്നതിനുള്ള ലിങ്ക്: [https://www.skillindiadigital.gov.in/india-skills-competition](https://www.skillindiadigital.gov.in/india-skills-competition)

*****


( റിലീസ് ഐ.ഡി: 2322959) സന്ദര്‍ശക കൗണ്ടര്‍ : 4
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी