റെയില്വേ മന്ത്രാലയം
2025 സെപ്റ്റംബറിനെ അപേക്ഷിച്ച് 2026 സെപ്റ്റംബറിൽ ഇന്ത്യൻ റെയിൽവേയുടെ ചരക്കുനീക്കത്തിൽ 6.14 ശതമാനം വളർച്ച
പോസ്റ്റഡ് ഓണ്:
13 OCT 2026 1:00PM by PIB Thiruvananthpuram
2026 സെപ്റ്റംബറിൽ ഇന്ത്യൻ റെയിൽവേ ചരക്കുനീക്കത്തിലും യാത്രാ ഗതാഗതത്തിലും തുടർച്ചയായ വളർച്ച രേഖപ്പെടുത്തി. ചരക്കുനീക്കത്തിലെ വർദ്ധനവും നിരവധി പ്രധാന ചരക്ക് വിഭാഗങ്ങളിലുണ്ടായ വളർച്ചയും ഇതിൽ ഉൾപ്പെടുന്നു. സമ്പദ്വ്യവസ്ഥയിലെ പ്രധാന മേഖലകളിൽ റെയിൽ ഗതാഗതത്തിനുള്ള ആവശ്യകത തുടർച്ചയായി നിലനിൽക്കുന്നതിൻ്റെ പ്രതിഫലനമെന്നോണം, ഈ സാമ്പത്തിക വർഷത്തിൻ്റെ ആദ്യ ആദ്യ ആറുമാസ കാലയളവിലെ ചരക്കുനീക്കത്തിലും സുസ്ഥിരമായ വളർച്ച രേഖപ്പെടുത്തി.
ചരക്കുനീക്കത്തിൽ 6.14 ശതമാനം വളർച്ച
2025 സെപ്റ്റംബറിലെ 127.52 ദശലക്ഷം ടണ്ണുമായി താരതമ്യം ചെയ്യുമ്പോൾ, 2026 സെപ്റ്റംബറിൽ ഇന്ത്യൻ റെയിൽവേ 135.35 ദശലക്ഷം ടൺ ചരക്ക് കൈകാര്യം ചെയ്തു. കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് 6.14 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.
2026 സെപ്റ്റംബർ മാസത്തിൽ പ്രധാന ചരക്ക് വിഭാഗങ്ങളിൽ മികച്ച വളർച്ച രേഖപ്പെടുത്തി. ഭക്ഷ്യധാന്യങ്ങളിൽ 25 ശതമാനം, ക്ലിങ്കറിൽ 20 ശതമാനം, ആഭ്യന്തര കണ്ടെയ്നർ ചരക്കുകളിൽ 10 ശതമാനം, കൽക്കരിയിൽ 9 ശതമാനം, മറ്റ് ചരക്കുകളിൽ 8.2 ശതമാനം, മിനറൽ ഓയിലിൽ 6 ശതമാനം, ഫിനിഷ്ഡ് സ്റ്റീലിൽ 5.5 ശതമാനം, ഇരുമ്പയിരിൽ 5.2 ശതമാനം എന്നിങ്ങനെയാണ് വളർച്ച രേഖപ്പെടുത്തിയത്.
വൈദ്യുത നിലയങ്ങളിലേക്കുള്ള കൽക്കരി വിതരണം ശക്തിപ്പെടുത്തി
2026 സെപ്റ്റംബറിൽ വൈദ്യുത നിലയങ്ങളിലേക്കുള്ള ആഭ്യന്തര കൽക്കരി വിതരണം ഇന്ത്യൻ റെയിൽവേ വർദ്ധിപ്പിച്ചു. പ്രതിദിനം വിതരണം ചെയ്ത കൽക്കരി റേക്കുകളുടെ ശരാശരി എണ്ണം 2025 സെപ്റ്റംബറിലെ 397-ൽ നിന്ന് 2026 സെപ്റ്റംബറിൽ 443 ആയി ഉയർന്നു. ഇതിലൂടെ 11.6 ശതമാനം വളർച്ച രേഖപ്പെടുത്തി.
2025 സെപ്റ്റംബറിനെ അപേക്ഷിച്ച് 2026 സെപ്റ്റംബറിലെ ചരക്കുനീക്കത്തിൽ നിന്നുള്ള വരുമാനം 1,266 കോടി രൂപ വർദ്ധിച്ചു. ഇതോടെ വരുമാനത്തിൽ 9.3 ശതമാനം വളർച്ച രേഖപ്പെടുത്തി.
മൊത്തം ചരക്കുനീക്കം 833 ദശലക്ഷം ടൺ കടന്നു
2026 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ ഇന്ത്യൻ റെയിൽവേ മൊത്തം 833.7 ദശലക്ഷം ടൺ ചരക്ക് കൈകാര്യം ചെയ്തു. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 4.1 ശതമാനം വളർച്ചയാണിത്. ഇതേ കാലയളവിൽ ചരക്കുനീക്കത്തിൽ നിന്നുള്ള വരുമാനത്തിൽ 3.7 ശതമാനം വളർച്ച രേഖപ്പെടുത്തി.
******
( റിലീസ് ഐ.ഡി: 2322790)
സന്ദര്ശക കൗണ്ടര് : 15