വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

ലൈവ് ഇവന്റ്‌സ് ഡെവലപ്‌മെന്റ് സെല്ലിന്റെ 5-ാമത് യോഗം: ലൈവ് ഇവന്റ് മേഖലയ്ക്കായുള്ള ഏകജാലക അനുമതികളും അടുത്ത തലമുറ പരിഷ്‌കാരങ്ങളും അവലോകനം ചെയ്തു

പോസ്റ്റഡ് ഓണ്‍: 07 OCT 2026 6:24PM by PIB Thiruvananthpuram

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇന്ത്യയിലെ ലൈവ് ഇവന്റ്‌സ്  മേഖല 44 ശതമാനം വളര്‍ച്ച കൈവരിച്ചതായി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി ശ്രീ. ചഞ്ചല്‍ കുമാര്‍ അറിയിച്ചു. രാജ്യത്തുടനീളം ഏകദേശം 34,000 പരിപാടികള്‍ നടന്നതായും, നിലവില്‍ ഒരു കോടിയിലധികം പേര്‍ക്ക് ഈ മേഖല ഉപജീവനമാര്‍ഗ്ഗം നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലൈവ് ഇവന്റ്‌സ് ഡെവലപ്‌മെന്റ് സെല്ലിന്റെ(LEDC)അഞ്ചാമത് യോഗത്തെ അഭിസംബോധന ചെയ്യവെ, 2030ഓടെ ഈ മേഖലയുടെ വ്യാപ്തി ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെയാണ്  സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും, ഇതിലൂടെ 1.5 കോടി  മുതല്‍ 2 കോടി വരെ നേരിട്ടുള്ളതും അനുബന്ധവുമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. വ്യവസായ മേഖല, സംസ്ഥാനങ്ങള്‍, കേന്ദ്രം എന്നിവ തമ്മിലുള്ള സഹകരണത്തിന്റെ മികച്ച ഉദാഹരണങ്ങളിലൊന്നാണ് LEDC എന്നും അദ്ദേഹം വിശേഷിപ്പിച്ചു.

14 കേന്ദ്ര മന്ത്രാലയങ്ങളെയും വകുപ്പുകളെയും, 10 സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും, 21 വ്യവസായ സംഘടനകളെയും ഒന്നിപ്പിക്കുന്ന വേദിയാണ് LEDC എന്ന് ശ്രീ. ചഞ്ചല്‍ കുമാര്‍ എടുത്തുപറഞ്ഞു. 'മോഡല്‍ എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍', 'ഇന്ത്യ സിനി ഹബ്' സിംഗിള്‍ വിന്‍ഡോ പോര്‍ട്ടല്‍, ലളിതമാക്കിയ അനുമതി നടപടികള്‍, നൈപുണ്യ വികസന സംരംഭങ്ങള്‍ തുടങ്ങിയ സുപ്രധാന പരിഷ്‌കാരങ്ങള്‍  എന്നിവ ഈ സമിതി കാര്യക്ഷമമായി നടപ്പിലാക്കി വരുന്നു. നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചിട്ടുള്ള സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും എണ്ണം 16ല്‍ നിന്ന് 29 ആയി വര്‍ധിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലൈവ് ഇവന്റ് മേഖലയ്ക്കായി 'ഇന്ത്യ സിനി ഹബ്' (ICH) പോര്‍ട്ടല്‍ വഴി നടപ്പിലാക്കുന്ന ഏകജാലക അനുമതി സംവിധാനത്തിന്റെ പുരോഗതി യോഗം വിലയിരുത്തി. നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കുക, വിവിധ വകുപ്പുകളില്‍ നിന്ന് ചുമതലയുള്ള ഉദ്യോഗസ്ഥരെ നാമനിര്‍ദ്ദേശം ചെയ്യുക, വകുപ്പുതല-പ്രാദേശിക ലൈസന്‍സിംഗ് സംവിധാനങ്ങളെ ICH പോര്‍ട്ടലുമായി സംയോജിപ്പിക്കുക, ലൈസന്‍സിംഗ് നടപടിക്രമങ്ങള്‍ പൂര്‍ണ്ണമായും പോര്‍ട്ടല്‍ വഴി നടത്തുക, ലൈവ് ഇവന്റ് വേദികളെ പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തുക, ലൈവ് ഇവന്റ് ലൈസന്‍സിംഗ് നടപടികളെ നിശ്ചിത സമയപരിധിക്കുള്ളില്‍ സേവനം ലഭ്യമാക്കുന്ന ഒരു പൊതുസേവനമായി പ്രഖ്യാപിക്കുക എന്നിവ നടപ്പിലാക്കാന്‍ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടു.

കൂടാതെ, 2026 മാര്‍ച്ച് 13ന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കൈമാറിയ 'ഇന്ത്യയിലെ ലൈവ് ഇവന്റുകള്‍ക്കുള്ള ലൈസന്‍സിംഗും അനുമതികളും കാര്യക്ഷമമാക്കുന്നതിനുള്ള മാതൃകാ എക്‌സിക്യൂട്ടീവ് ഉത്തരവ്' (MEO) ഇതുവരെ അഞ്ച് സംസ്ഥാനങ്ങള്‍ നടപ്പിലാക്കിയതായി അറിയിച്ചു. LEDCയിലെ അംഗമായ മഹാരാഷ്ട്ര ഈ ഉത്തരവ് (MEO) അംഗീകരിക്കുകയും അതിന്റെ നടത്തിപ്പിനെക്കുറിച്ച് അവതരണം നടത്തുകയും ചെയ്തു. ബാക്കിയുള്ള സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഇത് നടപ്പിലാക്കുന്ന നടപടികള്‍ വേഗത്തിലാക്കാന്‍ അഭ്യര്‍ത്ഥിച്ചു. വിദേശ കലാകാരന്മാര്‍ക്ക് ഹ്രസ്വകാലത്തേക്ക് ഇന്ത്യയില്‍ താമസിക്കുന്നതിനുള്ള FRRO പുനര്‍രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങള്‍ ആഭ്യന്തര മന്ത്രാലയം ലഘൂകരിച്ചതായും യോഗത്തില്‍ അറിയിച്ചു.

വിവിധ കേന്ദ്ര മന്ത്രാലയങ്ങള്‍ ഈ മേഖലയ്ക്കായി ചെയ്യേണ്ട സഹായങ്ങളും ചര്‍ച്ച ചെയ്തു. വിദേശ കലാകാരന്മാര്‍ക്കും ക്രൂ അംഗങ്ങള്‍ക്കും ഗ്രൂപ്പ് വിസ നല്‍കുക, ഷോ ഉപകരണങ്ങള്‍ക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കുക, നൈപുണ്യ വികസന മന്ത്രാലയം വഴി ലൈവ് എന്റര്‍ടൈന്‍മെന്റ് കഴിവുകള്‍ നാഷണല്‍ സ്‌കില്‍ ക്വാളിഫിക്കേഷന്‍ ഫ്രെയിംവര്‍ക്കില്‍ ഉള്‍പ്പെടുത്തുക, പരിശീലന കേന്ദ്രങ്ങളും അപ്രന്റീസ്ഷിപ്പ് പ്രോഗ്രാമുകളും ആരംഭിക്കുക, വിനോദസഞ്ചാര മന്ത്രാലയം ഇന്ത്യയെ 'ഇവന്റ് ടൂറിസം ഹബ്ബ്' ആയി പ്രോത്സാഹിപ്പിക്കുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ ജി.എസ്.ടി നിരക്കുകള്‍ ലളിതമാക്കുക, സി.എസ്.ആര്‍ ഫണ്ടുകള്‍ ലഭ്യമാക്കുക, വി.ജി.എഫ്  വഴി പശ്ചാത്തല സൗകര്യങ്ങള്‍ക്ക് വായ്പ നല്‍കുക, ഈ മേഖലയെ എം.എസ്.എം.ഇ ആയി അംഗീകരിക്കുക തുടങ്ങിയ സാമ്പത്തിക ആനുകൂല്യങ്ങളും നിര്‍ദ്ദേശിച്ചു.

കൂടാതെ, ഒന്നിലധികം അവകാശ സമൂഹങ്ങളില്‍ നിന്നുള്ള ഓവര്‍ലാപ്പിംഗ് ആവശ്യങ്ങള്‍ മാറ്റിസ്ഥാപിക്കുന്നതിന് അറിയിപ്പ് താരിഫുകളുള്ള ഒരു ദേശീയ സംഗീത ലൈസന്‍സ്, 2000ലെ ശബ്ദ മലിനീകരണ  നിയമങ്ങള്‍ പ്രകാരം അറിയിച്ച വിനോദ മേഖലകള്‍, അന്താരാഷ്ട്ര കലാകാരന്മാര്‍ക്കുള്ള പേയ്‌മെന്റുകള്‍ക്കുള്ള വിദേശ പണമടയ്ക്കലുകളുടെ പരിധിയില്‍ ഇളവ് എന്നിവ ഉള്‍പ്പെടെയുള്ള അടുത്ത തലമുറ പരിഷ്‌കാരങ്ങളെക്കുറിച്ച് എല്‍ഇഡിസി ചര്‍ച്ച ചെയ്തു.

മുന്‍കൂട്ടി അംഗീകാരം ലഭിച്ച വേദികളുടെ കാര്യത്തില്‍, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവ തങ്ങളുടെ കീഴിലുള്ള വേദികളില്‍ ലൈവ് ഇവന്റുകള്‍ സംഘടിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗരേഖകള്‍  പുറപ്പെടുവിച്ചിട്ടുണ്ടെന്ന് അറിയിച്ചു. പ്രമുഖ വേദികള്‍ക്ക് മുന്‍കൂട്ടി അനുമതി നല്‍കുന്നതിലൂടെ, ഓരോ പരിപാടിക്കുമായി സംഘാടകര്‍ വീണ്ടും വീണ്ടും അനുമതി തേടേണ്ട സാഹചര്യം ഒഴിവാകും.

പ്രത്യേക ആവശ്യങ്ങള്‍ക്കായി രൂപകല്‍പ്പന ചെയ്ത വേദികളുടെ (purpose-built venues) കുറവ് പരിഹരിക്കുന്നതിനായി 'ബ്രൗണ്‍ഫീല്‍ഡ്', 'ഗ്രീന്‍ഫീല്‍ഡ്' വേദി വികസനത്തിനുള്ള ചട്ടക്കൂട് LEDC അവലോകനം ചെയ്തു. ഈ കരട് ചട്ടക്കൂടിന്മേല്‍ ഔദ്യോഗിക അഭിപ്രായങ്ങള്‍ അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോടും വ്യവസായ മേഖലയിലെ പങ്കാളികളോടും കായിക അതോറിറ്റികളോടും അഭ്യര്‍ത്ഥിച്ചു. സംസ്ഥാനങ്ങള്‍ ഇത്തരം വേദികള്‍ കണ്ടെത്തി വികസിപ്പിക്കുക, നിശ്ചിത ശേഷിക്ക് മുകളിലുള്ള ലൈവ് ഇവന്റ് പ്രകടന വേദികളെ അടിസ്ഥാന സൗകര്യ വികസന ഉപമേഖലകളുടെ ഏകീകൃത പട്ടികയില്‍ ഉള്‍പ്പെടുത്തുക, 'വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗ്' പദ്ധതി വഴി പ്രൊജക്റ്റ് പിന്തുണ നല്‍കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ഇതില്‍ ചര്‍ച്ച ചെയ്യപ്പെട്ടു.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍ (IIMC) വൈസ് ചാന്‍സലര്‍ അധ്യക്ഷനായ 'ലൈവ് ഇവന്റ് സ്‌കില്ലിംഗ് കമ്മിറ്റി', നൈപുണ്യ വികസന പാഠ്യപദ്ധതിയുടെ പുരോഗതി അവതരിപ്പിച്ചു. IIMC, MESC, EEMA എന്നിവ തമ്മിലുള്ള ധാരണാപത്രം, ലൈവ് ഇവന്റുകളുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റ്, ഹ്രസ്വകാല കോഴ്‌സുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ തങ്ങളുടെ നൈപുണ്യ വികസന കേന്ദ്രങ്ങളിലൂടെ ഈ മൊഡ്യൂളുകള്‍ നടപ്പിലാക്കാന്‍ യോഗത്തില്‍ നിര്‍ദ്ദേശമുണ്ടായി. കൂടാതെ, ലൈവ് ഇവന്റുകളിലും സംഗീത പരിപാടികളിലും സ്ത്രീകളുടെയും ഭിന്നശേഷിക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മാര്‍ഗ്ഗരേഖകളും, പരിസ്ഥിതി സൗഹൃദ സംഗീത പരിപാടികള്‍ക്കായുള്ള 'ഗ്രീന്‍ കോണ്‍സേര്‍ട്ട് പ്രോട്ടോക്കോളും' വ്യവസായ മേഖലയുടെ പിന്തുണയോടെ WAVES 2027-ല്‍ അവതരിപ്പിക്കണമെന്നും നിര്‍ദ്ദേശിക്കപ്പെട്ടു.

ഇന്ത്യയിലെ ലൈവ് ഇവന്റ് മേഖലയ്ക്ക് അനുകൂലവും വളര്‍ച്ചയ്ക്ക് അനുയോജ്യവുമായ ഒരു അന്തരീക്ഷം കെട്ടിപ്പടുക്കുന്നതിനായി എല്ലാ പങ്കാളികളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള തങ്ങളുടെ പ്രതിജ്ഞാബദ്ധത അടിവരയിട്ടുകൊണ്ട് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം യോഗം അവസാനിപ്പിച്ചു.

****


( റിലീസ് ഐ.ഡി: 2320481) സന്ദര്‍ശക കൗണ്ടര്‍ : 10