ആഭ്യന്തരകാര്യ മന്ത്രാലയം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 25 വര്‍ഷത്തെ സേവനവും സമര്‍പ്പണവും പൂര്‍ത്തിയായ വേളയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയും സഹകരണ മന്ത്രിയുമായ അമിത് ഷാ അദ്ദേഹത്തെ അഭിനന്ദിച്ചു
പോസ്റ്റഡ് ഓണ്‍:
07 OCT 2026 4:47PM by PIB Thiruvananthpuram
കേന്ദ്ര ആഭ്യന്തര മന്ത്രിയും സഹകരണ മന്ത്രിയുമായ അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 25 വര്‍ഷത്തെ സേവനവും സമര്‍പ്പണവും പൂര്‍ത്തിയായ വേളയില്‍ ഇന്ന് അദ്ദേഹത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ അറിയിച്ചു.
'തളരാത്ത കഠിനാധ്വാനം, ശ്രദ്ധേയമായ നിശ്ചയദാര്‍ഢ്യം, രാഷ്ട്രത്തിന് പ്രഥമ പരിഗണന നല്‍കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശ തത്ത്വം എന്നിവയാല്‍ അടയാളപ്പെടുത്തിയ, സേവനത്തിന്റെയും സമര്‍പ്പണത്തിന്റെയും 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ പ്രശസ്തനായ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിജിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. 2001 ഒക്ടോബര്‍ 7-ന് ഈ ദിവസമാണ് മോദിജി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. അന്നുമുതല്‍, മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും അദ്ദേഹത്തിന്റെ ഭരണകാലയളവില്‍ നീളുന്ന സേവനത്തിന്റെയും പോരാട്ടത്തിന്റെയും സമര്‍പ്പണത്തിന്റെയും തുടര്‍ച്ചയായ യാത്ര പാവപ്പെട്ടവരുടെ ക്ഷേമം, സ്ത്രീ ശാക്തീകരണം, യുവാക്കളുടെ ഉന്നമനം, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും സമൃദ്ധി എന്നിവയുടെ പര്യായമായി മാറി. ഈ #25YearsOfSeva-യിലൂടെ പൊതുജനക്ഷേമ നയങ്ങള്‍, ഫലപ്രദമായ നിര്‍വ്വഹണം, നിര്‍ണ്ണായക നേതൃത്വം, സുതാര്യത, സുനിശ്ചിതമായ ഫലങ്ങള്‍ എന്നിവയാല്‍ സവിശേഷമായ ഭരണനിര്‍വ്വഹണത്തെ മോദിജി പുനര്‍നിര്‍വ്വചിച്ചു; അങ്ങനെ 'പ്രകടനത്തിന്റെ രാഷ്ട്രീയം' (politics of performance) എന്ന മാതൃക അദ്ദേഹം സ്ഥാപിച്ചു.'എക്സില്‍(X) കുറിച്ച തുടര്‍ച്ചയായ പോസ്റ്റുകളിലൂടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു:
'ഭൂകമ്പത്തില്‍ തകര്‍ന്ന കച്ചിനെ മുഖ്യമന്ത്രി എന്ന നിലയില്‍ മോദിജി മാതൃകാപരമായ ഒരു പ്രദേശമായി പുനര്‍നിര്‍മ്മിച്ചു; ജ്യോതിഗ്രാം യോജനയിലൂടെ എല്ലാ ഗ്രാമങ്ങളിലും 24 മണിക്കൂറും വൈദ്യുതി ലഭ്യത ഉറപ്പാക്കി; സൗരോര്‍ജ്ജത്തിലൂടെയും 'വൈബ്രന്റ് ഗുജറാത്ത്' പദ്ധതിയിലൂടെയും നിക്ഷേപത്തിനും വ്യവസായത്തിനും പുതിയൊരു മാനം നല്‍കി; കൂടാതെ 8 ശതമാനത്തിലധികം കാര്‍ഷിക വളര്‍ച്ചാ നിരക്ക് കൈവരിക്കുകയും ചെയ്തു. അങ്ങനെ ഗുജറാത്തില്‍ അദ്ദേഹം കെട്ടിപ്പടുത്ത സദ്ഭരണ മാതൃക പിന്നീട് രാജ്യത്തിനാകെ അടിത്തറയായി മാറി. പ്രധാനമന്ത്രി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ഭരണകാലത്ത് ഈ കാഴ്ചപ്പാട് കൂടുതല്‍ വിപുലീകരിക്കപ്പെട്ടു. ബഹിരാകാശം മുതല്‍ സമുദ്രങ്ങള്‍ വരെയും, ആഗോള വേദികള്‍ മുതല്‍ ആഭ്യന്തര സുരക്ഷ വരെയും ഉള്ള മേഖലകളില്‍ രാജ്യം പുതിയ നാഴികക്കല്ലുകള്‍ പിന്നിട്ടു. ജനങ്ങളുടെ ജീവിതത്തിലും ഗണ്യമായ മാറ്റങ്ങള്‍ സംഭവിച്ചു - 25 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് മുക്തരായി, അതേസമയം കോടിക്കണക്കിന് കുടുംബങ്ങള്‍ക്ക് സ്ഥിരം ഭവനങ്ങള്‍, 5 ലക്ഷം രൂപ വരെയുള്ള ആരോഗ്യ പരിരക്ഷ, ഉജ്ജ്വല ഗ്യാസ് കണക്ഷനുകള്‍, വീടുകളില്‍ കുടിവെള്ള പൈപ്പ് ലൈനുകള്‍ എന്നിവ ലഭ്യമായി.'ശ്രീ. അമിത് ഷാ പറഞ്ഞു.
'ഇന്ന്, മോദിജിയുടെ നേതൃത്വത്തില്‍, നിര്‍മ്മാണം (manufacturing), ഡിജിറ്റല്‍ പേയ്‌മെന്റുകള്‍, സ്റ്റാര്‍ട്ടപ്പുകള്‍, സെമികണ്ടക്ടറുകള്‍, പ്രതിരോധ ഉല്‍പ്പാദനം, പുനരുപയോഗ ഊര്‍ജ്ജം എന്നീ മേഖലകളില്‍ പുതിയ ഉയരങ്ങള്‍ കീഴടക്കി അതിവേഗം വളരുന്ന ഒരു സമ്പദ്വ്യവസ്ഥയാണ് ഇന്ത്യ. യുദ്ധത്തിന്റെയും അസ്ഥിരതയുടെയും ഈ കാലഘട്ടത്തില്‍, സമാധാനത്തിനും സൗഹാര്‍ദ്ദത്തിനുമുള്ള ഒരു സുപ്രധാന ആഗോള ശബ്ദമായി ഇന്ത്യ ഉയര്‍ന്നുവന്നിരിക്കുന്നു. കോടിക്കണക്കിന് പൗരന്മാരില്‍ ആത്മവിശ്വാസം വളര്‍ത്തിയെടുക്കുന്നതിലൂടെ, മോദിജി വികസിത ഭാരതം എന്ന മന്ത്രം നല്‍കുകയും 2047-ഓടെ എല്ലാ മേഖലകളിലും ഇന്ത്യയെ മുന്നിലെത്തിക്കാനുള്ള നിശ്ചയദാര്‍ഢ്യത്തിന് പ്രേരണ നല്‍കുകയും ചെയ്തു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഈ സേവന സംരംഭങ്ങളില്‍ പങ്കാളികളാകാന്‍ സാധിക്കുന്നത് നമ്മള്‍ ഏവര്‍ക്കും ഭാഗ്യവും അഭിമാനവുമാണ്.'കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.
*****
( റിലീസ് ഐ.ഡി: 2320328)
സന്ദര്‍ശക കൗണ്ടര്‍ : 5