ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര ആരോഗ്യ മന്ത്രി ശ്രീ. ജെ.പി. നദ്ദ ജോഷ് (JOSH) ടീമുകളുടെ ദേശീയതല ഉദ്ഘാടനം നാളെ ഭാരത് മണ്ഡപത്തില്‍ നിര്‍വഹിക്കും

പോസ്റ്റഡ് ഓണ്‍: 07 OCT 2026 10:05AM by PIB Thiruvananthpuram
ക്ഷയരോഗത്തിനെതിരായ (TB) ഇന്ത്യയുടെ പോരാട്ടത്തില്‍ ജനപങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവെപ്പായി, കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം, യുവജനകാര്യ-കായിക മന്ത്രാലയം, പ്രതിരോധ മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെ 'ജോഷ്' (JOSH - ജോയിന്റ്  സ്‌ക്വാഡ് ഫോര്‍ ഹെല്‍ത്ത്) ടീമുകള്‍ക്ക് 2026 ഒക്ടോബര്‍ 8-ന് ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ തുടക്കം കുറിക്കും. ആദ്യ ഘട്ടത്തില്‍, യുവജനങ്ങളുടെ നേതൃത്വത്തിലുള്ള ജനകീയ മുന്നേറ്റം  ശക്തിപ്പെടുത്തുന്നതിനും 'ക്ഷയരോഗമുക്ത ഭാരതം' എന്ന സന്ദേശം താഴെത്തട്ടിലേക്ക് എത്തിക്കുന്നതിനുമായി 11 സംസ്ഥാനങ്ങളിലെ 55 ജില്ലകളിലാണ് ജോഷ് ടീമുകളെ വിന്യസിക്കുന്നത്.

കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ, രാസവസ്തു-വളം മന്ത്രി ശ്രീ. ജഗത് പ്രകാശ് നദ്ദ 'ജോഷ്' (JOSH) ടീമുകളുടെ ദേശീയതല ഉദ്ഘാടനത്തിന് നേതൃത്വം നല്‍കും. കേന്ദ്ര തൊഴില്‍-യുവജനകാര്യ കായിക മന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ, പ്രതിരോധ സഹമന്ത്രി ശ്രീ. സഞ്ജയ് സേഠ്, ഡല്‍ഹി മുഖ്യമന്ത്രി ശ്രീമതി രേഖാ ഗുപ്ത എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.  ബന്ധപ്പെട്ട മന്ത്രാലയങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കാളികളും, ജനപ്രതിനിധികള്‍, ക്ലാസ്-1 ഉദ്യോഗസ്ഥര്‍, 'മേരാ യുവ ഭാരത്' (മൈ ഭാരത്) വോളണ്ടിയര്‍മാര്‍, എന്‍.സി.സി കേഡറ്റുകള്‍, ഇന്ത്യയുടെ ക്ഷയരോഗ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട മറ്റ് പങ്കാളികള്‍ എന്നിവര്‍ ഈ ചടങ്ങില്‍ ഒത്തുചേരും.

 


'ടിബി മുക്ത് ഭാരത് അഭിയാന്റെ' പ്രധാന നാഴികക്കല്ലുകള്‍ എടുത്തുകാണിക്കുന്ന വീഡിയോ പ്രദര്‍ശനവും തുടര്‍ന്ന് ജോഷ് ടീമുകളുടെ ഔദ്യോഗിക ഉദ്ഘാടനവും ചടങ്ങില്‍ നടക്കും. ടിബി മുക്ത് ഭാരത് അഭിയാന്റെ  പുതിയ വിവര-വിദ്യാഭ്യാസ-ആശയവിനിമയ (IEC) സാമഗ്രികളും ചടങ്ങില്‍ പുറത്തിറക്കും. കൂടാതെ, ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനത്തിനായുള്ള ദേശീയ ശ്രമങ്ങളില്‍ പൊതുജന അവബോധം, സാമൂഹിക ഇടപെടല്‍, ജനപങ്കാളിത്തം എന്നിവ ശക്തിപ്പെടുത്തുന്നതിനായി രൂപകല്‍പ്പന ചെയ്ത 'ഖുശി അവതാര്‍' എന്ന നിര്‍മ്മിതബുദ്ധി (AI) അധിഷ്ഠിത ചാറ്റ്‌ബോട്ടും ചടങ്ങില്‍ പുറത്തിറക്കും.

താഴെത്തട്ടിലെ  ക്ഷയരോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സംഘടിത യുവജന പങ്കാളിത്തം

ഇന്ത്യയിലെ യുവജനങ്ങളുടെ ഊര്‍ജ്ജവും സ്വാധീനവും ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനത്തിനായുള്ള സംഘടിത ജനകീയ പ്രവര്‍ത്തനങ്ങളാക്കി മാറ്റുന്നതിനുള്ള ഘടനാപരമായ സംവിധാനമായാണ് 'ജോഷ്' (JOSH) ടീമുകള്‍ വിഭാവനം ചെയ്തിട്ടുള്ളത്. ക്ലാസ്-1  ഉദ്യോഗസ്ഥര്‍, 'മേരാ യുവ ഭാരത്' (മൈ ഭാരത്) വോളണ്ടിയര്‍മാര്‍, എന്‍.സി.സി കേഡറ്റുകള്‍ എന്നിവരെ ഒരൊറ്റ കുടക്കീഴില്‍ അണിനിരത്തുന്ന ഈ ടീമുകള്‍, ഭരണപരമായ നേതൃത്വത്തെ മൈ ഭാരതിന്റെയും എന്‍.സി.സിയുടെയും വിപുലമായ യുവജന ശൃംഖലകളുമായും ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള സമ്പര്‍ക്ക ശേഷികളുമായും സമന്വയിപ്പിക്കുന്നു.

ബ്ലോക്ക്/വാര്‍ഡ് തലങ്ങളിലും സമൂഹതലങ്ങളിലും ജനപങ്കാളിത്തം ശക്തിപ്പെടുത്തുന്നതിലായിരിക്കും ആദ്യ ഘട്ടത്തില്‍ പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 'ക്ഷയരോഗമുക്ത ഭാരതം' എന്ന സന്ദേശം ആരോഗ്യ കേന്ദ്രങ്ങള്‍ക്കപ്പുറത്തേക്ക് വ്യാപിപ്പിച്ച് ആളുകള്‍ ജീവിക്കുകയും ജോലി ചെയ്യുകയും പരസ്പരം ഇടപഴകുകയും ചെയ്യുന്ന ഇടങ്ങളിലേക്ക് നേരിട്ട് എത്തിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

സാമൂഹിക സമ്പര്‍ക്കത്തിലൂടെയും ഇടപെടലുകളിലൂടെയും, ക്ഷയരോഗ ലക്ഷണങ്ങള്‍, രോഗപ്രതിരോധം, കൃത്യസമയത്തുള്ള രോഗനിര്‍ണയം, ചികിത്സ പൂര്‍ത്തിയാക്കല്‍ എന്നിവയെക്കുറിച്ചുള്ള സുപ്രധാന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിന് ജോഷ് ടീമുകള്‍ പിന്തുണ നല്‍കും. കൂടാതെ, ക്ഷയരോഗത്തെക്കുറിച്ചുള്ള അന്ധവിശ്വാസങ്ങളും തെറ്റിദ്ധാരണകളും ദൂരീകരിക്കാനും, രോഗവുമായി ബന്ധപ്പെട്ട സാമൂഹിക വിവേചനം ഇല്ലാതാക്കാനും, ദേശീയ ക്ഷയരോഗ നിര്‍മ്മാര്‍ജ്ജന യജ്ഞത്തില്‍ വ്യക്തികളെയും കുടുംബങ്ങളെയും സമൂഹത്തെയും സജീവമായി പങ്കാളികളാക്കാനും ഈ ടീമുകള്‍ സഹായിക്കും.

അവബോധം സൃഷ്ടിക്കല്‍, സാമൂഹിക മുന്നേറ്റം, ജനകീയ പങ്കാളിത്തം എന്നിവയിലേക്ക് സംഭാവന ചെയ്യാന്‍ യുവജനങ്ങള്‍ക്ക് വ്യക്തമായ ഒരു വേദി ഒരുക്കിക്കൊണ്ട്, ക്ഷയരോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അവരെ സജീവ പങ്കാളികളാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ക്ലാസ്-1 ഉദ്യോഗസ്ഥര്‍, മൈ ഭാരത് വോളണ്ടിയര്‍മാര്‍, എന്‍.സി.സി കേഡറ്റുകള്‍ എന്നിവരുടെ ഈ സംയോജിത പ്രവര്‍ത്തനം സര്‍ക്കാര്‍ പദ്ധതികളും താഴെത്തട്ടിലുള്ള ജനങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തും.

ജനപങ്കാളിത്തത്തിന്റെ (ജന്‍ ഭാഗീദാരി) കരുത്ത് പ്രയോജനപ്പെടുത്തുന്നു

ഇന്ത്യയുടെ ക്ഷയരോഗ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളിലെ സുപ്രധാന സ്തംഭമായ ജനപങ്കാളിത്തത്തിന്  (ജന്‍ ഭാഗീദാരി) നല്‍കിവരുന്ന പ്രാധാന്യം മുന്‍നിര്‍ത്തിയാണ് 'ജോഷ്' (JOSH) ടീംസ് എന്ന സംരംഭം രൂപീകരിച്ചിരിക്കുന്നത്. 2025-ല്‍, 697 ജില്ലകളിലായി 67,933 പഞ്ചായത്തുകള്‍ ക്ഷയരോഗമുക്തമായി അംഗീകരിക്കപ്പെട്ടു. ആരോഗ്യ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, പ്രദേശവാസികള്‍, വോളണ്ടിയര്‍മാര്‍ എന്നിവരുടെ കൂട്ടായ പരിശ്രമമാണ് ദേശീയ ക്ഷയരോഗ നിര്‍മ്മാര്‍ജ്ജന ലക്ഷ്യം മുന്നോട്ട് കൊണ്ടുപോകുന്നതിന് സഹായകമായത്.

ക്ഷയരോഗ നിര്‍മ്മാര്‍ജ്ജന സന്ദേശം സമൂഹത്തിലെ ഓരോ വ്യക്തിയിലേക്കും എത്തിക്കുന്നതിന് പ്രാദേശിക നേതൃത്വം, സമൂഹത്തിന്റെ ഉത്തരവാദിത്തബോധം, സുസ്ഥിരമായ പങ്കാളിത്തം എന്നിവയുടെ പ്രാധാന്യം ഈ നേട്ടം അടിവരയിടുന്നു. ക്ഷയരോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ബോധവല്‍ക്കരണവും ജനകീയ മുന്നേറ്റവും സാമൂഹിക പങ്കാളിത്തവും കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി യുവജനങ്ങളുടെ ഊര്‍ജ്ജവും ജനങ്ങളിലേക്ക് എത്തിച്ചേരാനുള്ള ശേഷിയും സാമൂഹിക ശൃംഖലകളും പ്രയോജനപ്പെടുത്തിക്കൊണ്ട് ജോഷ് ടീമുകള്‍ 'ജന്‍ ഭാഗീദാരി' എന്ന ഈ ആശയത്തിന് കൂടുതല്‍ കരുത്തേകും.

സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും സമഗ്ര പങ്കാളിത്ത സമീപനം

ആരോഗ്യം, യുവജനകാര്യം, പ്രതിരോധം എന്നീ മേഖലകളിലെ സ്ഥാപനപരമായ കരുത്തും സമൂഹങ്ങളിലേക്ക് എത്തിച്ചേരാനുള്ള ശൃംഖലകളും  ഏകോപിപ്പിച്ചുകൊണ്ട്, ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനത്തിനായുള്ള സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും സമഗ്രമായ സമീപനത്തെയാണ് 'ജോഷ്' (JOSH) ടീമുകള്‍ പ്രതിഫലിപ്പിക്കുന്നത്.

കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം പൊതുജനാരോഗ്യവും ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനവും സംബന്ധിച്ച സമഗ്രമായ ചട്ടക്കൂട് ഒരുക്കുമ്പോള്‍, യുവജനകാര്യ-കായിക മന്ത്രാലയം 'മൈ ഭാരത്' വോളണ്ടിയര്‍മാരുടെയും, പ്രതിരോധ മന്ത്രാലയം എന്‍.സി.സി കേഡറ്റുകളുടെയും പങ്കാളിത്തം ഉറപ്പാക്കും. ഇതിലൂടെ പ്രാദേശിക തലത്തിലുള്ള ജനകീയ മുന്നേറ്റങ്ങളിലും സമൂഹങ്ങളിലേക്ക് എത്തിച്ചേരുന്ന പ്രവര്‍ത്തനങ്ങളിലും അവര്‍ക്ക് സജീവമായി ഇടപെടാന്‍ സാധിക്കും.

വിവിധ മന്ത്രാലയങ്ങളും മേഖലകളും തമ്മിലുള്ള ഏകോപനത്തിന് സര്‍ക്കാര്‍ നല്‍കിവരുന്ന തുടര്‍ച്ചയായ ഊന്നലിനെയാണ് ഈ സംരംഭം പ്രതിഫലിപ്പിക്കുന്നത്. വിവിധ സ്ഥാപനങ്ങളുടെയും സമൂഹങ്ങളുടെയും ശൃംഖലകളെ ഒരുമിപ്പിച്ചുകൊണ്ട് ഒരു പൊതുവായ ദേശീയ ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കാന്‍ ഈ സംരംഭം വഴിയൊരുക്കുന്നു.

വിവിധ മന്ത്രാലയങ്ങള്‍, സംസ്ഥാനങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, യുവജനങ്ങള്‍, പൊതുജനങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഏകോപിത പ്രവര്‍ത്തനങ്ങളിലൂടെ ക്ഷയരോഗത്തിനെതിരെ ജനകേന്ദ്രീകൃതവും പങ്കാളിത്തത്തില്‍ അധിഷ്ഠിതവും സമൂഹത്തിന്റെ നേതൃത്വത്തിലുള്ളതുമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്താനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളിലെ മറ്റൊരു സുപ്രധാന ചുവടുവെപ്പാണ് ജോഷ് ടീമുകളുടെ ഉദ്ഘാടനം.

താഴെത്തട്ടിലെ ഇടപെടല്‍ കൂടുതല്‍ ശക്തിപ്പെടുത്തിയും വിപുലമായ ജനപങ്കാളിത്തത്തിലൂടെയും (ജന്‍ ഭാഗീദാരി), 'ക്ഷയരോഗമുക്ത ഭാരതം' കെട്ടിപ്പടുക്കാനുള്ള കൂട്ടായ ദൃഢനിശ്ചയത്തിന് ജോഷ് ടീമുകള്‍ കൂടുതല്‍ കരുത്തുപകരും.
 

******


( റിലീസ് ഐ.ഡി: 2320311) സന്ദര്‍ശക കൗണ്ടര്‍ : 4