ഷിപ്പിങ് മന്ത്രാലയം
azadi ka amrit mahotsav

സ്വാതന്ത്ര്യലബ്ധിക്കുശേഷം ആദ്യമായി ദിബ്രുഗഡിലെ ബോഗിബീലിൽ നിന്ന് ബംഗ്ലാദേശിലേക്ക് അന്താരാഷ്ട്ര ചരക്കുസേവനം ആരംഭിച്ചു

പോസ്റ്റഡ് ഓണ്‍: 05 OCT 2026 4:02PM by PIB Thiruvananthpuram

 

സ്വാതന്ത്ര്യത്തിനു ശേഷം ആദ്യമായി അസമിലെ ദിബ്രുഗഡിലുള്ള ബോഗിബീൽ ടെർമിനലിൽ നിന്ന് ബംഗ്ലാദേശിലെ ധാക്കയിലേക്ക് അന്താരാഷ്ട്ര ചരക്കുസേവനം ആരംഭിച്ചു. 540 മെട്രിക് ടൺ മെഥനോളുമായി പോകുന്ന 'ഡി.എൽ.ബി പട്കായ്'  എന്ന ചരക്കുകപ്പൽ  കേന്ദ്ര തുറമുഖ-ഷിപ്പിംഗ്-ജലപാത മന്ത്രി സർബാനന്ദ സോണോവാൾ ബോഗിബീലിൽ നിന്ന് ഫ്ലാഗ് ഓഫ് ചെയ്തു. 'കുശാൽ കൊൻവാർ' എന്ന ടഗ്ഗ് ബോട്ടിന്റെ സഹായത്തോടെയാണ് കപ്പൽ യാത്ര തിരിച്ചത് .അസം മുഖ്യമന്ത്രി ഡോ. ഹിമന്ത ബിശ്വ ശർമ്മ ചടങ്ങിൽ വെർച്വലായി പങ്കെടുത്തു.1947-ൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം, അപ്പർ അസമിൽ നിന്ന് ഒരു വിദേശ തുറമുഖത്തേക്ക് അയക്കുന്ന ആദ്യത്തെ ചരക്ക് നീക്കമാണിത്; ഏതാണ്ട് 70 വർഷങ്ങൾക്കു ശേഷമാണ് പ്രദേശത്തെ റിവർ ഘട്ട് വഴി വിദേശ രാജ്യത്തിലേക്ക് അന്താരാഷ്ട്ര ചരക്കുനീക്കം പുനരാരംഭിക്കുന്നത്.


നാംരൂപിലെ പൊതുമേഖലാ സ്ഥാപനമായ അസം പെട്രോ കെമിക്കൽസ് ലിമിറ്റഡ് ഉത്പാദിപ്പിച്ച മെഥനോളാണ് ബംഗ്ലാദേശിലെ ധാക്കയിലുള്ള പാൻഗാവ് തുറമുഖത്തേക്ക് കയറ്റി അയക്കുന്നത്. ബ്രഹ്മപുത്ര നദിയിലെ ദേശീയ ജലപാത-2 വഴി ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി വരെ 768 കിലോമീറ്റർ സഞ്ചരിക്കുന്ന കപ്പൽ, തുടർന്ന് ഇൻഡോ-ബംഗ്ലാദേശ് പ്രോട്ടോക്കോൾ റൂട്ട് വഴിയാണ് യാത്ര തുടരുക. ബോഗിബീലിൽ നിന്ന് ധാക്കയിലെ നാരായൺഗഞ്ചിലേക്ക് ആകെ 1,300 കിലോമീറ്ററാണ് യാത്രാദൂരം.

വടക്കുകിഴക്കൻ മേഖലയെ വിദേശ വിപണികളുമായി ബന്ധിപ്പിക്കുന്ന, വാണിജ്യപരമായി ലാഭകരമായ ഒരു ചരക്ക് ഗതാഗത പാതയായി ബ്രഹ്മപുത്ര നദിക്ക് പ്രവർത്തിക്കാൻ കഴിയുമോ എന്നറിയാനുള്ള ഒരു പരീക്ഷണമായാണ് ഈ യാത്രയെ കാണുന്നത്. ബംഗ്ലാദേശിലേക്ക് പതിവായി മെഥനോൾ കയറ്റുമതി ചെയ്യാൻ പദ്ധതിയുണ്ട്. ബോഗിബീലിലും ധുബ്രിയിലും അടുത്തിടെ കസ്റ്റംസ്, ഇമിഗ്രേഷൻ കേന്ദ്രങ്ങൾ സ്ഥാപിച്ചതോടെയാണ് ഈ ചരക്ക് നീക്കം സാധ്യമായത്.

"ഞങ്ങളുടെ മുത്തശ്ശീ മുത്തശ്ശന്മാർ വളർന്നത് ദിബ്രുഗഡ് ഘാട്ടിലെ സ്റ്റീമർ വിസിൽ കേട്ടുകൊണ്ടാണ്. 70 വർഷത്തോളം ആ വിസിൽ ശബ്ദം നിലയ്ക്കുകയും കപ്പലുകളുടെ വരവ് അവസാനിക്കുകയും ചെയ്തു,"ചടങ്ങിൽ സംസാരിക്കവെ കേന്ദ്രമന്ത്രി സർബാനന്ദ സോണോവാൾ പറഞ്ഞു."ഇന്ന്,ദിബ്രുഗഡിൽ നിന്ന് ലോകത്തേക്കായി ഒരു കപ്പൽ വീണ്ടും യാത്ര തിരിക്കുന്നു. നദി ഒരിക്കലും നമ്മളെ കൈവിട്ടിട്ടില്ല.പതിറ്റാണ്ടുകളായി അതിന് ആവശ്യമായിരുന്നത് അതിനെ പുനരുജ്ജീവിപ്പിക്കാനുള്ള ഇച്ഛാശക്തി മാത്രമായിരുന്നു."അദ്ദേഹം പറഞ്ഞു .

"അസമിന്റെ സ്വന്തം നദിയിലൂടെ, നാംരൂപിൽ നിർമ്മിച്ച അസമിന്റെ സ്വന്തം ഉത്പന്നം ഒരു അന്താരാഷ്ട്ര വിപണിയിലേക്ക് യാത്രതിരിക്കുകയാണ്; ഇത് അസമിന് അഭിമാന നിമിഷമാണ്," അസം മുഖ്യമന്ത്രി ഡോ. ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. വടക്കുകിഴക്കൻ മേഖല ഇനി ഒരു അതിർത്തി പ്രദേശം മാത്രമല്ലെന്നും, കിഴക്കൻ രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ കവാടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ ചരക്കുനീക്കം ഒരു തുടക്കം മാത്രമാണെന്ന് കേന്ദ്രമന്ത്രി സർബാനന്ദ സോണോവാൾ വ്യക്തമാക്കി. "ഇതൊരു ആദ്യ യാത്ര മാത്രമാണ്, അവസാനത്തേതല്ല," അദ്ദേഹം പറഞ്ഞു."അസമിലെ യുവാക്കളോട് എനിക്ക് പറയാനുള്ളത്, ഈ നദിയെ ഹൃദയത്തോട് ചേർത്ത്പിടിച്ച് സ്വപ്നം കാണാനാണ്. ലോകം ഇനി വിദൂരത്തല്ല, അത് നമ്മുടെ നദീതീരത്ത് തന്നെയുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ, 'ഇന്ത്യയുടെ തേയില തലസ്ഥാനം' എന്നറിയപ്പെടുന്ന ദിബ്രുഗഡ് ഒരുകാലത്ത് തങ്ങൾക്കുണ്ടായിരുന്ന മികച്ച നദീതുറമുഖമെന്ന പ്രതാപം വീണ്ടെടുക്കുകയാണ്. പാരമ്പര്യം കാത്തുസൂക്ഷിച്ചുകൊണ്ട് തന്നെ ലോകോത്തര നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങളാണ് നമ്മളിവിടെ ഒരുക്കുന്നത്. 1956-ൽ നിശ്ചലമായ ആ സ്റ്റീമർ വിസിൽ ശബ്ദം ഇന്ന് വീണ്ടും മുഴങ്ങിക്കേൾക്കുന്നു," ശ്രീ  സോണോവാൾ ആവേശത്തോടെ പറഞ്ഞു.

ഒരുകാലത്ത് കിഴക്കൻ ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ നദീതുറമുഖങ്ങളിൽ ഒന്നായിരുന്നു ദിബ്രുഗഡ്. 1856 ആയപ്പോഴേക്കും കൽക്കട്ടയിൽ  നിന്നുള്ള സർക്കാർ  സ്റ്റീമറുകൾ ഇവിടെയെത്തിത്തുടങ്ങിയിരുന്നു. 1882-ൽ ദിബ്രുഗഡ്  സ്റ്റീമർ ഘാട്ടിൽ നിന്ന് ദിബ്രു-സാദിയ റെയിൽവേ പ്രവർത്തനം ആരംഭിച്ചു. 1913 ആയപ്പോഴേക്കും തേയിലയും മരങ്ങളും യാത്രക്കാരുമായി ദിവസേന സ്റ്റീമറുകൾ ബ്രഹ്മപുത്ര നദിയിലൂടെ   ദിബ്രുഗഡിലേക്ക് സർവീസ് നടത്തിയിരുന്നു.


1947-ലെ വിഭജനം ആ പാത തടസ്സപ്പെടുത്തുകയും, അസമിലെ ചരക്കുകൾക്ക് കൊൽക്കത്തയിലെത്താൻ കിഴക്കൻ പാകിസ്ഥാനിലൂടെ കടന്നുപോകേണ്ട സാഹചര്യം സൃഷ്ടിക്കുകയും ചെയ്തു. 1950-ലുണ്ടായ ഭൂകമ്പം ദിബ്രുഗഡിലെ നദീതടത്തിന്റെ ഘടനയിൽ മാറ്റം വരുത്തി. 1954-ൽ ദിബ്രുഗഡ് ഘാട്ടിൽ നിന്നുള്ള പതിവ് ബുക്കിംഗുകൾ നിലച്ചു; ചരക്ക് നീക്കം റെയിൽവേയിലേക്ക് മാറിയതോടെ 1956 ഒക്ടോബർ 15-ന് ആ ഘാട്ട് അടച്ചുപൂട്ടി. 1965-ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധം അതിർത്തി കടന്നുള്ള നദീജല വ്യാപാരം തടസ്സപ്പെടുത്തി. 1972-ൽ ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നദീജല വ്യാപാര കരാർ ഒപ്പുവെച്ചു. 1988-ൽ, സദിയ മുതൽ ധുബ്രി വരെയുള്ള ബ്രഹ്മപുത്ര നദിയുടെ 891 കിലോമീറ്റർ ഭാഗം 'ദേശീയ ജലപാത-2' ആയി പ്രഖ്യാപിച്ചു. എന്നാൽ, 2017 ഡിസംബറിൽ പാണ്ഡുവിൽ നിന്ന് ധുബ്രിയിലേക്ക് സിമന്റ് കൊണ്ടുപോകുന്നത് വരെ ഈ ജലപാതയിൽ പതിവ് ചരക്ക് ഗതാഗതം ആരംഭിച്ചിരുന്നില്ല.

"പതിറ്റാണ്ടുകളോളം ആ പ്രതാപം വിസ്‌മൃതിയിലാണ്ടു . പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ, ദിബ്രുഗഡിന് അതിന്റെ അർഹമായ സ്ഥാനം തിരികെ നൽകാനുള്ള ശ്രമങ്ങൾ ഞങ്ങൾ ആരംഭിച്ചു. ബോഗിബീൽ ടെർമിനൽ, കസ്റ്റംസ്-ഇമിഗ്രേഷൻ കോംപ്ലക്സ്, 'ജൽവാഹക്' പദ്ധതിക്ക് കീഴിലുള്ള കൃത്യമായ സമയക്രമമുള്ള ചരക്ക് സേവനങ്ങൾ എന്നിവ ഈ ചരിത്രപ്രസിദ്ധമായ നഗരത്തിന് ആധുനിക സൗകര്യങ്ങളും ലോകോത്തര നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങളും നൽകുന്നു. ദിബ്രുഗഡിനെ മഹത്തരമാക്കിയ പൈതൃകം പുനഃസ്ഥാപിക്കുന്നതിനൊപ്പം തന്നെ ഭാവിയിലേക്കുള്ള വികസനവും ഞങ്ങൾ ഉറപ്പാക്കുന്നു. ഇന്ന്, ദിബ്രുഗഡിൽ നിന്ന് വിദേശ തുറമുഖത്തേക്കുള്ള ചരക്ക് നീക്കം വീണ്ടും ആരംഭിക്കുമ്പോൾ, നഗരത്തിന്റെ അഭിമാനകരമായ ഭൂതകാലവും പ്രതീക്ഷാനിർഭരമായ ഭാവിയും ഒരേ നദിയിൽ സംഗമിക്കുന്നു," ശ്രീ സോണോവാൾ കൂട്ടിച്ചേർത്തു.

തുടർന്ന് ഈ ജലപാതയിലെ ഗതാഗതം വേഗത്തിൽ വളർന്നു. 2022 ഫെബ്രുവരിയിൽ ടാറ്റാ സ്റ്റീലിന്റെ ചരക്കുകപ്പലുകൾ ബംഗ്ലാദേശ് വഴി പാണ്ഡുവിൽ എത്തി. 2023-ൽ വിനോദസഞ്ചാര കപ്പലായ 'എം.വി ഗംഗാ വിലാസ്' വാരാണസിയിൽ നിന്ന് ബംഗ്ലാദേശ് വഴി ദിബ്രുഗഡിലേക്ക് സർവീസ് നടത്തി. 2023 ജൂലൈയിൽ തറക്കല്ലിട്ട ബോഗിബീൽ പാസഞ്ചർ-കാർഗോ ടെർമിനൽ 2024 ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്തു. ചരക്കുനീക്കം പ്രോത്സാഹിപ്പിക്കുന്നതിനുള്ള 'ജൽവാഹക്' പദ്ധതി 2024 ഡിസംബറിലാണ് ആരംഭിച്ചത്.

തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, ഇന്ത്യയിലെ ദേശീയ ജലപാതകളിലൂടെയുള്ള ചരക്ക് നീക്കം 2013-14 സാമ്പത്തിക വർഷത്തിലെ 18 ദശലക്ഷം മെട്രിക് ടണ്ണിൽ നിന്ന് 2025-26-ൽ 218 ദശലക്ഷം മെട്രിക് ടണ്ണായി വർദ്ധിച്ചു. വടക്കുകിഴക്കൻ മേഖലയിലെ ജലപാതകളുടെ വികസനത്തിനായി 6,800 കോടിയലധികം രൂപയാണ് (ഏകദേശം 770 ദശലക്ഷം ഡോളർ) നിക്ഷേപം നടത്തുന്നുണ്ട്; ഇതിൽ ദേശീയ ജലപാത-2  വികസനം, പാണ്ഡുവിലെ കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രം, പാണ്ഡു തുറമുഖത്തേക്കുള്ള അവസാന ഘട്ട ഗതാഗത സൗകര്യം  എന്നിവ ഉൾപ്പെടുന്നു.

"നദിയിലൂടെ കൊണ്ടുപോകുന്ന ഓരോ ടൺ ചരക്കും ഇന്ധന ഉപഭോഗവും ഹൈവേകളിലെ ട്രക്കുകളുടെ എണ്ണവും കുറയ്ക്കുന്നു," സോണോവാൾ പറഞ്ഞു. പ്രാദേശിക ജലപാതാ ബന്ധങ്ങൾക്കായി ഇന്ത്യ ബംഗ്ലാദേശ്, നേപ്പാൾ, ഭൂട്ടാൻ, മ്യാൻമർ എന്നിവയുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇൻലാന്റ് വാട്ടർവേയ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ,അസം പെട്രോ കെമിക്കൽസ്, കൊച്ചിൻ ബങ്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ,ബംഗ്ലാദേശിലെ മറ്റ് പങ്കാളിത്ത സ്ഥാപനങ്ങൾ എന്നിവർ ഈ ചരിത്രപരമായ കപ്പൽ  യാത്രയിൽ പങ്കാളികളായി.

അസം  സംസ്ഥാന മന്ത്രിമാരായ ചരൺ ബോറോ, ബിമൽ ബോറ, സുശാന്ത ബോർഗോഹെയ്ൻ രാജ്യസഭാ എം.പി തെരാഷ് ഗൊവാല ,ദിബ്രുഗഡ്  എംഎൽഎ പ്രശാന്ത ഫുകൻ, ഖോവാങ്  എംഎൽഎ ചക്രധർ ഗൊഗോയ്,  പ്രദേശത്തെ മറ്റ് ജനപ്രതിനിധികൾ ,IWAI ചീഫ് എഞ്ചിനീയർ എ.കെ. ബൻസാൽ, ആസാം പെട്രോ-കെമിക്കൽസ് ചെയർമാൻ ബികുൽ ചന്ദ്ര ഡേക്ക എന്നിവർക്കൊപ്പം  എ.പി.സി.എൽ, ഐ.ഡബ്ല്യു.എ.ഐ, അസം സർക്കാർ എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥരും ഈ ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചു.

***

 

 


( റിലീസ് ഐ.ഡി: 2319369) സന്ദര്‍ശക കൗണ്ടര്‍ : 10
ഈ റിലീസ് വായിക്കുക: Bengali-TR , English , Urdu , हिन्दी , Bengali , Assamese , Tamil , Telugu