ജൽ ശക്തി മന്ത്രാലയം
azadi ka amrit mahotsav

ഗാന്ധി ജയന്തി ദിനത്തിൽ നടന്ന പ്രത്യേക ഗ്രാമസഭയുടെ ഭാഗമായി, ജൽ ജീവൻ മിഷൻ 2.0-യുടെ കീഴിലുള്ള ഗ്രാമീണ ജലവിതരണ സംവിധാനങ്ങളുടെ ജനകീയ ഉടമസ്ഥാവകാശം ശക്തിപ്പെടുത്തുന്നതിനായി രാജ്യത്തുടനീളമുള്ള 1850-ലധികം ഗ്രാമപഞ്ചായത്തുകളിൽ 'ജൽ അർപ്പൺ' ആചരിച്ചു

പോസ്റ്റഡ് ഓണ്‍: 03 OCT 2026 5:16PM by PIB Thiruvananthpuram
ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സംഘടിപ്പിച്ച പ്രത്യേക ഗ്രാമസഭകളുടെ ഭാഗമായി, രാജ്യത്തെ 1,850-ലധികം ഗ്രാമപഞ്ചായത്തുകളിലും ഗ്രാമങ്ങളിലും 'ജൽ അർപ്പൺ' ആചരിച്ചു. ഗ്രാമീണ കുടിവെള്ള വിതരണ സംവിധാനങ്ങളുടെ നടത്തിപ്പ് ജനസമൂഹങ്ങളുടെ കൈകളിലെത്തിക്കുന്ന, ജൽ ജീവൻ മിഷൻ 2.0-യ്ക്ക് കീഴിലുള്ള ഒരു സുപ്രധാന പരിഷ്കാരമാണിത്. പൂർത്തിയായ ഗ്രാമീണ കുടിവെള്ള പദ്ധതികൾ ഗ്രാമപഞ്ചായത്തുകൾക്കും വില്ലേജ് വാട്ടർ ആൻഡ് സാനിറ്റേഷൻ കമ്മിറ്റികൾക്കും (VWSCs) ഔപചാരികമായി കൈമാറുന്നതിലൂടെ, കുടിവെള്ള സേവനങ്ങളുടെ സുസ്ഥിരമായ വിതരണത്തിലേക്കും ജനങ്ങളുടെ നേതൃത്വത്തിലുള്ള നടത്തിപ്പിലേക്കുമുള്ള ദൗത്യത്തിൻ്റെ മാറ്റമാണ് ഇതിലൂടെ വ്യക്തമാകുന്നത്.
 
 
 
 
ഇതാദ്യമായി, അർഹതയുള്ള ഗ്രാമപഞ്ചായത്തുകൾക്കും ഗ്രാമങ്ങൾക്കുമായി പ്രാദേശിക ഭാഷകളിൽ 'ഹർ ഘർ ജൽ' സർട്ടിഫിക്കറ്റുകൾ തയ്യാറാക്കുന്നതിനുള്ള സൗകര്യവും ജൽ അർപ്പൺ മൊഡ്യൂൾ സാധ്യമാക്കി. അത്തരത്തിലുള്ള പഞ്ചായത്തുകൾക്കും ഗ്രാമങ്ങൾക്കുമായി 346 ഹർ ഘർ ജൽ സർട്ടിഫിക്കറ്റുകൾ തയ്യാറാക്കുകയും പ്രാദേശിക ഭാഷകളിൽ വിതരണം ചെയ്യുകയും ചെയ്തു. ഇത് സർട്ടിഫിക്കേഷൻ പ്രക്രിയയെ കൂടുതൽ പ്രാപ്യവും ജനകേന്ദ്രീകൃതവുമാക്കുകയും കുടിവെള്ള സേവനങ്ങളുടെ ജനകീയ ഉടമസ്ഥാവകാശം കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഹിന്ദി, ഇംഗ്ലീഷ് എന്നിവയ്ക്കു പുറമെ അസമീസ്, ബംഗാളി, ബോഡോ, ഗുജറാത്തി, കന്നഡ, കശ്മീരി, കൊങ്കണി, മലയാളം, മണിപ്പൂരി, മറാത്തി, നേപ്പാളി, ഒഡിയ, പഞ്ചാബി, സംസ്കൃതം, തമിഴ്, തെലുങ്ക്, ഉറുദു എന്നിവയുൾപ്പെടെ 17 പ്രാദേശിക ഭാഷകളിൽ ഹർ ഘർ ജൽ സർട്ടിഫിക്കറ്റുകൾ തയ്യാറാക്കാനുള്ള വ്യവസ്ഥ ജൽ അർപ്പൺ മൊഡ്യൂളിൽ നിലവിലുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങളും സർട്ടിഫിക്കേഷനും പ്രാദേശിക ഭാഷയിൽ ലഭിക്കുന്നതിന് ഇത് ജനസമൂഹങ്ങൾക്ക് സൗകര്യമൊരുക്കുന്നു.
 
 
ഇന്ത്യയിലുടനീളമുള്ള ഗ്രാമപഞ്ചായത്തുകൾ, വില്ലേജ് വാട്ടർ ആൻഡ് സാനിറ്റേഷൻ കമ്മിറ്റികൾ, മുൻനിര പ്രവർത്തകർ, വനിതാ സന്നദ്ധപ്രവർത്തകർ, നാട്ടുകാർ എന്നിവരുടെ സജീവ പങ്കാളിത്തത്തോടെയാണ് 'ജൽ അർപ്പൺ' ആഘോഷങ്ങൾ നടന്നത്. നിശ്ചിത ട്രയൽ റൺ കാലയളവിനുശേഷം വിജയകരമായി പ്രവർത്തനസജ്ജമാക്കിയ ഗ്രാമീണ ജലവിതരണ പദ്ധതികൾ അവയുടെ പ്രവർത്തനം, അറ്റകുറ്റപ്പണി, ദീർഘകാല സുസ്ഥിരത എന്നിവയ്ക്കായി ഗ്രാമപഞ്ചായത്തുകൾക്കും VWSC-കൾക്കും ഔപചാരികമായി കൈമാറി. ജൽ സങ്കൽപ്, ജൽ ബന്ധൻ, ഫീൽഡ് ടെസ്റ്റ് കിറ്റുകൾ (FTKs) ഉപയോഗിച്ചുള്ള ജലഗുണനിലവാര പരിശോധനാ പ്രദർശനങ്ങൾ, ബോധവൽക്കരണ പരിപാടികൾ, സമൂഹത്തിന് സംഭാവന നൽകിയവരെ ആദരിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ പല ഗ്രാമങ്ങളിലും സംഘടിപ്പിച്ചു. കുടിവെള്ള സേവനങ്ങളുടെ സുരക്ഷിതത്വവും വിശ്വാസ്യതയും ഉറപ്പാക്കുന്നതിനായി ജലഗുണനിലവാര നിരീക്ഷണവും മേൽനോട്ടവും, സ്രോതസ്സുകളിലെ മഴക്കാലാനന്തര ജലഗുണനിലവാര പരിശോധനയും സംബന്ധിച്ച പ്രവർത്തനങ്ങൾ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഏറ്റെടുത്തിട്ടുണ്ട്. സ്ത്രീകളുടെ സജീവ പങ്കാളിത്തത്തിലൂടെ ജനങ്ങളുടെ നേതൃത്വത്തിലുള്ള ജലഗുണനിലവാര നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തിവരികയാണ്.
 
ജലവിതരണ ആസ്തികളും പൈപ്പ് വഴിയുള്ള കുടിവെള്ള വിതരണ സ്രോതസ്സുകളും ജിയോടാഗ് ചെയ്യുന്ന 'സുജലം ഭാരത്' പദ്ധതിയിലൂടെ ജൽ ജീവൻ മിഷൻ 2.0-യ്ക്ക് കീഴിൽ ഡിജിറ്റൽ ഭരണനിർവഹണവും ആസ്തി പരിപാലനവും ശക്തിപ്പെടുത്തുന്നു. ഇതിൻ്റെ ഭാഗമായി, രാജ്യത്തുടനീളമുള്ള ഏകദേശം 700 സ്രോതസ്സുകൾ ഉൾപ്പെടെ 2,691 ജലവിതരണ ആസ്തികൾ ജിയോടാഗ് ചെയ്തു. ഈ ശ്രമങ്ങൾ കുടിവെള്ള ആസ്തികളുടെ സമഗ്രമായ ഡിജിറ്റൽ വിവരശേഖരം തയ്യാറാക്കുന്നതിനൊപ്പം ഗ്രാമീണ ജലവിതരണ സംവിധാനങ്ങളുടെ മെച്ചപ്പെട്ട ആസൂത്രണം, നിരീക്ഷണം, ദീർഘകാല സുസ്ഥിരത എന്നിവയെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
 
 
 
ജലസുരക്ഷയിലേക്കുള്ള രാജ്യത്തിൻ്റെ മുന്നേറ്റത്തിൽ, ഇന്നത്തെ കണക്കനുസരിച്ച് ഇന്ത്യയിലെ ഗ്രാമീണ കുടുംബങ്ങളിൽ 82 ശതമാനത്തിലധികം വരുന്ന 15.96 കോടിയിലധികം ഗ്രാമീണ കുടുംബങ്ങൾക്ക് ജൽ ജീവൻ മിഷന് കീഴിൽ കുടിവെള്ള പൈപ്പ് കണക്ഷനുകൾ ലഭ്യമാക്കിയിട്ടുണ്ട്. ഈ പ്രക്രിയയിൽ സുതാര്യതയും ഉത്തരവാദിത്തവും തത്സമയ നിരീക്ഷണവും ഉറപ്പാക്കുന്നതിനായി, കുടിവെള്ള-ശുചിത്വ വകുപ്പ് ജൽ ജീവൻ മിഷന് കീഴിൽ 'ജൽ അർപ്പൺ' എന്ന പ്രത്യേക ഡിജിറ്റൽ മൊഡ്യൂൾ വികസിപ്പിച്ചിട്ടുണ്ട്. ഈ മൊഡ്യൂൾ പദ്ധതികൾ കൈമാറുന്നതിൻ്റെ ചിട്ടയായ ഡിജിറ്റൽ രേഖകൾ ലഭ്യമാക്കുകയും ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിലുള്ള ഗ്രാമീണ കുടിവെള്ള സംവിധാനങ്ങളുടെ പരിപാലനത്തിന് പിന്തുണ നൽകുകയും ചെയ്യുന്നു. ഓരോ ഗ്രാമീണ കുടുംബത്തിനും സുരക്ഷിതവും മതിയായതും വിശ്വസനീയവുമായ കുടിവെള്ള സേവനങ്ങൾ തുടർന്നും ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ, ഗ്രാമപഞ്ചായത്തുകൾ, പ്രാദേശിക സമൂഹങ്ങൾ എന്നിവയുമായി സഹകരിച്ച് പ്രവർത്തിക്കാൻ ഇന്ത്യ ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ്.
 
കുടിവെള്ള സേവനങ്ങൾ നിലനിർത്തുന്നതിലും ദീർഘകാല ജലസുരക്ഷ ഉറപ്പാക്കുന്നതിലും ഗ്രാമപഞ്ചായത്തുകളും ഗ്രാമീണ സമൂഹങ്ങളും സുപ്രധാന പങ്ക് വഹിക്കുന്നു. ജനപങ്കാളിത്തം, പ്രാദേശിക സ്വയംഭരണം, കൂട്ടായ ഉത്തരവാദിത്തം എന്നിവ സംബന്ധിച്ച മഹാത്മാഗാന്ധിയുടെ കാഴ്ചപ്പാടുകളുമായി ‘ജൽ അർപ്പൺ’ ആചരണം പൂർണ്ണമായും ചേർന്നുനിൽക്കുന്നു.
 
***

( റിലീസ് ഐ.ഡി: 2318775) സന്ദര്‍ശക കൗണ്ടര്‍ : 7
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Marathi , Gujarati , Telugu , Kannada