ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ ന്യൂഡൽഹിയിൽ നടക്കുന്ന അഞ്ചാമത് കൗടില്യ ഇക്കണോമിക് കോൺക്ലേവിൽ ഉദ്ഘാടന പ്രഭാഷണം നടത്തി

പോസ്റ്റഡ് ഓണ്‍: 03 OCT 2026 11:56AM by PIB Thiruvananthpuram
ന്യൂഡൽഹിയിൽ " മാറ്റങ്ങളുടെ കാലഘട്ടത്തിലെ പ്രതിരോധശേഷി" എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച അഞ്ചാമത് കൗടില്യ ഇക്കണോമിക് കോൺക്ലേവിൽ ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ ഇന്ന് ഉദ്ഘാടന പ്രഭാഷണം നടത്തി. നയരൂപകർത്താക്കൾ, സാമ്പത്തിക ശാസ്ത്രജ്ഞർ, അക്കാദമിക വിദഗ്ധർ , വ്യവസായ പ്രമുഖർ, മറ്റ് വിശിഷ്ട വ്യക്തികൾ എന്നിവരെ അഭിസംബോധന ചെയ്തുകൊണ്ട്, ദ്രുതഗതിയിലുള്ള ആഗോള മാറ്റങ്ങൾക്കിടയിൽ പ്രതിരോധശേഷിയുള്ളതും സമഗ്രവും പ്രതികരണശേഷിയുള്ളതുമായ സാമ്പത്തിക നയങ്ങളുടെ ആവശ്യകത അദ്ദേഹം എടുത്തുപറഞ്ഞു.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ഗ്രോത്തിന്റെ (IEG) പാരമ്പര്യത്തെക്കുറിച്ച് പരാമർശിക്കവെ, 1952-ൽ പ്രൊഫസർ വി. കെ. ആർ. വി. റാവുവിന്റെ കീഴിൽ സ്ഥാപിതമായത് മുതൽ ഇന്ത്യയുടെ വികസന യാത്രയുമായി ഈ സ്ഥാപനം അടുത്ത ബന്ധം പുലർത്തുന്നുണ്ടെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. ശരിയായ നയരൂപീകരണം താഴെത്തട്ടിലെ യാഥാർത്ഥ്യങ്ങളെക്കുറിച്ചുള്ള ധാരണയിൽ അധിഷ്ഠിതമായിരിക്കണമെന്നും, മാറുന്ന സാഹചര്യങ്ങൾക്ക് അനുസൃതമായി നയങ്ങൾ വഴക്കമുള്ളതും പ്രതികരണാത്മകവുമായിരിക്കണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
 
 
മാറ്റങ്ങളുടെ കാലഘട്ടത്തിൽ, തീരുമാനങ്ങൾ സമവായത്തിലൂടെയായിരിക്കണമെന്ന് ശ്രീ സി. പി. രാധാകൃഷ്ണൻ പറഞ്ഞു. ജനാധിപത്യത്തിൽ വാദപ്രതിവാദങ്ങളും ചർച്ചകളും അവിഭാജ്യഘടകമാണെന്ന് അദ്ദേഹം പറഞ്ഞു, എന്നാൽ അന്തിമമായി അത് വിപുലമായ സ്വീകാര്യതയുള്ള തീരുമാനങ്ങളിലേക്ക് നയിക്കണം. രാജ്യസഭാ അധ്യക്ഷൻ എന്ന നിലയിൽ, സ്വതന്ത്രവും സുതാര്യവുമായ ചർച്ചകൾ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നുവെന്നും, അവകാശങ്ങളും കടമകളും ഒന്നിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
 
 
ജനാധിപത്യത്തിനും വികസനത്തിനും ഒരുമിച്ച് മുന്നേറാൻ കഴിയുമെന്ന് ഇന്ത്യ തെളിയിച്ചിട്ടുണ്ടെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. ജനാധിപത്യ ചട്ടക്കൂടിനുള്ളിലാണ് ഇന്ത്യ സാമ്പത്തിക വളർച്ചയും സമഗ്ര പുരോഗതിയും കൈവരിച്ചിട്ടുള്ളത്. അതേസമയം പൊതുസമവായ രൂപീകരണം സാമ്പത്തിക പരിഷ്കാരങ്ങൾക്ക് കൂടുതൽ സുസ്ഥിരതയും ദീർഘകാല ഈടും നൽകിയിട്ടുണ്ട്. 2047-ഓടെ വികസിത ഇന്ത്യ എന്ന കാഴ്ചപ്പാടിന് ഈ അനുഭവം പ്രധാനപ്പെട്ട അടിത്തറ നൽകുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
 
 
സാമ്പത്തിക പ്രതിരോധശേഷിയെ സാമൂഹിക പ്രതിരോധശേഷിയിൽ നിന്ന് വേർപെടുത്താൻ കഴിയില്ലെന്ന് ഊന്നിപ്പറഞ്ഞ ഉപരാഷ്ട്രപതി, സാമ്പത്തിക ഉൾപ്പെടുത്തൽ, സുതാര്യത, ഔപചാരികവൽക്കരണം എന്നിവ ശക്തിപ്പെടുത്തുന്നതിൽ ജാം ത്രിത്വത്തിന്റെയും (ജൻ ധൻ, ആധാർ, മൊബൈൽ), അനുകൂല്യങ്ങളുടെ നേരിട്ടുള്ള കൈമാറ്റത്തിന്റെയും (DBT), ജിഎസ്ടിയുടെയും (GST) പരിവർത്തനപരമായ പങ്കിനെ എടുത്തുപറഞ്ഞു. 2026 ഓഗസ്റ്റ് വരെയുള്ള കണക്കനുസരിച്ച് 590 ദശലക്ഷത്തിലധികം ജൻ ധൻ അക്കൗണ്ടുകൾ ആരംഭിച്ചിട്ടുണ്ടെന്നും , ജിഎസ്ടി രജിസ്ട്രേഷനുകൾ 2017-ലെ ഏകദേശം 6.65 ദശലക്ഷത്തിൽ നിന്ന് 2026 മേയിൽ 16.5 ദശലക്ഷമായി ഉയർന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
 
 
പൗരന്മാരെ ഔപചാരിക സമ്പദ് വ്യവസ്ഥയിലേക്ക് കൊണ്ടുവരുന്നതിനപ്പുറം അവരെ മൂല്യവർദ്ധനയ്ക്കും വരുമാന സൃഷ്ടിക്കും സംരംഭകത്വത്തിനും പ്രാപ്തരാക്കണമെന്ന് ശ്രീ സി. പി. രാധാകൃഷ്ണൻ പറഞ്ഞു. 100 ദശലക്ഷത്തിലധികം ഗ്രാമീണ വനിതകളെ ഉൾക്കൊള്ളുന്ന ഏകദേശം 9.2 ദശലക്ഷം സ്വയം സഹായ സംഘങ്ങളുടെ സംഭാവനയും, 34.6 ദശലക്ഷത്തിലധികം 'ലഖ്പതി ദീദി'മാരുടെ ഉയർച്ചയും അദ്ദേഹം എടുത്തുപറഞ്ഞു.
 
വിദ്യാഭ്യാസത്തിലും സാമ്പത്തിക മേഖലയിലും സ്ത്രീകളുടെ വർദ്ധിച്ചുവരുന്ന പങ്കാളിത്തം 'സ്ത്രീ ശാക്തീകരണത്തിൽ' നിന്ന് 'സ്ത്രീകൾ നയിക്കുന്ന വികസനത്തിലേക്കുള്ള' ഇന്ത്യയുടെ മാറ്റത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

 

 
ബോർഡ് റൂമുകളിലും സാമ്പത്തിക വിപണികളിലും മാത്രമല്ല പ്രതിരോധശേഷി നിർമ്മിക്കപ്പെടുന്നത്, മറിച്ച് ഒരു ഗ്രാമത്തിലെ സ്ത്രീക്ക് ബാങ്ക് അക്കൗണ്ട് ഉണ്ടാകുകയും, ആനുകൂല്യങ്ങൾ നേരിട്ട് ലഭിക്കുകയും, ഔപചാരിക സമ്പദ് വ്യവസ്ഥയിലേക്ക് പ്രവേശിക്കുകയും, സ്വയം സഹായ സംഘത്തെ ഒരു സംരംഭമാക്കി മാറ്റുകയും ചെയ്യുമ്പോൾ കൂടിയാണെന്ന് ഉപരാഷ്ട്രപതി ഊന്നിപ്പറഞ്ഞു. 250 ദശലക്ഷത്തിലധികം ഇന്ത്യക്കാർ അതിദാരിദ്ര്യത്തിൽ നിന്ന് മുക്തരായത് ഒരു ചരിത്രപരമായ നേട്ടമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഇന്ത്യയുടെ വികസന യാത്രയിൽ ഓരോ സംസ്ഥാനവും ജില്ലയും ഗ്രാമവും തുല്യ പങ്കാളികളാകണമെന്ന് ആഹ്വാനം ചെയ്തു.
 
 
ശക്തമായ ഗവേഷണത്തിനും സ്ഥാപനപരമായ പങ്കാളിത്തത്തിനും ആഹ്വാനം ചെയ്തുകൊണ്ട് ശ്രീ സി. പി. രാധാകൃഷ്ണൻ, ഡൽഹി സർവകലാശാല, ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സ്, ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ഗ്രോത്ത് എന്നിവ തമ്മിലുള്ള സഹകരണത്തെ സ്വാഗതം ചെയ്തു. ഇത്തരം പങ്കാളിത്തങ്ങൾക്കും ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന വ്യാപാര ഇടപഴകലുകൾക്കും ഗവേഷണം, വിദ്യാഭ്യാസം, നൂതനാശയങ്ങൾ , സംരംഭകത്വം എന്നിവയെ ശക്തിപ്പെടുത്താൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
 
 
"ഇന്ത്യയുടെ പ്രതിരോധശേഷി മാറ്റങ്ങളെ ചെറുക്കുന്നതിൽ നിന്നല്ല, മറിച്ച് ആത്മവിശ്വാസത്തോടും പങ്കാളിത്തത്തോടും കൂട്ടായ പരിശ്രമത്തോടും കൂടി അതിനെ സ്വീകരിക്കുന്നതിൽ നിന്നാണ് വരുന്നത്" എന്ന് ഉദ്ഘാടന പ്രഭാഷണം ഉപസംഹരിച്ചുകൊണ്ട് ഉപരാഷ്ട്രപതി പറഞ്ഞു, അഞ്ചാമത് കൗടില്യ ഇക്കണോമിക് കോൺക്ലേവിലെ ചർച്ചകൾ 2047 ഓടെ വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനുള്ള ദേശീയ സംരംഭത്തിന് അർത്ഥവത്തായ സംഭാവന നൽകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
 
 
ഐഇജി ട്രസ്റ്റി ബോർഡ് പ്രസിഡന്റ് ശ്രീ എൻ. കെ. സിംഗ്, ഐഇജി ബോർഡ് ഓഫ് ഗവേണർനേഴ്സ് ചെയർമാൻ ഡോ. മൈക്കൽ ദേബബ്രത പത്ര, മറ്റ് വിശിഷ്ട വ്യക്തികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
 
 
****

( റിലീസ് ഐ.ഡി: 2318632) സന്ദര്‍ശക കൗണ്ടര്‍ : 4
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Marathi , Bengali , Assamese , Gujarati , Tamil , Telugu