പോസ്റ്റഡ് ഓണ്‍:
02 OCT 2026 2:13PM by PIB Thiruvananthpuram
പ്രധാനമന്ത്രിക്ക് സമ്മാനിച്ച അപൂർവ്വ ഉപഹാരങ്ങളും കരകൗശല വസ്തുക്കളും ഉൾപ്പെടുത്തിയുള്ള 'പിഎം മെമെൻ്റോസ്' 8-ാം പതിപ്പിൻ്റെ ലേലം തുടരുന്നു. ഇത് 2026 ഒക്ടോബർ 31 വരെ നീട്ടിയിട്ടുണ്ട്.
ഡൽഹിയുടെ വിവിധ വശങ്ങളെ പ്രതിഫലിപ്പിക്കുന്ന 30 വ്യത്യസ്ത ഉപഹാരങ്ങളാണ് ഈ പതിപ്പിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. പൊതുജനങ്ങൾക്ക് ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. ഈ ശേഖരത്തിൽ, അപൂർവ്വ വസ്തുക്കളായി സൂക്ഷിക്കാൻ സാധിക്കുന്ന കലാസൃഷ്ടികൾ, ഭക്തിനിർഭരമായ വസ്തുക്കൾ, കരകൗശല ഉൽപ്പന്നങ്ങൾ, സ്ഥാപനപരമായ സ്മരണികകൾ എന്നിവ ഉൾപ്പെടുന്നു. ലേലത്തിൽ നിന്ന് ലഭിക്കുന്ന തുക 'നമാമി ഗംഗ' പദ്ധതിക്കായി ഉപയോഗിക്കും.
30 ഉപഹാരങ്ങളിൽ ഒമ്പത് ഫോട്ടോ ഫ്രെയിമുകൾ, ഒമ്പത് ഉപഹാരങ്ങൾ, ആറ് വിഗ്രഹങ്ങൾ, ശില്പങ്ങൾ, പ്രതിമകൾ എന്നിവ ഉൾപ്പെടുന്നു. കൂടാതെ, രണ്ട് ഡൽഹി മെട്രോ മാതൃകകൾ, കായിക സ്മരണിക, ഒരു പെയിൻ്റിങ്, കല-കരകൗശല ഇനങ്ങൾ തുടങ്ങിയവയും ഇതിലുണ്ട്.
മതപരവും സാംസ്കാരികവുമായ പൈതൃക വസ്തുക്കൾ
ഇന്ത്യയുടെ മതപരമായ പൈതൃകവുമായി ബന്ധപ്പെട്ട നിരവധി ഉപഹാരങ്ങൾ ഈ ശേഖരത്തിലുണ്ട്. ശ്രീരാമൻ, രാമായണത്തിലെ രംഗങ്ങൾ ചിത്രീകരിക്കുന്ന നാല് സൃഷ്ടികൾ ഇതിൽ ഉൾപ്പെടുന്നു. രാമദർബാർ ശില്പം, രാമനും സീതയും ലക്ഷ്മണനും കേവതനോടൊപ്പം നദി കടക്കുന്നത് ചിത്രീകരിക്കുന്ന വെങ്കല ഫലകം, പാലം ഗ്രാമത്തിൽ നിന്നുള്ള സന്യാസി ദാദാ ദേവിൻ്റെ പെയിൻ്റിങ്, രാം ലല്ലയുടെ മരത്തിൽ കൊത്തിയെടുത്ത പ്രതിമ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ബുദ്ധമതത്തിലെ എട്ട് വിശുദ്ധ പ്രതീകങ്ങളെ പ്രതിനിധീകരിക്കുന്ന ഉപഹാരവും ഈ ശേഖരത്തിലുണ്ട്. 'അഷ്ടമംഗളങ്ങൾ' എന്നറിയപ്പെടുന്ന ഈ ഉപഹാരം ആത്മീയ പ്രാധാന്യമുള്ളതും ബുദ്ധമത പഠനങ്ങളുമായും ബുദ്ധൻ്റെ ജ്ഞാനോദയവുമായും പരമ്പരാഗതമായി ബന്ധപ്പെട്ടതുമാണ്.
ഡൽഹിയിലെ സ്ഥാപനങ്ങളും അടിസ്ഥാന സൗകര്യങ്ങളും
ഡൽഹിയിലെ നിരവധി സ്ഥാപനങ്ങളുടെയും കേന്ദ്രങ്ങളുടെയും മാതൃകകൾ ഇതിൽ ഉൾപ്പെടുന്നു. വിശിഷ്ടമായി ഫ്രെയിം ചെയ്ത ഒരു കലാസൃഷ്ടി സെൻ്റ് സ്റ്റീഫൻസ് കോളേജിനെ ചിത്രീകരിക്കുന്നു. പഴയ സെക്രട്ടറിയേറ്റ് മന്ദിരത്തിൻ്റെ ക്രിസ്റ്റൽ ഉപഹാരവും പുതിയ പാർലമെൻ്റ് മന്ദിരത്തെ പ്രതിനിധീകരിക്കുന്ന ചിത്രത്തുന്നലും ഡൽഹിയുടെ പൈതൃക സ്ഥാപനങ്ങളുടെ വിവിധ തലങ്ങളെ പ്രദർശിപ്പിക്കുന്നു.
പൊതുജീവിതവും നേട്ടങ്ങളും
വിവിധ രംഗങ്ങളിലെ നേട്ടങ്ങൾ, പൊതുസേവനം, വ്യക്തിഗത ആവിഷ്കാരം എന്നിവയെ പ്രതിനിധീകരിക്കുന്ന വസ്തുക്കളും ഈ ശേഖരത്തിലുണ്ട്. രോഹിണിയിൽ നിന്നുള്ള ഒരു വിദ്യാർത്ഥി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖം വളരെ മനോഹരമായി വരച്ച പെൻസിൽ രേഖാചിത്രം പ്രധാന ഇനങ്ങളിൽ ഒന്നാണ്.
പാരലിംപിക് വെള്ളി മെഡൽ ജേതാവ് യോഗേഷ് കഥൂനിയയുടെ ഡിസ്കസ് കായിക നേട്ടത്തെയും സ്ഥിരശ്രമത്തെയും പ്രതിനിധീകരിക്കുന്നു. എൻ.സി.സിയുടെ ഗോൾഡ് പോളിഷ് ചെയ്ത 'പരം വീർ മാട്ടി കലശ്' സേവനത്തിൻ്റെയും സ്മരണയുടെയും ആത്മവീര്യം പേറുന്നു. ഇതുകൂടാതെ, സ്വാഭാവികമായി ഉണക്കിയ അരയാലിലയിൽ വളരെ സൂക്ഷ്മമായി തയ്യാറാക്കിയ ഛായാചിത്രം വ്യക്തിഗതവും കലാപരവുമായ ആവിഷ്കാരത്തിന് മറ്റൊരു മാനം നൽകുന്നു.
രോഹിണിയിലെ ഒരു വിദ്യാർത്ഥി നൽകിയത് മുതൽ ഡൽഹി മെട്രോ, നിയമസഭ, പുതിയ പാർലമെൻ്റ് മന്ദിരം എന്നിവ വരെ, ഈ ഉപഹാരങ്ങൾ ഡൽഹിയിലുടനീളമുള്ള കഥകൾ പേറുന്നവയാണ്. ലേലത്തിൽ നിന്ന് ലഭിക്കുന്ന തുക നമാമി ഗംഗ പദ്ധതിക്ക് നൽകുന്നതിലൂടെ ഈ ഉപഹാരങ്ങൾ വലിയൊരു പൊതു ആവശ്യത്തിലേക്കായി വിനിയോഗിക്കുകയാണ് ചെയ്യുന്നത്.
ലേല തീയതികൾ, പങ്കാളിത്ത വിവരങ്ങൾ, സമ്പൂർണ്ണ കാറ്റലോഗ് എന്നിവയ്ക്കായി പിഎം മെമെൻ്റോസ് ഔദ്യോഗിക ഇ-ലേലം പോർട്ടൽ സന്ദർശിക്കുക: pmmementos.gov.in.