വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

ആഗോള വ്യാപാര പ്രതിസന്ധികൾ പരിഹരിക്കുന്നതിന് ഡബ്ല്യു.ടി.ഒ അംഗീകൃത സമീപനം സ്വീകരിക്കണമെന്ന് യു.എസിലെ മിൽവാക്കിയിൽ നടന്ന ജി 20 വ്യാപാര മന്ത്രിമാരുടെ യോഗത്തിൻ്റെ സമാപന ദിനത്തിൽ ആഹ്വാനം ചെയ്ത് വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ

പോസ്റ്റഡ് ഓണ്‍: 02 OCT 2026 12:32PM by PIB Thiruvananthpuram
കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ വിസ്കോൺസിനിലെ മിൽവാക്കിയിൽ നടന്ന ജി 20 വ്യാപാര മന്ത്രിമാരുടെ യോഗത്തിൻ്റെ സമാപന ദിനത്തിൽ പങ്കെടുത്തു. ഘടനാപരമായ അധിക ശേഷിയും ഉൽപ്പാദനവും, മോസ്റ്റ്-ഫേവേർഡ്-നേഷൻ എന്ന തത്വം നവീകരിക്കൽ, ആഗോള വിതരണ ശൃംഖലകളിൽ നിർബന്ധിത തൊഴിൽ ചൂഷണം അവസാനിപ്പിക്കൽ എന്നിവ സംബന്ധിച്ച സെഷനുകളിലും സമാപന സമ്മേളനത്തിലും അദ്ദേഹം സംസാരിച്ചു.
 
ഘടനാപരമായ അധിക ശേഷിയെക്കുറിച്ചും ഉൽപ്പാദനത്തെക്കുറിച്ചും സംസാരിക്കവെ, 140 കോടി ജനങ്ങൾക്ക് സേവനം നൽകുന്ന ആഭ്യന്തര ചോദനയിൽ അധിഷ്ഠിതമായ സമ്പദ്‌ വ്യവസ്ഥയുള്ള ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന വൻകിട സമ്പദ്‌ വ്യവസ്ഥയാണെന്നും, ആഗോള വിതരണ ശൃംഖലയിലെ ഒരു വിശ്വസ്ത കണ്ണിയെന്ന നിലയിൽ രൂപകൽപന മുതൽ അന്തിമ ഉൽപ്പന്നങ്ങൾ വരെയുള്ള നിർമ്മാണ മൂല്യശൃംഖലകൾ കെട്ടിപ്പടുക്കുകയാണെന്നും ശ്രീ ഗോയൽ പറഞ്ഞു. ഇന്ത്യയുടെ നിർമ്മാണ ശേഷി അതിൻ്റെ ആഭ്യന്തര, ആഗോള ആവശ്യങ്ങൾ നിറവേറ്റുന്നതാണെന്നും ജി 20 അധ്യക്ഷ രാജ്യം തിരിച്ചറിഞ്ഞ മേഖലകളിൽ ഇന്ത്യയ്ക്ക് ഘടനാപരമായ അധിക ശേഷിയില്ലെന്നും അദ്ദേഹം പറഞ്ഞു.
 
ചില രാജ്യങ്ങളിൽ വ്യാപാര പ്രതിസന്ധിയുണ്ടാക്കുന്ന പ്രവർത്തനങ്ങൾക്ക്  നൽകുന്ന പിന്തുണകൾ, ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയ്ക്ക് കയറ്റുമതി ചെയ്യുന്നതിലേക്കും അന്യായമായ വില നിർണ്ണയത്തിലേക്കും നയിച്ചേക്കാമെന്ന പല അംഗങ്ങളുടെയും ആശങ്കകളിൽ ഇന്ത്യ പങ്കുചേരുന്നതായി ശ്രീ ഗോയൽ പറഞ്ഞു. തെളിവുകളുടെ അടിസ്ഥാനത്തിലും ജുഡീഷ്യൽ അവലോകനത്തിന് വിധേയമായും ആൻ്റി-ഡംപിംഗ്, പ്രതിതുലന തീരുവ ഉൾപ്പെടെയുള്ള ഡബ്ല്യു.ടി.ഒ അനുസൃതമായ നടപടികളിലൂടെയാണ് ഇത്തരം ആശങ്കകൾ പരിഹരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. വ്യവസായ ശേഷി ഒരു പ്രശ്നമല്ലെന്നും എന്നാൽ പരോക്ഷ സബ്‌സിഡികളും പിന്തുണയും കാരണം ഉൽപ്പാദനം ഒരു നിർദ്ദിഷ്ട ഭൂമിശാസ്ത്ര മേഖലയിൽ മാത്രം കേന്ദ്രീകരിക്കപ്പെടുമ്പോഴാണ് പ്രശ്നം ഉണ്ടാകുന്നതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഉൽപ്പാദനത്തിൻ്റെയും വിതരണ ശൃംഖലകളുടെയും വൈവിധ്യവൽക്കരണം ഒരു ന്യായമായ ലക്ഷ്യമാണെന്നും എന്നാൽ ഡബ്ല്യു.ടി.ഒ നിയമങ്ങൾക്ക് പുറത്തുള്ള നടപടികൾക്കോ അല്ലെങ്കിൽ വ്യാവസായികവൽക്കരണത്തിനുള്ള നയപരമായ സ്വാതന്ത്ര്യം നിലനിർത്തേണ്ട വികസ്വര രാജ്യങ്ങളുടെ മേൽ നിയന്ത്രണങ്ങളുടെ ഭാരം ചുമത്തുന്നതിനോ ഉള്ള ഒരു ഉപാധിയായി ഇതിനെ ഉപയോഗിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ഥിതിവിവരക്കണക്കുകളുടെയും ഡേറ്റയുടെയും കൈമാറ്റം നിലവിലുള്ള സംവിധാനങ്ങൾക്കുള്ളിൽ തന്നെ നടക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 
മോസ്റ്റ്-ഫേവേർഡ്-നേഷൻ തത്വം പുതുക്കുന്നതിനെക്കുറിച്ച് സംസാരിക്കവെ, ജി 20 അംഗങ്ങളുമായുള്ള ഇന്ത്യയുടെ വ്യാപാരം സുതാര്യവും വിവേചനരഹിതവും നിയമങ്ങളിൽ അധിഷ്ഠിതവുമായ ഒരു വ്യാപാര സംവിധാനത്തെയാണ് ആശ്രയിച്ചിരിക്കുന്നതെന്ന് ശ്രീ ഗോയൽ പറഞ്ഞു. ഈ സംവിധാനത്തിൻ്റെ പ്രധാന ഉറപ്പാണ് മുൻഗണന രാഷ്ട്ര തത്വം എന്നും ഏറ്റവും ചെറിയ വ്യാപാരിക്കും ഏറ്റവും വലിയ വ്യാപാരിക്കും ഒരേ നിബന്ധനകൾ ബാധകമാണെന്ന് ഇത് ഉറപ്പാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഡബ്ല്യു.ടി.ഒയിൽ സമവായം കേന്ദ്രസ്ഥാനത്ത് നിലനിൽക്കുന്നുണ്ടെന്നും വികസിത സമ്പദ്‌ വ്യവസ്ഥകൾക്കൊപ്പം എത്തുന്നതിന് വികസ്വര രാജ്യങ്ങളെ പ്രാപ്തരാക്കുന്നതിന് പ്രത്യേകവും വ്യത്യസ്തവുമായ പരിഗണനകൾ സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. രണ്ടുതലങ്ങളുള്ള തർക്ക പരിഹാര സംവിധാനം പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
 
ആഗോള വിതരണ ശൃംഖലകളിൽ നിർബന്ധിത തൊഴിൽ ചൂഷണം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് സംസാരിച്ച ശ്രീ ഗോയൽ, നിർബന്ധിത തൊഴിൽ നിർമ്മാർജ്ജനം ചെയ്യുന്നതിനുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത പൂർണ്ണവും ഉപാധികളില്ലാത്തതുമാണെന്ന് പറഞ്ഞു. ഭരണഘടനയുടെ 23-ാം അനുച്ഛേദത്തിലെ മൗലികാവകാശ പ്രകാരം നിർബന്ധിത തൊഴിൽ ചൂഷണത്തിൽ നിന്ന് സംരക്ഷണം നൽകുന്നുവെന്നും ഇത് സുപ്രീം കോടതിക്ക് നടപ്പിലാക്കാവുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഐ.എൽ.ഒ വ്യവസ്ഥകളായ 29, 105 എന്നിവ ഇന്ത്യ അംഗീകരിച്ചിട്ടുണ്ടെന്നും, 2026 ജൂലൈയിൽ നിർബന്ധിത തൊഴിൽചൂഷണം ഉപയോഗിച്ച് നിർമ്മിക്കുന്ന ചരക്കുകളുടെ ഇറക്കുമതി നിരോധിച്ചുകൊണ്ട് വിദേശ വ്യാപാര നയത്തിൽ ഭേദഗതി വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 
അതിർത്തിയിലെ നടപടികൾ ഏതെങ്കിലും രാജ്യം, പ്രദേശം അല്ലെങ്കിൽ മേഖല എന്നിവയെക്കുറിച്ചുള്ള അനുമാനങ്ങൾക്ക് പകരം കൃത്യവും പരിശോധിച്ചുറപ്പിക്കാവുന്നതുമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കണമെന്നും, അവ ഉചിതമായ നടപടിക്രമങ്ങളെയും ലോക വ്യാപാര സംഘടനയുടെ നിയമങ്ങളെയും മാനിക്കുന്നതായിരിക്കണമെന്നും ശ്രീ ഗോയൽ പറഞ്ഞു. തൊഴിൽ മാനദണ്ഡങ്ങളുടെ കാര്യത്തിൽ അന്താരാഷ്ട്ര തൊഴിൽ സംഘടനയാണ് യോഗ്യവും സ്വീകാര്യവും മൂന്ന് കക്ഷികൾ ഉൾക്കൊള്ളുന്നതുമായ അതോറിറ്റി എന്ന് അദ്ദേഹം പറഞ്ഞു. നിർബന്ധിത തൊഴിൽ ചൂഷണം നിർമ്മാർജ്ജനം ചെയ്യുന്നതിനെയും ജി20 അംഗങ്ങൾക്കിടയിൽ മികച്ച രീതികൾ സന്നദ്ധമായി പങ്കുവെക്കുന്നതിനെയും ഇന്ത്യ പിന്തുണയ്ക്കുന്നു; എന്നാൽ അത്തരം സഹകരണങ്ങൾ അംഗരാജ്യങ്ങളുടെ മേൽനോട്ടത്തിലേക്കോ, പുതിയ ബാധ്യതകൾ സൃഷ്ടിക്കുന്നതിലേക്കോ, അല്ലെങ്കിൽ വിവരങ്ങൾ ഏകപക്ഷീയമായ വ്യാപാര നടപടികൾക്ക് ഉപയോഗിക്കുന്നതിലേക്കോ നയിക്കരുത് എന്ന നിബന്ധനയോടെയാണിത്.
 
മിൽവാക്കിയിൽ ചെയ്ത ക്രമീകരണങ്ങൾക്കും സ്വീകരണത്തിനും അംബാസഡർ ഗ്രിയറിനും യു.എസ് ജി20 അധ്യക്ഷതയ്ക്കും ശ്രീ ഗോയൽ നന്ദി അറിയിച്ചു. ഒന്നിച്ചുപരിഹരിക്കാൻ കഴിയാത്ത വിഷയങ്ങൾ, പരിഹരിക്കാൻ കഴിയുന്നവയ്ക്ക് തടസ്സമാകരുത് എന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ വാക്കുകൾ ഓർമ്മിപ്പിച്ചുകൊണ്ട്, ആ മനോഭാവത്തോടെയാണ് ഇന്ത്യ യോഗത്തിൽ പങ്കെടുത്തതെന്നും, നാല് വിഷയങ്ങളിലും ഇന്ത്യയുടെ ആശങ്കകൾ പങ്കുവെക്കുകയും ഫലപ്രദമായ നിർദ്ദേശങ്ങൾ മുന്നോട്ടുവെക്കുകയും ചെയ്തതായി ശ്രീ ഗോയൽ പറഞ്ഞു.
 
ഡബ്ല്യു.ടി.ഒ അധിഷ്ഠിതമായ, നിയമങ്ങൾ അടിസ്ഥാനമാക്കിയുള്ളതും നീതിയുക്തവും സമത്വപൂർണ്ണവും വിവേചനരഹിതവും സുതാര്യവും തുറന്നതും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ബഹുരാഷ്ട്ര വ്യാപാര സംവിധാനത്തോടുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത മന്ത്രി ആവർത്തിച്ചു. ഐക്യകണ്ഠേനയുള്ള തീരുമാനമെടുക്കൽ രീതി നിലനിർത്തുന്നതോടൊപ്പം തന്നെ, വികസ്വര രാജ്യങ്ങൾക്ക് വളരാനും സ്വന്തം ജനങ്ങൾക്ക് ഭക്ഷണം ഉറപ്പ് നൽകാനുമുള്ള നയപരമായ സ്വാതന്ത്ര്യം സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. 2027 ലെ ജി20 അധ്യക്ഷപദവിക്ക് യുകെയ്ക്ക് ഇന്ത്യയുടെ പൂർണ്ണ പിന്തുണ ശ്രീ ഗോയൽ വാഗ്ദാനം ചെയ്തു.
 
യോഗത്തിന് അനുബന്ധമായി ആസ്‌ട്രേലിയയുടെ വ്യാപാര ടൂറിസം മന്ത്രി, സൗദി അറേബ്യയുടെ വാണിജ്യ മന്ത്രി, ഫ്രാൻസിൻ്റെ വിദേശവ്യാപാര സാമ്പത്തിക വകുപ്പ് ചുമതലയുള്ള മന്ത്രി, റിപ്പബ്ലിക് ഓഫ് കൊറിയയുടെ വ്യാപാര മന്ത്രി, കാനഡയുടെ അന്താരാഷ്ട്ര വ്യാപാര മന്ത്രി എന്നിവരുമായി ശ്രീ ഗോയൽ ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തി.
 
 
 
***
 

( റിലീസ് ഐ.ഡി: 2318240) സന്ദര്‍ശക കൗണ്ടര്‍ : 3
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Bengali , Punjabi , Gujarati