ആഭ്യന്തരകാര്യ മന്ത്രാലയം
ലഹരിമരുന്നുകൾക്കെതിരെയുള്ള പോരാട്ടത്തിൽ വൻ വിജയം : ഇന്ത്യയുടെ പ്രത്യേക സാമ്പത്തിക മേഖലയിൽ (EEZ) ഒരു ഇറാനിയൻ ബോട്ടിൽ നിന്ന് 526 കിലോഗ്രാം മെത്താംഫെറ്റമിനും ഹെറോയിനും പിടിച്ചെടുത്തു; ഗുജറാത്ത് എടിഎസ് (ATS), ഇന്ത്യൻ തീരസംരക്ഷണ സേന , കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ എന്നിവർ സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ 5 പാകിസ്താൻ പൗരന്മാരെ അറസ്റ്റ് ചെയ്തതായി കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ
പോസ്റ്റഡ് ഓണ്‍:
30 SEP 2026 3:54PM by PIB Thiruvananthpuram
ഇന്ത്യയുടെ ലഹരിവിരുദ്ധ പോരാട്ടത്തിലെ വലിയൊരു വിജയമായി, ഇന്ത്യയുടെ പ്രത്യേക സാമ്പത്തിക മേഖലയിൽ (EEZ) ഇറാനിയൻ ബോട്ടിൽ നിന്ന് 526 കിലോഗ്രാം മെത്താംഫെറ്റമൈനും ഹെറോയിനും പിടിച്ചെടുത്തു. ഗുജറാത്ത് ആന്റി ടെററിസം സ്ക്വാഡ് (ATS), ഇന്ത്യൻ തീരസംരക്ഷണ സേന, കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ എന്നിവരടങ്ങിയ സംയുക്ത ഓപ്പറേഷനിൽ അഞ്ച് പാകിസ്താൻ പൗരന്മാരെ അറസ്റ്റ് ചെയ്തതായും കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ഇന്ന് അറിയിച്ചു.
എക്സ് (X) മാധ്യമത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ ഇങ്ങനെ കുറിച്ചു: “ലഹരിയുടെ ദുരന്തത്തിൽ നിന്ന് രാജ്യത്തെ യുവാക്കളെ സംരക്ഷിക്കാൻ മോദി ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണ്. ഗുജറാത്ത് എടിഎസ്, ഇന്ത്യൻ തീരസംരക്ഷണ സേന, കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ എന്നിവയുടെ സംയുക്ത ഓപ്പറേഷനിൽ, ലക്ഷദ്വീപിന് വടക്കുപടിഞ്ഞാറ് 160 നോട്ടിക്കൽ മൈൽ അകലെയും മുംബൈയ്ക്ക് തെക്കുപടിഞ്ഞാറ് 490 നോട്ടിക്കൽ മൈൽ അകലെയും ഇന്ത്യയുടെ പ്രത്യേക സാമ്പത്തിക മേഖലയിൽ (EEZ) ഉണ്ടായിരുന്ന ഒരു ഇറാനിയൻ ബോട്ടിൽ നിന്ന് 526 കിലോഗ്രാം മെത്താംഫെറ്റമൈനും ഹെറോയിനും പിടിച്ചെടുത്തു. അഞ്ച് പാകിസ്താൻ പൗരന്മാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ലഹരിക്കടത്തിന്റെ വിപുലമായ ശൃംഖലയെയും ഇത് എത്തിക്കാൻ ലക്ഷ്യമിട്ട ആളുകളെയും കണ്ടെത്താൻ കൂടുതൽ അന്വേഷണം നടന്നുവരികയാണ്. ഏജൻസികൾ തമ്മിലുള്ള ഏകോപനത്തിന്റെയും സഹകരണത്തിന്റെയും മികച്ച മാതൃക ഉയർത്തിക്കാട്ടിയ, 16 ദിവസം നീണ്ടുനിന്ന ഈ ഓപ്പറേഷനിൽ ഒരു ഇറാനിയൻ ബോട്ടും കസ്റ്റഡിയിലെടുത്തു.”
രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ സെപ്റ്റംബർ 14 മുതൽ 30 വരെ നടപ്പിലാക്കിയ ഈ ഓപ്പറേഷൻ, ഇന്ത്യയുടെ സമുദ്ര അതിർത്തികൾ സുരക്ഷിതമാക്കുന്നതിൽ വിവിധ ഏജൻസികൾ തമ്മിലുള്ള ഏകോപനത്തിന്റെ കരുത്ത് വ്യക്തമാക്കുന്നു.
മോദി ഗവണ്മെന്റ് പുറത്തിറക്കിയ ലഹരി നിയന്ത്രണ വീക്ഷണരേഖ (2026-2029), നടപടികൾ ശക്തമാക്കുന്നതിനും, ലഹരി ശൃംഖല തകർത്തുകൊണ്ട് നമ്മുടെ യുവാക്കളെയും സമൂഹത്തെയും ലഹരിമരുന്നുകളിൽ നിന്ന് സംരക്ഷിക്കുന്നതിനുമുള്ള ഒരു സമഗ്ര മാർഗ്ഗനിർദേശം നൽകുന്നു.
സുരക്ഷിതവും ആരോഗ്യകരവുമായ 'ലഹരിമുക്ത ഭാരതം' നമ്മുടെ പൊതുവായ ദേശീയ ലക്ഷ്യമായി തുടരുന്നു.
( റിലീസ് ഐ.ഡി: 2317097)
സന്ദര്‍ശക കൗണ്ടര്‍ : 9