ഭവന, നഗരദാരിദ്ര ലഘൂകരണ മന്ത്രാലയം
azadi ka amrit mahotsav

50 മാതൃകാ ശുചിത്വ നഗരങ്ങൾ വികസിപ്പിക്കുന്നതിനുള്ള 'പ്രഗതി-50' പദ്ധതിക്ക് കേന്ദ്രമന്ത്രി മനോഹർ ലാൽ ന്യൂഡൽഹിയിൽ തുടക്കം കുറിച്ചു

പോസ്റ്റഡ് ഓണ്‍: 29 SEP 2026 3:51PM by PIB Thiruvananthpuram
സ്വച്ഛ് ഭാരത് മിഷൻ-അർബൻ 2.0 പദ്ധതിയുടെ ഭാഗമായി രാജ്യത്തെ 50 നഗരങ്ങളെ മാതൃകാ ശുചിത്വ നഗരങ്ങളായി വികസിപ്പിക്കുന്ന ‘പ്രഗതി-50’ പദ്ധതിക്ക് രാജ്യത്ത് തുടക്കമായി. 51-ാമത് ‘പ്രഗതി’ അവലോകന യോഗത്തിൽ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നൽകിയ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയമാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ശുചിത്വത്തിൽ ഉയർന്ന മാനദണ്ഡങ്ങൾ കൈവരിക്കുന്നതിനായി രാജ്യത്തുടനീളം 50 നഗരങ്ങളെ മുൻഗണനാടിസ്ഥാനത്തിൽ തിരഞ്ഞെടുത്തു. കൃത്യമായ ലക്ഷ്യങ്ങളും പ്രകടന സൂചകങ്ങളും മുൻനിർത്തിയായിരിക്കും പ്രവർത്തനങ്ങൾ വിലയിരുത്തുക.

 

24 സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഈ 50 നഗരങ്ങൾ, തങ്ങളുടെ പതിവ് ശുചിത്വ പ്രവർത്തനങ്ങൾക്കപ്പുറം, ശുചിത്വത്തിന്റെ ഉയർന്നതും സുസ്ഥിരവുമായ പ്രകടന മാനദണ്ഡങ്ങൾ കാഴ്ചവെച്ചുകൊണ്ട് രാജ്യത്തെ മറ്റ് നഗരങ്ങൾക്ക് മാതൃകകളായി മാറുമെന്ന് ന്യൂഡൽഹിയിൽ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യവേ, കേന്ദ്രമന്ത്രി ശ്രീ മനോഹർ ലാൽ വ്യക്തമാക്കി. പ്രമുഖ നഗരങ്ങൾ, സാംസ്കാരിക പ്രാധാന്യമുള്ള നഗരങ്ങൾ, പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ, സാമ്പത്തിക കേന്ദ്രങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നുവെന്ന് ഗവൺമെന്റ് ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ ഘടനാരൂപത്തിലുള്ള നിരീക്ഷണ-അവലോകന ചട്ടക്കൂടിലൂടെ നഗരങ്ങളിലെ ശുചിത്വം, ഖരമാലിന്യ സംസ്കരണം, മലിനജല സംസ്കരണം, ശൗചാലയ സൗകര്യങ്ങൾ, പൊതുജന പങ്കാളിത്തം എന്നിവയിൽ പ്രകടമായ പുരോഗതി കൈവരിക്കാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. ഫലപ്രാപ്തി അടിസ്ഥാനമാക്കിയുള്ള വിലയിരുത്തലുകളിലൂടെയും സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള നിരീക്ഷണത്തിലൂടെയും പദ്ധതിയുടെ പുരോഗതി തുടർച്ചയായി വിലയിരുത്തും. ഈ നഗരങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി രണ്ട് മാസത്തിലൊരിക്കൽ നടക്കുന്ന അവലോകന യോഗങ്ങളിൽ താൻ നേരിട്ട് അധ്യക്ഷത വഹിക്കുമെന്നും ശ്രീ മനോഹർ ലാൽ വ്യക്തമാക്കി.
 
കഴിഞ്ഞ ഒരു പതിറ്റാണ്ടുകൊണ്ട് ശുചിത്വം എന്നത് ഒരു ജനകീയ മുന്നേറ്റത്തിനപ്പുറം ജനങ്ങളുടെ ജീവിതരീതിയായി മാറിയെന്ന് ചടങ്ങിൽ സംസാരിച്ച കേന്ദ്ര ഭവന-നഗരകാര്യ സഹമന്ത്രി ശ്രീ തോഖൻ സാഹു പറഞ്ഞു. പുതിയ മാതൃകാ നഗര പദ്ധതിയെക്കുറിച്ച് പരാമർശിക്കവെ, നിശ്ചിത സമയപരിധിക്കുള്ളിൽ നഗരങ്ങളെ ‘മാലിന്യമുക്ത നഗരങ്ങൾ’ എന്ന ലക്ഷ്യത്തിലേക്ക് നയിക്കാനും മറ്റ് നഗരങ്ങൾക്ക് മാതൃകയാകാൻ അവയെ പ്രാപ്തമാക്കാനും ഈ പദ്ധതി സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മൈക്രോ തലത്തിലുള്ള പ്രവർത്തന പദ്ധതികൾ തയ്യാറാക്കാനും അവ വേഗത്തിലും ഫലപ്രദമായും നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും അദ്ദേഹം സംസ്ഥാനങ്ങളോടും നഗര പ്രാദേശിക ഭരണകൂടങ്ങളോടും ആഹ്വാനം ചെയ്തു.
 
യുവശക്തിയുടെയും സാങ്കേതികവിദ്യയുടെയും കൂട്ടായ്മയെ പ്രശംസിച്ച മന്ത്രി, ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സ്റ്റാർട്ടപ്പ് ശൃംഖലയായി ഇന്ത്യ മാറിയെന്ന് ചൂണ്ടിക്കാട്ടി. ഐ.ഐ.ടി കാൺപൂരുമായി സഹകരിച്ച് പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് തുടക്കം കുറിച്ചതോടെ, സ്വച്ഛ് ഭാരത് മിഷന് കീഴിൽ 75 സ്റ്റാർട്ടപ്പുകളെ വളർത്തിയെടുക്കുകയെന്ന ദേശീയ ലക്ഷ്യം കൈവരിക്കാൻ കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.
 
പൊതുജനങ്ങൾക്ക് മികച്ച അനുഭവവും സമഗ്രമായ സേവനങ്ങളും ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിലെ നഗരവികസന വകുപ്പ് സെക്രട്ടറി ശ്രീ സതേന്ദ്ര സിംഗ് പറഞ്ഞു. നഗരസഭകളെയും മറ്റ് എല്ലാ പങ്കാളികളെയും ആസൂത്രണത്തിലും നടത്തിപ്പിലും സഹകരിപ്പിച്ചു കൊണ്ട്, നഗരങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള "നഗരത്തെ ഒന്നാകെ ഉൾക്കൊള്ളുന്ന" സമീപനമാണ് ഈ പദ്ധതിയിലൂടെ നടപ്പിലാക്കുന്നതെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
 
പദ്ധതിയുടെ കാര്യക്ഷമമായ നിരീക്ഷണത്തിനായി 'സ്വച്ഛതം' പോർട്ടലിൽ ഡിജിറ്റൽ അവലോകന സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. പതിവ് മേൽനോട്ടത്തിനും നഗരങ്ങൾക്ക് ആവശ്യമായ പിന്തുണ നൽകുന്നതിനുമായി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്ക് നഗരങ്ങളുടെ പ്രത്യേക ചുമതല വീതിച്ചു നൽകും.
സുസ്ഥിരമായ നഗര പരിവർത്തനം സാധ്യമാകുന്നത് ജീവനക്കാരുടെ കാര്യശേഷി വികസനത്തിലൂടെയും നിരന്തരമായ പഠനത്തിലൂടെയുമാണെന്ന തിരിച്ചറിവിൽ, സ്വച്ഛ് ഭാരത് മിഷൻ എല്ലാ പങ്കാളികൾക്കും ആവശ്യമായ സാങ്കേതിക മാർഗ്ഗനിർദ്ദേശങ്ങളും മാതൃകാ രൂപരേഖകളും മുൻകൂട്ടി നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി, നിർമ്മാണ-പൊളിക്കൽ അവശിഷ്ടങ്ങൾ ശേഖരിക്കുന്നതിനുള്ള സെക്കൻഡറി കളക്ഷൻ സെന്ററുകളുടെ പ്രവർത്തന ചട്ടങ്ങളും, 2026-ലെ ഖരമാലിന്യ സംസ്കരണ നിയമപ്രകാരം മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ തരംതിരിക്കുന്നതിനുള്ള പുതിയ മാർഗ്ഗനിർദ്ദേശങ്ങളും ചടങ്ങിൽ പുറത്തിറക്കി.
 
സ്വച്ഛ് ഭാരത് ടെസ്റ്റ് ബെഡും ഇന്നൊവേഷൻ സെന്ററും:ഗവേഷണങ്ങൾക്കും നൂതന ആശയങ്ങൾക്കുമാണ് സ്വച്ഛ് ഭാരത് മിഷൻ എപ്പോഴും പ്രഥമ പരിഗണന നൽകിയിട്ടുള്ളത്. ശുചിത്വ സാങ്കേതികവിദ്യകളുടെ വികസനം, പരിശോധന, സാക്ഷ്യപ്പെടുത്തൽ, കാര്യശേഷി വികസനം എന്നിവയ്ക്കായി CSIR-CMERI-യുമായി സഹകരിച്ച് മന്ത്രാലയം ദുർഗാപൂരിൽ ദേശീയതലത്തിൽ 'സ്വച്ഛ് ഭാരത് ടെസ്റ്റ് ബെഡ്, ഇന്നൊവേഷൻ സെന്റർ' എന്നിവ സ്ഥാപിച്ചു.
 
സ്റ്റാർട്ടപ്പുകളുടെ മൂന്നാം ഘട്ടം: കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ പരമ്പരാഗത മാലിന്യ സംസ്കരണ രീതികളിൽ നിന്നും അത്യാധുനിക സാങ്കേതികവിദ്യയിലധിഷ്ഠിതമായ പരിഹാര മാർഗ്ഗങ്ങളിലേക്ക് സ്വച്ഛ് ഭാരത് മിഷൻ ചുവടുമാറ്റിയിട്ടുണ്ട്. മാലിന്യ സംസ്കരണ മേഖലയിൽ നൂതന ആശയങ്ങൾ കൊണ്ടുവരുന്നതിനായി 75 സ്റ്റാർട്ടപ്പുകളെയാണ് ഈ ദൗത്യത്തിൽ പങ്കാളികളാക്കിയിട്ടുള്ളത്. യുവാക്കളുടെ സംരംഭകത്വ മികവ് പ്രയോജനപ്പെടുത്തിക്കൊണ്ട്, ഐ.ഐ.ടി കാൺപൂരിലെ 'സ്റ്റാർട്ടപ്പ് ഇൻകുബേഷൻ ആൻഡ് ഇന്നൊവേഷൻ സെന്ററുമായി' സഹകരിച്ച് ഭവന- നഗരകാര്യ മന്ത്രാലയം മൂന്നാം ഘട്ട സ്റ്റാർട്ടപ്പുകൾക്ക് തുടക്കം കുറിച്ചു. പുതിയ 13 സ്റ്റാർട്ടപ്പുകൾ കൂടി ഇതിന്റെ ഭാഗമാകുന്നതോടെ സാങ്കേതികവിദ്യയിലൂന്നിയുള്ള നഗര ശുചിത്വ പദ്ധതികൾക്ക് കൂടുതൽ വേഗം കൈവരും.
 
പ്രത്യേക വാട്‌സ്ആപ്പ് ചാനൽ:പൊതുജനങ്ങൾക്ക് പരാതികൾ ഉന്നയിക്കാനും പരിഹാരം കാണാനുമുള്ള പ്രധാന മാധ്യമമായ 'സ്വച്ഛത ആപ്പി'നെ കൂടുതൽ ജനകീയമാക്കുന്നതിനായി ഒരു പ്രത്യേക വാട്‌സ്ആപ്പ് ചാനൽ ആരംഭിച്ചു. ഇത് വഴി ജനങ്ങൾക്ക് വളരെ എളുപ്പത്തിൽ പരാതികൾ രേഖപ്പെടുത്താനും തങ്ങളുടെ നഗരങ്ങളെ വൃത്തിയായി സൂക്ഷിക്കുന്നതിൽ പങ്കാളികളാകാനും സാധിക്കും.
 
സ്വച്ഛത ബിഹേവിയർ ചേഞ്ച് ഡിജിറ്റൽ കോഷ്:
ശുചിത്വ ശീലങ്ങളിൽ മാറ്റം വരുത്തിക്കൊണ്ട് കൂടുതൽ സുസ്ഥിരമായ ഒരുരാജ്യം കെട്ടിപ്പടുക്കുന്നതിനായുള്ള വിവിധ ആശയങ്ങൾ, കാമ്പെയ്‌നുകൾ, വിവരങ്ങൾ എന്നിവ സമഗ്രമായി ഉൾക്കൊള്ളുന്ന 'സ്വച്ഛത ബിഹേവിയർ ചേഞ്ച് ഡിജിറ്റൽ കോഷ്' കേന്ദ്രമന്ത്രി ശ്രീ മനോഹർ ലാൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാനങ്ങൾക്കും നഗരസഭകൾക്കും മറ്റ് പങ്കാളികൾക്കും ആവശ്യമായ ആശയവിനിമയ വിവരങ്ങളും ബോധവല്ക്കരണ ആശയങ്ങളും ഇതിലൂടെ എളുപ്പത്തിൽ ലഭ്യമാകും. ശുചിത്വം ഒരു ജീവിതചര്യയാക്കി മാറ്റുന്നതിനായി വിജ്ഞാന പങ്കാളിത്തവും ജനകേന്ദ്രീകൃതമായ ആശയവിനിമയവും ഉറപ്പാക്കാൻ ഈ ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴിയൊരുക്കും.
 
മാലിന്യ പുനരുപയോഗ കേന്ദ്രം :
'സ്വച്ഛത ഹി സേവ 2026' കാമ്പെയ്‌ന്റെ ഭാഗമായി ന്യൂഡൽഹിയിലെ സങ്കൽപ് ഭവനിൽ കേന്ദ്രമന്ത്രി ശ്രീ മനോഹർ ലാൽ മാലിന്യ പുനരുപയോഗ കേന്ദ്രം ഉദ്ഘാടനം ചെയ്തു. ഒരു കേന്ദ്ര മന്ത്രാലയ ഓഫീസിനുള്ളിൽ സ്ഥാപിതമാകുന്ന ഇത്തരത്തിലുള്ള ആദ്യത്തെ കേന്ദ്രമാണിത്. ഗവൺമെന്റ് ഓഫീസുകളിൽ സുസ്ഥിരമായ ഉപഭോഗരീതികൾ, പുനരുപയോഗം, മാലിന്യങ്ങളിൽ നിന്നുള്ള വിഭവങ്ങളുടെ വീണ്ടെടുപ്പ് എന്നിവ പ്രോത്സാഹിപ്പിക്കാൻ ഈ പദ്ധതി സഹായിക്കും.

 

 

ഇന്ത്യയുടെ നഗര ശുചിത്വ മേഖലയിലെ ഒരു വലിയ മുന്നേറ്റമാണിത്. സുസ്ഥിരവും ഭാവിയെ ലക്ഷ്യം വെച്ചുള്ളതുമായ നഗരങ്ങൾ രൂപപ്പെടുത്തുന്നതിനായി നവീകരണങ്ങൾക്കും പരസ്പര പഠനങ്ങൾക്കും കാര്യശേഷി വികസനത്തിനും ഭവന, നഗരകാര്യ മന്ത്രാലയം വലിയ പ്രാധാന്യമാണ് നൽകുന്നത്.' വികസിത ഭാരതം 2047' എന്ന ലക്ഷ്യത്തിലേക്ക് രാജ്യം മുന്നേറുമ്പോൾ, ശാസ്ത്രീയ മാലിന്യ സംസ്കരണത്തിലൂടെയും സുസ്ഥിര നഗര പരിപാലനത്തിലൂടെയും നഗരങ്ങളെ പൂർണ്ണമായും മാലിന്യമുക്തമാക്കുക എന്നതാണ് രാജ്യത്തിന് മുന്നിലുള്ള വ്യക്തമായ പാത.
****

( റിലീസ് ഐ.ഡി: 2316715) സന്ദര്‍ശക കൗണ്ടര്‍ : 9
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Assamese , Bengali , Gujarati , Odia , Kannada