കൃഷി മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യയെ ആഗോള ഭക്ഷ്യ ശേഖരമാക്കി മാറ്റാനുള്ള 'സംഘകൃഷി'ക്ക് (ടീം അഗ്രികള്‍ച്ചര്‍)ശ്രീ ശിവരാജ് സിംഗ് ചൗഹാന്‍ ആഹ്വാനം ചെയ്തു.

പോസ്റ്റഡ് ഓണ്‍: 29 SEP 2026 2:15PM by PIB Thiruvananthpuram

'ദേശീയ കാര്‍ഷിക സമ്മേളനം - റാബി ക്യാമ്പെയ്ന്‍ 2026'-ന്റെ രണ്ടാം ദിവസം, വിവിധ സംസ്ഥാനങ്ങളിലെ കൃഷിമന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്ത ഒരു സെഷനില്‍ കേന്ദ്ര കൃഷി-കര്‍ഷക ക്ഷേമ-ഗ്രാമവികസന മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാന്‍ അധ്യക്ഷത വഹിച്ചു. യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് ശ്രീ ചൗഹാന്‍ പറഞ്ഞു: പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലും മാര്‍ഗ്ഗനിര്‍ദ്ദേശത്തിലും, രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും കര്‍ഷകരുടെ ഉപജീവന മാര്‍ഗ്ഗങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കക്ഷി രാഷ്ട്രീയത്തിനതീതമായി ചിന്തിച്ച് 'സംഘ കൃഷി'യുടെ ആവേശത്തില്‍ പ്രവര്‍ത്തിക്കണം. 'സര്‍ക്കാരുകളും രാഷ്ട്രീയ പാര്‍ട്ടികളും വരികയും പോവുകയും ചെയ്യും; പാര്‍ട്ടികള്‍ രൂപീകരിക്കപ്പെടുകയും പിരിച്ചുവിടപ്പെടുകയും ചെയ്യും, എന്നാല്‍ രാജ്യവും അതിലെ കര്‍ഷകരും ശാശ്വതമാണ്,' എന്ന് അദ്ദേഹം പറഞ്ഞു. ഇതൊരു രാഷ്ട്രീയ വേദിയല്ലെന്നും, മറിച്ച് കൃഷി മെച്ചപ്പെടുത്തുന്നതിനും കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുമുള്ള പ്രായോഗിക മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നതിനുള്ള വേദിയാണെന്നും അദ്ദേഹം എടുത്തു പറഞ്ഞു.


പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍, ഓരോ പ്രധാന നയ തീരുമാനത്തിലും അന്താരാഷ്ട്ര കരാറിലും കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ക്ക് പരമപ്രാധാന്യം നല്‍കിയിട്ടുണ്ടെന്നും ശ്രീ ചൗഹാന്‍ എടുത്തുപറഞ്ഞു. സമ്മേളനത്തില്‍, 'പ്രധാനമന്ത്രി രാഷ്ട്രീയ കൃഷി വികാസ് യോജന' (പി.എം-ആര്‍.കെ.വി.വൈ) പ്രകാരം 10 സംസ്ഥാനങ്ങളിലെ കൃഷിമന്ത്രിമാര്‍ക്ക് 1200 കോടിയിലധികം രൂപയുടെ സാമ്പത്തിക അനുമതി പത്രങ്ങള്‍ ശ്രീ ചൗഹാന്‍ കൈമാറി. കേന്ദ്ര കൃഷി-കര്‍ഷക ക്ഷേമ സഹമന്ത്രിമാരായ ശ്രീ രാം നാഥ് ഠാക്കൂര്‍, ശ്രീ ഭഗീരഥ് ചൗധരി, കേന്ദ്ര കൃഷി സെക്രട്ടറി ശ്രീ അതിഷ് ചന്ദ്ര, ഐ.സി.എ.ആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. എം. എല്‍. ജാത് എന്നിവര്‍ക്ക് പുറമെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും വിവിധ കാര്‍ഷിക സ്ഥാപനങ്ങളുടെ പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുത്തു.

 


പി.എം-ആര്‍.കെ.വി.വൈ പദ്ധതി പ്രകാരം 10 സംസ്ഥാനങ്ങള്‍ക്കായി 1200 കോടിയിലധികം രൂപ അനുവദിച്ചു

പി.എം-ആര്‍.കെ.വി.വൈ  പദ്ധതി പ്രകാരം 10 സംസ്ഥാനങ്ങള്‍ക്ക് തുക അനുവദിച്ചുകൊണ്ടുള്ള ഉത്തരവുകള്‍ കൈമാറി. ഇതില്‍ പശ്ചിമ ബംഗാളിന് 290 കോടി രൂപയും, ഹരിയാനയ്ക്ക് 198 കോടി രൂപയും, ഛത്തീസ്ഗഡിന് 181 കോടി രൂപയും, അരുണാചല്‍ പ്രദേശിന് 154 കോടി രൂപയും, ബിഹാറിന് 114 കോടി രൂപയും, കര്‍ണാടകയ്ക്ക് 104 കോടി രൂപയും, മിസോറാമിന് 75 കോടി രൂപയും, ഹിമാചല്‍ പ്രദേശിന് 64 കോടി രൂപയും, ഢാര്‍ഖണ്ഡിന് 58 കോടി രൂപയും, പഞ്ചാബിന് 43 കോടി രൂപയും ഉള്‍പ്പെടുന്നു.

 

നയരൂപീകരണത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കാതെ, പദ്ധതികളുടെ നടത്തിപ്പ് തടസ്സമില്ലാതെ ആരംഭിക്കുന്നതിനായി സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ വിഭവങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കുന്ന കാര്യവും കേന്ദ്രസര്‍ക്കാര്‍ ഉറപ്പാക്കുന്നുണ്ടെന്ന് ശ്രീ ചൗഹാന്‍ പറഞ്ഞു.

കാര്‍ഷിക വളര്‍ച്ചാ നിരക്ക് 4.5 ശതമാനമായി ഉയര്‍ന്നു

2015 മുതല്‍ കാര്‍ഷിക വളര്‍ച്ചാ നിരക്ക് 3 ശതമാനത്തില്‍ നിന്ന് 4.5 ശതമാനമായി വര്‍ദ്ധിച്ചതായി രാജ്യത്തിന്റെ കാര്‍ഷിക മികവ്  ഉയര്‍ത്തിക്കാട്ടിക്കൊണ്ട് ശ്രീ ചൗഹാന്‍ പറഞ്ഞു. ഭക്ഷ്യധാന്യ ഉല്‍പാദനത്തിലെ ശരാശരി വാര്‍ഷിക വര്‍ദ്ധനവും ഇരട്ടിയിലധികമായി, മുമ്പ് ഏകദേശം 40 ലക്ഷം ടണ്ണായിരുന്നത്്  പ്രതിവര്‍ഷം 84 ലക്ഷം ടണ്ണായി ഉയര്‍ന്നു. 2023-24 മുതല്‍ 2025-26 വരെയുള്ള രണ്ട് വര്‍ഷത്തിനുള്ളില്‍, റാബി ഭക്ഷ്യധാന്യ ഉല്‍പ്പാദനം 205 ലക്ഷം ടണ്ണിന്റെ അഭൂതപൂര്‍വമായ വര്‍ദ്ധനവ് രേഖപ്പെടുത്തിയതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന കൃഷി വകുപ്പുകളുടെയും ശാസ്ത്രജ്ഞരുടെയും കര്‍ഷകരുടെയും കൂട്ടായ പരിശ്രമമാണ് ഈ ചരിത്രപരമായ വളര്‍ച്ചയ്ക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു.


സഹകരണ ഫെഡറലിസം ശക്തിപ്പെടുത്തുന്നതിനായി സംസ്ഥാനങ്ങളുമായി പ്രതിമാസ ഓണ്‍ലൈന്‍ അവലോകനങ്ങള്‍

കേന്ദ്രത്തില്‍ നടത്തുന്ന ആഴ്ചതോറുമുള്ള അവലോകനങ്ങളുടെ മാതൃകയില്‍, തുടര്‍ച്ചയായി പുരോഗതി വിലയിരുത്തുന്നതിനായി സംസ്ഥാനങ്ങളുമായി ഇനി പതിവായി പ്രതിമാസ ഓണ്‍ലൈന്‍ അവലോകന യോഗങ്ങള്‍ നടത്തുമെന്ന് സഹകരണ ഫെഡറലിസം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു പുതിയ സംവിധാനം പ്രഖ്യാപിച്ചുകൊണ്ട് ശ്രീ ചൗഹാന്‍ പറഞ്ഞു. സംസ്ഥാന തലത്തില്‍, കൃഷി മന്ത്രി, കൃഷി സെക്രട്ടറി, സംസ്ഥാന കാര്‍ഷിക സര്‍വകലാശാലകള്‍, ഐ.സി.എ.ആര്‍ സ്ഥാപനങ്ങള്‍, കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍ (കെ.വി.കെ), എ.ടി.എം.എ, കര്‍ഷക ഉല്‍പ്പാദക സംഘടനകള്‍ (എഫ്.പി.ഒ), പുരോഗമന കര്‍ഷകര്‍, ഭക്ഷ്യ സംസ്‌കരണം നടത്തുന്നവര്‍, കേന്ദ്ര സര്‍ക്കാരിലെ നോഡല്‍ ഉദ്യോഗസ്ഥര്‍, എന്നിവരെ ഒരുമിച്ച് കൊണ്ടുവന്ന് ശക്തമായ ഒരു സംസ്ഥാന കാര്‍ഷിക                                                    സംഘം രൂപീകരിക്കും. ജില്ലാ തലത്തില്‍, കളക്ടര്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ (ഡി.ഡി.എ), എ.ടി.എം.എ, കെ.വി.കെ, ഐ.സി.എ.ആര്‍ ശാസ്ത്രജ്ഞര്‍, ബാങ്ക് അധികൃതര്‍, കര്‍ഷകര്‍ എന്നിവരെ ഉള്‍പ്പെടുത്തി പ്രതിമാസ യോഗങ്ങള്‍ നടത്തും.                                                              
വിളവെടുപ്പ് കാലത്തിന് മുന്നോടിയായുള്ള കാര്‍ഷിക സമ്പര്‍ക്കയോഗങ്ങള്‍ക്കായുള്ള വാര്‍ഷിക കലണ്ടര്‍                                                  
കാര്‍ഷിക കാമ്പയിനുകള്‍ക്കുള്ള മുന്‍കൂര്‍ തയ്യാറെടുപ്പ് ഉറപ്പാക്കുന്നതിന്, ശ്രീ ചൗഹാന്‍ സമ്പര്‍ക്ക യോഗങ്ങളുടെ വാര്‍ഷിക കലണ്ടര്‍ പ്രഖ്യാപിച്ചു. ഖാരിഫ് കാമ്പെയ്നിനായി, എല്ലാ വര്‍ഷവും മെയ് 10 ന് ജില്ലാതല മീറ്റിംഗുകളും മെയ് 17 ന് സംസ്ഥാനതല മീറ്റിംഗുകളും നടക്കും. അതുപോലെ, റാബി കാമ്പെയ്നിനായി, എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 10 ന് ജില്ലാതല യോഗങ്ങളും സെപ്റ്റംബര്‍ 17 ന് സംസ്ഥാനതല യോഗങ്ങളും നടക്കും. കൂടാതെ, കര്‍ഷകരെ സംബന്ധിച്ച പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കൃഷി മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍, കാര്‍ഷിക ശാസ്ത്രജ്ഞര്‍ എന്നിവരെ ഒരേസമയം ഒരുമിച്ച് കൊണ്ടുവന്ന് ഒരു പൊതു തീയ്യതിയില്‍ രാജ്യമെമ്പാടും ഒരു ഏകദിന  പ്രത്യേക യോഗം സംഘടിപ്പിക്കും.

പാട സംരക്ഷണ യജ്ഞം(ഖേത് ബച്ചാവോ അഭിയാന്‍') ഒക്ടോബര്‍ 22 മുതല്‍ നവംബര്‍ വരെ

മണ്ണിന്റെ ആരോഗ്യവും പരിസ്ഥിതിയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ട്, ഈ വര്‍ഷം ഒക്ടോബര്‍ 22 മുതല്‍ നവംബര്‍ 30 വരെ രാജ്യവ്യാപകമായി പാട സംരക്ഷണ യജ്്ഞം ' നടത്താന്‍ ശ്രീ ചൗഹാന്‍ ആഹ്വാനം ചെയ്തു. ശാസ്ത്രജ്ഞരും എല്ലാ പ്രധാന പങ്കാളികളും ഈ കാമ്പെയ്നില്‍ സജീവമായി പങ്കെടുക്കും. സോയില്‍ ഹെല്‍ത്ത് കാര്‍ഡുകളെ അടിസ്ഥാനമാക്കി, മണ്ണിന്റെ ഫലഭൂയിഷ്ഠതയെയും പ്രയോജനകരമായ പ്രാണികളെയും സംരക്ഷിക്കുന്നതിന് വളങ്ങളുടെ സന്തുലിതമായ ഉപയോഗം  ഈ കാമ്പെയ്ന്‍ പ്രോത്സാഹിപ്പിക്കുന്നു. കിഴക്കന്‍ ഇന്ത്യയിലെ, പ്രത്യേകിച്ച് ഝാര്‍ഖണ്ഡ്, ബീഹാര്‍, ഒഡീഷ, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ നെല്‍കൃഷിക്ക് ശേഷം തരിശായി കിടക്കുന്ന പ്രദേശങ്ങളില്‍ വലിയ തോതില്‍ പയര്‍വര്‍ഗ്ഗ കൃഷി പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മണ്ണിലെ ഈര്‍പ്പം, ജലലഭ്യത, വിള സംരക്ഷണം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള റാബി തയ്യാറെടുപ്പുകള്‍

നിലവിലെ റാബി സീസണിനായുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി, വിളകളെയും മെച്ചപ്പെട്ട വിത്തുകളെയും കുറിച്ചുള്ള ശുപാര്‍ശകള്‍ മണ്ണിലെ ഈര്‍പ്പത്തെയും ജലലഭ്യതയെയും അടിസ്ഥാനമാക്കിയുള്ളതായിരിക്കണമെന്ന് ശ്രീ ചൗഹാന്‍ ഊന്നിപ്പറഞ്ഞു. രോഗങ്ങളില്‍ നിന്നും കീടങ്ങളില്‍ നിന്നും വിളകളെ സംരക്ഷിക്കുന്നതിന് ഫലപ്രദമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനും, അര്‍ഹരായ എല്ലാ കര്‍ഷകര്‍ക്കും കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ (കെ.സി.സി) ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും, വിള ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം സുതാര്യമായ വിള കൊയ്ത്ത് പരീക്ഷണങ്ങള്‍ (സി.സി.ഇ) നടത്താനും അദ്ദേഹം സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചു. വകുപ്പുതല പദ്ധതികളുടെ നടത്തിപ്പ് സംസ്ഥാന മന്ത്രിമാര്‍ നേരിട്ട് പതിവായി അവലോകനം ചെയ്യണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

വ്യാജ കാര്‍ഷിക ഉത്പന്നങ്ങള്‍ക്കെതിരെ കര്‍ശന നടപടി, നിര്‍ബന്ധിത ടാഗിംഗ് അവസാനിപ്പിക്കല്‍

രാജ്യത്ത് വിത്തുകളുടെയും വളങ്ങളുടെയും ലഭ്യത ആവശ്യത്തിന് ഉണ്ടെന്ന് അഭിപ്രായപ്പെട്ട ശ്രീ ചൗഹാന്‍, വ്യാജ വളങ്ങള്‍, വ്യാജ വിത്തുകള്‍, നിലവാരമില്ലാത്ത കീടനാശിനികള്‍ എന്നിവയ്ക്കെതിരെ കര്‍ശനമായ നിയമനടപടി സ്വീകരിക്കാന്‍ സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചു. നിര്‍ബന്ധിത ടാഗിംഗ് പൂര്‍ണ്ണമായും ഇല്ലാതാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. കൃഷി കൂടുതല്‍ സുസ്ഥിരവും ആദായകരവുമാക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട്, സംസ്ഥാനങ്ങള്‍ പ്രകൃതി കൃഷി, സംയോജിത കൃഷി സമ്പ്രദായങ്ങള്‍, വിള വൈവിധ്യവല്‍ക്കരണം എന്നിവ ദൗത്യാധിഷ്ഠിതമായ രീതിയില്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കര്‍ഷകര്‍ക്ക് ലാഭകരമായ വില ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ബഹുമുഖ കാര്യനയങ്ങള്‍ ആവിഷ്‌കരിച്ച് പ്രവര്‍ത്തിക്കുന്നു.

കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവും ആദായകരവുമായ വില ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ബഹുമുഖ കാര്യനയം  പിന്തുടരുന്നുണ്ടെന്ന് ശ്രീ ചൗഹാന്‍ പറഞ്ഞു. വിളവെടുപ്പിനു ശേഷമുള്ള കൈകാര്യം, ശാസ്ത്രീയ സംഭരണം, വിപണന സംവിധാനങ്ങള്‍ എന്നിവ ശക്തിപ്പെടുത്തുന്നതാണ് ഈ കാര്യനയം. തുവര, ഉഴുന്ന്, മസൂര്‍(ചുവന്ന പരിപ്പ്്) എന്നിവയുടെ താങ്ങുവിലയിലുള്ള സംഭരണം 100 ശതമാനം സര്‍ക്കാര്‍ ഉറപ്പുനല്‍കുമെന്നും 48 മണിക്കൂറിനുള്ളില്‍ പണം നല്‍കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദര്‍ശനത്തിന് അനുസൃതമായി, അന്താരാഷ്ട്ര സ്വതന്ത്ര വ്യാപാര കരാറുകളില്‍ (എഫ്.ടി.എ) നിന്ന് ഉയര്‍ന്നുവരുന്ന പുതിയ വിപണി അവസരങ്ങള്‍ ഇന്ത്യ പ്രയോജനപ്പെടുത്തിക്കൊണ്ട് ഇന്ത്യന്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, ഭക്ഷ്യധാന്യങ്ങള്‍ എന്നിവ ആഗോള വിപണികളുമായി ബന്ധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇത് കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച വരുമാനം നേടാന്‍ സഹായിക്കുകയും ലോകത്തിലെ  ഒരു പ്രധാന 'ഭക്ഷ്യ ശേഖരമായി ഉയര്‍ന്നുവരാന്‍ ഇന്ത്യയെ പ്രാപ്തമാക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
 
****

( റിലീസ് ഐ.ഡി: 2316636) സന്ദര്‍ശക കൗണ്ടര്‍ : 3