ധനകാര്യ മന്ത്രാലയം
2026-27 അസസ്‌മെന്റ് വർഷത്തെ ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി നവംബർ 21 വരെ നീട്ടി കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ്
പോസ്റ്റഡ് ഓണ്‍:
28 SEP 2026 5:19PM by PIB Thiruvananthpuram
1961-ലെ ആദായനികുതി നിയമപ്രകാരം അക്കൗണ്ടുകൾ ഓഡിറ്റിങിന് വിധേയമാക്കേണ്ട നികുതിദായകർക്ക് 2026-27 അസസ്‌മെന്റ് വർഷത്തെ ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് നീട്ടി. 2026 ഒക്ടോബർ 31-ൽ നിന്ന് നവംബർ 21 വരെയാണ് തീയതി നീട്ടിനൽകിയത്.
1961-ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 139 സബ് സെക്ഷൻ (1)-ന്റെ വിശദീകരണം 2-ന് താഴെയുള്ള പട്ടികയിലെ ക്രമനമ്പർ 2-ൽ പരാമർശിച്ചിരിക്കുന്ന വ്യക്തികൾക്ക് (ഓഡിറ്റിങിന് ബാധ്യസ്ഥരായവർ) 2026-27 അസസ്‌മെന്റ് വർഷത്തെ ആദായനികുതി റിട്ടേൺ സമർപ്പിക്കേണ്ട അവസാന തീയതി 2026 ഒക്ടോബർ 31 ആയിരുന്നു. ഈ കാലാവധിയാണ് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് നവംബർ 21 വരെ നീട്ടിയത്.
ഇതനുസരിച്ച് പ്രസ്തുത വിഭാഗത്തിലെ നികുതിദായകർ ആദായനികുതി നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം 2026-27 അസസ്‌മെന്റ് വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കേണ്ട അവസാന തീയതിയും നീട്ടിയിട്ടുണ്ട്. 2026 സെപ്റ്റംബർ 30-ൽ നിന്ന് ഒക്ടോബർ 21 വരെയാണ് ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കാനുള്ള തീയതി നീട്ടിയത്.
ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ്/വിജ്ഞാപനം പ്രത്യേകമായി ഉടൻ പുറപ്പെടുവിക്കും.
( റിലീസ് ഐ.ഡി: 2316377)
സന്ദര്‍ശക കൗണ്ടര്‍ : 3