വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി ശ്രീ. പിയൂഷ് ഗോയല്‍ ജി 20 വ്യാപാര മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കുന്നതിനായി അമേരിക്ക സന്ദര്‍ശിക്കും

പോസ്റ്റഡ് ഓണ്‍: 28 SEP 2026 6:19PM by PIB Thiruvananthpuram
കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി ശ്രീ. പിയൂഷ് ഗോയല്‍ 2026 സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 5 വരെ അമേരിക്ക സന്ദര്‍ശിക്കും. യു.എസ്. ട്രേഡ് റെപ്രസെന്റേറ്റീവിന്റെ (USTR) ക്ഷണപ്രകാരം 2026 സെപ്റ്റംബര്‍ 30, ഒക്ടോബര്‍ 1 തീയതികളില്‍ വിസ്‌കോണ്‍സിനിലെ മില്‍വാക്കിയില്‍ നടക്കുന്ന ജി 20 വ്യാപാര മന്ത്രിമാരുടെ യോഗത്തില്‍ ശ്രീ. ഗോയല്‍ പങ്കെടുക്കും.

ജി 20 അംഗരാജ്യങ്ങളിലെ വ്യാപാര മന്ത്രിമാര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. വികസ്വര രാജ്യങ്ങള്‍ക്ക് ആവശ്യമായ നയപരമായ സ്വാതന്ത്ര്യം ഉറപ്പാക്കിക്കൊണ്ട് തന്നെ, ലോക വ്യാപാര സംഘടനയെ (WTO) കേന്ദ്രബിന്ദുവാക്കിക്കൊണ്ട്, നിയമാധിഷ്ഠിതവും തുറന്നതും ഉള്‍ക്കൊള്ളുന്നതും സുതാര്യവും നീതിയുക്തവും വിവേചനരഹിതവുമായ ഒരു ബഹുമുഖ വ്യാപാര സംവിധാനത്തിനായി ഇന്ത്യ എല്ലാ ജി 20 അംഗങ്ങളുമായും സര്‍ഗ്ഗാത്മകമായി സഹകരിച്ചു പ്രവര്‍ത്തിക്കും. യോഗത്തോടനുബന്ധിച്ച് ശ്രീ. ഗോയല്‍ മറ്റ് രാജ്യങ്ങളിലെ മന്ത്രിമാരുമായി ഉഭയകക്ഷി കൂടിക്കാഴ്ചകള്‍ നടത്തും. കര്‍ഷകര്‍, മത്സ്യത്തൊഴിലാളികള്‍, വനിതാ സംരംഭകര്‍, സ്റ്റാര്‍ട്ടപ്പുകള്‍, എം.എസ്.എം.ഇകള്‍ (MSMEs), മറ്റ് സംരംഭങ്ങള്‍ എന്നിവര്‍ക്കുള്ള അവസരങ്ങള്‍ വികസിപ്പിക്കുന്നതിലായിരിക്കും ഈ കൂടിക്കാഴ്ചകള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

സന്തുലിതവും പരസ്പരം പ്രയോജനകരവുമായ ഇന്ത്യ-യു.എസ്. ഉഭയകക്ഷി വ്യാപാര കരാര്‍ (BTA) മുന്നോട്ട് കൊണ്ടുപോകുന്നതിനും 2026 ഫെബ്രുവരി 7-ലെ സംയുക്ത പ്രസ്താവനയ്ക്ക് അനുസൃതമായി ഒരു ഇടക്കാല കരാറിന് അന്തിമരൂപം നല്‍കുന്നതിനുമുള്ള തുടര്‍ശ്രമങ്ങളുടെ ഭാഗമായി ശ്രീ. പിയൂഷ് ഗോയല്‍, യു.എസ് പ്രതിനിധിയുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും.

മില്‍വാക്കിയിലും ഷിക്കാഗോയിലും, നിര്‍മ്മാണം, ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍, അഗ്രി-ബിസിനസ്സ്, റീട്ടെയില്‍, സാങ്കേതികവിദ്യ എന്നീ മേഖലകളിലെ മുന്‍നിര അമേരിക്കന്‍ കമ്പനികളുടെ ചീഫ് എക്‌സിക്യൂട്ടീവുകളുമായി ശ്രീ. ഗോയല്‍ കൂടിക്കാഴ്ച നടത്തും. കൂടാതെ ബിസിനസുകള്‍, സ്റ്റാര്‍ട്ടപ്പുകള്‍, നൂതന കമ്പനികള്‍ എന്നിവരുമായുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കുകയും ചെയ്യും. ഒരു നിര്‍മ്മാണ, നിക്ഷേപ ലക്ഷ്യസ്ഥാനം എന്ന നിലയില്‍ ഇന്ത്യ വാഗ്ദാനം ചെയ്യുന്ന അവസരങ്ങള്‍ അദ്ദേഹം എടുത്തുപറയുകയും ഇന്ത്യന്‍ സംരംഭങ്ങളുമായുള്ള പങ്കാളിത്തം വിപുലപ്പെടുത്താന്‍ അമേരിക്കന്‍ കമ്പനികളെ ക്ഷണിക്കുകയും ചെയ്യും.
 

ഷിക്കാഗോയില്‍, ഗാന്ധി ജയന്തി ദിനത്തില്‍ മഹാത്മാഗാന്ധിക്കും സ്വാമി വിവേകാനന്ദനും ശ്രീ. ഗോയല്‍ പുഷ്പാര്‍ച്ചന നടത്തും. ഇന്ത്യന്‍ സമൂഹത്തെ പ്രതിനിധീകരിക്കുന്ന പ്രൊഫഷണല്‍ അസോസിയേഷനുകളുമായും അദ്ദേഹം സംവദിക്കും.
 

ഈ സന്ദര്‍ശനം ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര, നിക്ഷേപ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും ജി20 പങ്കാളികളുമായുള്ള ഇന്ത്യയുടെ ബന്ധം കൂടുതല്‍ ദൃഢമാക്കുമെന്നും പ്രതീക്ഷിക്കുന്നു.
 
***

( റിലീസ് ഐ.ഡി: 2316178) സന്ദര്‍ശക കൗണ്ടര്‍ : 5
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Gujarati