വിദ്യാഭ്യാസ മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ പ്രഹ്ലാദ് ജോഷി ഐഐഎസ്‌സി ബെംഗളൂരുവിൽ 'സേവ ഫസ്റ്റ് ഇന്നോവേഷൻ ചലഞ്ച്' ഉദ്ഘാടനം ചെയ്യും

പോസ്റ്റഡ് ഓണ്‍: 24 SEP 2026 4:16PM by PIB Thiruvananthpuram

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ പ്രഹ്ലാദ് ജോഷി, ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ (IISc) വെച്ച് 'സേവ ഫസ്റ്റ് ഇന്നോവേഷൻ ചലഞ്ച്' (SFIC) നാളെ ഉദ്ഘാടനം ചെയ്യും. തങ്ങളുടെ സമൂഹത്തിൽ കാണുന്ന പ്രശ്നങ്ങൾ തിരിച്ചറിയാനും, പരീക്ഷിക്കാനും മെച്ചപ്പെടുത്താനും നടപ്പിലാക്കാനും കഴിയുന്ന പരിഹാരങ്ങൾ വികസിപ്പിക്കാനും യുവാക്കളെ ഈ സംരംഭം പ്രോത്സാഹിപ്പിക്കുന്നു. കർണാടക, തമിഴ്‌നാട്, കേരളം, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളും ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ്, പുതുച്ചേരി എന്നീ കേന്ദ്രഭരണ പ്രദേശങ്ങളും ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് ഈ മത്സരം നടക്കുക.

 

സ്കൂളുകൾ, ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ (ITI), പോളിടെക്നിക്കുകൾ, കോളേജുകൾ, സർവകലാശാലകൾ എന്നിവിടങ്ങളിൽ നിന്നുള്ള യുവ പങ്കാളികളെ ഈ മത്സരം ഒരുമിച്ച് കൊണ്ടുവരും. ജൂനിയർ, ടെക്നിക്കൽ, ഓപ്പൺ എന്നിങ്ങനെ മൂന്ന് തലങ്ങളിലായാണ് മത്സരം നടക്കുന്നത്. 6 മുതൽ 12 വരെ ക്ലാസുകളിലെ സ്കൂൾ വിദ്യാർത്ഥികൾക്ക് ജൂനിയർ തലത്തിൽ പങ്കെടുക്കാം. ഈ തലത്തിൽ, വിദ്യാർത്ഥികൾക്ക് പ്രാദേശിക പ്രശ്നങ്ങൾ തിരിച്ചറിയാനും ലളിതവും പ്രായോഗികവുമായ പരിഹാരങ്ങളോ അല്ലെങ്കിൽ മികച്ച ആശയങ്ങളോടുകൂടിയ സേവന-ഭരണ നിർദ്ദേശങ്ങളോ വികസിപ്പിക്കാനും സാധിക്കും. ഐടിഐ, പോളിടെക്നിക് വിദ്യാർത്ഥികൾ പ്രായോഗിക എൻജിനീയറിംഗ്, നിർമ്മാണം (fabrication), ഇലക്ട്രോണിക്സ്, പ്രോസസ് സൊല്യൂഷനുകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, ബിരുദ-ബിരുദാനന്തര വിദ്യാർത്ഥികളും ഗവേഷകരും നടപ്പിലാക്കാൻ സാധിക്കുന്ന തരത്തിലുള്ള പ്രോട്ടോടൈപ്പുകളോ പൈലറ്റ് മാതൃകകളോ അവതരിപ്പിക്കേണ്ടതുണ്ട്.

 

1) ശുചിത്വമുള്ളതും സുസ്ഥിരവുമായ ഭാരതം, 2) സമൃദ്ധരായ കർഷകർ - സമൃദ്ധമായ ഭാരതം, 3) ആരോഗ്യകരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഭാരതം, 4) വിദ്യാസമ്പന്നവും നൈപുണ്യമുള്ളതുമായ ഭാരതം, 5) സുരക്ഷിതമായ ഭാരതം എന്നിങ്ങനെ അഞ്ച് ദേശീയ വിഷയങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും മത്സരം. പരിപാടിക്കുള്ള രജിസ്ട്രേഷൻ 2026 സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 24 വരെയായിരിക്കും. 2026 ഡിസംബർ 10 മുതൽ 17 വരെ ന്യൂഡൽഹിയിൽ നടക്കുന്ന ദേശീയ ഫൈനലോടെ പരിപാടി സമാപിക്കും.

 

അക്കാദമിക്-വ്യവസായ മേഖലകളിലെ വിദഗ്ധരുടെ മാർഗനിർദ്ദേശം (mentorship), ലബോറട്ടറികൾ, നിർമ്മാണ സൗകര്യങ്ങൾ, പരീക്ഷണ സഹായം, ഇൻകുബേഷൻ, സീഡ്-പൈലറ്റ് ഫണ്ടിംഗ്, ഫീൽഡ്-ടെസ്റ്റിംഗ് അവസരങ്ങൾ, ബൗദ്ധിക സ്വത്തവകാശ സംരക്ഷണം സംബന്ധിച്ച മാർഗനിർദ്ദേശം എന്നിവ പങ്കാളികൾക്ക് ലഭ്യമാകും. മികച്ച പരിഹാരങ്ങൾ നടപ്പിലാക്കുന്നതിനായി വിവിധ മന്ത്രാലയങ്ങൾ, സംസ്ഥാന സർക്കാരുകൾ, നഗര-ഗ്രാമ തദ്ദേശ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ എന്നിവയുമായി ബന്ധിപ്പിക്കാനും അവസരമൊരുക്കും.

 

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം, ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ (AICTE), യൂണിവേഴ്സിറ്റി ഗ്രാൻ്റ്സ് കമ്മീഷൻ (UGC) എന്നിവ സംയുക്തമായാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്; ഐഐഎസ്‌സി (IISc) ബെംഗളൂരു ഇതിന്റെ നോഡൽ സ്ഥാപനമായി പ്രവർത്തിക്കും. സമൂഹത്തിൽ വേരൂന്നിയ നൂതനാശയങ്ങളുടെ സംസ്കാരം വളർത്തുന്നതിനും, പ്രശ്നങ്ങൾ തിരിച്ചറിയുന്നതിനപ്പുറം അവയ്ക്കുള്ള പരിഹാരങ്ങൾ കണ്ടെത്തി നടപ്പിലാക്കാൻ യുവാക്കളെ പ്രാപ്തരാക്കുന്നതിനും, അതുവഴി 'വികസിത് ഭാരത് @ 2047' എന്ന ലക്ഷ്യത്തിലേക്ക് സംഭാവന നൽകുന്നതിനും ഈ സംരംഭം ലക്ഷ്യമിടുന്നു.

 

കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക:  https://sevafirst.mic.gov.in/

****


( റിലീസ് ഐ.ഡി: 2314660) സന്ദര്‍ശക കൗണ്ടര്‍ : 3
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Tamil , Telugu , Kannada