ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം
ഉപഭോക്താക്കള്‍ക്ക് ആശ്വാസമേകി പ്രധാന പാചക എണ്ണകളുടെ ഇറക്കുമതി തീരുവ വെട്ടിക്കുറച്ച് കേന്ദ്ര ഗവണ്‍മെന്റ്
പോസ്റ്റഡ് ഓണ്‍:
24 SEP 2026 12:43PM by PIB Thiruvananthpuram
അന്താരാഷ്ട്ര വിപണിയില്‍ പാചക എണ്ണ വില കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ ആഭ്യന്തര വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാനും ഉപഭോക്താക്കള്‍ക്ക് ആശ്വാസമേകാനും പണപ്പെരുപ്പ സമ്മര്‍ദം ലഘൂകരിക്കാനും ലക്ഷ്യമിട്ട് പ്രധാന ക്രൂഡ് പാചക എണ്ണകളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ കേന്ദ്ര ഗവണ്‍മെന്റ് വെട്ടിക്കുറച്ചു.
ഇതനുസരിച്ച് ക്രൂഡ് സണ്‍ഫ്‌ലവര്‍ ഓയിലിന്റെ അടിസ്ഥാന കസ്റ്റംസ് തീരുവ 10 ശതമാനമായിരുന്നത് പൂര്‍ണമായി ഒഴിവാക്കി. ക്രൂഡ് സോയാബീന്‍ ഓയിലിന്റെയും ക്രൂഡ് പാം ഓയിലിന്റെയും തീരുവ 10 ശതമാനത്തില്‍ നിന്ന് 5 ശതമാനമായാണ് കുറച്ചത്. ഒപ്പം സംസ്‌കരിച്ച പാചക എണ്ണകളുടെ കസ്റ്റംസ് തീരുവയിലും ഗവണ്‍മെന്റ് ആനുപാതികമായ കുറവ് വരുത്തിയിട്ടുണ്ട്. ക്രൂഡ് എണ്ണയും സംസ്‌കരിച്ച എണ്ണയും തമ്മിലെ ഇറക്കുമതി തീരുവയില്‍ 19.25 ശതമാനം വ്യത്യാസം നിലനിര്‍ത്തിയാണ് നടപടി.
അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റവും തല്‍ഫലമായി ആഭ്യന്തര വിപണിയിലെ ഇറക്കുമതിച്ചെലവിലും ചില്ലറ വില്‍പ്പന വിലയിലുമുണ്ടായ വര്‍ധനയും കണക്കിലെടുത്താണ് തീരുവ പരിഷ്‌കരിച്ചത്. ഇറക്കുമതി ചെയ്യുന്ന പാചക എണ്ണകളുടെ ആകെ ചെലവില്‍ ഇറക്കുമതി തീരുവ നിര്‍ണായക പങ്കുവഹിക്കുന്നതിനാല്‍ ഇത് ആഭ്യന്തര വിപണിയിലെ വിലയെ നേരിട്ട് സ്വാധീനിക്കുന്നു.
ക്രൂഡ് പാചക എണ്ണകളുടെ കസ്റ്റംസ് തീരുവ കുറച്ചത് അവയുടെ ഇറക്കുമതിച്ചെലവ് കുറയ്ക്കുമെന്നും ഈ നേട്ടം ആഭ്യന്തര വിതരണ ശൃംഖലയിലൂടെ ഉപഭോക്താക്കളിലെത്താന്‍ വഴിയൊരുക്കുമെന്നും പ്രതീക്ഷിക്കുന്നു. ഭക്ഷ്യവിലയും മൊത്തത്തിലുള്ള പണപ്പെരുപ്പവും നിയന്ത്രിക്കുകയെന്ന വിശാല ലക്ഷ്യത്തിന് കരുത്തുപകരുന്നതിനൊപ്പം സാധാരണക്കാര്‍ക്ക് ആശ്വാസമേകാനും നടപടി ലക്ഷ്യമിടുന്നു.
രാജ്യത്തെ സംസ്‌കരണശാലകളുടെ ശേഷി പരമാവധി പ്രയോജനപ്പെടുത്താനും സംസ്‌കരിച്ച പാചക എണ്ണകളുടെ അമിത ഇറക്കുമതി നിരുത്സാഹപ്പെടുത്താനുമാണ് ക്രൂഡ് എണ്ണകളും സംസ്‌കരിച്ച എണ്ണകളും തമ്മിലെ തീരുവയിലെ വ്യത്യാസം നിലനിര്‍ത്തിയിരിക്കുന്നത്. ആഭ്യന്തര സംസ്‌കരണ കേന്ദ്രങ്ങള്‍ക്ക് തുല്യ മത്സരാവസരം ഉറപ്പാക്കാനും രാജ്യത്തിനകത്തുതന്നെ മൂല്യവര്‍ധന പ്രോത്സാഹിപ്പിക്കാനും ഇത് സഹായിക്കും.
ഉപഭോക്തൃ ആശ്വാസത്തിന് വ്യവസായ മേഖലയ്ക്ക് മാര്‍ഗനിര്‍ദേശം
ഇറക്കുമതി തീരുവ കുറച്ചതിന്റെ പൂര്‍ണ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പാചക എണ്ണ അസോസിയേഷനുകള്‍ക്കും വ്യവസായ മേഖലയിലെ പങ്കാളികള്‍ക്കും ഗവണ്‍മെന്റ് പ്രത്യേക മാര്‍ഗനിര്‍ദേശം നല്‍കി.
ഇറക്കുമതിച്ചെലവില്‍ വന്ന കുറവിന് ആനുപാതികമായി വിതരണക്കാര്‍ക്കുള്ള നിരക്കിലും പരമാവധി ചില്ലറ വില്‍പ്പന വിലയിലും (എംആര്‍പി) ഉടനടി മാറ്റം വരുത്താന്‍ വ്യവസായ മേഖലയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിലക്കുറവ് കാലതാമസമില്ലാതെ നടപ്പാക്കാന്‍ അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് പാചക എണ്ണ അസോസിയേഷനുകളോടും ഗവണ്‍മെന്റ് ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര പാചക എണ്ണ വിപണിയിലെ ചലനങ്ങളും ആഭ്യന്തര വിലനിലവാരവും ഗവണ്‍മെന്റ് നിരന്തരം നിരീക്ഷിച്ചുവരികയാണ്. കര്‍ഷകരുടെയും ആഭ്യന്തര പാചക എണ്ണ വ്യവസായത്തിന്റെയും താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന സന്തുലിത നയ സമീപനം നിലനിര്‍ത്തി ഉപഭോക്തൃ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ഗവണ്‍മെന്റ് വ്യക്തമാക്കി.
****
( റിലീസ് ഐ.ഡി: 2314472)
സന്ദര്‍ശക കൗണ്ടര്‍ : 4