രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ബറോഡയിലെ മഹാരാജാ സയാജിറാവു സർവകലാശാലയുടെ പ്ലാറ്റിനം ജൂബിലി ബിരുദദാന ചടങ്ങിൽ രാഷ്ട്രപതി പങ്കെടുത്തു.

പോസ്റ്റഡ് ഓണ്‍: 23 SEP 2026 4:39PM by PIB Thiruvananthpuram

രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ഇന്ന് (2026 സെപ്റ്റംബർ 23) ഗുജറാത്തിലെ വഡോദരയിലുള്ള മഹാരാജ സായാജിറാവു സർവ്വകലാശാലയുടെ പ്ലാറ്റിനം ജൂബിലി ബിരുദദാന ചടങ്ങിൽ പങ്കെടുത്തു.

കഴിഞ്ഞ 75 വർഷമായി വിവിധ വിജ്ഞാന ശാഖകളെ ഏകോപിപ്പിച്ചുകൊണ്ട് സർവകലാശാല മുന്നേറുകയാണെന്ന് ചടങ്ങിൽ സംസാരിക്കവെ രാഷ്ട്രപതി വ്യക്തമാക്കി.

ഇന്നത്തെ ലോകത്ത് ഒരു പ്രശ്നത്തിനുള്ള പരിഹാരവും ഏതെങ്കിലും ഒരു പ്രത്യേക പഠനശാഖയിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ലെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി. പ്രധാന വെല്ലുവിളികളെ നേരിടാൻ ബഹുവിഷയ അധിഷ്ഠിത സമീപനം അത്യാവശ്യമാണെന്ന് അവർ ഊന്നിപ്പറഞ്ഞു. ഒരു ശാസ്ത്രജ്ഞൻ്റെ     കൗതുകവും ഒരു കലാകാരൻ്റെ     സംവേദനക്ഷമതയും ഒരു ചരിത്രകാരൻ്റെ     കാഴ്ചപ്പാടും ഒരു സാമ്പത്തിക ശാസ്ത്രജ്ഞൻ്റെ     സ്ഥിതിവിവര ധാരണയും ഒരു സാമൂഹിക ശാസ്ത്രജ്ഞൻ്റെ     സാമൂഹികബോധവും നമുക്ക് ആവശ്യമാണ്. മഹാരാജ സയാജിറാവു സർവകലാശാലയെപ്പോലുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ ദിശയിൽ എപ്പോഴും ജാഗരൂകതയും ചടുലതയും പുലർത്തുമെന്ന് പ്രതീക്ഷിക്കുന്നതായും രാഷ്ട്രപതി പ്രസ്താവിച്ചു.

തങ്ങൾ നേടിയ വിദ്യാഭ്യാസത്തിൻ്റെയും അറിവിൻ്റെയും ലക്ഷ്യമെന്തെന്ന് ചിന്തിക്കാൻ ബിരുദം നേടി പുറത്തിറങ്ങുന്ന വിദ്യാർത്ഥികളോട് രാഷ്ട്രപതി ആഹ്വാനം ചെയ്തു. രാജ്യത്തിൻ്റെയും സമൂഹത്തിൻ്റെയും നന്മയ്ക്ക് മുൻഗണന നൽകിക്കൊണ്ട് സ്വന്തം തൊഴിൽമേഖലയിൽ മുന്നേറുമ്പോൾ, വ്യക്തിഗത പുരോഗതിക്കൊപ്പം അത് അവരിൽ വലിയ സംതൃപ്തിയും നൽകുമെന്ന്  ശ്രീമതി മുർമു പറഞ്ഞു.

വിദ്യാഭ്യാസം രാജ്യത്തിനും സമൂഹത്തിനും ഗുണം ചെയ്യുമ്പോൾ മാത്രമേ അത് അർത്ഥവത്താകൂ എന്ന് രാഷ്ട്രപതി പറഞ്ഞു. എഞ്ചിനീയർമാർ എന്ന നിലയിൽ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്ന സാങ്കേതികവിദ്യകൾ വികസിപ്പിക്കണമെന്നും; ഡോക്ടർമാർ എന്ന നിലയിൽ വൈദ്യശാസ്ത്രത്തെ വെറുമൊരു തൊഴിലായി കാണാതെ ഒരു സേവനമായി കാണണമെന്നും; ശാസ്ത്രജ്ഞർ എന്ന നിലയിൽ മനുഷ്യരാശിയുടെ നന്മയ്ക്കായി പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും വിദ്യാർത്ഥികളെ അവർ ഉപദേശിച്ചു. കലാകാരന്മാരോ എഴുത്തുകാരോ എന്ന നിലയിൽ അവർ സമൂഹത്തിൻ്റെ     വൈകാരികതയെ ഉണർത്തണം; സംരംഭകർ എന്ന നിലയിൽ കേവലം സമ്പത്ത് മാത്രമല്ല, ജോലിയും അവസരങ്ങളും സൃഷ്ടിക്കണം; അധ്യാപകർ എന്ന നിലയിൽ പൈതൃകവും പുരോഗതിയും ഒരുപോലെ ഉൾക്കൊള്ളുന്ന ഒരു യുവതലമുറയെ വളർത്തിയെടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം; കൂടാതെ പൊതുജീവിതത്തിൽ തങ്ങളുടെ പദവിയെ അധികാരത്തിൻ്റെ     ഉറവിടമായല്ല, മറിച്ച് ഒരു വലിയ ഉത്തരവാദിത്തമായാണ് കാണേണ്ടതെന്നും അവർ ഓർമ്മിപ്പിച്ചു.

 

2047-ഓടെ 'വികസിത ഇന്ത്യ' കെട്ടിപ്പടുക്കുക എന്ന ദേശീയ ലക്ഷ്യവുമായാണ് നാം മുന്നേറുന്നതെന്ന് രാഷ്ട്രപതി പറഞ്ഞു. ഗുണനിലവാരമുള്ള വിദ്യാഭ്യാസവും ആരോഗ്യപരിരക്ഷാ സൗകര്യങ്ങളും എല്ലാവരിലും എത്തുന്ന, ശാസ്ത്രസാങ്കേതികവിദ്യ മാനവക്ഷേമത്തിനായി ഉപയോഗപ്പെടുത്തുന്ന, അവസരസമത്വം നിലനിൽക്കുന്ന, സ്ത്രീകളുടെയും യുവാക്കളുടെയും പൂർണ്ണ ശേഷി പ്രയോജനപ്പെടുത്തുന്ന, ഓരോ പൗരനും അന്തസ്സോടെ ജീവിക്കാൻ അവസരമൊരുക്കുന്ന ഒരു ഇന്ത്യയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ സർവകലാശാലകൾക്കും യുവജനങ്ങൾക്കും വലിയ പങ്ക് വഹിക്കാനുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

 

രാഷ്ട്രപതിയുടെ പ്രസംഗം പൂർണ്ണമായി വായിക്കാൻ  ഇവിടെ ക്ലിക്ക് ചെയ്യുക

****


( റിലീസ് ഐ.ഡി: 2314145) സന്ദര്‍ശക കൗണ്ടര്‍ : 5
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Marathi , Bengali , Gujarati