തെരഞ്ഞെടുപ്പ് കമ്മീഷന്‍
azadi ka amrit mahotsav

എസ്.ഐ.ആർ ഉൾപ്പെടെ എല്ലാ നടപടികളും മുഴുവൻ അംഗങ്ങളുടെയും ഏകകണ്ഠമായ തീരുമാനങ്ങളുടെ ഫലമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

പോസ്റ്റഡ് ഓണ്‍: 23 SEP 2026 3:29PM by PIB Thiruvananthpuram
ഭരണഘടനയുടെ 324-ാം അനുച്ഛേദം, നിയമാനുസൃത ചട്ടങ്ങൾ, സ്ഥാപനപരമായ കീഴ്‌വഴക്കങ്ങൾ എന്നിവയുടെ കർശന മാർഗനിർദേശങ്ങൾക്ക് കീഴിൽ പ്രവർത്തിക്കുന്ന ഭരണഘടനാ സ്ഥാപനമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ഒന്നിലേറെ അംഗങ്ങളുള്ള  ഭരണഘടനാ സ്ഥാപനമായാണ് കമ്മീഷൻ പ്രവർത്തിക്കുന്നത്. രേഖാമൂലമുള്ള കുറിപ്പുകളും നിരീക്ഷണങ്ങളും സാങ്കേതിക നിർദേശങ്ങളും ആഭ്യന്തര പരിശോധനകളുമെല്ലാം സമ്പൂർണ സുതാര്യത, നിയമപാലനം, പ്രവർത്തനപരമായ കൃത്യത എന്നിവ ഉറപ്പാക്കുന്നതിനായി രൂപകല്പന ചെയ്തിരിക്കുന്ന ഏകീകൃത നടപടിക്രമങ്ങളുടെ ഭാഗമാണ്. കമ്മീഷന്റെ എല്ലാ നടപടികളും നിയമങ്ങൾക്കും കമ്മീഷന്റെ തന്നെ നിർദേശങ്ങൾക്കും അനുസൃതമായാണ് നടപ്പാക്കുന്നത്.  

കമ്മീഷൻ പുറപ്പെടുവിക്കുന്ന എല്ലാ ഔദ്യോഗിക ഉത്തരവുകൾക്കും തീരുമാനങ്ങൾക്കും ഭരണപരമായ നിർദേശങ്ങൾക്കും പൂർണ നിയമസാധുതയുണ്ട്. 'മുഖ്യ തെരഞ്ഞെടുപ്പ്  കമ്മീഷണറും മറ്റ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരും (നിയമനം, സേവന വ്യവസ്ഥകൾ, ഔദ്യോഗിക കാലാവധി) നിയമം, 2023' പ്രകാരമുള്ള സ്ഥാപിത നിയമാനുസൃത നടപടിക്രമങ്ങളാണ് ഇതിനായി പിന്തുടരുന്നത്.

കരട് ഘട്ടങ്ങളിൽ കമ്മീഷൻ അംഗങ്ങൾ ഉന്നയിക്കുന്ന പ്രവർത്തനപരമായ സംശയങ്ങളും നിർദേശങ്ങളും വോട്ടർമാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള സാധാരണ ഭരണപരമായ നടപടിക്രമങ്ങളുടെ ഭാഗം മാത്രമാണ്. തെരഞ്ഞെടുപ്പ് പ്രക്രിയകൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് കമ്മീഷണർമാർ നിർദേശങ്ങൾ നൽകുന്നത്.  

ഏതൊരു സ്ഥാപനത്തിലെയും കൂടിയാലോചനകളിൽ ഭിന്നാഭിപ്രായങ്ങളും നിരീക്ഷണങ്ങളും സ്വാഭാവികമാണ്. അന്തിമ തീരുമാനമെടുക്കുന്നതിന് മുൻപുള്ള തീരുമാനമെടുക്കൽ പ്രക്രിയയുടെ ഭാഗമാണവ. മൂന്ന് കമ്മീഷണർമാർക്ക് മാത്രമല്ല, തെരഞ്ഞെടുപ്പ് സംവിധാനം മെച്ചപ്പെടുത്തുന്നതിന് കമ്മീഷന് നിർദേശങ്ങൾ സമർപ്പിക്കാൻ കമ്മീഷനിലെ ഓരോ ഉദ്യോഗസ്ഥനും പൂർണ അധികാരമുണ്ട്.

കമ്മീഷൻ നൽകിയ വലിയ തോതിലുള്ള അംഗീകാരങ്ങളും തീരുമാനങ്ങളും നിർദേശങ്ങളും സംരംഭങ്ങളുമെല്ലാം  അവഗണിച്ച് കഴിഞ്ഞ 10 മാസത്തിനിടയിലെ ചില പ്രത്യേക ആഭ്യന്തര കുറിപ്പുകളും നിരീക്ഷണങ്ങളും മാത്രം എടുത്തുപറയുന്നത് യഥാർത്ഥ ചിത്രത്തിന്റെ ഒരു വശം മാത്രമാണ് കാണിക്കുന്നത്.  സമീപ മാസങ്ങളിൽ കമ്മീഷൻ നിരവധി തീരുമാനങ്ങൾ കൈക്കൊള്ളുകയും നിർദേശങ്ങൾ പുറപ്പെടുവിക്കുകയും 40-ലധികം പുതിയ സംരംഭങ്ങൾ ആരംഭിക്കുകയും  ചെയ്തിട്ടുണ്ട്. കൂടാതെ രാജ്യവ്യാപകമായി വോട്ടർപട്ടിക പുതുക്കൽ (എസ്.ഐ.ആർ  ഉൾപ്പെടെ) നടപ്പാക്കുന്നതടക്കം  നിരവധി തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങൾക്കും തുടക്കം കുറിച്ചു. ഈ നടപടികളെല്ലാം കഴിഞ്ഞ ഒരു വർഷത്തിനിടെ കമ്മീഷൻ അംഗങ്ങള്‍ പൂര്‍ണമായി ഐകകണ്ഠ്യേന കൈക്കൊണ്ട തീരുമാനങ്ങളുടെ ഫലമാണ്.

ഇക്കാലയളവിൽ ബിഹാർ, കേരളം, തമിഴ്നാട്, പുതുച്ചേരി, അസം, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ പ്രധാന തെരഞ്ഞെടുപ്പുകളും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങളും കമ്മീഷൻ വിജയകരമായി പൂർത്തിയാക്കി. വിപുലമായ ഭരണ-പ്രവർത്തന സംവിധാനങ്ങളും കമ്മീഷന്റെ നിരവധി അംഗീകാരങ്ങളും നിർദേശങ്ങളും ഉൾപ്പെട്ടതായിരുന്നു ഈ ദൗത്യം.

അനധികൃത തിരിമറികളും കൃത്രിമത്വങ്ങളും തടയുന്നതിന് കർശന ഡാറ്റാ സുരക്ഷാ പ്രോട്ടോക്കോളുകൾക്ക് കീഴിലാണ് ഇസിഐ-നെറ്റ്  ഉൾപ്പെടെ കമ്മീഷന്റെ ഡിജിറ്റൽ സംവിധാനങ്ങള്‍ പ്രവർത്തിക്കുന്നത്. ദേശീയതലത്തിലുള്ള ഡാറ്റാബേസുകളിൽ ഐടി സുരക്ഷാ പരിശോധനകളും ഓഡിറ്റ് നിയന്ത്രണങ്ങളും പോലുള്ള സൈബർ സുരക്ഷാ നടപടികൾ നടപ്പിലാക്കാറുണ്ട്. വോട്ടർമാരുടെ പേര് ചേർക്കുന്നതിനും ഒഴിവാക്കുന്നതിനുമുള്ള നിയമപരമായ അധികാരങ്ങൾക്കനുസൃതമായാണ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും  ഉൾപ്പെടെ ഉദ്യോഗസ്ഥർ  പ്രവർത്തിക്കുന്നത്.

രാജ്യത്തെ ജനാധിപത്യം മുന്നോട്ട് കൊണ്ടുപോകുന്നതിൽ നിർണായക പങ്കുവഹിക്കുന്ന ഭരണഘടനാപരമായ ചുമതലകൾ പൂർണ സത്യസന്ധതയോടും ആത്മാർത്ഥതയോടും കൂടി നിർവഹിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ   പ്രതിജ്ഞാബദ്ധമാണ്.
 
 
SKY
 
*******

( റിലീസ് ഐ.ഡി: 2313989) സന്ദര്‍ശക കൗണ്ടര്‍ : 10
ഈ റിലീസ് വായിക്കുക: Telugu , English , Gujarati , Urdu , हिन्दी , Marathi , Assamese , Bengali