രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ രാഷ്ട്രപതി വിതരണം ചെയ്തു; ശ്രീ അനന്ത് നാഗിന് ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം സമ്മാനിച്ചു

പോസ്റ്റഡ് ഓണ്‍: 22 SEP 2026 9:12PM by PIB Thiruvananthpuram

ചലച്ചിത്ര പ്രവർത്തകർ യുവാക്കളുടെ റോൾ മോഡലുകളായതിനാൽ, ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കണമെന്നും ദോഷകരമായ ഉൽപ്പന്നങ്ങളുടെ പരസ്യങ്ങളിൽ നിന്ന് പിന്മാറണമെന്നും രാഷ്ട്രപതി അഭ്യർത്ഥിച്ചു  

രാജ്യത്തെ എണ്ണമറ്റ ജനങ്ങളിൽ നിന്ന് തനിക്ക് ലഭിച്ച അളക്കാനാവാത്ത സ്നേഹത്തിന്  നന്ദി പറഞ്ഞ് ദാദാസാഹേബ് ഫാൽക്കേ പുരസ്കാര ജേതാവ് അനന്ത് നാഗ്

പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങുകൾ നടത്തുന്നത് ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം പ്രദർശിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി ശ്രീ അശ്വിനി വൈഷ്ണവ്

2027 ഒക്ടോബറിൽ വേവ്സിൻ്റെ അടുത്ത പതിപ്പ് നടക്കുമെന്ന് വാർത്താവിതരണ-പ്രക്ഷേപണ മന്ത്രി പ്രഖ്യാപിച്ചു
 

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് (2026 സെപ്റ്റംബർ 22) ഗുജറാത്തിലെ കെവാഡിയയിലുള്ള ഏക്താ നഗറിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു വിതരണം ചെയ്തു. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ മികച്ച സംഭാവനയ്ക്കുള്ള അംഗീകാരമായി മുതിർന്ന നടൻ ശ്രീ അനന്ത് നാഗിന് 2024-ലെ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരവും രാഷ്‌ട്രപതി സമ്മാനിച്ചു.


അസാധാരണമായ പ്രതിഭയിലൂടെയും കഠിനാധ്വാനത്തിലൂടെയും ദേശീയതലത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച എല്ലാ പുരസ്കാര ജേതാക്കളെയും രാഷ്‌ട്രപതി അഭിനന്ദിച്ചു. ശ്രീ അനന്ത് നാഗിന് ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ലഭിച്ചതിൽ അവർ സന്തോഷം പ്രകടിപ്പിച്ചു. സിനിമകളിലെ അദ്ദേഹത്തിൻ്റെ അഭിനയം നാടകത്തിൻ്റെയും സിനിമയുടെയും ഏറ്റവും മികച്ച ഘടകങ്ങളുടെ സമന്വയത്തെയാണ് പ്രതിനിധീകരിക്കുന്നതെന്ന് അവർ പറഞ്ഞു. സ്വാഭാവികവും സംയമനം പാലിച്ചുള്ളതും ആധികാരികവുമായ അഭിനയത്തിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്. വരുംതലമുറയിലെ കലാകാരന്മാർക്ക് അദ്ദേഹം ഉത്തമമായ ഒരു മാതൃകയാണെന്ന് ചടങ്ങിൽ സംസാരിച്ച രാഷ്ട്രപതി പറഞ്ഞു.



എല്ലാ ഭാഷകളിലെയും പ്രദേശങ്ങളിലെയും സിനിമകളിൽ ഇന്ത്യയുടെ പ്രതിച്ഛായ പ്രതിഫലിക്കുന്നുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. ഇന്ത്യൻ ജനതയുടെ സ്വപ്നങ്ങളും പാരമ്പര്യങ്ങളും പോരാട്ടങ്ങളും ഭാവിയിലേക്കുള്ള സാധ്യതകളും ഇന്ത്യൻ സിനിമയിൽ പ്രതിഫലിക്കുന്നു. മികച്ച സിനിമകളെ ആദരിക്കുന്നതിനുള്ള ചടങ്ങ് ഏകതാ പ്രതിമയുടെ പരിസരത്ത്, വാൾ ഓഫ് യൂണിറ്റിക്ക് സമീപം നടക്കുന്നതിൽ അവർ സന്തോഷം പ്രകടിപ്പിച്ചു. ഇന്ത്യയുടെ ഐക്യത്തിൻ്റെ ശിൽപിയായ സർദാർ വല്ലഭായ് പട്ടേലിൻ്റെ സാന്നിധ്യം ഈ വേളയിൽ അനുസ്മരിപ്പിക്കുന്നതായും, രാജ്യത്തിൻ്റെ സാംസ്കാരിക ഐക്യം വിളംബരം ചെയ്യുന്ന ഈ ചടങ്ങിനെ അദ്ദേഹം നേരിട്ട് അനുഗ്രഹിക്കുന്നതുപോലെ അനുഭവപ്പെടുന്നതായും അവർ പറഞ്ഞു.



പുരസ്കാരം നേടിയ എല്ലാ ചലച്ചിത്രങ്ങളെയും രാഷ്ട്രപതി അഭിനന്ദിച്ചു. ‘ആർട്ടിക്കിൾ 370’ എന്ന ചിത്രം രാജ്യത്തിൻ്റെ ഐക്യം നേരിടുന്ന ഗുരുതരമായ വെല്ലുവിളികളെയും അവയുടെ പരിഹാരങ്ങളെയും കുറിച്ചുള്ള വ്യക്തമായ വിവരണം നൽകുന്നുണ്ടെന്ന് അവർ പറഞ്ഞു. ‘ഭംഗാർ’ എന്ന നോൺ-ഫീച്ചർ ചിത്രം ജീവിതവും മരണവും, അർത്ഥവും അർത്ഥശൂന്യതയും സംബന്ധിച്ച കാണപ്പെടാതെ പോകുന്ന മാനങ്ങളെ ആവിഷ്കരിക്കുന്നു. ‘സ്വാതന്ത്ര്യ വീർ സവർക്കർ’ എന്നത് വീർ സവർക്കർ ജിയുടെ അസാധാരണമായ ജീവിതകഥയ്ക്കുള്ള കലാപരമായ ആദരവാണ്. ‘ഭക്ഷക്’ എന്ന സിനിമ സ്ത്രീസുരക്ഷ എന്ന അതീവ ഗൗരവമേറിയ വിഷയത്തിൽ സാമൂഹിക അവബോധം വളർത്തുന്നു. ‘അംഗേൻ’ എന്ന സാന്താളി ചിത്രത്തിന് ലഭിച്ച ദേശീയതലത്തിലുള്ള അംഗീകാരം ഒരു മികച്ച ചിത്രത്തിന് പ്രോത്സാഹനം പകരുകയും സാംസ്കാരിക വൈവിധ്യവും സാമൂഹിക ഉൾച്ചേർക്കലും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരിക്കുന്നു.



സമൂഹത്തെയും രാജ്യത്തെയും സംബന്ധിച്ച സുപ്രധാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സിനിമകൾ തെരഞ്ഞെടുത്ത ജൂറി അംഗങ്ങളെ രാഷ്ട്രപതി പ്രശംസിച്ചു. എല്ലാ പ്രാദേശിക ജൂറിയിലും സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് അവർ പറഞ്ഞു. ഏത് മേഖലയിലും സ്ത്രീകളുടെ കാഴ്ചപ്പാട് കൂടി ഉൾപ്പെടുത്തിയാൽ മാത്രമേ സമഗ്രമായ മാനുഷിക വീക്ഷണം രൂപീകരിക്കാൻ സാധിക്കൂവെന്ന് അവർ അടിവരയിട്ടു പറഞ്ഞു.

ടീമിലെ ഓരോ അംഗത്തോടും ആദരവും കരുതലും കാത്തുസൂക്ഷിക്കുന്നത് ചലച്ചിത്ര വ്യവസായത്തിൻ്റെ തൊഴിൽ സംസ്കാരത്തിൻ്റെ അവിഭാജ്യ ഘടകമായിരിക്കണമെന്ന് രാഷ്ട്രപതി പറഞ്ഞു. തൊഴിലാളികൾ, ചെറിയ വേഷങ്ങൾ ചെയ്യുന്ന കലാകാരന്മാർ, സഹായികൾ, സിനിമാരംഗത്ത് അവസരങ്ങൾക്കായി പരിശ്രമിക്കുന്നവർ എന്നിവർക്ക് അർഹമായ ആദരവും സാമൂഹിക സുരക്ഷയും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സർഗ്ഗാത്മക സമ്പദ്‌ വ്യവസ്ഥയുടെ പ്രധാന പ്രതിനിധികളോട് അവർ അഭ്യർത്ഥിച്ചു.

രാജ്യത്തെ ജനങ്ങളെ, പ്രത്യേകിച്ച് യുവജനങ്ങളെ സ്വാധീനിക്കാനുള്ള വലിയ കഴിവ് ജനപ്രിയ ചലച്ചിത്ര കലാകാരന്മാർക്കുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. വിജയിച്ച ചലച്ചിത്ര കലാകാരന്മാർ ചിട്ടയായ ജീവിതശൈലിയുടെ പ്രയോജനങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ, ദശലക്ഷക്കണക്കിന് കുട്ടികളും യുവജനങ്ങളും അവരെ മാതൃകയാക്കുന്നു. ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങളുടെ പരസ്യങ്ങളിൽ അഭിനയിക്കരുതെന്ന് അവർ ചലച്ചിത്ര താരങ്ങളോട് അഭ്യർത്ഥിച്ചു. ഇരുട്ടല്ല, വെളിച്ചം പരത്തുന്നവരാണ് യഥാർത്ഥ താരങ്ങളെന്ന് അവർ പറഞ്ഞു.

രാഷ്ട്രപതിയുടെ പ്രസംഗം കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക-

***


( റിലീസ് ഐ.ഡി: 2313700) സന്ദര്‍ശക കൗണ്ടര്‍ : 5
ഈ റിലീസ് വായിക്കുക: Assamese , English , Urdu , हिन्दी , Marathi , Tamil , Kannada