ഇന്ത്യയുടെ വളർന്നുവരുന്ന സെമികണ്ടക്ടർ ശേഷിയുടെ നേർക്കാഴ്ചയൊരുക്കി മൂന്ന് ദിവസങ്ങളിലായി ന്യൂഡൽഹിയിലെ യശോഭൂമിയിൽ നടന്ന 'സെമികോൺ ഇന്ത്യ 2026' സമാപിച്ചു. ചിപ്പ് ഡിസൈൻ, നൂതന പാക്കേജിങ്, അസംസ്കൃത വസ്തുക്കൾ, ഉപകരണങ്ങൾ, നിർമിതബുദ്ധി, പ്രവര്‍ത്തനശേഷി കൂടിയ കംപ്യൂട്ടിങ് തുടങ്ങി സെമികണ്ടക്ടര്‍ ആവാസവ്യവസ്ഥയുടെ വിവിധ മേഖലകളെ ഒരു കുടക്കീഴില്‍ അണിനിരത്തിയാണ് പ്രദർശനമൊരുക്കിയത്.
"സിലിക്കൺ മുതല്‍ സിസ്റ്റങ്ങള്‍ വരെ: ആവാസവ്യവസ്ഥയുടെ നിർമാണം” എന്ന പ്രമേയത്തിലാണ് 2026 സെപ്റ്റംബർ 17 മുതൽ 19 വരെ സെമികോൺ ഇന്ത്യയുടെ അഞ്ചാം പതിപ്പ് സംഘടിപ്പിച്ചത്. ആഗോള സെമികണ്ടക്ടർ രംഗത്തെ പ്രമുഖർ, നയരൂപകർത്താക്കൾ, നിക്ഷേപകർ, അക്കാദമിക വിദഗ്ധർ, സ്റ്റാർട്ടപ്പുകൾ എന്നിവരടക്കം നിരവധി പേര്‍ പരിപാടിയിൽ പങ്കെടുത്തു. വിവിധ രാജ്യങ്ങളിലെ 600-ലേറെ പ്രദർശക കമ്പനികള്‍ക്ക് പുറമെ സ്റ്റാർട്ടപ്പ് പവലിയൻ, തൊഴിൽ നൈപുണ്യ വികസന പവലിയൻ, വിവിധ രാജ്യങ്ങളുടെയും സംസ്ഥാനങ്ങളുടെയും പ്രത്യേക പവലിയനുകൾ, ഹാക്കത്തോൺ എന്നിവ ഈ വർഷത്തെ പ്രദർശനത്തിൻ്റെ സവിശേഷതകളായിരുന്നു.
ചിപ്പ് ഡിസൈനിന് അപ്പുറം നിർമാണം, പാക്കേജിങ്, ഗവേഷണം, സാമഗ്രികൾ, പ്രതിഭകൾ, സിസ്റ്റം തലത്തിലെ ആപ്ലിക്കേഷനുകൾ എന്നിവ ഉൾക്കൊള്ളുന്ന സമഗ്ര ആവാസവ്യവസ്ഥയിലേക്ക് ഇന്ത്യയുടെ സെമികണ്ടക്ടർ യാത്ര എങ്ങനെ വികസിക്കുന്നു എന്നതിൻ്റെ വ്യക്തമായ ചിത്രമാണ് പ്രദർശനം കാഴ്ചവെച്ചത്.
ചിപ്പ് ഡിസൈൻ മുതൽ അത്യാധുനിക കംപ്യൂട്ടിങ് വരെ
തദ്ദേശീയമായി വികസിപ്പിച്ച സെമികണ്ടക്ടര്‍-കംപ്യൂട്ടിങ് ശേഷികളുടെ പ്രദർശനമായിരുന്നു മേളയുടെ പ്രധാന ആകർഷണങ്ങളിലൊന്ന്.
പ്രവര്‍ത്തനശേഷി കൂടിയ കംപ്യൂട്ടിങ് മേഖലയിലും എ.ഐ രംഗത്തും കൈവരിച്ച നേട്ടങ്ങൾ സെൻ്റർ ഫോർ ഡെവലപ്‌മെൻ്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ് (സി-ഡാക്) പ്രദർശിപ്പിച്ചു. തദ്ദേശീയമായി വികസിപ്പിച്ച 'ഔം' എച്ച്.പി.സി-എ.ഐ പ്രോസസറും 'രുദ്ര-ഔം' കംപ്യൂട്ട് നോഡും ഇതിൽ ഉൾപ്പെടുന്നു. ചിപ്പ് തലത്തിൽ മാത്രമല്ല, കംപ്യൂട്ടിങ് സംവിധാനങ്ങളിലൂടനീളം തദ്ദേശീയ ശേഷി വികസിപ്പിക്കുന്നതിൽ രാജ്യം കൈവരിക്കുന്ന പുരോഗതിയാണ് ഇത്തരം മുന്നേറ്റങ്ങൾ പ്രതിഫലിപ്പിക്കുന്നത്.
തദ്ദേശീയ പ്രോസസർ രൂപകൽപ്പനയിലേക്കുള്ള വിപുലമായ മുന്നേറ്റവും പ്രദര്‍ശനം എടുത്തുകാട്ടി. ടെലികമ്യൂണിക്കേഷൻസ്, വാഹന സാങ്കേതികവിദ്യകൾ, നിര്‍മിതബുദ്ധി, സുരക്ഷാ നിരീക്ഷണ സംവിധാനങ്ങൾ തുടങ്ങി വിവിധ മേഖലകൾക്കായി പ്രോസസർ സാങ്കേതികവിദ്യകളും പ്രത്യേക ആവശ്യങ്ങൾക്കായുള്ള ചിപ്പുകളും സിസ്റ്റവുമായി ബന്ധപ്പെട്ട പരിഹാരങ്ങളും രാജ്യത്തെ വിവിധ സ്റ്റാർട്ടപ്പുകളും സ്ഥാപനങ്ങളും വികസിപ്പിച്ചുവരുന്നുണ്ട്.
നിത്യജീവിതത്തിലെ ഉപകരണങ്ങള്‍ക്കു വേണ്ടിയുള്ള ചിപ്പുകൾ
ലാബുകളിൽ നിന്നും ഡിസൈൻ കേന്ദ്രങ്ങളിൽ നിന്നും സെമികണ്ടക്ടര്‍ സാങ്കേതികവിദ്യ ദൈനംദിന ജീവിതത്തിൽ ഉപയോഗിക്കുന്ന ഉല്പന്നങ്ങളിലേക്ക് എങ്ങനെ എത്തുന്നുവെന്ന് മനസ്സിലാക്കാനുള്ള അവസരവും പ്രദർശനത്തിലൂടെ സന്ദർശകർക്ക് ലഭിച്ചു.
സ്മാർട്ട് ഗാർഹികോപകരണങ്ങൾ, കണക്ടിവിറ്റി, നിരീക്ഷണ സംവിധാനങ്ങൾ, വ്യാവസായിക സംവിധാനങ്ങൾ, ഊർജ പരിപാലനം, വാഹന സാങ്കേതികവിദ്യകൾ എന്നിവയുമായി ബന്ധപ്പെട്ട നൂതന പരിഹാരങ്ങൾ രാജ്യത്തെ സെമികണ്ടക്ടർ കമ്പനികളും സ്റ്റാർട്ടപ്പുകളും പ്രദർശിപ്പിച്ചു.
ഇന്ത്യൻ ചിപ്പ് ഡിസൈൻ മേഖലയില്‍ ശ്രദ്ധേയമായ വെർവ്സെമി മൈക്രോഇലക്ട്രോണിക്സിൻ്റെ നേതൃത്വത്തില്‍ മോട്ടോർ കൺട്രോൾ, എനർജി മീറ്ററുകൾ, ഡാറ്റാ ശേഖരണം എന്നിവയുമായി ബന്ധപ്പെട്ട സെമികണ്ടക്ടർ പരിഹാരങ്ങളാണ് വികസിപ്പിക്കുന്നത്. വീട്ടുപകരണങ്ങൾ, ഇലക്ട്രിക് വാഹനങ്ങൾ, ഡ്രോണുകൾ എന്നിവയിലുപയോഗിക്കുന്ന ചിപ്പുകൾ ഇവരുടെ നിർമാണങ്ങളിൽ ഉൾപ്പെടുന്നു.
ഇത്തരം പ്രത്യേക ആവശ്യങ്ങൾക്കായുള്ള ചിപ്പുകളുടെ നിർമാണം കൂടുതൽ വിപുലമായ ഇലക്ട്രോണിക്സ് ഉല്പാദനാന്തരീക്ഷം കെട്ടിപ്പടുക്കുന്നതില്‍ തദ്ദേശീയ ചിപ്പ് ഡിസൈനിൻ്റെ നിർണായക പങ്ക് വ്യക്തമാക്കുന്നു.
RISC-V: തദ്ദേശീയ പ്രോസസർ ശേഷി വിപുലീകരിക്കുന്നു
സി-ഡാക്കിൻ്റെ തദ്ദേശീയ 64-ബിറ്റ് RISC-V പ്രോസസർ സ്വന്തമായി പ്രോസസറുകൾ രൂപകൽപ്പന ചെയ്യുന്നതിലും സെമികണ്ടക്ടര്‍ സാങ്കേതികവിദ്യകളിലും ഇന്ത്യയുടെ ശേഷിയ്ക്ക് കരുത്തേകുന്നു. ഓപ്പൺ RISC-V നിര്‍മാണഘടന അധിഷ്ഠിതമായ ഈ പ്രോസസർ ശേഷി കൂടിയ കംപ്യൂട്ടിംങിനും വളർന്നുവരുന്ന ഡിജിറ്റൽ സംവിധാനങ്ങൾക്കും അനുയോജ്യമാണ്. തദ്ദേശീയ സാങ്കേതിക പരിഹാരങ്ങളിൽ ഇതിൻ്റെ ഉപയോഗം വ്യാപകമാകുന്നത് വരുംതലമുറ കംപ്യൂട്ടിങ്, കണക്റ്റിവിറ്റി, ഡിജിറ്റൽ അടിസ്ഥാനസൗകര്യം എന്നിവയ്ക്കായി നൂതന പ്രോസസർ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിൽ ഇന്ത്യ കൈവരിക്കുന്ന വൈദഗ്ധ്യം വ്യക്തമാക്കുന്നു.
തദ്ദേശീയ RISC-V പ്രോസസർ ഐ.പികളുമായും സിസ്റ്റം-ഓൺ-ചിപ്പ് ഡിസൈൻ ഓട്ടോമേഷൻ സംവിധാനങ്ങളുമായും ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഇൻകോർ സെമികണ്ടക്ടേഴ്സ് പ്രദർശിപ്പിച്ചു.
എംബഡഡ് സിസ്റ്റങ്ങൾ, എഡ്ജ്-എ.ഐ എന്നിവയുൾപ്പെടെ വ്യത്യസ്ത കംപ്യൂട്ടിങ് ആവശ്യങ്ങൾക്കായി രൂപകൽപ്പന ചെയ്ത പ്രോസസർ പ്ലാറ്റ്‌ഫോമുകൾ കമ്പനിക്കുണ്ട്. ഇൻകോറിൻ്റെ പ്രോസസർ ഐ.പി 180 നാനോമീറ്റർ മുതൽ 16 നാനോമീറ്റർ വരെ വിവിധ സാങ്കേതിക നോഡുകളിലും ഉപഭോക്തൃ ചിപ്പുകളിലും പ്രായോഗികമായി പരീക്ഷിച്ച് പ്രവർത്തനക്ഷമത തെളിയിച്ചവയാണ്. ആഭ്യന്തരമായി വികസിപ്പിച്ച ബൗദ്ധിക സ്വത്തവകാശം അടിസ്ഥാനമാക്കി ഉല്പന്നങ്ങൾ നിർമിക്കാൻ ഇന്ത്യൻ കമ്പനികളെ പ്രാപ്തരാക്കുന്നതിൽ ഇത്തരം മുന്നേറ്റങ്ങൾ വലിയ പങ്കുവഹിക്കുന്നുണ്ട്.
സെക്കന്‍ഡില്‍ ഒരു ജിബി വരെ വേഗം നൽകാനാവുന്ന തദ്ദേശീയ ഇൻ്റർനെറ്റ് കണക്റ്റിവിറ്റി ഉപകരണം അഹീസ ടെക്നോളജി വികസിപ്പിച്ചു. ഒറ്റ ഒപ്റ്റിക്കൽ ലൈൻ ടെർമിനൽ വഴി 64 വീടുകളിലേക്ക് കണക്ഷന്‍ നൽകാൻ ഇൻ്റർനെറ്റ് സേവന ദാതാക്കൾക്ക് ഇതുവഴി സാധിക്കും. പൂർണമായി ഇന്ത്യയിൽ വികസിപ്പിച്ച 'വിഹാൻ' എന്ന സോഫ്റ്റ്‌വെയർ സംവിധാനത്തില്‍ പ്രവർത്തിക്കുന്ന ഈ ഉപകരണം നിയന്ത്രിക്കുന്നത് സി-ഡാക്കിൻ്റെ 64-ബിറ്റ് RISC-V പ്രോസസറാണ്. പൂർണമായും ഇന്ത്യൻ സാങ്കേതികവിദ്യ ഉപയോഗിച്ച് അതിവേഗ ബ്രോഡ്‌ബാൻഡ് ഇൻ്റര്‍നെറ്റ് വ്യാപിപ്പിക്കുന്നതിൽ സുപ്രധാന ചുവടുവെപ്പാണിത്.
എ.ഐ, കമ്പ്യൂട്ടർ വിഷൻ, സ്മാർട്ട് നിരീക്ഷണ സംവിധാനങ്ങൾ
സെമികണ്ടക്ടര്‍ സാങ്കേതികവിദ്യയും നിർമിതബുദ്ധിയും തമ്മിലെ സംയോജനമായിരുന്നു പ്രദര്‍ശനത്തിൻ്റെ മറ്റൊരു പ്രധാന സവിശേഷത.
സുരക്ഷാ നിരീക്ഷണം, സ്മാർട്ട് സെൻസറുകൾ, റോബോട്ടിക്സ്, ഡ്രോണുകൾ, ഗതാഗതം എന്നിവയുമായി ബന്ധപ്പെട്ട എ.ഐ ശേഷിയുള്ള സിസ്റ്റം-ഓൺ-ചിപ്പുകളാണ് ഇന്ത്യൻ സെമികണ്ടക്ടർ സ്റ്റാർട്ടപ്പായ നേത്രാസെമി പ്രദർശിപ്പിച്ചത്. സി.സി.ടി.വി നിരീക്ഷണ സംവിധാനങ്ങൾക്കായി 12 നാനോമീറ്റർ പ്രോസസ്സ് നോഡിൽ തദ്ദേശീയമായി രൂപകല്പന ചെയ്ത എ.ഐ-എസ്.ഒ.സി കമ്പനി പുറത്തിറക്കി. എ.ഐ/എം.എൽ ആക്സിലറേറ്ററുകൾ, വിഷൻ പ്രോസസിങ്, വീഡിയോ എന്‍ജിനുകൾ എന്നിവ സംയോജിപ്പിച്ചാണ് ഇത് നിർമിച്ചിരിക്കുന്നത്. ഇൻ്റലിജൻ്റ് വിഷൻ, എഡ്ജ് പ്രോസസിങ് എന്നിവ ആവശ്യമായ ആപ്ലിക്കേഷനുകൾക്കായാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുന്നത്.
മെഷീൻ വിഷൻ, സ്മാർട്ട് അടിസ്ഥാന സൗകര്യങ്ങള്‍, സ്വയംനിയന്ത്രിത സംവിധാനങ്ങൾ, നിരീക്ഷണ സംവിധാനങ്ങൾ തുടങ്ങിയ മേഖലകളിൽ സെമികണ്ടക്ടർ ഡിസൈനിലെ മുന്നേറ്റങ്ങൾ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നതായി പ്രദർശനം വ്യക്തമാക്കി.
മൂല്യശൃംഖലയിലുടനീളം സെമികണ്ടക്ടര്‍ നൂതനാശയങ്ങള്‍
ചിപ്പുകളിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല പ്രദര്‍ശനം. സെമികണ്ടക്ടര്‍ ഉല്പന്നങ്ങൾ നിർമിക്കുന്നതിനാവശ്യമായ വലിയ ആവാസവ്യവസ്ഥയെ മുഴുവനായും ഇത് പ്രതിഫലിപ്പിച്ചു. അസംസ്കൃത വസ്തുക്കൾ, ഉപകരണങ്ങൾ, പരിശോധന, പാക്കേജിങ്, സിസ്റ്റം സംയോജനം എന്നിവയെല്ലാം പരസ്പരം ബന്ധപ്പെടുന്ന സെമികണ്ടക്ടർ മൂല്യശൃംഖലയുടെ ഘടന വ്യക്തമാക്കുന്നതായിരുന്നു പ്രദർശനങ്ങൾ.
2026 ജൂലൈയിൽ കേന്ദ്ര മന്ത്രിസഭ 1,27,500 കോടി രൂപ വകയിരുത്തി അംഗീകരിച്ച 'സെമികോൺ 2.0' സംരംഭം മുന്നോട്ടുവെക്കുന്ന കാഴ്ചപ്പാടും ഇതുതന്നെയാണ്. 'സെമികോൺ 1.0' യുടെ വിജയത്തിന് പിന്നാലെ രൂപംനല്‍കിയ രണ്ടാംഘട്ടത്തില്‍ ഡിസൈൻ, യന്ത്രങ്ങളും സാമഗ്രികളും, കൂടുതൽ നിർമാണ ശാലകൾ, നൂതന പാക്കേജിങ്, ഗവേഷണവും വികസനവും, തൊഴിൽ നൈപുണ്യ വികസനം എന്നിങ്ങനെ ആറ് തന്ത്രപ്രധാന സ്തംഭങ്ങളിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
സ്റ്റാർട്ടപ്പുകൾ മുതൽ ഗവേഷണ സ്ഥാപനങ്ങൾ വരെ
ഇന്ത്യയിൽ വളർന്നുവരുന്ന സെമികണ്ടക്ടര്‍ ഡിസൈൻ ആവാസവ്യവസ്ഥയുടെ നേർക്കാഴ്ചയൊരുക്കുന്നതായിരുന്നു മേളയിലെ സ്റ്റാർട്ടപ്പ് പവലിയൻ.
വീഡിയോ നിരീക്ഷണം, ഡ്രോൺ കണ്ടെത്തൽ, ഊര്‍ജ മീറ്ററുകൾ, മൈക്രോപ്രോസസറുകൾ, ഉപഗ്രഹ ആശയവിനിമയം, ബ്രോഡ്ബാൻഡ്, ഐ.ഒ.ടി എസ്.ഒ.സികൾ തുടങ്ങിയ മേഖലകളിലെ തദ്ദേശീയ ചിപ്പ് ഡിസൈൻ സംരംഭങ്ങൾക്ക് കേന്ദ്ര ഗവണ്മെൻ്റിൻ്റെ ഡിസൈൻ ബന്ധിത പ്രോത്സാഹന (ഡിഎല്‍ഐ) പദ്ധതിയിലൂടെ പിന്തുണ നൽകിവരുന്നുണ്ട്.
വിദ്യാർത്ഥികൾ, ഗവേഷകർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ എന്നിവർക്കിടയിൽ സെമികണ്ടക്ടര്‍ ഡിസൈന്‍ ശേഷി വികസിപ്പിക്കുന്നതിന് 'ചിപ്സ് ടു സ്റ്റാർട്ടപ്പ്' പദ്ധതിയും സഹായമേകുന്നു. വിദഗ്ധരായ ചിപ്പ് ഡിസൈനർമാരുടെ വലിയൊരു നിരയെ സൃഷ്ടിക്കുകയും രാജ്യത്തിൻ്റെ ഇലക്ട്രോണിക് സിസ്റ്റം ഡിസൈൻ ശേഷി ശക്തിപ്പെടുത്തുകയുമാണ് പദ്ധതി ലക്ഷ്യം.
C2S പദ്ധതിക്കും ഡി.എൽ.ഐ പദ്ധതിക്കും കീഴിലെ 'ചിപ്-ഇൻ' കേന്ദ്രം വഴി രാജ്യത്തെ 400 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും 100 സ്റ്റാർട്ടപ്പുകളും ഉൾപ്പെടെ 500-ലധികം സ്ഥാപനങ്ങളിൽ നിന്ന് ഒരു ലക്ഷത്തിലേറെ എൻജിനീയർമാർക്ക് പങ്കാളിത്തം ഉറപ്പാക്കാനായി. നൂതന ചിപ്പ് ഡിസൈൻ ടൂളുകൾ, ചിപ്പ് ഡിസൈൻ-ഫാബ്രിക്കേഷൻ സേവനങ്ങൾ, പ്രത്യേക പരിശീലനം എന്നിവ ഇവർക്ക് ലഭ്യമാക്കിയിട്ടുണ്ട്. ഈ സ്ഥാപനങ്ങളും സ്റ്റാർട്ടപ്പുകളും ചേർന്ന് ഇന്ത്യയിലെയും വിദേശത്തെയും ചിപ്പ് നിർമാണ ശാലകളില്‍ ഉല്പാദനം നടത്തുന്നതിന് 300-ലേറെ ചിപ്പ് ഡിസൈനുകൾ ഇതിനകം വികസിപ്പിക്കുകയും നാല് കോടിയിലധികം മണിക്കൂർ ചിപ്പ് ഡിസൈൻ ടൂളുകൾ ഉപയോഗിക്കുകയും ചെയ്തു. അഭൂതപൂർവമായ ഈ മുന്നേറ്റത്തിലൂടെ ചിപ്പ് ഡിസൈൻ ഉപയോക്താക്കളുടെ ലോകത്തെ തന്നെ ഏറ്റവും വലിയ കേന്ദ്രീകൃത ശൃംഖലയായി മാറാൻ 'ചിപ്-ഇൻ' കേന്ദ്രത്തിന് സാധിച്ചു.
നയങ്ങളിൽ നിന്ന് ഉല്പാദനത്തിലേക്ക്:
നയപരമായ അടിസ്ഥാന പിന്തുണയിൽ നിന്ന് വ്യാവസായിക-വാണിജ്യ ഉല്പാദനത്തിലേക്ക് ഇന്ത്യയുടെ സെമികണ്ടക്ടര്‍ ആവാസവ്യവസ്ഥ മാറുന്ന നിർണായക ഘട്ടത്തിലായിരുന്നു ഈ പ്രദർശനം.
സെമികോൺ ഇന്ത്യ സംരംഭത്തിന് കീഴിൽ ആറ് സംസ്ഥാനങ്ങളിലായി 1.64 ലക്ഷം കോടിയിലധികം രൂപയുടെ നിക്ഷേപമുള്ള 12 സെമികണ്ടക്ടര്‍ പദ്ധതികൾക്കാണ് ഇതുവരെ അംഗീകാരം നൽകിയിരിക്കുന്നത്. ഇതിൽ മൂന്ന് നിർമാണശാലകൾ ഇതിനകം വാണിജ്യ ഉല്പാദനം ആരംഭിച്ചുകഴിഞ്ഞു.
അതുകൊണ്ടുതന്നെ രാജ്യം ഭാവിയിൽ വികസിപ്പിക്കാൻ ലക്ഷ്യമിടുന്ന കാര്യങ്ങൾ മാത്രമല്ല, ചിപ്പ് ഡിസൈൻ, ഉല്പാദനം, പാക്കേജിങ്, അനുബന്ധ സാങ്കേതികവിദ്യകൾ എന്നിവയിൽ നിലവിൽ ആർജ്ജിച്ചുകഴിഞ്ഞ ശേഷികളും ലോകത്തിന് മുന്നിൽ തുറന്നുകാട്ടുന്നതായിരുന്നു സെമികോൺ ഇന്ത്യ 2026.
സമ്പൂർണ ആവാസവ്യവസ്ഥാ നിർമാണം
ഇന്ത്യയുടെ പുതിയ വിശാല സെമികണ്ടക്ടര്‍ അഭിലാഷങ്ങളാണ് "സിലിക്കൺ മുതല്‍ സിസ്റ്റങ്ങള്‍ വരെ: ആവാസവ്യവസ്ഥയുടെ നിർമാണം" എന്ന പ്രമേയം വ്യക്തമാക്കുന്നത്.
വ്യക്തിഗത ചിപ്പുകളുടെ നിർമാണത്തിനപ്പുറം വലിയൊരു ശൃംഖലയെയാണ് സെമികണ്ടക്ടര്‍ ആവാസവ്യവസ്ഥ പ്രതിനിധീകരിക്കുന്നത്. ചിപ്പ് ഡിസൈനർമാർ, നിർമാണശാലകൾ, പാക്കേജിങ്-പരിശോധനാ സൗകര്യങ്ങൾ, ഉപകരണ-സാമഗ്രി വിതരണക്കാർ, ഗവേഷണ സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ, സിസ്റ്റം കമ്പനികൾ, വിദഗ്ധ തൊഴിലാളികൾ എന്നിവരെല്ലാം ഇതിൽ ഒരുമിക്കുന്നു.
ഈ ഘടകങ്ങളെയെല്ലാം പരസ്പരം കോർത്തിണക്കി മൂല്യശൃംഖലയിലുടനീളം വളരുന്ന ആവാസവ്യവസ്ഥയെയും തദ്ദേശീയ നൂതനാശയങ്ങൾക്ക് ആഗോളതലത്തിൽ ലഭ്യമാകുന്ന അവസരങ്ങളെയും ഒരുപോലെ അടയാളപ്പെടുത്താൻ സെമികോൺ ഇന്ത്യ 2026-ന് സാധിച്ചു.
പ്രോസസർ ഡിസൈൻ, RISC-V സാങ്കേതികവിദ്യകൾ എന്നിവ മുതൽ എ.ഐ അധിഷ്ഠിത ചിപ്പുകൾ, മോട്ടോർ കൺട്രോൾ ചിപ്പുകൾ, നൂതന കംപ്യൂട്ടിങ്, സെമികണ്ടക്ടര്‍ നിർമാണം വരെ ഇന്ത്യയുടെ സെമികണ്ടക്ടര്‍ മുന്നേറ്റത്തിൻ്റെ വിവിധ തലങ്ങളാണ് പ്രദർശനം വരച്ചുകാട്ടിയത്.
കേവലം ചിപ്പുകളുടെ കഥ മാത്രമല്ല യശോഭൂമിയിൽ ദൃശ്യമായത്; മറിച്ച് സിലിക്കൺ, സിസ്റ്റങ്ങള്‍, മനുഷ്യവിഭവശേഷി, ഗവേഷണം, നിർമാണ ശേഷി, പങ്കാളിത്തം എന്നിവയുൾപ്പെടുന്ന സമ്പൂർണ്ണ സെമികണ്ടക്ടര്‍ ആവാസവ്യവസ്ഥ രൂപപ്പെടുത്തുന്ന സമഗ്ര മുന്നേറ്റമാണ്.
***