ആഭ്യന്തരകാര്യ മന്ത്രാലയം
പോസ്റ്റഡ് ഓണ്‍:
21 SEP 2026 12:53PM by PIB Thiruvananthpuram
കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ, സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ആന്റി നാർക്കോട്ടിക്സ് ടാസ്ക് ഫോഴ്സ് (ANTF) മേധാവിമാരുടെ 3-ാമത് ദേശീയ സമ്മേളനം 2026 സെപ്റ്റംബർ 22 ചൊവ്വാഴ്ച ന്യൂഡൽഹിയിൽ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ശ്രീ അമിത് ഷാ ലഹരി മരുന്നിനെതിരായ ബോധവൽക്കരണത്തിനായുള്ള ടിവി പരസ്യങ്ങൾ പ്രകാശനം ചെയ്യുകയും, ലഖ്‌നൗവിലും ഡെഹ്‌റാഡൂണിലുമുള്ള നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (NCB) മേഖലകളുടെ പുതിയ കെട്ടിട സമുച്ചയങ്ങളുടെ തറക്കല്ലിടൽ കർമ്മം നിർവ്വഹിക്കുകയും ചെയ്യും. ചടങ്ങിൽ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച ANTF-നെ ആദരിക്കുകയും, നവീകരിച്ച NCB വെബ്‌സൈറ്റ് പുറത്തിറക്കുകയും ചെയ്യും. NCB സംഘടിപ്പിക്കുന്ന രണ്ടുദിവസത്തെ ഈ സമ്മേളനത്തിൽ 36 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള എഎൻടിഎഫ് തലവൻമാരും മറ്റ് ബന്ധപ്പെട്ട ഗവണ്മെന്റ് വകുപ്പുകളുടെയും പങ്കാളികളുടെയും പ്രതിനിധികളും പങ്കെടുക്കും.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലും കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷായുടെ മാർഗ്ഗനിർദ്ദേശത്തിലും, രാജ്യത്തെ യുവാക്കളെ ലഹരി ഉപയോഗത്തിന്റെ ദോഷഫലങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനായി കേന്ദ്ര ഗവണ്മെന്റ് 'മിഷൻ മോഡിൽ' പ്രവർത്തിച്ചു വരികയാണ്. ഭാവി തലമുറയെ ലഹരിമരുന്ന് ഉപയോഗത്തിന്റെ വിപത്തിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള ശക്തമായ ഒരു വേദിയായി ഈ സമ്മേളനം മാറും. "ഒറ്റക്കെട്ടായ തീരുമാനം, പങ്കുവെക്കപ്പെട്ട ഉത്തരവാദിത്വo" (United Resolve, Shared Responsibility) എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയുള്ള ഈ സമ്മേളനം, ലഹരിവസ്തുക്കളുടെ നിയന്ത്രണം സംബന്ധിച്ച് അടുത്തിടെ പുറത്തിറക്കിയ മാർഗരേഖയിൽ (2026-29) സംസ്ഥാനങ്ങൾ/ കേന്ദ്രഭരണ പ്രദേശങ്ങളിലെ ANTF-കൾക്ക് നിശ്ചയിച്ചിട്ടുള്ള ലക്ഷ്യങ്ങളുടെ പുരോഗതി വിലയിരുത്തും. കൂടാതെ രാജ്യത്തുടനീളം ലഹരി വസ്തുക്കളുടെ കടത്തും ഉപയോഗവും തടയുന്നതിന് ബന്ധപ്പെട്ട പങ്കാളികൾ നടത്തുന്ന പ്രവർത്തനങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുകയും ചെയ്യും. വിതരണം കുറയ്ക്കൽ, ആവശ്യകത കുറയ്ക്കൽ, സ്വാധീനം കുറയ്ക്കൽ എന്നിവയ്ക്കായി കേന്ദ്ര ഗവൺമെന്റ് നടപ്പിലാക്കുന്ന നടപടികൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് അനുയോജ്യമായ തന്ത്രങ്ങൾ തിരിച്ചറിയുന്നതും അവ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളും സമ്മേളനത്തിൽ ചർച്ച ചെയ്യും.
മാർഗ്ഗരേഖയിലെ നാല് പ്രധാന സ്തംഭങ്ങളായ- (I) എൻഫോഴ്‌സ്‌മെന്റ്, ഇന്റലിജൻസ്, ഓപ്പറേഷൻസ്, (II) അസംസ്കൃത വസ്തുക്കളും സിന്തറ്റിക് ഡ്രഗ്സ് നിയന്ത്രണവും, (III) ആവശ്യകതയും സ്വാധീനവും കുറയ്ക്കൽ, (IV) ശേഷി വികസനവും ഏകോപനവും - എന്നിവയ്ക്ക് അനുസൃതമായി, പരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന എട്ട് സാങ്കേതിക സെഷനുകളുടെ വിവരങ്ങൾ ചുവടെ:
1.ലഹരി വസ്തു നിയന്ത്രണത്തിനായുള്ള മാർഗരേഖ (2026-2029)- ഭാഗം -I: സ്ഥാപനപരമായ സംവിധാനങ്ങൾ
2.ലഹരി കടത്തിന്റെ ശൃംഖലാ ബന്ധങ്ങളും ശേഖരവും തകർക്കൽ - ഭാഗം 1
3.ലഹരി വസ്തു നിയന്ത്രണത്തിനായുള്ള മാർഗരേഖ (2026-2029)- ഭാഗം -II: ലഹരിവസ്തുക്കളുടെ ആവശ്യകത കുറയ്ക്കൽ, തടയൽ, പുനരധിവാസം
4..ലഹരി കടത്തിന്റെ ശൃംഖലാ ബന്ധങ്ങളും ശേഖരവും തകർക്കൽ - ഭാഗം 2
5.നിയമനിർവഹണ നടപടിയുടെ കാര്യക്ഷമത മെച്ചപ്പെടുത്തൽ
6.അസംസ്കൃത വസ്തുക്കൾ, സിന്തറ്റിക് മരുന്നുകൾ, രഹസ്യ ലാബുകൾ
7.അനധികൃതമായുള്ള കൃഷി നശിപ്പിക്കലും പകരമുള്ള കാർഷിക നടപടികളും
8.ഡാർക്ക്നെറ്റ് & ക്രിപ്റ്റോ ഇൻവെസ്റ്റിഗേഷൻ
ഗവൺമെന്റിന്റെ സമഗ്ര സംയോജിത സമീപനം (Whole-of-government approach) ആവശ്യമാണെന്ന് ആവർത്തിച്ചുകൊണ്ട്, അടുത്ത മൂന്ന് വർഷത്തിനുള്ളിൽ രാജ്യത്തുടനീളം ലഹരിമരുന്ന് കടത്തിനെതിരെ ഫലപ്രദമായി പോരാടുന്നതിന് പുതിയ പ്രതിജ്ഞാബദ്ധതയോടെ മുന്നോട്ട് പോകാൻ ഈ ചർച്ചകൾ പങ്കെടുക്കുന്ന സംസ്ഥാനങ്ങളെയും വകുപ്പുകളെയും ഏജൻസികളെയും പ്രാപ്തരാക്കും. ലഹരി വസ്തുക്കളുമായി ബന്ധപ്പെട്ട നിയമ നിർവ്വഹണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും രാജ്യത്തെ യുവാക്കളെ ലഹരിവസ്തുക്കളിൽ നിന്ന് അകറ്റി നിർത്തുന്നതിനുമുള്ള പ്രായോഗിക തന്ത്രങ്ങൾ ഈ ചർച്ചകളിലൂടെ രൂപപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. മയക്കുമരുന്ന് ഉപയോഗത്തിനെതിരെ പോരാടുന്നതിനും ലഹരിമുക്ത ഭാരതം എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനുമായി NCB-യും സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ ANTF-കളും തമ്മിൽ ഭാവിക്ക് അനുയോജ്യമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനും ഈ ദേശീയ പരിപാടി ലക്ഷ്യമിടുന്നു.