ഊര്‍ജ്ജ മന്ത്രാലയം
അമേരിക്കയിൽ നടന്ന ജി20 ഊർജ്ജ സമൃദ്ധി മന്ത്രിതല യോഗത്തിൽ സുരക്ഷിതവും താങ്ങാനാവുന്നതും വിശ്വസനീയവുമായ ഊർജ്ജത്തിനായി ഇന്ത്യ ആഹ്വാനം ചെയ്തു
പോസ്റ്റഡ് ഓണ്‍:
17 SEP 2026 11:43AM by PIB Thiruvananthpuram
യു.എസ്-ൻ്റെ ജി20 അധ്യക്ഷപദവിയുടെ കീഴിൽ 2026 സെപ്റ്റംബർ 14 മുതൽ 16 വരെ അമേരിക്കയിലെ ഹൂസ്റ്റണിൽ നടന്ന ജി20 ഊർജ്ജ സമൃദ്ധി മന്ത്രിതല യോഗത്തിൽ കേന്ദ്ര ഊർജ്ജ, ഭവന, നഗരകാര്യ മന്ത്രി ശ്രീ മനോഹർ ലാൽ ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിച്ചു. ഊർജ്ജ സുരക്ഷയും താങ്ങാനാവുന്ന ബേസ്‌ലോഡ് ഊർജ്ജവും, അനുമതി നടപടികളും നിയന്ത്രണപരമായ കാര്യക്ഷമതയും, നിർണായക ധാതുക്കളും പ്രതിരോധശേഷിയുള്ള വിതരണ ശൃംഖലകളും എന്നീ മൂന്ന് വിഷയാധിഷ്ഠിത മേഖലകളിലായി നടന്ന ചർച്ചകളിൽ അദ്ദേഹം പങ്കെടുത്തു.

വികസനത്തിന്, പ്രത്യേകിച്ച് വികസ്വര സമ്പദ്‌വ്യവസ്ഥകൾക്ക്, സുരക്ഷിതവും താങ്ങാനാവുന്ന നിരക്കിലുള്ളതും വിശ്വസനീയവുമായ ഊർജ്ജം അത്യന്താപേക്ഷിതമാണെന്ന് ചർച്ചകളിൽ സംസാരിക്കവെ കേന്ദ്രമന്ത്രി വ്യക്തമാക്കി. രാജ്യങ്ങളുടെ വ്യത്യസ്തമായ ദേശീയ സാഹചര്യങ്ങളും വികസന മുൻഗണനകളും മാനിച്ചുകൊണ്ട്, പൊതുനന്മയ്ക്കായി മുന്നേറുന്നതിന് അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തേണ്ടതിൻ്റെയും രാജ്യങ്ങൾ തമ്മിലുള്ള പരസ്പര സഹായ സാധ്യതകൾ പ്രയോജനപ്പെടുത്തേണ്ടതിൻ്റെയും പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു.
കൂടുതൽ ഡിജിറ്റലായതും വികേന്ദ്രീകൃതവും ഉപഭോക്തൃ കേന്ദ്രീകൃതവുമായ, പ്രതിസന്ധികളെ അതിജീവിക്കാൻ ശേഷിയുള്ളതും ഭാവിക്ക് സജ്ജവുമായ ഒരു ഊർജ്ജ സംവിധാനമാണ് ഇന്ത്യ കെട്ടിപ്പടുക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ സ്ഥാപിത വൈദ്യുതി ഉൽപ്പാദന ശേഷി 552 ജിഗാവാട്ടിൽ എത്തിയതായും, ഇതിൽ പകുതിയിലധികവും ഫോസിൽ ഇതര ഇന്ധന സ്രോതസ്സുകളിൽ നിന്നാണെന്നുമുള്ള ഊർജ്ജ മേഖലയിലെ ഇന്ത്യയുടെ ശ്രദ്ധേയമായ മുന്നേറ്റം അദ്ദേഹം വ്യക്തമാക്കി. പ്രധാനപ്പെട്ട എൻ.ഡി.സി ലക്ഷ്യങ്ങൾ നിശ്ചിത സമയത്തിന് മുന്നേ കൈവരിച്ചതിനെക്കുറിച്ചും, 2070-ഓടെ നെറ്റ് സീറോ കൈവരിക്കുകയെന്ന രാജ്യത്തിൻ്റെ ദീർഘകാല ലക്ഷ്യത്തെക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു.
നിയന്ത്രണ സംവിധാനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും, മത്സരശേഷി പ്രോത്സാഹിപ്പിക്കുന്നതിനും, ഊർജ്ജ മേഖലയിലുടനീളം കൂടുതൽ പങ്കാളിത്തവും നിക്ഷേപവും ആകർഷിക്കുന്നതിനുമായി ഇന്ത്യ നടപ്പാക്കിയ വിവിധ പരിഷ്കാരങ്ങൾ മന്ത്രി ചൂണ്ടിക്കാട്ടി. അടിസ്ഥാനസൗകര്യ വികസനത്തിനായുള്ള നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനും, അനുമതി നടപടികൾ കാര്യക്ഷമമാക്കുന്നതിനും സഹായിച്ച നാഷണൽ സിംഗിൾ വിൻഡോ സിസ്റ്റം, പരിവേഷ്, പി.എം. ഗതിശക്തി തുടങ്ങിയ സംരംഭങ്ങളെക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു.
നിർണായക ധാതുക്കളുടെ കാര്യത്തിൽ സുരക്ഷിതവും പ്രതിരോധശേഷിയുള്ളതും വൈവിധ്യപൂർണ്ണവുമായ വിതരണ ശൃംഖലകളുടെ പ്രാധാന്യം മന്ത്രി ഊന്നിപ്പറഞ്ഞു. വികസ്വര രാജ്യങ്ങളിൽ വർത്തുള സമ്പദ്‌വ്യവസ്ഥ നടപ്പാക്കുകയും ഉൽപ്പന്നങ്ങളുടെ മൂല്യവർദ്ധനവ് സാധ്യമാക്കുകയും ചെയ്യേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം അടിവരയിട്ടു. പര്യവേക്ഷണം മുതൽ പുനഃചംക്രമണം വരെയുള്ള മുഴുവൻ മൂല്യശൃംഖലയും ഉൾക്കൊള്ളുന്ന ഇന്ത്യയുടെ ദേശീയ നിർണായക ധാതു ദൗത്യത്തെക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു. പുനഃചംക്രമണം, വീണ്ടെടുക്കൽ, വിതരണ സ്രോതസ്സുകളുടെ വൈവിധ്യവൽക്കരണം എന്നിവയിൽ ജി20 രാജ്യങ്ങളുടെ സഹകരണത്തിനും അദ്ദേഹം ആഹ്വാനം ചെയ്തു.
മൂന്ന് പ്രധാന വിഷയങ്ങളിലായി നിരവധി സുപ്രധാന തീരുമാനങ്ങളോടെയാണ് മന്ത്രിതല യോഗം സമാപിച്ചത്. അവയിൽ പ്രധാനപ്പെട്ടവ താഴെ പറയുന്നവയാണ്:
(i) ശുദ്ധമായ പാചക ഇന്ധന ലഭ്യത: ശുദ്ധമായ പാചക ഇന്ധന ലഭ്യത പ്രോത്സാഹിപ്പിക്കുന്നതിനുള്ള ജി20 പ്രസ്താവന എല്ലാവർക്കും ശുദ്ധമായ പാചക ഇന്ധനം ലഭ്യമാക്കേണ്ടതിൻ്റെ പ്രാധാന്യം അടിവരയിട്ടു. എല്ലാ രാജ്യങ്ങളുടെയും വ്യത്യസ്തമായ ആവശ്യങ്ങൾ നിറവേറ്റാൻ ഒരൊറ്റ പരിഹാരം കൊണ്ട് സാധിക്കില്ലെന്ന് അംഗീകരിച്ചുകൊണ്ട്, സാങ്കേതികവിദ്യകളോട് പക്ഷപാതമില്ലാത്തതും അതത് ദേശീയ സാഹചര്യങ്ങൾക്ക് അനുയോജ്യമായതുമായ സമീപനത്തെ ഇത് പ്രോത്സാഹിപ്പിച്ചു. പ്രത്യേകിച്ച് വികസ്വര രാജ്യങ്ങൾക്ക് എൽ.പി.ജി ഒരു സുപ്രധാന ശുദ്ധ പാചക മാർഗ്ഗമാണെന്ന് തിരിച്ചറിയുകയും, എൽ.പി.ജി പദ്ധതികൾ ഉൾപ്പെടെ എല്ലാത്തരം ശുദ്ധ പാചക പരിഹാരങ്ങൾക്കും തുല്യമായ സാമ്പത്തിക സഹായം ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
(ii) അനുമതി നടപടികളും നിയന്ത്രണ കാര്യക്ഷമതയും: ഊർജ്ജ അടിസ്ഥാനസൗകര്യ വികസനം സുഗമമാക്കുന്നതിന് കാര്യക്ഷമവും ലളിതവുമായ അനുമതി-നിയന്ത്രണ പ്രക്രിയകൾ അനിവാര്യമാണെന്ന് അനുമതി നടപടികളും നിയന്ത്രണ കാര്യക്ഷമതയും സംബന്ധിച്ച ജി20 സിമ്പോസിയം അംഗീകരിച്ചു. ഒപ്പം സ്വമേധയാ ഉള്ള വിവര കൈമാറ്റം, ശേഷി വികസനം, ഡിജിറ്റൽ, നിർമ്മിതബുദ്ധി (AI) അധിഷ്ഠിത ഉപകരണങ്ങൾ എന്നിവയിലൂടെയുള്ള സഹകരണത്തെയും ഇത് പ്രോത്സാഹിപ്പിച്ചു.
(iii) ജല പുനരുപയോഗം: ദേശീയ നയങ്ങൾക്ക് അനുസൃതമായി ശാസ്ത്രീയവും തെളിവ് അടിസ്ഥാനമാക്കിയതും ചെലവുകുറഞ്ഞതും ആവശ്യാനുസൃതവുമായ ജല പുനരുപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു സ്വമേധയാ ഉള്ള ചട്ടക്കൂടായി ജി20 ജല പുനരുപയോഗ സംരംഭം മുന്നോട്ടുവെച്ചു. എല്ലാ സാഹചര്യങ്ങൾക്കും യോജിച്ച ഒരൊറ്റ രീതിയില്ലെന്ന് വ്യക്തമാക്കിയ ഈ സംരംഭം, ജലസുരക്ഷയും പ്രതിരോധശേഷിയും ശക്തിപ്പെടുത്തുന്നതിന് പരസ്പര സഹകരണവും മികച്ച പ്രവർത്തനരീതികളുടെ കൈമാറ്റവും പ്രോത്സാഹിപ്പിച്ചു.
(iv) നിർണായക ധാതുക്കൾ: ഊർജ്ജ സുരക്ഷ, ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങൾ, വളർന്നുവരുന്ന സാങ്കേതികവിദ്യകൾ, സാമ്പത്തിക വികസനം എന്നിവയ്ക്ക് നിർണായക ധാതുക്കളുടെ പ്രാധാന്യം ജി20 നിർണായക ധാതുക്കളുടെ യോഗ പ്രഖ്യാപനം അംഗീകരിച്ചു. ദേശീയ പരമാധികാരത്തെയും അതത് രാജ്യങ്ങളിലെ വൈവിധ്യമാർന്ന ആഭ്യന്തര രീതികളെയും മാനിച്ചുകൊണ്ടുള്ള പങ്കാളിത്തപരവും സ്വമേധയാ ഉള്ളതുമായ സഹകരണത്തിന് ഇത് ഊന്നൽ നൽകി. ഒപ്പം വൈവിധ്യവൽക്കരണം, മൂല്യവർദ്ധനവ്, പ്രതിരോധശേഷിയുള്ള വിതരണ ശൃംഖലകൾ എന്നിവയ്ക്കായി നൂതനാശയങ്ങൾ, വർത്തുള സമ്പദ്‌വ്യവസ്ഥ, നിക്ഷേപം, അന്താരാഷ്ട്ര സഹകരണം എന്നിവ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
മന്ത്രിതല യോഗത്തോടനുബന്ധിച്ച്, യു.എസ് ഊർജ്ജ വകുപ്പ് സെക്രട്ടറി ക്രിസ് റൈറ്റ്, യു.എസ് ആഭ്യന്തര വകുപ്പ് സെക്രട്ടറി ഡഗ് ബർഗം, കാനഡയുടെ ഊർജ്ജ-പ്രകൃതിവിഭവ മന്ത്രിയുടെ പാർലമെൻ്ററി സെക്രട്ടറി കോറി ഹൊഗാൻ എന്നിവരുമായി കേന്ദ്രമന്ത്രി ഉഭയകക്ഷി ചർച്ചകൾ നടത്തി. പ്രതിരോധശേഷിയുള്ള ഊർജ്ജ അടിസ്ഥാനസൗകര്യങ്ങളും വിതരണ ശൃംഖലകളും, ഊർജ്ജ മേഖലയിലെ പരിവർത്തനം, ഇന്ത്യയുടെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ വർദ്ധിച്ചുവരുന്ന ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള പദ്ധതികൾ എന്നിവയുൾപ്പെടെ പരസ്പര താൽപ്പര്യമുള്ള ഒട്ടനവധി വിഷയങ്ങൾ ചർച്ചയായി.


ജി20 ഊർജ്ജ സമൃദ്ധി മന്ത്രിതല യോഗത്തിലെ മന്ത്രിയുടെ പങ്കാളിത്തം, ആഗോള ഊർജ്ജ ചർച്ചകളിലെ ഇന്ത്യയുടെ ക്രിയാത്മകമായ സംഭാവനകളെയും, എല്ലാവർക്കുമായി സുരക്ഷിതവും സുസ്ഥിരവും താങ്ങാനാവുന്നതും സമഗ്രവുമായ ഒരു ഊർജ്ജ ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള രാജ്യത്തിൻ്റെ തുടർച്ചയായ പ്രതിബദ്ധതയെയും അടിവരയിടുന്നു.
***
( റിലീസ് ഐ.ഡി: 2311641)
സന്ദര്‍ശക കൗണ്ടര്‍ : 3