ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

80 ലക്ഷം എച്ച്.പി.വി. വാക്‌സിന്‍ ഡോസുകള്‍ ഗുണഭോക്താക്കള്‍ക്ക് നല്‍കി ഇന്ത്യ; ഗര്‍ഭാശയഗള അര്‍ബുദ പ്രതിരോധത്തില്‍ സുപ്രധാന നാഴികക്കല്ല്

പോസ്റ്റഡ് ഓണ്‍: 11 SEP 2026 2:12PM by PIB Thiruvananthpuram
2026 ഫെബ്രുവരിയില്‍ ദേശീയ എച്ച്.പി.വി. വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചത് മുതല്‍, ഹ്യൂമന്‍ പാപ്പിലോമാ വൈറസ് (എച്ച്.പി.വി.) വാക്്‌സിന്റെ 80 ലക്ഷത്തിലധികം ഡോസുകള്‍ നല്‍കിക്കൊണ്ട് ഇന്ത്യ ഗര്‍ഭാശയഗള അര്‍ബുദ (സെര്‍വിക്കല്‍ ക്യാന്‍സര്‍) പ്രതിരോധ ശ്രമങ്ങളില്‍ ഒരു പ്രധാന നാഴികക്കല്ല് പിന്നിട്ടു. ഈ നേട്ടം പൊതുജനാരോഗ്യ സംവിധാനത്തിലൂടെയുള്ള എച്ച്.പി.വി. വാക്‌സിനേഷന്റെ വര്‍ദ്ധിച്ചുവരുന്ന സ്വീകാര്യതയെ അടയാളപ്പെടുത്തുകയും കൗമാരക്കാരായ പെണ്‍കുട്ടികളുടെ മുന്‍കരുതല്‍ ആരോഗ്യ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധതയെ ഉറപ്പിക്കുകയും ചെയ്യുന്നു.

 പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയാണ് 2026 ഫെബ്രുവരിയില്‍ ദേശീയ എച്ച്.പി.വി. വാക്‌സിനേഷന്‍ പരിപാടി ഉദ്ഘാടനം ചെയ്തത്. ഈ കാമ്പയിന് കീഴില്‍, 14 വയസ്സുള്ള പെണ്‍കുട്ടികള്‍ക്ക് മാതാപിതാക്കളുടെ സമ്മതത്തോടെ, ഗവണ്‍മെന്റ് ആരോഗ്യ കേന്ദ്രങ്ങളില്‍വെച്ച് പൂര്‍ണ്ണമായും സൗജന്യമായി ഒറ്റ ഡോസ് എച്ച്.പി.വി. വാക്‌സിന്‍ നല്‍കിവരുന്നു.

രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ (RGI) 2021-ലെ കണക്കുകള്‍ പ്രകാരം, 14 വയസ്സുള്ള ഏകദേശം 1.2 കോടി പെണ്‍കുട്ടികള്‍ക്കാണ് ഈ സംരംഭത്തിന്റെ പ്രയോജനം ഓരോ വര്‍ഷവും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത്.

സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും എച്ച്.പി.വി. വാക്‌സിനേഷന്‍ പരിരക്ഷ വിപുലീകരിക്കുന്നതില്‍ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ട്, ചില സംസ്ഥാനങ്ങള്‍  ലക്ഷ്യം പൂര്‍ണ്ണമായി കൈവരിച്ചു.

ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, മിസോറാം എന്നീ സംസ്ഥാനങ്ങള്‍ ലക്ഷ്യമിട്ട വിഭാഗങ്ങളില്‍ 100 ശതമാനം വാക്‌സിനേഷന്‍ കൈവരിച്ചു. ബീഹാര്‍, ആന്ധ്രാപ്രദേശ്, അസം എന്നീ സംസ്ഥാനങ്ങള്‍ വാക്‌സിനേഷന്‍ ലക്ഷ്യം 90 ശതമാനത്തിലധികം പിന്നിട്ടപ്പോള്‍ കര്‍ണാടക 85 ശതമാനത്തിലധികം ലക്ഷ്യം കൈവരിച്ചു. ഛത്തീസ്ഗഡ്, സിക്കിം, കേരളം, തെലങ്കാന, ഒഡീഷ എന്നീ സംസ്ഥാനങ്ങള്‍ 60 ശതമാനത്തിലധികം പരിരക്ഷ പിന്നിട്ടിട്ടുണ്ട്.

സംസ്ഥാനങ്ങളില്‍, ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍ രേഖപ്പെടുത്തിയത്; ഈ കാമ്പയിന് കീഴില്‍ 22 ലക്ഷത്തിലധികം കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കാണ് അവിടെ വാക്‌സിന്‍ നല്‍കിയത്.
 


സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ഏകോപിതമായ പ്രവര്‍ത്തനം, സുസ്ഥിരമായ സാമൂഹിക സന്നദ്ധത, ജില്ലാതല ആരോഗ്യ സംഘങ്ങളുടെ സജീവ ഇടപെടല്‍ എന്നിവയാണ് ഈ പുരോഗതി പ്രതിഫലിപ്പിക്കുന്നത്. ഗ്രാമീണ, നഗര, വിദൂര, ഭൂമിശാസ്ത്രപരമായി ദുര്‍ഘട പ്രദേശങ്ങള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ യോഗ്യരായ കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് പൊതുജന ആരോഗ്യ വിതരണ ശൃംഖലയിലൂടെ വാക്‌സിന്‍ പരിരക്ഷ നല്‍കുന്നതിന് സംസ്ഥാനങ്ങള്‍ പ്രാദേശിക സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ രീതികള്‍ അവലംബിച്ചിട്ടുണ്ട്.


സുസ്ഥിരമായ സാമൂഹിക സന്നദ്ധത, ഏകോപിത പ്രവര്‍ത്തനം, ഫീല്‍ഡ് തലത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പരിശ്രമങ്ങള്‍ എന്നിവയുടെ പിന്തുണയോടെ മധ്യപ്രദേശും ഗുജറാത്തും ലക്ഷ്യമിട്ട വിഭാഗങ്ങളില്‍ 100 ശതമാനം കവറേജ് കൈവരിച്ചു. അസമിലെയും മറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും  വാക്‌സിനേഷന്‍ പുരോഗതി, വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയുള്ള പ്രദേശങ്ങളില്‍ സേവനം വിപുലീകരിക്കുന്നതില്‍ സംയോജിത സാമൂഹ്യ ആരോഗ്യ ശൃംഖലകളുടെയും ഏകോപിതമായ ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങളുടെയും പങ്ക് വ്യക്തമാക്കുന്നു.

എച്ച്.പി.വി. വാക്‌സിനേഷനുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കുന്നതിനും തെറ്റായ വിവരങ്ങളെ ചെറുക്കുന്നതിനും മാതാപിതാക്കള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, അധ്യാപകര്‍, എന്നിവരെ സജീവമായി പങ്കാളികളാക്കിക്കൊണ്ട്, സാമൂഹ്യ പങ്കാളിത്തത്തിനും വിശ്വസനീയമായ വിവരങ്ങളുടെ പ്രചാരണത്തിനും പ്രചാരണ പരിപാടി ശക്തമായ ഊന്നല്‍ നല്‍കിയിട്ടുണ്ട്.

എയിംസ് (AIIMS) പോലുള്ള സ്ഥാപനങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍, പീഡിയാട്രീഷ്യന്‍മാര്‍, ഗൈനക്കോളജിസ്റ്റുകള്‍ എന്നിവരുള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍, അധ്യാപകര്‍, ആശാ (ASHA) പ്രവര്‍ത്തകര്‍, എ.എന്‍.എം (ANM) മാര്‍ ഉള്‍പ്പെടെയുള്ള മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ സംസ്ഥാനങ്ങളിലും ജില്ലകളിലും അവബോധം സൃഷ്ടിക്കുന്നതിനും ജനങ്ങളെ സന്നദ്ധരാക്കുന്നതിനുമുള്ള ശ്രമങ്ങളെ പിന്തുണച്ചിട്ടുണ്ട്.

യു-വിന്‍ (U-WIN) പ്ലാറ്റ്ഫോമിലൂടെ ഇന്ത്യയുടെ ഡിജിറ്റല്‍ ആരോഗ്യ അടിസ്ഥാനസൗകര്യവും ഈ കാമ്പയിന്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഇത് ജില്ലാ തലത്തിലുള്ള വാക്‌സിനേഷന്‍ പരിപാടി നിരീക്ഷിക്കാനും പദ്ധതിയിലെ പോരായ്മകള്‍, വിട്ടുപോയ ഗുണഭോക്താക്കളെ കണ്ടെത്തല്‍, കൂടുതല്‍ ഫലപ്രദമായ പദ്ധതി ആസൂത്രണം, വിഭവ വിതരണങ്ങളുടെ പിന്തുണ എന്നിവയ്ക്ക് പ്രോഗ്രാം മാനേജര്‍മാരെ പ്രാപ്തരാക്കുന്നു.

ദേശീയ കാമ്പയിന്‍, എച്ച്.പി.വി. വാക്‌സിനേഷനിലെ വിപുലമായ ആഗോള അനുഭവങ്ങളുടെ അടിത്തറയിലാണ് പടുത്തുയര്‍ത്തിയിരിക്കുന്നത്. ആഗോളതലത്തില്‍ 800 ദശലക്ഷത്തിലധികം എച്ച്.പി.വി. വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്തിട്ടുണ്ട്, ഇത് അവയുടെ ഉപയോഗത്തെക്കുറിച്ചും സുരക്ഷിതത്വത്തെക്കുറിച്ചും തത്സമയ അനുഭവം നല്‍കുന്നു.

തുടക്കത്തില്‍ പ്രധാനമായും ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങള്‍ സ്വീകരിച്ച എച്ച്.പി.വി. വാക്‌സിനേഷന്‍, വിവിധ വരുമാന നിലവാരത്തിലുള്ള രാജ്യങ്ങളിലെ ദേശീയ പ്രതിരോധ കുത്തിവയ്പ്പ് പരിപാടികളിലേക്ക് ക്രമേണ വിപുലീകരിച്ചു. നിലവില്‍, 87 ശതമാനം ഉയര്‍ന്ന- ഇടത്തരം വരുമാനമുള്ള രാജ്യങ്ങളും, 78 ശതമാനം താഴ്ന്ന -ഇടത്തരം വരുമാനമുള്ള രാജ്യങ്ങളും, 54 ശതമാനം കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളും അവരുടെ ദേശീയ പ്രതിരോധ കുത്തിവയ്പ്പ് പരിപാടികളില്‍ എച്ച്.പി.വി. വാക്‌സിനുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വ്യത്യസ്ത വരുമാന പശ്ചാത്തലങ്ങളിലുടനീളം എച്ച്.പി.വി. വാക്‌സിനേഷന്‍ വര്‍ദ്ധിച്ചുവരുന്നത്, ഗര്‍ഭാശയഗള അര്‍ബുദ പ്രതിരോധത്തിനായുള്ള ദേശീയ തന്ത്രങ്ങളുടെ ഒരു പ്രധാന ഘടകമെന്ന നിലയില്‍ ഇതിന്റെ പ്രാധാന്യത്തെ പ്രതിഫലിപ്പിക്കുന്നു.

കാമ്പയിന് കീഴിലുള്ള എല്ലാ വാക്‌സിനേഷന്‍ സെഷനുകളും ഗവണ്‍മെന്റ് ആരോഗ്യ കേന്ദ്രങ്ങളില്‍ പരിശീലനം ലഭിച്ച മെഡിക്കല്‍ ഓഫീസര്‍മാരുടെ മേല്‍നോട്ടത്തിലാണ് നടത്തുന്നത്.

വാക്‌സിനേഷനു ശേഷം അപൂര്‍വ്വമായി ഉണ്ടായേക്കാവുന്ന പാര്‍ശ്വഫലങ്ങളുടെ (AEFI) ഉചിതമായ പരിപാലനത്തിനായി ഗവണ്‍മെന്റ് ആരോഗ്യ കേന്ദ്രങ്ങളെ 24 മണിക്കൂറും ആരോഗ്യ സംവിധാനങ്ങളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഈ സംവിധാനം വാക്‌സിനേഷനുമായി ബന്ധപ്പെട്ട ഏതൊരു പാര്‍ശ്വഫലവും കൃത്യസമയത്ത് വിലയിരുത്തുന്നതും നിരീക്ഷിക്കുന്നതും പരിഹരിക്കുന്നതും ഉറപ്പാക്കുന്നു.

കാമ്പയിന്‍ അതിന്റെ അന്തിമ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍, അവശേഷിക്കുന്ന ഗുണഭോക്താക്കളിലേക്ക് എത്തിച്ചേരുന്നതിലും അര്‍ഹയായ ഒരു പെണ്‍കുട്ടി പോലും വിട്ടുപോകുന്നില്ലെന്ന് ഉറപ്പാക്കുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
അവബോധം ശക്തമാക്കുന്നതിനും ലഭ്യത സുഗമമാക്കുന്നതിനും എച്ച്.പി.വി. വാക്‌സിനേഷന്‍ കാമ്പയിന്റെ ഫലപ്രദമായ നടത്തിപ്പിനെ പിന്തുണയ്ക്കുന്നതിനുമായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സംസ്ഥാനങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍, ആരോഗ്യ വിദഗ്ധര്‍, മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവരുമായി ചേര്‍ന്ന് തുടര്‍ന്നും പ്രവര്‍ത്തിക്കുന്നു.

80 ലക്ഷം എച്ച്.പി.വി. വാക്‌സിന്‍ ഡോസുകള്‍ നല്‍കി എന്ന നേട്ടം, പ്രതിരോധ ആരോഗ്യ പരിപാലനം ശക്തിപ്പെടുത്തുന്നതിനും ഭാവി തലമുറകളില്‍ ഗര്‍ഭാശയഗള അര്‍ബുദത്തിനെതിരെ ദീര്‍ഘകാല സംരക്ഷണം ഉറപ്പാക്കുന്നതിനുമുള്ള ഇന്ത്യയുടെ ശ്രമങ്ങളിലെ സുപ്രധാനമായ ഒരു ചുവടുവെയ്പ്പാണ്.
 
***

( റിലീസ് ഐ.ഡി: 2309260) സന്ദര്‍ശക കൗണ്ടര്‍ : 4