ആഭ്യന്തരകാര്യ മന്ത്രാലയം
കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ. അമിത് ഷാ ന്യൂഡൽഹിയിൽ എൻ.ഐ.ഡി.എമ്മിന്റെ ഭരണസമിതിയുടെ മൂന്നാമത് യോഗത്തിൽ അധ്യക്ഷത വഹിച്ചു
പോസ്റ്റഡ് ഓണ്‍:
10 SEP 2026 6:09PM by PIB Thiruvananthpuram
കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ. അമിത് ഷാ ഇന്ന് ന്യൂഡൽഹിയിൽ നടന്ന ദേശീയ ദുരന്ത നിവാരണ ഇൻസ്റ്റിറ്റ്യൂട്ടി (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്മെന്റ്/ എൻ.ഐ.ഡി.എം) ഭരണസമിതിയുടെ മൂന്നാമത് യോഗത്തിൽ അധ്യക്ഷത വഹിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ഡൽഹി സർവകലാശാല വൈസ് ചാൻസലർ, ദേശീയ ദുരന്ത നിവാരണ അതോറിറ്റി (എൻ.ഡി.എം.എ) അംഗവും വകുപ്പ് മേധാവിയും, ദേശീയ ദുരന്ത പ്രതികരണ സേന (എൻ.ഡി.ആർ.എഫ്) ഡയറക്ടർ ജനറൽ, കൃഷി, കർഷകക്ഷേമ വകുപ്പ് സെക്രട്ടറി, ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (ഐ.എം.ഡി) ഡയറക്ടർ ജനറൽ, ലാൽ ബഹാദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷൻ (എൽ.ബി.എസ്.എൻ.എ.എ) ഡയറക്ടർ, എൻ.ഐ.ഡി.എമ്മിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ, നിരവധി കേന്ദ്ര മന്ത്രാലയങ്ങളിലെയും സംസ്ഥാന സർക്കാരുകളിലെയും മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

കഴിഞ്ഞ 12 വർഷത്തിനിടെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ദുരന്തനിവാരണത്തിന്റെ സമീപനത്തിലും രീതിശാസ്ത്രത്തിലും സമഗ്ര പരിവർത്തനം ഉണ്ടായിട്ടുണ്ടെന്ന് യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി പറഞ്ഞു. മോദി സർക്കാർ മുഴുവൻ ദുരന്ത നിവാരണ സംവിധാനത്തെയും പൂർണ്ണമായും പരിവർത്തനം ചെയ്തുകൊണ്ട് 'ആളപായരഹിതാവസ്ഥ' (സീറോ കാഷ്വാലിറ്റി) എന്ന ലക്ഷ്യം വെക്കുകയും രാജ്യത്തെ ഈ ലക്ഷ്യം കൈവരിക്കുന്നതിലേക്ക് നയിക്കുകയും ചെയ്തു. ഒരു ആളപായവും സംഭവിക്കാതെ നിരവധി ദുരന്തങ്ങളെ നാം വിജയകരമായി നേരിട്ടുവെന്നത് ഒരു പ്രധാന നേട്ടമാണ്. മുൻകാലങ്ങളിൽ ദുരന്തങ്ങളെ ദുരിതാശ്വാസത്തിന്റെയും പുനരധിവാസത്തിന്റെയും വീക്ഷണകോണിൽ നിന്ന് മാത്രമാണ് കണ്ടിരുന്നതെന്ന് ശ്രീ. ഷാ പറഞ്ഞു. ഇന്ന്, അപകടസാധ്യത കുറയ്ക്കൽ, നേരത്തെയുള്ള മുന്നറിയിപ്പ് സംവിധാനങ്ങൾ, ആളപായ രഹിതാവസ്ഥ എന്നീ മൂന്ന് സ്തംഭങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ യുഗത്തിലേക്ക് നാം പ്രവേശിച്ചിരിക്കുന്നു. ഇത് നമുക്കെല്ലാവർക്കും അഭിമാനകരമായ കാര്യമാണ്. ഈ ദിശയിൽ, ഏകോപിതമായ സമ്പൂർണ സർക്കാർതല (ഹോൾ ഓഫ് ഗവൺമെന്റ്) സമീപനം നമ്മുടെ തൊഴിൽ സംസ്‌കാരത്തിന്റെ അവിഭാജ്യ ഘടകമായി വർദ്ധിച്ചുവരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഒരു ദുരന്തം സംഭവിക്കുമ്പോൾ, എല്ലാ സർക്കാർ വകുപ്പുകളും സജീവമായി പ്രതികരിക്കുന്നു. ഇപ്പോൾ, പുതിയ ഗവേഷണങ്ങളുടെ ശക്തിയോടെ, നാം ഈ പ്രക്രിയ കൂടുതൽ വേഗത്തിൽ മുന്നോട്ട് കൊണ്ടുപോകുകയും തുടർച്ചയായ നിരീക്ഷണം ഉറപ്പാക്കുകയും വേണം. ദുരന്തങ്ങളെ നേരിടുന്നതിൽ 'ഏകോപിതമായ സമ്പൂർണ സർക്കാർതലം' എന്ന സമീപനം സ്വീകരിച്ചിരിക്കുന്നതിനാൽ, ദുരന്ത നിവാരണ സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഈ സമീപനവുമായി നാം മുന്നോട്ട് പോകണം.

ദുരന്തനിവാരണ സമീപനത്തിലെ പരിവർത്തനത്തോടൊപ്പം, പരിസ്ഥിതി സംരക്ഷണത്തിനും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രത്യേക ഊന്നൽ നൽകിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു. ദുരന്തങ്ങൾ തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗം പരിസ്ഥിതി സംരക്ഷണമാണെന്ന് അദ്ദേഹം പറഞ്ഞു. പരിസ്ഥിതി സംരക്ഷണം, അപകടസാധ്യത കുറയ്ക്കൽ, അതിജീവനശേഷി, വിശാലമായ ദേശീയ കാഴ്ചപ്പാട് എന്നിവ ഇന്ത്യയെ ലോകത്തിന് ഒരു മാതൃകയായി ക്രമാനുഗതമായി ഉയർന്നുവരാൻ പ്രാപ്തമാക്കുന്നു. മിഷൻ ലൈഫ് (പരിസ്ഥിതിയ്ക്ക് അനുയോജ്യമായ ജീവിതശൈലി), ഭൗമാനുകൂല ജനങ്ങൾ/പരിസ്ഥിതി സൗഹൃദ മനുഷ്യർ (പ്രോ-പ്ലാനറ്റ് പീപ്പിൾ), അന്താരാഷ്ട്ര സൗര സഖ്യം (ഇന്റർനാഷണൽ സോളാർ അലയൻസ്/ ഐ.എസ്.എ) തുടങ്ങിയ സംരംഭങ്ങൾ ദുരന്ത നിവാരണത്തിന് പ്രധാന സംഭാവന നൽകുന്നു. ദുരന്തസ്ഥലത്ത് മാത്രമായി ആളപായരഹിതാവസ്ഥ എന്ന സമീപനം പ്രയോഗിക്കരുതെന്ന് ശ്രീ. ഷാ പറഞ്ഞു. ദുരന്തങ്ങൾ സംഭവിക്കുന്നത് ആദ്യം തന്നെ തടയുന്നതിലൂടെ ആളപായരഹിതാവസ്ഥ കൈവരിക്കാൻ കഴിയും. ലോക നേതാക്കളുടെ പരമ്പരാഗത സമീപനത്തിനപ്പുറം, സുരക്ഷിതവും സന്തുലിതവുമായ ഒരു ലോകമാണ് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വിഭാവനം ചെയ്തിട്ടുള്ളത്.
എൻ.ഐ.ഡി.എമ്മിന്റെ മുൻഗാമിയായ ദേശീയ ദുരന്ത നിവാരണ കേന്ദ്രം (നാഷണൽ സെന്റർ ഫോർ ഡിസാസ്റ്റർ മാനേജ്മെന്റ്) കൃഷി ഭവന്റെ ഒരു മൂലയിൽ ഏതാണ്ട് നിഷ്‌ക്രിയമായി കിടന്നിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്ന് ശ്രീ. അമിത് ഷാ പറഞ്ഞു. എന്നിരുന്നാലും, 2003-ൽ അന്നത്തെ പ്രധാനമന്ത്രി ശ്രീ. അടൽ ബിഹാരി വാജ്പേയി അതിന് പുതുജീവൻ നൽകാനുള്ള ചരിത്രപരമായ തീരുമാനം എടുത്തു. വിഷയത്തിന്റെ വിശാലമായ വ്യാപ്തിയും വിവിധ ഏജൻസികൾ തമ്മിലുള്ള ഏകോപനത്തിന്റെ ആവശ്യകതയും കണക്കിലെടുത്ത്, സ്ഥാപനത്തെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ കൊണ്ടുവരാൻ തീരുമാനിച്ചു. സ്ഥാപനത്തെ പുനരുജ്ജീവിപ്പിക്കുന്നതിൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. രാജ്യത്തിന് മുന്നിൽ, പരിവർത്തനാത്മകവും ശാക്തീകരിക്കപ്പെട്ടതുമായ ചുമതലകളോടെയാണ് എൻ.ഐ.ഡി.എം ഇന്ന് നിലവിലുള്ള രൂപത്തിലേക്ക് വളർന്നു വന്നിരിക്കുന്നത്.'
വരും ദിവസങ്ങളിൽ എൻ.ഐ.ഡി.എമ്മിന്റെയും എൻ.ഡി.എം.എയുടെയും പ്രസക്തിയും പ്രാധാന്യവും കൂടുതൽ വർദ്ധിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും കാരണം ദുരന്തങ്ങളുടെ എണ്ണം വർദ്ധിക്കാൻ സാധ്യതയുണ്ട്. അതേസമയം, ശാസ്ത്രത്തിന്റെ പുതിയ പ്രയോഗങ്ങളും അവയുടെ വികസിച്ചുകൊണ്ടിരിക്കുന്ന ഉപയോഗ മേഖലകളും കാരണം പുതിയ തരം ദുരന്തങ്ങളും ഉയർന്നുവന്നേക്കാം. ഈ വശങ്ങളെല്ലാം മനസ്സിൽ വെച്ചുകൊണ്ട്, നയരൂപീകരണം മുതൽ പരിശീലനവും നിർവഹണവും വരെയുള്ള ഉത്തരവാദിത്തങ്ങൾ രണ്ട് സ്ഥാപനങ്ങളും പങ്കിടുന്നു. ചില മേഖലകളിൽ, രണ്ട് സ്ഥാപനങ്ങളും ഒരുമിച്ച് പ്രവർത്തിക്കുന്നു.
അജൻഡ നടപ്പിലാക്കുന്നതിനായി എല്ലാ പങ്കാളികളും അവരവരുടെ വകുപ്പുകളിൽ ഒരു സമർപ്പിത സെൽ രൂപവത്കരിക്കണമെന്ന് ശ്രീ. അമിത് ഷാ നിർദ്ദേശിച്ചു. വകുപ്പ് മേധാവികൾ മൂന്ന് മാസത്തിലൊരിക്കലെങ്കിലും സെല്ലിന്റെ അവലോകന യോഗം ചേർന്ന് ഈ വിഷയത്തിന് മുൻഗണന നൽകണമെന്ന് അദ്ദേഹം പറഞ്ഞു.
ലോകമെമ്പാടും ദുരന്തനിവാരണ മേഖലയിൽ നടക്കുന്ന ഗവേഷണങ്ങൾ എൻ.ഡി.എം.എയും എൻ.ഐ.ഡി.എമ്മും പഠിക്കണമെന്നും പ്രാദേശിക ആവശ്യകതകൾക്കനുസൃതമായി ഇന്ത്യയിൽ അതിന്റെ കണ്ടെത്തലുകൾ നടപ്പിലാക്കാൻ ശ്രമിക്കണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ. അമിത് ഷാ പറഞ്ഞു. പാകിസ്ഥാൻ ഭാഗത്തുനിന്ന് വരുന്ന വെട്ടുക്കിളിക്കൂട്ട ആക്രമണങ്ങളെ നേരിടാൻ കൃഷി വകുപ്പ് ശാശ്വതമായ തയ്യാറെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ഇത്തരം ആക്രമണങ്ങളെ നേരിടാൻ മറ്റ് രാജ്യങ്ങളിൽ സ്വീകരിക്കുന്ന മികച്ച രീതികൾ ഇന്ത്യയിലും നടപ്പിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ദുരന്തനിവാരണ പരിശീലനത്തിൽ ഗൗരവം ഉറപ്പാക്കണമെന്നും ദുരന്തനിവാരണ പരിശീലന പരിപാടികളിൽ വിഷയത്തിൽ ആത്മാർത്ഥമായ പ്രതിബദ്ധതയുള്ളവർക്ക് മുൻഗണന നൽകണമെന്നും ശ്രീ. ഷാ കൂട്ടിച്ചേർത്തു.
എൻ.ഐ.ഡി.എമ്മും എൻ.ഡി.എം.എയും സംയുക്തമായി രാജ്യമെമ്പാടും മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു.
ഓരോ തരത്തിലുള്ള ദുരന്തങ്ങളും ഉണ്ടാകുമ്പോൾ എന്തുചെയ്യണം, എന്തുചെയ്യരുത്, എങ്ങനെ ചെയ്യണമെന്ന് ഈ മാർഗ്ഗനിർദ്ദേശങ്ങളിൽ വ്യക്തമായി പ്രതിപാദിച്ചിരിക്കണം. പരിശീലന വിഭാഗം എൻ.ഐ.ഡി.എം ഏറ്റെടുക്കണം. അതേസമയം എൻ.ഡി.ആർ.എഫ്, സംസ്ഥാന ദുരന്ത പ്രതികരണ സേനകൾ (എസ്.ഡി.ആർ.എഫ്), ബന്ധപ്പെട്ട മറ്റ് ഏജൻസികൾ എന്നിവ ഈ മാർഗ്ഗനിർദ്ദേശങ്ങൾ പ്രായോഗികമായി നടപ്പിലാക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കണം.
ഗവേഷണത്തിലൂടെ ദുരന്തങ്ങളുടെ കാരണങ്ങൾ കണ്ടെത്തി ഒരു രേഖാചിത്രം തയ്യാറാക്കുകയെന്നത് അതിപ്രധാനമാണെന്ന് ശ്രീ. അമിത് ഷാ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ ഫലപ്രദമായ പ്രതിരോധവും രക്ഷാനടപടികളും വികസിപ്പിച്ചെടുക്കാൻ കഴിയും. ഓരോ ദുരന്തത്തിനു ശേഷവും, എൻ.ഡി.ആർ.എഫിനെയും എസ്.ഡി.ആർ.എഫിനെയും ഉൾപ്പെടുത്തിക്കൊണ്ട് എൻ.ഡി.എം.എ.യുടെയും എൻ.ഐ.ഡി.എമ്മിന്റെയും ഒരു സംയുക്ത സംഘം രൂപവത്കരിക്കണം. ഈ നാല് സ്ഥാപനങ്ങളും സംയുക്തമായി നാശനഷ്ടങ്ങളുടെ കാരണങ്ങൾ പഠിച്ച് വിശദമായ റിപ്പോർട്ട് തയ്യാറാക്കണം.
ഗവേഷണം, നൂതനത്വം, നയപരമായ പിന്തുണ, പരിശീലനം, വകുപ്പുതല സഹകരണം എന്നിവയ്ക്കുള്ള ഒരു ദേശീയ കേന്ദ്രമായി എൻ.ഐ.ഡി.എം വളർന്നതായി ശ്രീ. അമിത് ഷാ പറഞ്ഞു. ഈ നാല് സ്തംഭങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുകയും പുതിയ ചക്രവാളങ്ങൾ പര്യവേക്ഷണം ചെയ്യുകയും വേണം.
ഗവേഷണം, നൂതനത്വം, പരിശീലനം, നയപരമായ പിന്തുണ, വകുപ്പുതല സഹകരണം എന്നിവയിൽ ഇനിയും പര്യവേക്ഷണം ചെയ്യപ്പെടാത്ത മേഖലകളെ വരും നാളുകളിൽ നാം അഭിസംബോധന ചെയ്യാൻ ശ്രമിക്കേണ്ടതുണ്ട്. എൻ.ഐ.ഡി.എം ഇതിനോടകം ഈ ദിശയിൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിജ്ഞാനവും മികച്ച പ്രവർത്തന രീതികളും വിവിധ വകുപ്പുകളുടെ അതിർത്തികൾക്കപ്പുറത്തേക്ക് വ്യാപിപ്പിക്കേണ്ടതുണ്ട്. വരും ദിവസങ്ങളിൽ, വകുപ്പുതല അതിർവരമ്പുകൾക്ക് അതീതമായി ഉയർന്നുകൊണ്ട്, ഏകോപനത്തോടെ ഒരുമിച്ച് പ്രവർത്തിക്കുന്ന ഒരു ശീലം നമ്മൾ വളർത്തിയെടുക്കണം.

ദുരന്ത നിവാരണ ഫണ്ടുകളുടെ വിതരണവും ശാസ്ത്രീയ നടപടിക്രമത്തിലൂടെ നടത്തണമെന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി തീരുമാനിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. സംസ്ഥാന ദുരന്ത പ്രതികരണ നിധി (എസ്.ഡി.ആർ.എഫ്) പ്രകാരമുള്ള വിഹിതം ഏകദേശം നാലിരട്ടിയായി വർദ്ധിച്ചു, അതേസമയം ദേശീയ ദുരന്ത പ്രതികരണ നിധി (എൻ.ഡി.ആർ.എഫ്)പകാരമുള്ള വിഹിതം ഏകദേശം മൂന്നിരട്ടിയായും വർദ്ധിക്കുകയുണ്ടായി. കഴിഞ്ഞ 11 വർഷത്തിനിടെ ഈ മേഖലയിൽ ഏകദേശം 2.5 ലക്ഷം കോടി രൂപ ചെലവഴിച്ചുവെന്നത് ഒരു വലിയ നേട്ടമാണ്. 20 വർഷത്തിനുശേഷം ദുരന്തനിവാരണ നിയമം ഭേദഗതി ചെയ്തു. നഗര ദുരന്ത നിവാരണ അതോറിറ്റികൾ എന്ന ആശയം അവതരിപ്പിക്കപ്പെടുകയും, അത്തരം ഔദ്യോഗിക സ്ഥാപനങ്ങൾ രൂപവത്കരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ദേശീയ, സംസ്ഥാന തലങ്ങളിൽ ഡിജിറ്റൽ ദുരന്ത ഡാറ്റാബേസുകൾ സൃഷ്ടിക്കുന്നതിനുള്ള പ്രക്രിയയ്ക്ക് തുടക്കമായി. ദേശീയ പ്രതിസന്ധി നിവാരണ സമിതി (എൻ.സി.എം.സി)യ്ക്ക് നിയമപരമായ പദവി നൽകിയിട്ടുണ്ട്. കൂടാതെ, പതിനാറാം ധനകാര്യ കമ്മീഷൻ ഈ കാലയളവിലേക്ക് 2 ലക്ഷം കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
വികസിപ്പിച്ചെടുത്തിട്ടുള്ള മൊബൈൽ ആപ്ലിക്കേഷൻ പ്രൈമറി, സെക്കൻഡറി, ഉന്നതവിദ്യാഭ്യാസ മേഖലകളിലൂടെ വ്യാപകമായി പ്രചരിപ്പിക്കേണ്ടതുണ്ടെന്ന് ശ്രീ. അമിത് ഷാ പറഞ്ഞു. എൻ.ഐ.ഡി.എമ്മിനെ ശക്തിപ്പെടുത്തുന്നതിന് സർക്കാർ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. അടുത്തിടെ, സ്ഥാപനത്തിനായി നാല് ഏക്കർ ഭൂമിയും അനുവദിച്ചിട്ടുണ്ട്. എൻ.ഐ.ഡി.എം സ്വയം ഒരു ലോകോത്തര മാതൃകാ സ്ഥാപനമായി വികസിക്കുന്നതിനായി പ്രവർത്തിക്കുന്നു, അതിന്റെ രണ്ട് കാമ്പസുകളും സുഗമമായി പ്രവർത്തിക്കുന്നു. അന്താരാഷ്ട്ര സഹകരണം വർദ്ധിപ്പിക്കുന്നത് നിസ്സംശയമായും പ്രശംസനീയമാണെങ്കിലും, രാജ്യത്തെ അഞ്ച് ലക്ഷം ഗ്രാമങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് നമ്മുടെ മുൻഗണന തുടരണമെന്ന് ശ്രീ. ഷാ പറഞ്ഞു. ഈ മുൻഗണന മനസ്സിൽ വെച്ചുകൊണ്ട്, ലോകത്തിൽ നിന്ന് പരമാവധി കാര്യങ്ങൾ പഠിക്കുന്നതിലും, നമ്മളിൽ നിന്ന് പരമാവധി കാര്യങ്ങൾ പഠിക്കാൻ ലോകത്തിന് അവസരമൊരുക്കുന്നതിലും യാതൊരു വിധ എതിർപ്പും ഉണ്ടാകേണ്ടതില്ല. ദുരന്തങ്ങളെ അതിജീവിക്കുന്ന ഗ്രാമങ്ങളും നഗരങ്ങളും സൃഷ്ടിക്കുക എന്നതാണ് മോദി സർക്കാരിന്റെ ലക്ഷ്യമെന്നും ഈ ലക്ഷ്യത്തിന് മുൻഗണന നൽകി നാം മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു.
യോഗങ്ങൾ അർത്ഥവത്തായതും ഫലപ്രാപ്തിയുള്ളതുമാക്കുന്നതിനും, എടുക്കുന്ന തീരുമാനങ്ങൾ കൃത്യമായി നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും വേണ്ടി, എല്ലാവർഷവും എൻ.ഐ.ഡി.എമ്മിന്റെ കുറഞ്ഞത് ഒരു ഉന്നതതല യോഗമെങ്കിലും ചേരുന്നതിനുള്ള വ്യവസ്ഥ ഉണ്ടാക്കണമെന്ന് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ. അമിത് ഷാ പറഞ്ഞു. ഈ സ്ഥാപനത്തിലൂടെ, അറിവിനെ കാര്യക്ഷമതയായും, കാര്യക്ഷമതയെ സജ്ജതയായും, സജ്ജതയെ പരിണതഫലങ്ങളായും നാം മാറ്റണമെന്നും, അതുവഴി 'ആളപായരഹിതാവസ്ഥ' (സീറോ കാഷ്വാലിറ്റി) എന്ന ലക്ഷ്യം നമുക്ക് ഒരുമിച്ച് കൈവരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
***
( റിലീസ് ഐ.ഡി: 2308994)
സന്ദര്‍ശക കൗണ്ടര്‍ : 3