സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി
തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കർണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ 17 ജില്ലകളെ ഉൾക്കൊള്ളുന്ന അഞ്ച് മൾട്ടിട്രാക്കിംഗ് പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭാ അംഗീകാരം; ഇന്ത്യൻ റെയിൽവേയുടെ നിലവിലെ ശൃംഖല ഏകദേശം 540 കിലോമീറ്റർ വർധിപ്പിക്കും
ആകെ ₹10,021 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതികൾ 2029-30-ഓടെ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്
പോസ്റ്റഡ് ഓണ്‍:
09 SEP 2026 3:33PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി (CCEA) റെയിൽവേ മന്ത്രാലയത്തിന്റെ 10,021 കോടി രൂപയുടെ അഞ്ച് പദ്ധതികൾക്ക് അംഗീകാരം നൽകി. ഈ പദ്ധതികളിൽ ഇവ ഉൾപ്പെടുന്നു:
a. ആരക്കോണം - രേണിഗുണ്ട മൂന്നും നാലും പാത - 77 കിലോമീറ്റർ
b. വൈറ്റ്‌ഫീൽഡ് - ബംഗാർപേട്ട് മൂന്നും നാലും പാത - 47 കിലോമീറ്റർ
c. ഹൊസൂർ - ഓമലൂർ പാത ഇരട്ടിപ്പിക്കൽ - 147 കിലോമീറ്റർ
d. സേലം - കരൂർ - ഡിണ്ടിഗൽ പാത ഇരട്ടിപ്പിക്കൽ - 159 കിലോമീറ്റർ
e. സെക്കന്തരാബാദ് (ഘട്കേസർ) - കാസിപേട്ട് മൾട്ടിട്രാക്കിംഗ് - 110 കിലോമീറ്റർ
ലൈൻ ശേഷി വർധിപ്പിക്കുന്നത് മൊബിലിറ്റി ഗണ്യമായി മെച്ചപ്പെടുത്തുകയും ഇത് ഇന്ത്യൻ റെയിൽവേയുടെ പ്രവർത്തനക്ഷമതയും സേവന വിശ്വാസ്യതയും വർധിപ്പിക്കുന്നതിന് കാരണമാകും. സർവീസുകൾ കൂടുതൽ സുഗമമാക്കാനും ഗതാഗതക്കുരുക്ക് കുറയ്ക്കാനും ഈ മൾട്ടി-ട്രാക്കിംഗ് പദ്ധതികൾ ലക്ഷ്യമിടുന്നു. പ്രദേശത്തിൻ്റെ സമഗ്ര വികസനത്തിലൂടെയും തദ്ദേശീയരുടെ തൊഴിൽ/സ്വയംതൊഴിൽ അവസരങ്ങൾ വർധിപ്പിക്കുന്നതിലൂടെയും ജനങ്ങളെ സ്വയംപര്യാപ്തരാക്കുന്ന, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നവ ഭാരത ദർശനത്തിന് അനുസൃതമാണ് ഈ പദ്ധതികൾ.
സംയോജിത ആസൂത്രണത്തിലൂടെയും പങ്കാളികളുമായുള്ള കൂടിയാലോചനകളിലൂടെയും മൾട്ടി-മോഡൽ കണക്റ്റിവിറ്റിയും ലോജിസ്റ്റിക് കാര്യക്ഷമതയും വർധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, പിഎം-ഗതിശക്തി നാഷണൽ മാസ്റ്റർ പ്ലാനിന്റെ അടിസ്ഥാനത്തിലാണ് പദ്ധതികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ഈ പദ്ധതികൾ ആളുകൾ, ചരക്കുകൾ, സേവനങ്ങൾ എന്നിവയുടെ സഞ്ചാരത്തിന് സുഗമമായ കണക്റ്റിവിറ്റി നൽകും.
തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കർണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ 17 ജില്ലകളെ ഉൾക്കൊള്ളുന്ന ഈ അഞ്ച് പദ്ധതികൾ ഇന്ത്യൻ റെയിൽവേയുടെ നിലവിലുള്ള ശൃംഖല ഏകദേശം 540 കിലോമീറ്റർ വർധിപ്പിക്കും. നിർദ്ദിഷ്ട മൾട്ടി-ട്രാക്കിംഗ് പദ്ധതികൾ ഏകദേശം 52 ലക്ഷം ജനസംഖ്യയുള്ള 2,121 ഗ്രാമങ്ങളിലേക്കുള്ള കണക്റ്റിവിറ്റി വർധിപ്പിക്കും.
നിർദ്ദിഷ്ട ശേഷി വർധനവ് തിരുപ്പതി, സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം (തിരുത്താണി), ശ്രീ പദ്മാവതി അമ്മവാരി ക്ഷേത്രം (തിരുച്ചാനൂർ), കോടിലിംഗേശ്വര ദേവാലയം, ശ്രീ സീതി ബൈരവേശ്വര സ്വാമി ക്ഷേത്രം, ബംഗാരു തിരുപ്പതി, കോലാർ ഗോൾഡ് ഫീൽഡ്സ് (കെ.ജി.എഫ്), ഹൊഗെനക്കൽ വെള്ളച്ചാട്ടം, ഹൊസൂർ കോട്ട, മേട്ടൂർ അണക്കെട്ട്, കൊടൈക്കനാൽ കുന്നുകൾ, സത്യമംഗലം വന്യജീവി സങ്കേതം, നാമക്കൽ ആഞ്ജനേയർ ക്ഷേത്രം, നാമക്കൽ കോട്ട, കല്യാണ പശുപതീശ്വരർ ക്ഷേത്രം, യാദഗിരിഗുട്ട ക്ഷേത്രം, ഭോംഗീർ കോട്ട, സുരേന്ദ്രപുരി, സ്വർണ്ണഗിരി ക്ഷേത്രം തുടങ്ങിയ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള റെയിൽ ഗതാഗത സൗകര്യം മെച്ചപ്പെടുത്തും.
കൽക്കരി, സിമന്റ്, ഇരുമ്പ്, സ്റ്റീൽ, കണ്ടെയ്നറുകൾ, ഓട്ടോമൊബൈൽ, ധാന്യങ്ങൾ, പെട്രോളിയം ഉൽപ്പന്നങ്ങൾ, രാസവളങ്ങൾ തുടങ്ങിയവയുടെ ചരക്കുഗതാഗതത്തിനുള്ള അനിവാര്യ പാതകളാണ് ഈ നിർദ്ദിഷ്ട പദ്ധതികൾ. ലൈൻ ശേഷി വർധിപ്പിക്കുന്നതിനുള്ള പ്രവൃത്തികൾ പ്രതിവർഷം 47 MTPA അധിക ചരക്ക് ഗതാഗതത്തിന് വഴിതുറക്കും. പരിസ്ഥിതിസൗഹൃദവും ഊർജ്ജ കാര്യക്ഷമതയുമുള്ള ഗതാഗത മാർഗ്ഗമെന്ന നിലയിൽ റെയിൽവേ കാലാവസ്ഥാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും രാജ്യത്തിന്റെ ലോജിസ്റ്റിക്സ് ചെലവ് കുറയ്ക്കുന്നതിനും എണ്ണ ഇറക്കുമതി കുറയ്ക്കുന്നതിനും (~8 കോടി ലിറ്റർ) കാർബൺ ഡൈ ഓക്സൈഡ് (CO2) പുറന്തള്ളൽ കുറയ്ക്കുന്നതിനും (~42 കോടി കിലോഗ്രാം) സഹായിക്കും. ഇത് ഏകദേശം 2 കോടി മരങ്ങൾ നടുന്നതിന് തുല്യമാണ്.
***
NK
( റിലീസ് ഐ.ഡി: 2308304)
സന്ദര്‍ശക കൗണ്ടര്‍ : 31
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada