രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

കൊളംബോയിൽ ശ്രീലങ്കൻ പ്രസിഡന്റിനെ സന്ദർശിച്ച് രക്ഷാമന്ത്രി


മേഖലാ സുരക്ഷയും അഭിവൃദ്ധിയും ഉറപ്പാക്കുന്നതോടൊപ്പം പരസ്പര പുരോഗതിക്കും ജനക്ഷേമത്തിനുമുള്ള പ്രതിബദ്ധത ഇന്ത്യയും ശ്രീലങ്കയും വീണ്ടും ഉറപ്പിച്ചു

ഏറ്റവും അടുത്ത സുഹൃത്തും അയൽരാജ്യവുമെന്ന എന്ന നിലയിൽ അടിയന്തര ഘട്ടങ്ങളിൽ ആദ്യം പ്രതികരിക്കുന്ന രാജ്യമായി (ഫസ്റ്റ് റെസ്‌പോണ്ടർ) സഹായം നൽകുന്നത് ഇന്ത്യ ഒരു ഉത്തരവാദിത്തമായി കരുതുന്നു, അത് തുടരുകയും ചെയ്യും: ശ്രീ രാജ്‌നാഥ് സിംഗ്

ഇന്ത്യയുടെ സുരക്ഷാ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ പ്രവർത്തനങ്ങൾക്കായി തങ്ങളുടെ പ്രദേശം ഉപയോഗിക്കാൻ ശ്രീലങ്ക ഒരിക്കലും അനുവദിക്കില്ല: ശ്രീ അനുര കുമാര ദിസനായകെ

ശ്രീലങ്കൻ വ്യോമസേനയ്ക്കായുള്ള L70 തോക്കുകളുടെ നവീകരണത്തിനും ഇരു രാജ്യങ്ങളുടെയും നാഷണൽ കേഡറ്റ് കോർപ്പ് (NCC), നാഷണൽ ഡിഫൻസ് കോളേജുകൾ എന്നിവ തമ്മിലുള്ള സഹകരണത്തിനും ഇരുപക്ഷവും ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു

ഇന്ത്യൻ പ്രതിരോധ സേന നിർമ്മിച്ച മൂന്ന് ബെയ്‌ലി പാലങ്ങൾ വെർച്വലായി ഉദ്ഘാടനം ചെയ്തു

പോസ്റ്റഡ് ഓണ്‍: 09 SEP 2026 2:39PM by PIB Thiruvananthpuram

2026 സെപ്റ്റംബർ 09-ന് കൊളംബോയിൽ വെച്ച് രക്ഷാമന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് ശ്രീലങ്കൻ പ്രസിഡന്റ് ശ്രീ അനുര കുമാര ദിസ്സനായകെയെ സന്ദർശിച്ചു. പരമ്പരാഗതമായി ഊഷ്മള ബന്ധവും പരസ്പര വിശ്വാസവും കൊണ്ട് വിശേഷിപ്പിക്കപ്പെടുന്ന ഇരു രാജ്യങ്ങളും തമ്മിലുള്ള ബഹുമുഖ പങ്കാളിത്തത്തിന്റെ എല്ലാ മേഖലകളും ഉൾക്കൊള്ളുന്ന വിഷയങ്ങളിൽ ഇരു നേതാക്കളും സമഗ്ര ചർച്ചകൾ നടത്തി.

സാംസ്കാരിക ജോഡികൾ, അടുത്ത അയൽക്കാർ, സമുദ്ര പങ്കാളികൾ എന്നീ നിലകളിൽ വികസനത്തിനും ജനക്ഷേമത്തിനുമായി ഇന്ത്യയും ശ്രീലങ്കയും തുടർന്നും ഒരുമിച്ച് പ്രവർത്തിക്കുമെന്നും മേഖലയുടെ സുരക്ഷ, ക്ഷേമം, സമാധാനം, സമൃദ്ധി എന്നിവ ഉറപ്പാക്കാൻ സംയുക്തമായി പ്രവർത്തിക്കുമെന്നും ഇരുപക്ഷവും വീണ്ടും ഉറപ്പിച്ചു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പേരിൽ രക്ഷാമന്ത്രി ആശംസകൾ അറിയിക്കുകയും ശക്തമായ ചരിത്രപരവും സാംസ്കാരികവുമായ ബന്ധങ്ങളുടെയും ജനങ്ങൾ തമ്മിലുള്ള വിനിമയങ്ങളുടെയും അടിസ്ഥാനത്തിൽ ഇരു രാജ്യങ്ങളിലെയും പൗരന്മാർ ആഴത്തിലുള്ള സൗഹൃദം പങ്കിടുന്നുവെന്ന് അടിവരയിടുകയും ചെയ്തു.

രക്ഷാമന്ത്രിക്ക് ഹൃദ്യമായ സ്വാഗതം ആശംസിച്ച പ്രസിഡന്റ് ദിസനായകെ, പ്രധാനമന്ത്രി മോദിയുമായുള്ള തന്റെ മുൻകാല ആശയവിനിമയങ്ങൾ അനുസ്മരിക്കുകയും ഇന്ത്യയുടെ സുരക്ഷാ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ ഒരു പ്രവർത്തനത്തിനും ശ്രീലങ്ക തങ്ങളുടെ പ്രദേശം ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് ആവർത്തിക്കുകയും ചെയ്തു.

ദിത്വ ചുഴലിക്കാറ്റിന്റെ സമയത്ത് ഓപ്പറേഷൻ സാഗർ ബന്ധുവിന്റെ ഭാഗമായി ഇന്ത്യ നൽകിയ ദുരിതാശ്വാസ സഹായങ്ങൾക്കും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പുനർനിർമ്മാണത്തിനും പുനരധിവാസ പ്രവർത്തനങ്ങൾക്കുമായി ന്യൂഡൽഹി നീക്കിവെച്ച സമഗ്ര പുനരധിവാസ പാക്കേജിനും പ്രസിഡന്റ് ദിസനായകെ നന്ദി അറിയിച്ചു. ശ്രീലങ്കയുടെ ഏറ്റവും അടുത്ത സുഹൃത്തും അയൽരാജ്യവും എന്ന നിലയിൽ അടിയന്തര ഘട്ടങ്ങളിൽ ആദ്യം പ്രതികരിക്കുന്ന രാജ്യമായി (ഫസ്റ്റ് റെസ്‌പോണ്ടർ) സഹായം നൽകുന്നത് ഒരു ഔദാര്യമായിട്ടല്ല, മറിച്ച് ഒരു ഉത്തരവാദിത്തമായിട്ടാണ് ഇന്ത്യ കരുതുന്നതെന്നും ഭാവിയിലും അത് തുടരുമെന്നും രക്ഷാമന്ത്രി എടുത്തുപറഞ്ഞു.

ഇന്ത്യൻ പ്രതിരോധ സേന നിർമ്മിച്ച മൂന്ന് ബെയ്‌ലി പാലങ്ങൾ ഇരു നേതാക്കളും വെർച്വലായി ഉദ്ഘാടനം ചെയ്തു. ശ്രീലങ്കൻ വ്യോമസേനയ്ക്കായുള്ള L70 തോക്കുകളുടെ നവീകരണത്തിനും ഇരു രാജ്യങ്ങളുടെയും നാഷണൽ കേഡറ്റ് കോർപ്പ്സ് (NCC), നാഷണൽ ഡിഫൻസ് കോളേജുകൾ (NDC) എന്നിവ തമ്മിലുള്ള സഹകരണത്തിനുമുള്ള ധാരണാപത്രങ്ങളും ഇരുപക്ഷവും കൈമാറി. ശ്രീലങ്കൻ വ്യോമസേനയ്ക്കായുള്ള ആറ് L70 തോക്കുകൾ നവീകരിക്കുന്നതിനുള്ള ധാരണാപത്രം ഇന്ത്യാ ​ഗവൺമെന്റിന്റെ ഗ്രാന്റിന് കീഴിലാണ് വരുന്നത്. ഈ വ്യോമ പ്രതിരോധ തോക്കുകളുടെ നവീകരണം ശ്രീലങ്കയിലെ നിർണായക ആസ്തികളുടെ വ്യോമ പ്രതിരോധ സംവിധാനത്തെ ഗണ്യമായി ശക്തിപ്പെടുത്തും. ഈ വ്യോമ പ്രതിരോധ തോക്കുകൾ മുൻപ് ഇന്ത്യ ശ്രീലങ്കൻ വ്യോമസേനയ്ക്ക് കൈമാറിയതായിരുന്നു.

ഇന്ത്യൻ എൻ‌ഡി‌സിയും ശ്രീലങ്കൻ എൻ‌ഡി‌സിയും തമ്മിലുള്ള അക്കാദമിക സഹകരണത്തിനായുള്ള ധാരണാപത്രം അറിവ് പങ്കുവെക്കുന്നതിന് വഴിയൊരുക്കും. ഇത് ഇരു സ്ഥാപനങ്ങളും തമ്മിലുള്ള അക്കാദമിക ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ ഒരു പ്രധാന ചുവടുവെപ്പായിരിക്കും. എൻ‌സി‌സി സഹകരണത്തിനായുള്ള ധാരണാപത്രം ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള എൻ‌സി‌സി യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാമിന് ഔദ്യോഗിക രൂപം നൽകും. ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിൽ നിന്നുള്ള എൻ‌സി‌സി കേഡറ്റുകൾക്ക് എല്ലാ വർഷവും ന്യൂഡൽഹിയിൽ വരാനും എൻ‌സി‌സി പരിപാടികളിൽ പങ്കെടുക്കാനും ഈ എക്സ്ചേഞ്ച് പ്രോഗ്രാം ഒരു മികച്ച അവസരം നൽകുന്നു.

***

SK


( റിലീസ് ഐ.ഡി: 2308272) സന്ദര്‍ശക കൗണ്ടര്‍ : 10
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Marathi , Bengali , Gujarati , Telugu