പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ദേശീയ വകുപ്പുതല ജല ഉച്ചകോടിയുടെ സമാപന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച് പ്രധാനമന്ത്രി


ടീം ഇന്ത്യയുടെ ആവേശം ശക്തിപ്പെടുത്തുന്നതിനും സഹകരണ ഫെഡറലിസം ആഴത്തിലാക്കുന്നതിനുമായി പ്രധാനമന്ത്രി വിഭാവനം ചെയ്ത ഉച്ചകോടികളുടെ പരമ്പരയിലെ ആദ്യത്തെ പരിപാടിയാണിത്

പ്രവർത്തനക്ഷമവും സമയബന്ധിതവുമായ ഫലങ്ങൾ നടപ്പിലാക്കുന്നതിനായി നിരന്തരമായ അവലോകനവും തുടർനടപടികളും സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു

ജനപങ്കാളിത്തത്തിന് പ്രാധാന്യം നൽകിക്കൊണ്ട്, ജലസംരക്ഷണത്തെക്കുറിച്ചുള്ള പൊതുജന അവബോധം ശക്തമാക്കുന്നതിന് 'ജൽ ഉത്സവ്' പ്രോത്സാഹിപ്പിക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു

ജലസംരക്ഷണ സാങ്കേതികവിദ്യകൾ കൂടുതൽ സ്വീകരിക്കുന്നതിനും ആഗോളതലത്തിലെ മികച്ച മാതൃകകളിൽ നിന്ന് പഠിക്കുന്നതിനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു

നി‍ർമിത ബുദ്ധിയുടെ കാര്യക്ഷമമായ ഉപയോഗത്തിലൂടെ ശക്തമായ ജല ഡാറ്റാ ഭരണനിർവഹണം ഉറപ്പാക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു

ജലവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, കർഷകർ എന്നിവരെ ഉൾപ്പെടുത്തി വ്യവസ്ഥാപിതമായ അന്തർസംസ്ഥാന പഠന സന്ദർശനങ്ങൾ നടത്താൻ പ്രധാനമന്ത്രി നിർദ്ദേശിച്ചു.

പോസ്റ്റഡ് ഓണ്‍: 02 SEP 2026 8:56PM by PIB Thiruvananthpuram

ജൽ ശക്തി മന്ത്രാലയം സംഘടിപ്പിച്ച രണ്ടുദിവസത്തെ ദേശീയ വകുപ്പുതല ജല ഉച്ചകോടിയുടെ സമാപന സമ്മേളനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അധ്യക്ഷത വഹിച്ചു. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള അടുത്ത സഹകരണത്തിലൂടെ ടീം ഇന്ത്യയുടെ ആവേശം ശക്തിപ്പെടുത്തുന്നതിനും സഹകരണ ഫെഡറലിസം ആഴത്തിലാക്കുന്നതിനും ദേശീയ മുൻഗണനകളുടെ കൂട്ടായ ഉത്തരവാദിത്തം വളർത്തുന്നതിനുമായി പ്രധാനമന്ത്രി വിഭാവനം ചെയ്ത വകുപ്പുതല ഉച്ചകോടികളുടെ പരമ്പരയിലെ ആദ്യത്തേതാണ് ഈ ഉച്ചകോടി. ഇന്ത്യയുടെ ജലസുരക്ഷയുടെ വിവിധ വശങ്ങളെക്കുറിച്ചുള്ള കേന്ദ്രീകൃത ചർച്ചകൾക്കായി സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള മന്ത്രിമാരെയും മുതിർന്ന ഉദ്യോഗസ്ഥരെയും ഇത് ഒരുമിച്ച് കൊണ്ടുവന്നു.

രണ്ടുദിവസത്തെ തീവ്ര ചർച്ചകളെ ചർച്ചകളെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും ഉച്ചകോടിയിൽ നിന്ന് ഉരുത്തിരിഞ്ഞ പ്രായോഗികവും സമയബന്ധിതവുമായ കാര്യങ്ങൾ നിരന്തരമായ അവലോകനത്തിലൂടെയും പഠനത്തിലൂടെയും മുന്നോട്ട് കൊണ്ടുപോകണമെന്ന് ഊന്നിപ്പറയുകയും ചെയ്തു. ഈ ഉച്ചകോടി ഒരു ഒറ്റത്തവണ പരിപാടിയായി അവശേഷിക്കരുതെന്ന് നിർദ്ദേശിച്ച അദ്ദേഹം, നിരന്തരമായ അവലോകനത്തിനും തുടർനടപടികൾക്കും ആഹ്വാനം ചെയ്തു.

ജനസംഖ്യാ വളർച്ചയും ഭാവിയിലെ ജല ആവശ്യകതകളും ഉൾപ്പെടെ നഗരവൽക്കരണത്തിൽ നിന്ന് ഉയർന്നുവരുന്ന വെല്ലുവിളികളെക്കുറിച്ച് നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ബോധവൽക്കരിക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്യുകയും നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായി സമാനമായ ചിന്തൻ ശിബിരങ്ങൾ സംഘടിപ്പിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. ജലസംരക്ഷണ സാങ്കേതികവിദ്യകൾ കൂടുതൽ സ്വീകരിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. ഇന്ത്യൻ നിർമ്മാതാക്കൾക്കും പങ്കാളികൾക്കും കാര്യക്ഷമമായ പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനും വ്യാപിപ്പിക്കുന്നതിനും സഹായിക്കുന്ന വിധത്തിൽ ആഗോളതലത്തിലെ മികച്ച മാതൃകകൾ പരിചയപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള പ്രത്യേക പ്രദർശനങ്ങളും ശില്പശാലകളും സംഘടിപ്പിക്കാനും അദ്ദേഹം നിർദ്ദേശിച്ചു.

ജനപങ്കാളിത്തത്തിന് പ്രാധാന്യം നൽകിക്കൊണ്ട്, ജനങ്ങളിൽ കൂടുതൽ ബോധവൽക്കരണം സൃഷ്ടിക്കുന്നതിനായി "ജൽ ഉത്സവ്" പ്രോത്സാഹിപ്പിക്കാൻ പ്രധാനമന്ത്രി നിർദ്ദേശിച്ചു. അടിഞ്ഞുകൂടിയ എക്കലും മണ്ണും നീക്കം ചെയ്യുന്ന നടപടി (de-silting) ഒരു പതിവു പരിപാടിയാക്കണമെന്നും ഇതിനായി കൃത്യമായ മാനദണ്ഡങ്ങളും SOP-കളുെ വികസിപ്പിക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. അണക്കെട്ടുകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ഓരോ മൺസൂണിന് മുമ്പും കർശനമായ മുൻകരുതലുകൾ എടുക്കണമെന്നും നിർദ്ദേശിക്കപ്പെട്ടിട്ടുള്ള മുൻകരുതലുകൾ പാലിക്കണമെന്നും വിദ്യാഭ്യാസ പാഠ്യപദ്ധതികളിൽ അനുയോജ്യമായ രീതിയിൽ ഉൾപ്പെടുത്തുന്നത് ഉൾപ്പെടെ സ്‌കൂൾ വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

സർവകലാശാലകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജലപരിപാലനത്തെയും ഭരണനിർവഹണത്തെയും കുറിച്ചുള്ള അറിവും ശേഷിയും ശക്തിപ്പെടുത്താൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. പ്രായോഗിക പഠനത്തിനും വിജയകരമായ ഇടപെടലുകൾ മാതൃകയാക്കുന്നതിനുമായി ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, കർഷകർ എന്നിവരെ ഉൾപ്പെടുത്തി വ്യവസ്ഥാപിതമായ അന്തർസംസ്ഥാന പഠന സന്ദർശനങ്ങൾ നടത്താൻ അദ്ദേഹം നിർദ്ദേശിച്ചു.

ജലമേഖലയിലെ ഡാറ്റ ഒരുമിച്ച് കൊണ്ടുവരികയും വ്യവസ്ഥാപിതമായി കൈകാര്യം ചെയ്യുകയും വിശകലനം ചെയ്യുകയും കാര്യക്ഷമമായി ഉപയോഗിക്കുകയും ചെയ്യുന്ന ശക്തമായ ജല ഡാറ്റാ ഭരണനിർവഹണത്തിന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഒരു ഏകീകൃത രൂപരേഖയിലൂടെ വിവരശേഖരണത്തിനും വിശകലനത്തിനുമായി നിർമിത ബുദ്ധി (AI) ഉപയോഗിക്കാൻ അദ്ദേഹം ശുപാർശ ചെയ്തു. ശുദ്ധീകരിച്ച വെള്ളം കാർഷിക, വ്യാവസായിക ആവശ്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ ഉപയോഗിച്ച് ജലക്ഷാമം പരിഹരിക്കുന്നതിന് മുൻകൂട്ടിയുള്ളതും സംയോജിതവുമായ ആസൂത്രണം നടത്തണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഗുജറാത്ത് മുഖ്യമന്ത്രിയെന്ന നിലയിലുള്ള തന്റെ അനുഭവം പങ്കുവെച്ചുകൊണ്ട്, വ്യവസ്ഥാപിതമായ ആസൂത്രണം, പ്രതിബദ്ധത, പര്യാപ്തമായ വിഭവങ്ങളുടെയും പ്രാപ്തരായ ഉദ്യോഗസ്ഥരുടെയും വിന്യാസം എന്നിവയിലൂടെ ജലക്ഷാമത്തിന്റെ ഘട്ടങ്ങളെ അവസരങ്ങളാക്കി മാറ്റാൻ കഴിയുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ജല അടിസ്ഥാനസൗകര്യ പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കുക, ജലസംരക്ഷണം ഒരു സുസ്ഥിര ജനകീയ പ്രസ്ഥാനമായി ശക്തിപ്പെടുത്തുക, കുടിവെള്ള സ്രോതസ്സുകളുടെ ദീർഘകാല സുസ്ഥിരത ഉറപ്പാക്കുക, ഗ്രാമീണ കുടിവെള്ള പദ്ധതികളുടെ കാര്യക്ഷമമായ പ്രവർത്തനവും പരിപാലനവും സ്ഥാപനവൽക്കരിക്കുക എന്നിവയാണ് ഉച്ചകോടിയുടെ നാല് പ്രധാന തീരുമാനങ്ങളെന്ന് കേന്ദ്ര ജൽ ശക്തി മന്ത്രി ശ്രീ സി.ആർ.പാട്ടീൽ എടുത്തുപറഞ്ഞു.

***

NK


( റിലീസ് ഐ.ഡി: 2307322) സന്ദര്‍ശക കൗണ്ടര്‍ : 9